തിരുക്കൊന്നമല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുക്കൊന്നമല്ലി
Große Linde bei Teuchatz, 3.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
B. cordifolia
ശാസ്ത്രീയ നാമം
Berrya cordifolia
(Willd.) Burret
പര്യായങ്ങൾ

Berry ammonilla, Espera cordifolia

ടീലിയേസി (Tiliaceae) സസ്യകുടുംബത്തിൽപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ് തിരുക്കൊന്നമല്ലി. ഇതു് ട്രിങ്കോമാലി മരം എന്നും അറിയപ്പെടുന്നു. ഇതിന്റെ ശാസ്ത്രനാമം ബെറിയ അമ്മോണില്ല(Berry ammonilla) അഥവാ ബെറിയ കോഡിഫോലിയ(Berrya cordifolia) എന്നാണ്. . കേരളത്തിന്റെ വടക്കും തെക്കും പ്രദേശങ്ങളിൽ ഇവ ധാരാളമായി വളരുന്നു. തെക്കേ ഇന്ത്യയിലും മറ്റും ഈ വൃക്ഷം നട്ടുവളർത്താറുണ്ട്. മ്യാൻമറിലും ശ്രീലങ്കയിലും തിരുക്കൊന്നമല്ലി വൻ വൃക്ഷമായി വളരുന്നു.

വിവരണം[തിരുത്തുക]

തിരുക്കൊന്നമല്ലി 18-24 മീറ്റർ വരെ ഉയരത്തിൽ വളരും. 1.8 മീറ്റർ വരെ ചുറ്റളവുള്ള മരങ്ങൾ സാധാരണമായി കാണാം. വെളുത്ത നിറമുള്ള മരത്തൊലി മിനുസമുള്ളതും കനം കുറഞ്ഞതുമായിരിക്കും. തിളക്കമുള്ളതും അണ്ഡാകൃതിയിലുള്ളതുമായ ഇലകൾ ഏകാന്തരന്യാസത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇലഞെട്ട് നീളം കൂടിയതും രോമിലവുമാണ്. അനുപർണങ്ങൾക്ക് വാളിന്റെ ആകൃതിയാണ്. വേനൽക്കാലത്ത് ഈ വൃക്ഷത്തിന്റെ ഇല കൊഴിയുന്നു.

തണുപ്പുകാലമാണ് തിരുക്കൊന്നമല്ലിയുടെ പുഷ്പകാലം. ഇലകളുടെ കക്ഷ്യങ്ങളിലും ശാഖാഗ്രങ്ങളിലും പാനിക്കിൾ പുഷ്പമഞ്ജരിയായി പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങൾക്ക് വെളുപ്പുനിറമായിരിക്കും. 3-5 ബാഹ്യദളങ്ങളുണ്ട്, ബാഹ്യദളങ്ങളുടെ ഇരട്ടി നീളമുള്ള അഞ്ചു ദളങ്ങളും അനേകം കേസരങ്ങളുമുണ്ടായിരിക്കും. കേസരങ്ങൾ യുഗ്മിത(didynamous)ങ്ങളാണ്. ഫലം സംപുട(capsule)മാണ്. കായ്കളിൽ ചിറകുകൾ പോലെ വളർന്ന ആറ് അവയവങ്ങളുണ്ട്. ഉഷ്ണകാലമാകുമ്പോഴേക്കും കായ്കൾ മൂപ്പെത്തുന്നു. വിത്തുകൾക്ക് ഇളം തവിട്ടുനിറമാണ്. മഴക്കാലാരംഭത്തോടെ വിത്തു മുളയ്ക്കുന്നു. വിത്തു മുളപ്പിച്ച് തൈകൾ പറിച്ചുനട്ടാണ് തിരുക്കൊന്നമല്ലി കൃഷിചെയ്യുന്നത്. തിരുക്കൊന്നമല്ലിയുടെ തടിക്ക് കടും ചുവപ്പുനിറമാണ്. തടിക്ക് ഈടും ഉറപ്പും ഇലാസ്തികതയും ഉണ്ടെങ്കിലും ഉണങ്ങിയ തടി പലപ്പോഴും വിണ്ടുകീറിപ്പോകാറുണ്ട്.

ഉപയോഗം[തിരുത്തുക]

ഈടും ഉറപ്പും ഇലാസ്തികതയും ഉണ്ടെങ്കിലും ഉണങ്ങിയ തടി പലപ്പോഴും വിണ്ടുകീറിപ്പോകുന്നതിനാൽ കെട്ടിടങ്ങൾ, വാഹനങ്ങൾ, കാർഷികോപകരണങ്ങൾ, തോണികൾ തുടങ്ങിയവ നിർമ്മിക്കാനാണ് ഇതിന്റെ തടി പ്രധാനമായും ഉപയോഗിക്കാറുള്ളത്.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തിരുക്കൊന്നമല്ലി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തിരുക്കൊന്നമല്ലി&oldid=2914116" എന്ന താളിൽനിന്ന് ശേഖരിച്ചത്