Jump to content

തിമോത്തെയോസ് ഒന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒൻപതാം നൂറ്റാണ്ടിലെ ഒരു കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയർക്കീസ് ആയിരുന്നു മാർ തിമോത്തെയോസ് ഒന്നാമൻ അഥവാ മഹാനായ തിമോത്തി. കിഴക്കിന്റെ സഭയുടെ എക്കാലത്തെയും പ്രഗത്ഭരായ പരമാദ്ധ്യക്ഷന്മാരിൽ ഒരാളായി ഗണിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ കാലത്ത് സഭ ഏറ്റവും വലിയ വ്യാപ്തി പ്രാപിച്ചു. ഗ്രന്ഥകാരൻ, സഭാ നേതാവ്, നയതന്ത്രജ്ഞൻ എന്നീ നിലകളിലും ഇദ്ദേഹം സുപ്രസിദ്ധനാണ്.[1]

തിമോത്തയയോസ് ഒന്നാമൻ
(സുറിയാനി: ܛܝܡܬܐܘܣ ܩܕܡܝܐ, തിമാത്തെഓസ് ഖദ്മായാ)
കിഴക്കിന്റെ കാതോലിക്കോസ്-പാത്രിയർക്കീസ്
മാർ തിമോത്തിയോസിന്റെ 1200ാം മരണവാർഷികം പ്രമാണിച്ച് പുറത്തിറക്കപ്പെട്ട പതക്കം
സഭകിഴക്കിന്റെ സഭ
രൂപതബാഗ്ദാദ്
ഭദ്രാസനംസെലൂക്യാ-ക്ടെസിഫോൺ
സ്ഥാനാരോഹണം780
ഭരണം അവസാനിച്ചത്823
മുൻഗാമിഹെന്നാനീശോ 2ാമൻ
പിൻഗാമിഈശോ ബർ നൂൻ
വ്യക്തി വിവരങ്ങൾ
ജനനം728
ഹസ്സാ, അദിയാബേനെ, അസ്സീറിയ[2]
മരണം9 ജനുവരി 823
കബറിടംദയ്റാ ദ് ക്ലീലാ ഈശോ ആശ്രമം (ദയ്റ് അൽ-ജതാലിഖ്)
വിദ്യാകേന്ദ്രംബാശീശോയുടെ വിദ്യാകേന്ദ്രം, സാപ്സാപാ, അഖ്ര
ഗുരുഎബ്രഹാം ബാർ ദശൻദാദ്
മുൻപദവി
ബേഥ് ബ്ഗാശിന്റെ ബിഷപ്പ്

തന്റെ ഭരണകാലത്ത്, സഭയുടെ ബാഹ്യ പ്രവിശ്യകൾക്ക് കൂടുതൽ സ്വയംഭരണ അധികാരവും അവയുടെ മെത്രാപ്പോലീത്തമാർക്ക് കൂടുതൽ സ്വാതന്ത്ര്യവും അനുവദിക്കുകയും അതേസമയം കാതോലിക്കാ-പാത്രിയർക്കീസ് തിരഞ്ഞെടുപ്പുകളിൽ അവരുടെ പങ്കാളിത്തം നിർബന്ധമല്ലാതാക്കുകയും ചെയ്തുകൊണ്ട്, സഭയുടെ മെത്രാപ്പോലീത്തൻ സംവിധാനം ഇദ്ദേഹം പരിഷ്കരിച്ചു. മദ്ധ്യേഷ്യയിലെയും ഇന്ത്യയിലെയും ചൈനയിലെയും കിഴക്കിന്റെ സഭയുടെ വളർച്ചയ്ക്കും വ്യാപനത്തിനും അടിത്തറയിട്ടവയാണ് ഈ പരിഷ്കാരങ്ങൾ.

പാത്രിയർക്കാ സ്ഥാനാരോഹണം

[തിരുത്തുക]

അസൂറിസ്താനിലെ അദിയബേനെ മേഖലയിലെ ഹസ്സാ സ്വദേശിയായിരുന്നു തിമോത്തെയോസ്. അഖ്റാ ജില്ലയിലെ സപ്സാപായിൽ സ്ഥിതിചെയ്തിരുന്ന ബാശീശോയുടെ വിദ്യാലയത്തിൽ അബ്രാഹം ബർ ദശന്ദാദിന്റെ ശിഷ്യനായി ഇദ്ദേഹത്തിന്റെ ചെറുപ്പകാലം കടന്നുപോയി. കിഴക്കിന്റെ സഭയുടെ അദിയാബേനെ മെത്രാസന പ്രവിശ്യയിൽ ഉൾപ്പെട്ട ബേഥ് ബ്ഗാശ് രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റ ഇദ്ദേഹം മൊസൂളിലെ മുസ്ലിം ഗവർണറായിരുന്ന അബു മൂസാ ഇബ്ന് മുസാബ്, അദ്ദേഹത്തിന്റെ ക്രിസ്ത്യൻ സഹായിയായ അബു നൂഹ് അൽ-അൻബാറി, എന്നിവരുടെ ഇഷ്ടം നേടിയെടുത്തു. 778ൽ കാതോലിക്കോസ് ഹന്നാനീശോ രണ്ടാമന്റെ പിൻഗാമിയായി തിമോത്തെയോസ് തിരഞ്ഞെടുക്കപ്പെട്ടു.

തിമോത്തെയോസ് പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത് വിവാദപരമായ പശ്ചാത്തലത്തിൽ ആയിരുന്നു. കുതന്ത്രങ്ങളിലൂടെയാണ് അദ്ദേഹം സ്ഥാനം നേടിയെടുത്തത് എന്ന് യാക്കോബായ സഭാ നേതാവും ചരിത്രകാരനുമായ ഗ്രിഗോറിയോസ് ബാർ എബ്രായ ആരോപിക്കുന്നു. പാത്രിയാർക്കീസ് പദവിയിലേക്ക് തൻറെ എതിരാളിയായിരുന്ന ബേഥ് ആബേ ദയറയിലെ റമ്പാൻ ഈശോയാബിനെ "താങ്കൾ ഉന്നത പദവിയുടെ കുടിലതകളെ അതിജീവിക്കാൻ പ്രാപ്തനല്ല" എന്ന് ഉപദേശിച്ച് തിമോത്തെയോസ് ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചു എന്നും അവസാനം അദിയാബേനെയുടെ മെത്രാപ്പോലീത്ത പദവി വാഗ്ദാനം ചെയ്ത് ആദരിച്ചു എന്നും ബാർ എബ്രായ ആരോപിക്കുന്നു. പൗരസ്ത്യ സുറിയാനി എഴുത്തുകാരനായ മർഗായിലെ തോമാ വിവരിക്കുന്നത് അനുസരിച്ച് സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയും മറ്റ് കാര്യങ്ങളിൽ ജനങ്ങളുടെ പിന്തുണയും വലയ്ക്കുന്നതിനാൽ കൂടെക്കൂടെ കാതോലിക്കോസിന്റെ ഉപദേശം തേടുന്ന വയോധികൻ ആയിരുന്നു ഈശോയാബ്. ബാഗ്ദാദിലെ മാർ പെഥിയോൻ ദയറയിൽ വെച്ച് കശ്കറിലെ ബിഷപ്പായിരുന്ന തോമായുടെ നേതൃത്വത്തിൽ ചേർന്ന സൂനഹദോസ് തെരഞ്ഞെടുത്ത ഗീവർഗീസ് ആയിരുന്നു പാത്രിയർക്കീസ് പദവിയിലേക്കുള്ള തിമോത്തിയോസിന്റെ മറ്റൊരു എതിരാളി. ഖലീഫാ അൽ-മഹദിയുടെ ക്രൈസ്തവ വൈദ്യൻ ഈസാ ഇബ്ന്-ഖുറായ്ഷിന്റെ പിന്തുണ ഉണ്ടായിരുന്ന ഇദ്ദേഹം സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടതും തിമോത്തെയോസിന്റെ സ്ഥാനലബ്ദിക്ക് സഹായകമായി. ഈ മരണത്തിന്റെ ഉത്തരവാദിത്വവും ബാർ എബ്രായ തിമോത്തിയോസിനുമേൽ ആരോപിക്കുന്നു.

തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ തന്നെ പിന്തുണയ്ക്കുന്നവർക്ക് ഉദാരമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് ഭൂരിപക്ഷം നേടിയെടുക്കാൻ തിമോത്തെയോസിന് കഴിഞ്ഞു. എന്നാൽ കാതോലിക്കോസ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഈ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന് അദ്ദേഹം തയ്യാറായില്ല. തനിക്ക് അനുകൂലമായി സമ്മതിദാനം തരുന്നതിന് പ്രതിഫലമായി, രണ്ട് ചാക്കുകൾ നിറച്ച് തരും എന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. രണ്ട് ചാക്ക് സ്വർണ്ണമാണ് അദ്ദേഹം തരാനിരിക്കുന്നത് എന്ന് കരുതിയിരുന്ന ആളുകളെ ഞെട്ടിപ്പിച്ചുകൊണ്ട് രണ്ട് ചാക്ക് നിറയേ കല്ലുകളാണ് താൻ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം വ്യംഗ്യമായി പ്രസ്താവിച്ചു. ഇത് ചോദ്യം ചെയ്ത് രംഗത്തെത്തിയ മെർവിലെ മെത്രാപ്പോലീത്ത യൗസേപ്പിനോടും മറ്റുള്ളവരോടും "പൗരോഹിത്യം ധനത്തിന് പകരം വിൽക്കപ്പെടാൻ ഉള്ളതല്ല" എന്ന് അദ്ദേഹം മറുപടി പറയുകയും ചെയ്തുവത്രേ.

മെർവിലെ മെത്രാപ്പോലീത്ത യൗസേപ്പിൻ്റെ നേതൃത്വത്തിൽ ഒരുമിച്ചുകൂടിയ തിമോത്തിയോസിന്റെ എതിരാളികൾ ബേഥ് ഹാലെയിലെ ദയറയിൽ ഒരു സൂനഹദോസ് നടത്തുകയും അതിൽ തിമോത്തിയോസിനെ പുറത്താക്കുകയും അദിയാബേനെയിലെ മെത്രാപ്പോലീത്ത ആയി നിയമിതനായ ഈശോയാബിനെ ആ പദവിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. തിമോത്തെയോസ് അതേ നാണയത്തിൽ തിരിച്ചടിക്കുകയും മെർവിലെ യൗസേപ്പിനെ തിരിച്ച് സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. ഇതിൽ ഖലീഫ അൽ-മഹ്ദിയിൽ നിന്ന് പരിഹാരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ട യൗസേപ്പ് അവസാനം ഇസ്ലാം മതം സ്വീകരിച്ചു. തുടർന്നുള്ള പരസ്പരം പുറത്താക്കലുകൾ ബഗ്ദാദിലെ ക്രിസ്ത്യാനികൾ തമ്മിൽ നഗര വീഥികളിൽ പരസ്പരം കലാപത്തിന് കാരണമായി. അവസാനം ഈസാ ഇബ്‌ന്-ഖുറായെഷിന്റെ ഇടപെടലിനെ തുടർന്നാണ് തിമോത്തിയോസിനോടുള്ള എതിർപ്പ് കെട്ടടങ്ങിയത്.

സഭാ ഭരണം

[തിരുത്തുക]

പുതിയ മെത്രാസങ്ങൾ

[തിരുത്തുക]

കിഴക്കിന്റെ സഭയുടെ വളർച്ചയിലും വ്യാപനത്തിലും പ്രത്യേക തത്പരൻ ആയിരുന്നു തിമോത്തിയോസ്. ദമാസ്കസ്, അർമേനിയ, ദൈലാമും ഗിലാനും, തബറിസ്ഥാനിലെ റായ്, സെഗസ്താനിലെ സർബാസ്സ്, ചൈന എന്നിവിടങ്ങൾക്കും മദ്ധ്യേഷ്യയിലെ തുർക്കിക്കും വേണ്ടി അദ്ദേഹം മെത്രാപ്പോലീത്തമാരെ വാഴിച്ചു. തിബെറ്റിന് വേണ്ടി ഒരു മെത്രാപ്പോലീത്തയെ വാഴിക്കാൻ അദ്ദേഹത്തിന് ആഗ്രഹവും ഉണ്ടായിരുന്നു. അദ്ദേഹം ഇന്ത്യയെ ഒരു മെത്രാസന പ്രവിശ്യ ആയി സ്ഥിരീകരിക്കുകയും പാർസ് പ്രവിശ്യയിൽ നിന്ന് പൂർണ്ണമായി വേർപെടുത്തുകയും ചെയ്തു. ദൈലാമിന്റെയും ഗിലാന്റെയും മെത്രാപ്പോലീത്ത ആയിരുന്ന മാർ ശുഭാലിഷോ അക്കാലത്ത് രക്തസാക്ഷിയായി.

പാർസ് മെത്രാസനം

[തിരുത്തുക]

അവസാന സസ്സാനിയൻ, ആദ്യകാല ഇസ്ലാമിക കാലഘട്ടത്തിൽ റെവ് അർദാശിറിലെ മെത്രാപ്പോലീത്തമാർ കാതോലിക്കോസുമാരുമായി ഭരണപരമായ തർക്കത്തിൽ നിരന്തരം ഏർപ്പെട്ടിരുന്നു.[3] ഈശോയാബ് 2ാമൻ (ഭരണകാലം 628–645), ഈശോയാബ് 3ാമൻ (ഭരണകാലം 649–659), ഗീവർഗ്ഗീസ് 1ാമൻ (ഭരണകാലം 661–680) എന്നീ കാതോലിക്കോസുമാരുടെ കാലത്ത് ഈ തർക്കം രൂക്ഷമായിരുന്നു.[4][5] കാതോലിക്കോസ് തിമോത്തിയോസ് ഈ തർക്കം ശാശ്വതമായി പരിഹരിക്കുന്നത് വരെ ഇത് വലിയ വിവാദമായി തുടർന്നുകൊണ്ടിരുന്നു.[6][7][8]

ബർ എബ്രായാ നൽകുന്ന വിവരണം ഇപ്രകാരമാണ്:

തിമോത്തിയോസിന്റെ കാലത്ത് പാർസ് പ്രദേശത്തെ ബിഷപ്പുമാർ വെളുത്ത വസ്ത്രം ധരിക്കുകയും ഇതരമത പുരോഹിതരെപ്പോലെ മാംസം ഭക്ഷിക്കുകയും വിവാഹം കഴിക്കുകയും, "ഞങ്ങൾ മാർത്തോമാ ശ്ലീഹായുടെ ശിഷ്യന്മാരാണ് ഞങ്ങൾക്ക് മാറിയുടെ സിംഹാസനവുമായി യാതൊന്നും ചെയ്യാനില്ല" എന്ന് പറഞ്ഞുകൊണ്ട് സെലൂക്യാ-ക്ടെസിഫോണിലെ കാതോലിക്കോസിന് കീഴ്പ്പെടാൻ വിസമ്മതിക്കുകയും ചെയ്തിരുന്നതായി പറയപ്പെടുന്നു...
തിമോത്തിയോസ് അവരുമായി അനുരഞ്ജനപ്പെടുകയും അവരെ തന്നോട് പുനരൈക്യപ്പെടുത്തുകയും മാംസം ഭക്ഷിക്കുകയോ വിവാഹം ചെയ്യുകയോ കമ്പിളി അല്ലാത്തപക്ഷം വെളുത്തത് ധരിക്കുകയോ ചെയ്യരുതെന്ന് നിർദ്ദേശിച്ച് അവർക്കായി ശിമയോൻ എന്ന് പേരായ ഒരു മെത്രാപ്പോലീത്തയെ അഭിഷേകം ചെയ്ത് നൽകുകയും ചെയ്തു. ബിഷപ്പുമാരെ അഭിഷേകം ചെയ്യുമ്പോൾ, മറ്റ് ഭദ്രാസനങ്ങളിലെ ബിഷപ്പുമാരെപ്പോലെ സ്ഥിരീകരണത്തിനായി കാതോലിക്കോസിന്റെ മുമ്പാകെ വരാതെ സ്വയമേവ അവരെ സ്ഥിരീകരിക്കാൻ അദ്ദേഹം അദ്ദേഹത്തെ അനുവദിച്ചു. ഇങ്ങനെയാണ് ഇന്നുവരെയുള്ള പതിവ്

— ഗ്രിഗോറിയോസ് ബർ എബ്രായാ. അബെലൂസ്; ലാമി (eds.). സഭാ നാളാഗമം. p. col. 172.

പാർസിലെ സഭാനേതൃത്വത്തിന്റെ വിമത നിലപാടിനെ ശക്തമായ രീതിയിൽ അടിച്ചമർത്താനാണ് മാർ തിമോത്തിയോസ് ശ്രമിച്ചത്. വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന റെവ് അർദാശിറിലെ മെത്രാപ്പോലീത്തയായ മാർ ബാവായിയെ അദ്ദേഹം മുടക്കുകയും പകരം ശിമയോൻ എന്ന വൈദികനെ പുതിയ മെത്രാപ്പോലീത്തയായി നിയമിക്കുകയും ചെയ്തു. വിഭാഗീയത അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഭയുടെ കേന്ദ്ര പ്രവിശ്യകളിൽ ഒന്ന് എന്ന നിലയിൽ നിന്ന് മാറ്റി പാർസിനെ ഒരു വിദൂര പ്രവിശ്യയായി അദ്ദേഹം പ്രഖ്യാപിച്ചു. ഇതിലൂടെ പാർസിലെ സഭയ്ക്ക് പ്രാദേശികമായി കൂടുതൽ പ്രവർത്തന സ്വതന്ത്ര്യം കരഗതമായി. അതേസമയം കാതോലിക്കോസ് തിരഞ്ഞെടുപ്പ് നടക്കുന്ന സൂനഹദോസുകളിൽ പാർസിലെ ബിഷപ്പുമാരുടെ സാന്നിധ്യം നിർബന്ധമല്ലാതാക്കുക വഴി സഭാഭരണത്തിൽ അവരുടെ നിലപാട് അപ്രസക്തമായി തീരുകയും ചെയ്തു.[6]

അന്ത്യവിശ്രമസ്ഥലം

[തിരുത്തുക]

ബാഗ്ദാദിലെ ദയർ അൽ-ജതാലിഖിൽ ("കാതോലിക്കാ ആശ്രമം", ദയറാ ക്ലീലാ ഈശോ, സുറിയാനി: ܕܝܪܐ ܟܠܝܠܐ ܝܫܘܥ "ഈശോയുടെ കിരീടം") ആണ് തിമോത്തിയോസ് കബറടക്കപ്പെട്ടത്. സസാനിയൻ സാമ്രാജ്യത്തിൻ്റെ മെസൊപ്പൊട്ടാമിയൻ പ്രവിശ്യയായ അസോറിസ്താനിൽ ടൈഗ്രിസിൻ്റെ പടിഞ്ഞാറൻ തീരത്ത് പണിയപ്പെട്ടതായിരുന്നു ഈ ആശ്രമം.

സാഹിത്യ സംഭാവനകൾ

[തിരുത്തുക]

ശാസ്ത്രം, ദൈവശാസ്ത്രം, ആരാധനാക്രമം, കാനോൻ നിയമം എന്നീ വിഭാഗങ്ങളിൽ നിരവധി കൃതികൾ സംഭാവന ചെയ്ത് ആദരണീയനായ എഴുത്തുകാരനാണ് തിമോത്തിയോസ്. അദ്ദേഹത്തിൻ്റെ പാത്രിയർക്കാ ഭരണകാലത്തിന്റെ ആദ്യ പകുതിയിൽ നിന്നുള്ള 59-ഓളം ലേഖനങ്ങൾ സംരക്ഷിക്കപ്പെട്ടുണ്ട്. ഈ കത്തുകൾ ബൈബിൾസംബന്ധിയും, ദൈവശാസ്ത്രപരവുമായ വിവിധ ചോദ്യങ്ങൾ ചർച്ചചെയ്യുന്നവയാണ്. കൂടാതെ ഇവ അദ്ദേഹത്തിൻ്റെ കാലത്തെ സഭയുടെ അവസ്ഥയെക്കുറിച്ച് ധാരാളം വിവരങ്ങളും നൽകുന്നു. മദ്ധ്യേഷ്യയിലെ തുർക്കികൾ, ടിബറ്റ്, ഷിഹാർസൂർ, റദ്ദാൻ, റായ്, ഇറാൻ, ഗുർഗാൻ, ബാലാദ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം ബിഷപ്പുമാരെ നിയമിച്ചതായി ഒരു കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പുരാതന ക്രൈസ്തവ സാഹിത്യത്തിൽ അദ്ദേഹത്തിനുള്ള വിപുലമായ പരിചയവും ഈ കത്തുകൾ വെളിപ്പെടുത്തുന്നു. പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബാഗ്ദാദിലേക്ക് താമസം മാറിയ അദ്ദേഹം, അബ്ബാസിയ കച്ചേരിയിൽ സുപരിചിതനായിരുന്നു. അവിടെ അരിസ്റ്റോട്ടിലിൻ്റെയും മറ്റും കൃതികളുടെ വിവർത്തനത്തിൽ അദ്ദേഹം പങ്കുവഹിച്ചു.

അൽ-മഹദിയുമായുള്ള സംവാദം

[തിരുത്തുക]

782-ൽ മൂന്നാം അബ്ബാസിയ ഖലീഫ അൽ-മഹ്ദിയുമായി (വാഴ്ച 775-85) കാതോലിക്കോസ് തിമോത്തിയോസ് നടത്തിയതായി കരുതപ്പെടുന്ന ക്രിസ്തുമതത്തിൻ്റെയും ഇസ്‌ലാംമതത്തിൻ്റെയും പരസ്പരവിരുദ്ധമായ അവകാശവാദങ്ങളെക്കുറിച്ചുള്ള തീർപ്പ് കൽപ്പിപ്പെടാത്ത ഒരു സംവാദത്തിൻ്റെ രേഖയാണ് തിമോത്തിയോസിന്റെ പേരിൽ അറിയപ്പെടുന്ന ഏറ്റവും പ്രശസ്തമായ സാഹിത്യ സൃഷ്ടികളിലൊന്ന്. ഈ സംവാദം, ഒരു സാഹിത്യ കെട്ടുകഥയാണെന്ന് ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ സംവാദം ഒരു പരിധിവരെ ക്രമീകരിക്കപ്പെടാത്തതും വാദ-പ്രതിവാദ രൂപത്തിലുള്ളതും ആണ് എന്ന വസ്തുത ഈ സംവാദം യഥാർത്ഥത്തിൽ നടന്നതും തിമോത്തിയോസ് തന്നെ രേഖപ്പെടുത്തിയിരിക്കുന്നതും ആണെന്നുള്ള വാദത്തിന് കുടുതൽ വിശ്വാസ്യത നൽകുന്നു. ആദ്യം സുറിയാനിയിലും പിന്നീട് അറബിയിലും ആണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. നിലവിൽ ലഭ്യമായ സുറിയാനി രൂപം ഇസ്‌ലാംമതത്തോട് ശ്രദ്ദേയമായ വിധത്തിൽ ആദരവ് കാണിക്കുന്നതാണ്. ഇത് ക്രൈസ്തവ, മുസ്ലീം വായനക്കാരുടെ ആസ്വാദനത്തിനായി എഴുതിയതുമാകാം. 1928-ൽ 'ക്രിസ്തുമതത്തിനുള്ള തിമോത്തിയോസിന്റെ വാദം' എന്ന തലക്കെട്ടിൽ അൽഫോൺസ് മിംഗനയാണ് ഈ സംവാദം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. എക്കാലത്തും ചരിത്രം, മതവിശ്വാസം, സാഹിത്യം തുടങ്ങിയ മേഖലകളിൽ തത്പരരായ വായനക്കാർക്ക് ആകർഷകമായ ഗ്രന്ഥമായി ഇത് നിലകൊള്ളുന്നു.

സഭാ നിയമങ്ങൾ

[തിരുത്തുക]

തിമോത്തിയോസിന്റെ നൈയ്യാമിക സംഭാവന ഇരുമടങ്ങാണ്. 775നും 790നും ഇടയിൽ അദ്ദേഹം "സിനോഡിക്കോൻ ഓറിയന്താലെ" എന്ന പേരിൽ അറിയപ്പെടുന്ന പൗരസ്ത്യ സുറിയാനി സൂനഹദോസ് തീരുമാനങ്ങളുടെ ഒരു ശേഖരം ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചു. "സഭാപരമായ ശാസനങ്ങളുടെയും പിന്തുടർച്ചകളുടെയും ക്രമം" (സുറിയാനി: ܛܟܣܹ̈ܐ ܕܕܝ̈ܢܹܐ ܥܹܕܬܵܢܝܹܐ ܘܕܝܪ̈ܬܿܘܵܬܵܐ) എന്ന പേരിൽ ഒരു നിയമപുസ്തകവും അദ്ദേഹം എഴുതി. തിമോത്തിയോസിന്റെ നിയമപുസ്തകം അവതാരിക, ആമുഖം, 99 നൈയ്യാമിക തീരുമാനങ്ങൾ, ഉപസംഹാരം എന്ന ക്രമത്തിൽ ക്രമീകരിച്ചിരിക്കുന്നു. അബ്ബാസിയ ഖിലാഫത്തിലെ ക്രൈസ്തവ ധിമ്മി സമൂഹത്തിന് സവിശേഷ മത കോടതികളുടെയും ന്യായാധിന്മാരുടെയും ആവശ്യകതയും പ്രയോജനവും വിശദമാക്കുന്ന ഒരു നൈയ്യാമിക സിദ്ധാന്തം നിയമപുസ്തകത്തിൻ്റെ ആമുഖം അവതരിപ്പിക്കുന്നു. നിയമപുസ്തകം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളിൽ സഭയുടെ ക്രമവും അധികാരശ്രേണിയും, വിവാഹവും വിവാഹമോചനവും, അനന്തരാവകാശവും സ്ത്രീധനവും, അടിമത്തം, സ്വത്ത് നിയമം എന്നിവ ഉൾപ്പെടുന്നു. സഭാ കോടതികളുടെ സംഘാടനത്തിലും നടപടിക്രമനിയമത്തിലും പുസ്തകം വിശദാംശങ്ങൾ നൽകുന്നു.

കൃതികൾ

[തിരുത്തുക]
  • Timothy I, Dialogue with a Moslem Caliph, tr. Alphonse Mingana (1928). Intro and translation
  • The religious debate between Timothy I and the Caliph al-Mahdī Arabic text with English translation by Clint Hackenburg, 2009
  • De Timotheo I, Nestorianorum patriacha, et Christianorum orientalium condicione sub chaliphis Abbasidis by Jérôme Labourt, 1904
  • Timothy I, Letters : syriac text and Latin translation by Oskar Braun, 1915
  • Timothy I, Letter 47 : English translation
  • Hackenburg, Clint, "An Arabic-to-English Translation of the Religious Debate between the Nestorian Patriarch Timothy I and the ‘Abbāsid Caliph al-Mahdi" (M.A. thesis, Ohio State University, 2009)
  • Bidawid, Raphaël J., Les Lettres du Patriarche Nestorien Timothée I, Studi e Testi 187 (Vatican: Biblioteca Apostolica Vaticana, 1956).
  • Chabot, Jean-Baptiste (1902). Synodicon orientale ou recueil de synodes nestoriens (PDF). Paris: Imprimerie Nationale.

അവലംബം

[തിരുത്തുക]
  1. Bundy.
  2. Walker (2006), പുറം. 26.
  3. Baum & Winkler (2003), പുറം. 43.
  4. Platt (2017), പുറം. 118.
  5. Mingana (1926), പുറം. 29-31.
  6. 6.0 6.1 Platt (2017), പുറം. 119.
  7. Mingana (1926), പുറം. 32.
  8. Hoyland (1997), പുറം. 178.

പ്രാഥമിക സ്രോതസ്സുകൾ

[തിരുത്തുക]
  • Bar Hebraeus, Gregorios (1877). Abeloos, J. B.; Lamy, T. J. (eds.). Bar Hebraeus, Chronicon Ecclesiasticum (3 vols, Ecclesiastical Chronicle). Vol. ii. Paris. pp. 168–7.{{cite book}}: CS1 maint: location missing publisher (link)
  • Hackenburg, Clint (2009). An Arabic-to-English Translation of the Religious Debate between the Nestorian Patriarch Timothy I and the ‘Abbāsid Caliph al-Mahdi (M.A. thesis). Ohio State University. p. 32.
  • Mingana, Alfonse. (1928). Timothy I, Apology for Christianity. Bulletin of the John Rylands Library. pp. v–vii, 1–15.
  • Wood, Philip (2013). The Chronicle of Seert: Christian historical imagination in late antique Iraq. Oxford University Press. pp. 221–256. ISBN 978-0-19-967067-3.
  • Gismondi, H., Maris, Amri, et Salibae: De Patriarchis Nestorianorum Commentaria I: Amri et Salibae Textus (Rome, 1896)
  • Gismondi, H., Maris, Amri, et Salibae: De Patriarchis Nestorianorum Commentaria II: Maris textus arabicus et versio Latina (Rome, 1899)
  • Wallis Budge, E. A., The Book of Governors: The Historia Monastica of Thomas, Bishop of Marga, AD 840 (London, 1893)

ദ്വിതീയ സ്രോതസ്സുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തിമോത്തെയോസ്_ഒന്നാമൻ&oldid=4121395" എന്ന താളിൽനിന്ന് ശേഖരിച്ചത്