താനേസർ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
Thanesar | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Haryana |
ജില്ല(കൾ) | Kurukshetra |
ജനസംഖ്യ | 1,20,072 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 232 m (761 ft) |
29°59′N 76°49′E / 29.98°N 76.82°E ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു പട്ടണം ആണ് താനേസർ (ഹിന്ദി: थानेसर). ഇതിന്റെ പുരാതന നാമം സ്ഥാനേശ്വർ എന്നായിരുന്നു. കാലാന്തരത്തിൽ ഇത് ഥാനേശ്വർ, താനേശ്വർ, താനേസർ എന്നീ രൂപങ്ങളുൾക്കൊണ്ടു. ഡൽഹിയിൽ നിന്ന് 145 കി.മീ. വ.മാറി സ്ഥിതിചെയ്യുന്ന താനേസർ ഒരു പ്രസിദ്ധ തീർഥാടന കേന്ദ്രമാണ്. മഹാഭാരതത്തിൽ പരാമൃഷ്ടമായിട്ടുള്ള യുദ്ധത്തിന്റെ കളമെന്നു വിശ്വസിക്കപ്പെടുന്ന കുരുക്ഷേത്ര സമതലത്തിലാണ് താനേസർ പട്ടണം വികസിച്ചിരിക്കുന്നത്. പട്ടണം നിരവധി പുണ്യതീർഥങ്ങളെ ഉൾക്കൊള്ളുന്നു. കുരുക്ഷേത്രത്തിലെ തീർഥമാണ് ഇതിൽ ഏറെ പ്രസിദ്ധം. സൂര്യഗ്രഹണ ദിവസങ്ങളിൽ ഭക്തർ ഇവിടെ വിശേഷാൽ പൂജ നടത്തുക പതിവാണ്. താനേസറിനടുത്തുള്ള 'ജ്യോതിസർ' ഗീതോപദേശത്തിന്റെ വേദിയായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. മുമ്പ് കർണാൽ ജില്ലയുടെ ഭാഗമായിരുന്നു താനേസർ. 1973-ൽ കുരുക്ഷേത്ര ജില്ലയുടെ ഭാഗമായി. ഹിന്ദി മുഖ്യ വ്യവഹാരഭാഷയായ ഇവിടത്തെ ജനങ്ങളിൽ ഭൂരിപക്ഷവും ഹൈന്ദവരാണ്. സിഖ് , ക്രിസ്ത്യൻ , ഇസ്ലാം, ബുദ്ധ, ജൈന വിശ്വാസികളും ഈ പ്രദേശത്ത് നിവസിക്കുന്നു.
ചരിത്രം
[തിരുത്തുക]7-ാം ശ.-ത്തിൽ ഹർഷസാമ്രാജ്യ തലസ്ഥാനമായിരുന്ന താനേസർ സ്ഥാണീശ്വർ എന്ന പേരിലുമറിയപ്പെട്ടിരുന്നു. കനൗജ് പ്രദേശത്തെ താനേസറുമായി കൂട്ടിച്ചേർത്ത് ഹർഷൻ ഒരു സാമ്രാജ്യം സ്ഥാപിച്ചെങ്കിലും അതിന് ദീർഘായുസ്സുണ്ടായില്ല. ഹർഷന്റെ കാലഘട്ടത്തിനു ശേഷം താനേസറിന്റെ പ്രാധാന്യം ക്ഷയിക്കുകയും 11-ാം ശ..-ത്തിന്റെ ആരംഭത്തിൽ നടന്ന മുഹമ്മദ് ഗസ്നിയുടെ ആക്രമണത്തോടെ പട്ടണത്തിന്റെ പതനം പൂർണമാവുകയും ചെയ്തു.
ആകർഷണങ്ങൾ
[തിരുത്തുക]പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി ചരിത്ര-പുരാവസ്തു കേന്ദ്രങ്ങൾ താനേസറിലും പരിസരപ്രദേശങ്ങളിലും കാണാം. ഇവിടത്തെ പുരാതന കോട്ട, ഷേഖ് ചേഹ്ലിയുടെ ശവകുടീരം, മദ്രസ, പത്ഥർ മസ്ജിദ്, ചീനി മസ്ജിദ് തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്. താനേസറിന് തെ.പ.സ്ഥിതിചെയ്യുന്ന കർണ രാജാവിന്റെ കോട്ടയാണ് മറ്റൊരു പ്രധാന ആകർഷണം. 12 മീറ്റർ ആണ് ഇതിന്റെ ഉയരം. കോട്ടയ്ക്ക് തെ. മാറി സ്ഥിതിചെയ്യുന്ന അസ്ഥിപുര, 13 കിലോമീറ്റർ അകലെയുള്ള ഭോർ സൈദാൻ, ദൌലത്പൂർ തുടങ്ങിയവ ഏറെ ചരിത്ര-പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങളാണ്. തനേസറിലും പരിസര പ്രദേശങ്ങളിലും നടന്ന ഉത്ഖനനങ്ങളിലൂടെ നിരവധി പുരാവസ്തു ശേഖരങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കളിമൺ പാത്രങ്ങളാണ് ഇവയിൽ പ്രധാനമായവ. ഇവയ്ക്കും ദൗലത്പൂരിൽനിന്നു ലഭിച്ച പുരാവസ്തുക്കൾക്കും ഹാരപ്പൻ സംസ്കാരത്തിന്റെ അവസാന ഘട്ടവുമായി ബന്ധമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്].
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ താനേസർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |