തഹീതി

Coordinates: 17°40′S 149°25′W / 17.667°S 149.417°W / -17.667; -149.417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തഹീതി
Tahiti, the largest of the Society islands
Geography
LocationPacific Ocean
Coordinates17°40′S 149°25′W / 17.667°S 149.417°W / -17.667; -149.417
ArchipelagoSociety Islands
Major islandsTahiti
Area1,044 km2 (403 sq mi)
Highest elevation2,241 m (7,352 ft)
Highest pointMont Orohena
Administration
France
Overseas collectivityFrench Polynesia
Largest settlementPapeete (pop. 136,777)
Demographics
Population189,517[1] (August 2017 census)
Pop. density181 /km2 (469 /sq mi)
Ethnic groupsTahitians
Location of French Polynesia

ദക്ഷിണ പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപാണ് തഹീതി. ഫ്രഞ്ച് പോളിനേഷ്യയുടെ ഭാഗമായ വിൻഡ്വേഡ് ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപാണ് തഹീതി. 56 കിലോമീറ്ററോളം നീളമുള്ള തഹീതിയുടെ വിസ്തീർണം: 1,042 ചതുരശ്രകിലോമീറ്റർ.

മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയും കൊണ്ട് ശ്രദ്ധേയമാണ് തഹീതി. ഭൂമിശാസ്ത്രപരമായി സമുദ്രത്തിൽ നിന്ന് എഴുന്നു നില്ക്കുന്ന രണ്ട് അഗ്നിപർവതാഗ്രങ്ങളാണ് യഥാർഥത്തിൽ തഹീതി. ഒരു കരയിടുക്കിനാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട അവസ്ഥയിലുള്ള ഈ അഗ്നിപർവതങ്ങളിൽ പ്രധാനമായും രണ്ട് ഭൂപ്രദേശങ്ങൾ ഉൾപ്പെടുന്നു; വിസ്തൃതമായ തഹീതി-നൂയിയും വിസ്തൃതി കുറഞ്ഞ തയ് അരപു അഥവാ തഹീതി-ഇറ്റിയും. ദ്വീപിന്റെ മധ്യഭാഗത്ത് സു.2,238 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഓറോഹിന ആണ് ഏറ്റവും ഉയരം കൂടിയ പർവതം. തീരപ്രദേശത്തിനടുത്ത താരതമ്യേന വീതി കുറഞ്ഞ സമതലമാണ് ദ്വീപിലെ ഏറ്റവും ഫലഭൂയിഷ്ഠവും ജനസാന്ദ്രവുമായ മേഖല. ദ്വീപിനെ വലയം ചെയ്ത് കാണുന്ന പവിഴപ്പുറ്റുകളുടെ ശൃംഖലയാണ് ഭൂപ്രകൃതിയിലെ മറ്റൊരു സവിശേഷത.

ഉഷ്ണമേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ തെ. കിഴക്കൻ വാണിജ്യവാതങ്ങൾ കാലാവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്താറുണ്ട്. സമതല പ്രദേശങ്ങളിൽ വർഷത്തിൽ 1,800 മി.മീറ്ററോളം മഴ ലഭിക്കുന്നു. വാതാഭിമുഖങ്ങളായി വർത്തിക്കുന്ന മലഞ്ചരിവുകളിലാണ് മഴയുടെ തോത് താരതമ്യേന കൂടുതൽ. ഉഷ്ണമേഖലാ മഴക്കാടുകളാണ് ദ്വീപിലെ നൈസർഗിക സസ്യജാലം. സുലഭമായി ലഭിക്കുന്ന മഴയിൽ രൂപംകൊണ്ട് കൂലംകുത്തിയൊഴുകുന്ന ചെറു നദികളിലെ ജലപാതങ്ങൾ നയനമോഹനങ്ങളാണ്. കൃഷിയും മത്സ്യബന്ധനവുമാണ് ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗങ്ങൾ. വിനോദസഞ്ചാരത്തിനും സമ്പദ്ഘടനയിൽ നിർണായക പങ്കുണ്ട്. മുഖ്യവിളകളിൽ തെങ്ങ്, പന, വാഴ, ഓറഞ്ച്, പപ്പായ എന്നിവ ഉൾപ്പെടുന്നു. കയറ്റുമതി ഉത്പന്നങ്ങളിൽ കൊപ്ര, വാനില, കരകൗശല വസ്തുക്കൾ മുതലായവ മുൻപന്തിയിൽ നില്ക്കുന്നു. കൃത്രിമ രത്നമായ 'മദർ ഒഫ് പേൾ' ആണ് മറ്റൊരു വിപണന ഉത്പന്നം. പപ്പീറ്റി നഗരത്തിന്റെ ഒരു ദൃശ്യം

തഹീതിയിലെ ജനങ്ങളിൽ ബഹുഭൂരിഭാഗവും തെ.കി.ഏഷ്യയിലേയും യൂറോപ്പിലേയും രാജ്യങ്ങളിൽ നിന്നു കുടിയേറിയവരുടെ പിൻഗാമികളാണ്. സങ്കരവിഭാഗത്തിനും ഗണ്യമായ അംഗബലമുണ്ട്. ചൈനീസ് വംശജരാണ് പ്രധാന ന്യൂനപക്ഷം. ഫ്രഞ്ച്, ബ്രിട്ടിഷ്, അമേരിക്കൻ ജനവിഭാഗങ്ങളും ഇവിടെ വസിക്കുന്നു. ഫ്രഞ്ച് പോളിനേഷ്യയുടെ ഭരണകേന്ദ്രവും തഹീതിയുടെ തലസ്ഥാനവുമായ പപ്പീറ്റിയാണ് മുഖ്യ ജനാധിവാസകേന്ദ്രം. തീരപ്രദേശങ്ങളിൽ ഗ്രാമീണർ തിങ്ങിപ്പാർക്കുന്നു. പോളിനേഷ്യൻ ഭാഷാ ഗോത്രത്തിൽപ്പെട്ട തഹീതിൻ ആണ് പ്രധാനമായും വ്യവഹാരത്തിലുള്ളത്. ഔദ്യോഗിക-വാണിജ്യാവശ്യങ്ങൾക്ക് ഫ്രഞ്ചും, വിനോദസഞ്ചാര മേഖലയിൽ ഇംഗ്ലീഷും വ്യാപകമായി ഉപയോഗിക്കുന്നു. ജനങ്ങളിൽ ഭൂരിപക്ഷം ക്രൈസ്തവരാണ്. ചൈനീസ് വംശജരിൽ ഏറിയപേരും കൺഫ്യൂഷ്യൻ-ബുദ്ധമത ആചാരങ്ങൾ പിൻതുടരുന്നു. തഹീതിയിലെ പ്രധാന തുറമുഖമാണ് പപ്പീറ്റി. ചരക്കുകപ്പലുകൾക്കും യാത്രക്കപ്പലുകൾക്കും നങ്കൂരമിടാൻ ഇവിടെ വിപുലമായ സൌകര്യങ്ങളുണ്ട്. തഹീതിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാരിസ്, ഹോണോലുലു, ലോസ് ഏഞ്ചലസ്, സാന്റിയാഗോ, സാൻഫ്രാൻസിസ്കോ, സിഡ്നി, ടോക്യോ തുടങ്ങിയ വൻനഗരങ്ങളിലേക്കും മറ്റു പസിഫിക് ദ്വീപുകളിലേക്കും വിമാന സർവീസുകളുണ്ട്.

1960 മുതൽ വിനോദ സഞ്ചാരവികസനത്തിന് തഹീതി പ്രത്യേക പരിഗണന നല്കി. പ്രശസ്ത യു.എസ്. സാഹിത്യകാരൻമാരായ ഹെർമൻ മെൽവിൽ (Herman Melville), ജയിംസ് മിഷനർ (James Michener), സ്കോട്ടിഷ് എഴുത്തുകാരനായ റോബർട്ട് ലൂയി (Robert Louis) തുടങ്ങിയവരുടെ കൃതികളിൽ തഹീതിയുടെ മനോഹാരിത വർണിക്കപ്പെട്ടിട്ടുണ്ട്. 1890-കളിൽ ഫ്രഞ്ച് ചിത്രകാരൻ പോൾ ഗോഗിൻ (Paul Gaugin) ദ്വീപിനെ ആസ്പദമാക്കി വരച്ച ചിത്രങ്ങൾ ദ്വീപിന്റെ പ്രശസ്തി വർധിപ്പിച്ചു. റോയൽ സൊസൈറ്റിയുടെ നിർദ്ദേശപ്രകാരം ബ്രിട്ടിഷ് പര്യവേക്ഷകനായിരുന്ന ജെയിംസ് കുക്ക് ശുക്രന്റെ സംക്രമണങ്ങൾ നിരീക്ഷിച്ചു രേഖപ്പെടുത്തിയത് തഹീതിയിലെ പോർട്ട് വീനസ്സിൽ നിന്നായിരുന്നു (1769). പപ്പീറ്റിക്കു കിഴക്കായി സ്ഥിതിചെയ്യുന്ന പോർട്ട് വീനസ്സിൽ ഇപ്പോഴും ഇതിന്റെ സ്മാരകം കാണാം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തഹീതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "Décret n° 2017-1681 du 13 décembre 2017 authentifiant les résultats du recensement de la population 2017 de Polynésie française" (PDF). Journal officiel de la République française. Archived (PDF) from the original on 3 January 2018. Retrieved 2 January 2018.
"https://ml.wikipedia.org/w/index.php?title=തഹീതി&oldid=3763578" എന്ന താളിൽനിന്ന് ശേഖരിച്ചത്