Jump to content

തണ്ണീർപ്പന്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അടാട്ട് കുറൂർ പാറയ്ക്ക് അടുത്തുണ്ടായിരുന്ന ഒരു തണ്ണീർപന്തലിന്റെ ബാക്കി

വഴിപോക്കർക്ക് വെള്ളം കുടിക്കാനുള്ള സ്ഥലത്തിനു തണ്ണീർപ്പന്തൽ എന്നു പറയുന്നു. കേരളത്തിൽ ഇവ തണ്ണീർപ്പന്തൽ എന്നാണറിയപ്പെടുന്നത്. വഴിയമ്പലങ്ങൾ ദാഹമകറ്റാനും വിശ്രമിക്കാനും ഇടം നൽകുന്നുവെങ്കിൽ തണ്ണീർപ്പന്തലുകൾ ദാഹമകറ്റാൻ മാത്രമുള്ള വഴിയോര സംവിധാനമാണ്. വഴിയമ്പലങ്ങളിലും തണ്ണീർപ്പന്തലുകൾ ഉണ്ടായിരിക്കും. പൊതുവേ വഴിയമ്പലങ്ങൾ ഇല്ലാത്ത സ്ഥലത്താണ് താത്ക്കാലിക തണ്ണീർപ്പന്തലുകൾ നിർമ്മിക്കുന്നത്. താത്ക്കാലികമായ ഓലപ്പന്തലുകളാണിവ. ഇവിടെ ദാഹമകറ്റാനുള്ള ജലവും പാനീയങ്ങളും വിൽക്കുകയല്ല, സൗജന്യമായി നൽകുകയായിരുന്നു പതിവ്. പച്ചവെള്ളം പോലെതന്നെ തണ്ണീർപ്പന്തലുകളിലെ പ്രധാന വിഭവമായിരുന്നു സംഭാരം അഥവാ മോരുംവെള്ളം. മോരും വെള്ളവും ചേർത്ത് അതിൽ നാരകത്തില, ഉപ്പ്, മുളക് എന്നിവയും കൂട്ടിയാണ് തണ്ണീർപ്പന്തലുകളിലൂടെ ജനങ്ങൾക്ക് വെള്ളം നൽകിയിരുന്നത്. തണ്ണീർപ്പന്തലിലെ മോരുംവെള്ളത്തിൽ പലപ്പോഴും മോര് പേരിനു മാത്രമുണ്ടായിരിക്കും എന്നുള്ളതുകൊണ്ടാകണം കൊഴുപ്പില്ലാത്തത്, കട്ടിയില്ലാത്തത് തുടങ്ങിയ അർഥങ്ങളിൽ മോരുവെള്ളം എന്ന പ്രയോഗവും നിലവിൽ വന്നത്.

വഴിയോരത്ത് തണ്ണീർപ്പന്തലുകൾ കെട്ടി സഞ്ചാരികളുടെ ദാഹമകറ്റുന്നത് ഒരു പുണ്യകർമമായി പണ്ട് കരുതിയിരുന്നു. അതിനാൽ യാത്രയെന്നാൽ, കാൽനടയാത്ര മാത്രമായിരുന്ന കാലത്ത് കേരളത്തിലെ വഴിയോരങ്ങളിൽ ധാരാളം തണ്ണീർപ്പന്തലുകൾ ഉണ്ടായിരുന്നു. ഇന്ന് ഈ ജലദാനം ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചു മാത്രമാണ് നിലനിൽക്കുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തണ്ണീർപ്പന്തൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തണ്ണീർപ്പന്തൽ&oldid=2283174" എന്ന താളിൽനിന്ന് ശേഖരിച്ചത്