Jump to content

ഡെസിഡീറിയസ് ഇറാസ്മസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെസിഡീറിയസ് ഇറാസ്മസ്
ഇറാസ്മസ് 1523-ൽ, 'ഇളയ' ഹാൻസ് ഹോൾബീന്റെ സൃഷ്ടി
മറ്റു പേരുകൾഡെസിഡീറിയസ് ഇറാസ്മസ് ആന്റിഹബ്‌ജി , റോട്ടർഡാമിലെ ഇറാസ്മസ്
ജനനം28 ഒക്ടോബർ1466
റോട്ടർഡാം, ബർഗുണ്ടിയൻ നെഥർലാൻഡ്സ്, ലിയോ ബെൾഗിക്കസ്
മരണം12 ജൂലൈ1536
ബേസൽ, പഴയ സ്വിസ് സംഘരാഷ്ട്രം
കാലഘട്ടംനവോത്ഥാനയുഗം
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
പ്രധാന താത്പര്യങ്ങൾക്രിസ്തീയദർശനം, നവോത്ഥാനകാല മാനവീയത
സ്വാധീനിക്കപ്പെട്ടവർ

നവോത്ഥാനകാലത്തെ ഒരു ഡച്ച് മാനവികതാവാദിയും കത്തോലിക്കാ പുരോഹിതനും സാമൂഹ്യവിമർശകനും അദ്ധ്യാപകനും ദൈവശാസ്ത്രജ്ഞനും ആയിരുന്നു ഡെസിഡീറിയസ് ഇറാസ്മസ് റോട്ടർഡാമസ് (ജനനം: 28 ഒക്ടോബർ[1] 1466?; മരണം 12 ജൂലൈ 1536)

മതസഹിഷ്ണുതയുടെ ആദ്യകാലവക്താക്കളിൽ ഒരാളായിരുന്ന അദ്ദേഹം "മാനവികതാവാദികളുടെ രാജാവ്", "ക്രൈസ്തവമാനവീയതയുടെ മഹത്കിരീടം" എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടു.[2] ഹ്യൂമനിസ്റ്റുകൾ വികസിപ്പിച്ചെടുത്ത സംശോധാനാസാമിഗ്രികൾ ഉപയോഗിച്ച് പുതിയനിയമത്തിന്റെ പുത്തൻ ലത്തീൻ, ഗ്രീക്ക് പതിപ്പുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഈ സംരംഭം ഉയർത്തിയ ദൈവശാസ്ത്രസമസ്യകൾ, പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റേയും കത്തോലിക്കാ പ്രതിനവീകരണത്തിന്റേയും പരിഗണനയിൽ വന്നു. ശുദ്ധസുന്ദരമായ ലത്തീൻ ശൈലിയിൽ എഴുതിയ ക്ലാസ്സിക്കൽ പണ്ഡിതനായിരുന്നു ഇറാസ്മസ്. "ഭോഷത്തത്തിന്റെ സ്തുതി" (The Praise of Folly), "ക്രൈസ്തവമാടമ്പിയുടെ കൈപ്പുസ്തകം" (Handbook of a Christian Knight), "കുട്ടികളിലെ സുജനമര്യാദ" (On Civility in Children) "കോപ്പിയ: സമ്പുഷ്ടശൈലിയുടെ അടിസ്ഥാനം" (Copia: Foundations of the Abundant Style), "സ്വർഗ്ഗത്തിനു പുറത്തായ ജൂലിയസ്" (Julius Exclusus) തുടങ്ങി ഒട്ടേറെ ഇതര രചനകളും അദ്ദേഹത്തിന്റേതായുണ്ട്.

പ്രൊട്ടസ്റ്റന്റ് നവീകരണകാലത്ത് ജീവിച്ചിരുന്ന ഇറാസ്മസ് നവീകരണവാദികളെപ്പോലെ സഭാനേതൃത്വത്തിന്റെ വിമർശകനായിരുന്നു. അദ്ദേഹത്തിന്റെ രചനകലിൽ പലതും മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങളുടെ പരിഹാസത്തിൽ പൊതിഞ്ഞ വിമർശനമാണ്. "ഭോഷത്തത്തിന്റെ സ്തുതി" എന്ന കൃതി നവീകരണയുഗത്തിൽ യൂറോപ്പിലാകെ പ്രചരിച്ചു. സന്യാസികളേയും ദൈവശാസ്ത്രത്തിലെ അസംബന്ധങ്ങളേയും പരിഹസിച്ച ആ രചന ലൂഥറുടെ പരുക്കൻ വിമർശനത്തെ കൂടുതൽ മൂർച്ചയുള്ളതാക്കി. "ഇറാസ്മസ് ഇട്ട മുട്ട വിരിയിക്കുക മാത്രമാണ് ലൂഥർ ചെയ്തത്" എന്നു കത്തോലിക്കാ യാഥാസ്ഥിതികരിൽ ചിലർ വിമർശിക്കുക പോലും ചെയ്തു[൧].[3]

എങ്കിലും ക്രിസ്തീയതയിലെ ഐക്യത്തിനു വേണ്ടി നിലകൊണ്ട ഇറാസ്മസ്, നവീകരണവാദികളുടെ തീവ്രനയങ്ങളോട് സഹകരിച്ചില്ല. അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ ശൈലി, വിട്ടുവീഴ്ചയുടേയും സമന്വയത്തിന്റേതും ആയിരുന്നു. സഭയിലെ ദൂഷിതമായ പൗരോഹിത്യത്തിന്റെ നവീകരണം, സഭയ്ക്കുള്ളിൽ നടക്കണം എന്ന് അദ്ദേഹം കരുതി. നവീകരണവാദികൾ തിരസ്കരിച്ച സ്വതന്ത്ര ഇച്ഛ (free will) തുടങ്ങിയ സഭാവിശ്വാസങ്ങൾ ഉപേക്ഷിക്കാതിരുന്ന ഇറാസ്മസ്, ശിക്ഷാവിനാശങ്ങളുടെ മുൻനിശ്ചയത്തെ(pre-destination) സംബന്ധിച്ച നവീകരണവാദികളുടെ നിലപാട് അംഗീകരിച്ചില്ല. അദ്ദേഹത്തിന്റെ മദ്ധ്യമാർഗ്ഗനയം ഇരുപക്ഷങ്ങളിലും പെട്ട ഉന്നതന്മാരെ അപ്രീതിപ്പെടുത്തി.

കുറിപ്പുകൾ[തിരുത്തുക]

^ താനിട്ട മുട്ടയിൽ പിടക്കോഴി ആയിരുന്നെന്നും ലൂഥറിന്റെ വിരിയിക്കലിൽ അതു 'പോരുപൂവൻ' (gamecock) ആയിപ്പോയെന്നുമാണ് ഇറാസ്മസിന്റെ പ്രതികരണം.

അവലംബം[തിരുത്തുക]

  1. Gleason, John B. "The Birth Dates of John Colet and Erasmus of Rotterdam: Fresh Documentary Evidence," Renaissance Quarterly, The University of Chicago Press on behalf of the Renaissance Society of America, Vol. 32, No. 1 (Spring, 1979), pp. 73–76
  2. Latourette, Kenneth Scott. A History of Christianity. New York: Harper & Brothers, 1953, p. 661.
  3. വിൽ ഡുറാന്റ്: Renaissance, ദ സ്റ്റോറി ഓഫ് സിവിലിഷേഷൻ (ആറാം ഭാഗം - പുറം 429)
"https://ml.wikipedia.org/w/index.php?title=ഡെസിഡീറിയസ്_ഇറാസ്മസ്&oldid=3750675" എന്ന താളിൽനിന്ന് ശേഖരിച്ചത്