ഡിമിത്രിയസ് I

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡിമിത്രിയസ് I

സിറിയയിലെ സെല്യൂസിദ് വംശജനായ ഒരു രാജാവായിരുന്നു ഡിമിത്രിയസ് I. ബി. സി. 162-ഓടെ ഭരണാധിപനായി. പിതാവായ സെല്യൂക്കസ് നാലാമന്റെ കാലത്ത് ഇദ്ദേഹം ജാമ്യത്തടവുകാരനായി റോമിലേക്ക് അയയ്ക്കപ്പെട്ടിരുന്നു. അവിടെവച്ച് ഗ്രീക്ക് നയതന്ത്രജ്ഞനും ചരിത്രകാരനുമായ പൊളീബിയസുമായി സൗഹൃദത്തിലായി. പിതാവിന്റെ മരണശേഷം അമ്മാവനായ ആന്റിയോക്കസ് നാലാമൻ ഭരണാധികാരിയായപ്പോഴും ഇദ്ദേഹത്തിന് സിറിയയിൽ മടങ്ങിയെത്താനായില്ല. ആന്റിയോക്കസ് മരണമടഞ്ഞശേഷം സിറിയൻ സിംഹാസനത്തിൽ തനിക്കുള്ള അവകാശം സ്ഥാപിക്കാനായി ബി. സി. 163-ഓടെ അവിടേക്കു മടങ്ങിപ്പോകാനുള്ള പരിശ്രമത്തിലായിരുന്നു ഇദ്ദേഹം.

രാജാവിനു സ്വാഗതം[തിരുത്തുക]

മടങ്ങിപ്പോകാൻ റോമൻ സെനറ്റ് അനുവാദം നിഷേധിച്ചതിനെത്തുടർന്ന് ഇദ്ദേഹം പൊളീബിയസിന്റെ സഹായത്തോടെ അവിടെനിന്നും രക്ഷപ്പെട്ട് നാട്ടിലെത്തി. സിറിയൻ ജനതയും സൈന്യവും ഡിമിത്രിയസിനെ നിയമാനുസൃത രാജാവായി സ്വാഗതം ചെയ്തു. എങ്കിലും, അവിടെ രാജാവായി സ്വയം പ്രഖ്യാപിച്ചിരുന്ന ടിമാർക്കസിനെ തോൽപ്പിച്ചശേഷം (161-160) മാത്രമേ ഡിമിത്രിയസിന് അധികാരം പൂർണമായും കയ്യടക്കാൻ സാധിച്ചുള്ളൂ. ഈ വിജയത്തോടെ സോട്ടർ (രക്ഷകൻ) എന്ന പേരിൽ ഇദ്ദേഹം അറിപ്പെട്ടു. റോമൻ സെനറ്റ് ഇദ്ദേഹത്തെ അധികം വൈകാതെ രാജാവായി അംഗീകരിച്ചു. ഭരണത്തിലിരിക്കെ ഈജിപ്തിലെയും പെർഗാമിലെയും രാജാക്കന്മാരുടെ ശത്രുത ഇദ്ദേഹത്തിനു നേരിടേണ്ടിവന്നു. സിറിയയിൽ ഭരണാവകാശമുന്നയിച്ചിരുന്ന അലക്സാണ്ടർ ബലാസ് ഈ രാജാക്കന്മാരുടെ സഹായത്തോടെ ബി. സി. 150-ലെ യുദ്ധത്തിൽ ഡിമിത്രിയസിനെ പരാജയപ്പെടുത്തി. ഈ യുദ്ധത്തിൽ ഡിമിത്രിയസ് കൊല്ലപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡിമിത്രിയസ് I (ബി. സി. 187 - 150) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഡിമിത്രിയസ്_I&oldid=3518994" എന്ന താളിൽനിന്ന് ശേഖരിച്ചത്