Jump to content

ഡിങ്കമതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡിങ്കോയിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡിങ്കൻ എന്ന മൂഷികദേവൻ

സാമൂഹിക മാദ്ധ്യമങ്ങളിൽ ആരംഭിക്കുകയും വളരുകയും ചെയ്യുന്ന ഒരു മതവും സാമൂഹിക പ്രസ്ഥാനവുമാണ് ഡിങ്കമതം അല്ലെങ്കിൽ ഡിങ്കോയിസം[1]. ഈ മതം വളർത്തുന്നതും പ്രചരിപ്പിക്കുന്നതും കേരളത്തിലെ വ്യത്യസ്ത ആളുകളും സംഘടനകളുമാണ്. മാനവികത, മനുഷ്യത്വം, സമത്വം, സ്വതന്ത്രചിന്ത, ലിംഗനീതി എന്നിവയ്ക്ക് ഈ മതവിശ്വാസികൾക്കിടയിൽ ഉയർന്ന സ്ഥാനമുണ്ട്. വിശ്വാസികൾ ഡിങ്കമതത്തെ ശരിയായ മതമായാണ് അവതരിപ്പിക്കുന്നതെങ്കിലും, പൊതുമാദ്ധ്യമങ്ങൾ മറ്റുമതങ്ങളുടെ ഹാസ്യാനുകരണമായാണ് ഇതിനെ കണക്കാക്കുന്നത്.

ചരിത്രം

[തിരുത്തുക]

ഇന്ത്യാ ടുഡേയിൽ വന്ന ഒരു ലേഖനപ്രകാരം, കേരളത്തിലെ ഒരു കൂട്ടം യുക്തിവാദികൾ, "അന്ധമായ മതവിശ്വാസത്തിലെ യുക്തിരാഹിത്യത്തെ" കളിയാക്കാൻ[1] 2008-ൽ സൃഷ്ടിച്ചതാണ് ഈ മതം[2].

മംഗളം ഗ്രൂപ്പിന്റെ ബാലവാരികയായിരുന്ന ബാലമംഗളത്തിലെ ഡിങ്കൻ എന്ന ചിത്രകഥയിലെ നായകനാണ് ഡിങ്കൻ എന്ന എലി[3]. 1983-ൽ ആണ് ഡിങ്കൻ തുടങ്ങിയത്. ചിത്രകഥയിലെ കഥപ്രകാരം പങ്കിലക്കാട് എന്ന കേരളത്തിലെവിടെയോ ഉള്ള ഒരു വനത്തിലെ കുസൃതിയായ ഒരു എലിയായിരുന്നു ഡിങ്കൻ. ഒരിക്കൽ ഡിങ്കനെ അന്യഗ്രഹജീവികൾ പിടിച്ചുകൊണ്ടുപോയി പരീക്ഷണങ്ങൾ നടത്തി. തുടർന്ന് ഡിങ്കന് അസാമാന്യശക്തിയും പറക്കാനുള്ള കഴിവും ലഭിച്ചു. പങ്കിലക്കാട്ടിൽ തിരിച്ചെത്തിയ ഡിങ്കൻ തന്റെ ശക്തികൾ കാട്ടിലെ ജീവികളുടെ നന്മയ്ക്കായി ഉപയോഗിക്കാൻ തുടങ്ങി. കേരകൻ എന്ന ദിനോസർ കഥയിൽ ഡിങ്കന്റെ മുഖ്യ എതിരാളിയായിരുന്നു.

ഡിങ്കൻ പ്രസിദ്ധീകരിച്ച് വന്ന ബാലമംഗളം വാരിക വിപണി മത്സരം നേരിടാനാവാതെ നിർത്തിപ്പോവുകയാണുണ്ടായത്. ഉടമകളായ മംഗളം ഒക്ടോബർ 2012-ൽ ബാലമംഗളം പ്രസിദ്ധീകരണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. ഈ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ വലിയ കോലാഹലമുണ്ടാക്കിയതിനെ തുടർന്ന് ബാലമംഗളം നിർത്തിയത് "താത്കാലികമായിട്ടാണെന്നും വീണ്ടും പ്രസിദ്ധീകരിച്ചേക്കാനിടയുണ്ടെന്നും" എന്നും മംഗളം പ്രഖ്യാപിക്കുകയുണ്ടായി[4][5].

ഡിങ്കദൈവം

[തിരുത്തുക]
പ്രധാന ലേഖനം: ഡിങ്കൻ
ഡിങ്കമതവിശ്വാസികളുടെ വേദപുസ്തകമായ ബാലമംഗളം

ചിത്രകഥയിലെ കഥാപാത്രമായ ഡിങ്കനെ സൃഷ്ടാവായ ഏകദൈവമായും ദേവനായും ആരാധിക്കണം എന്ന് ഡിങ്കോയിസം അനുശാസിക്കുന്നു.[6]. സാമ്പ്രദായിക മതങ്ങളുടെ കള്ളത്തരങ്ങളും പൊള്ളത്തരങ്ങളും വെളിപ്പെടുത്തുന്നതിനായി മൂഷികദേവനായ ഡിങ്കനെന്ന ദൈവത്തെ ഡിങ്കോയിസ്റ്റുകൾ ഉപയോഗിക്കുന്നു[7]. ഡിങ്കദേവന്റെ വാസസ്ഥാനം എന്ന രീതിയിൽ പങ്കിലക്കാടും എലിപ്പൊത്തും പുണ്യസ്ഥലമായും, ഭക്ഷണമെന്ന രീതിയിൽ കപ്പ ദിവ്യവസ്തുവായും പൊതുവേ കണക്കാക്കപ്പെടുന്നു.

പ്രതിഷേധങ്ങളും സംഭവങ്ങളും

[തിരുത്തുക]

ഡിങ്കമതം എന്ന ആശയം വ്യാപിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിലാണെങ്കിലും പ്രതിഷേധങ്ങളിലും മറ്റും പങ്കെടുക്കാൻ ആൾക്കാർ എത്താറുണ്ട്. ദിലീപ് തന്റെ പ്രൊഫസർ ഡിങ്കൻ എന്ന ചലച്ചിത്രം പ്രഖ്യാപിച്ച അവസരത്തിൽ, മതവികാരം വ്രണപ്പെട്ടു എന്നവകാശപ്പെട്ട് മറ്റുമതങ്ങളിൽ ഉള്ളവർ പ്രതിഷേധിക്കുന്ന മാതൃകയിൽ ഡിങ്കമതവിശ്വാസികൾ ദിലീപിന്റെ "ദേ പുട്ട്" എന്ന ഭക്ഷണശാലയുടെ മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു[8]. മൂഷികസേന എന്ന പേരിൽ 2016 ജനുവരി മുപ്പതിനായിരുന്നു ഈ പ്രതിഷേധം സംഘടിപ്പിച്ചത്[9]. ഒരു പ്രമുഖ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായ സമയത്തും ഇത്തരത്തിൽ ചില പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഡിങ്കോയിസ്റ്റുകൾക്ക് മറ്റ് മതങ്ങളിലെ വിശ്വാസികളിൽ നിന്നും ഭീഷണികൾ ഉണ്ടായിട്ടുണ്ട്[1]

കാലിഫോർണിയയിൽ താമസിക്കുന്ന ഡിങ്കോയിസ്റ്റ് തന്റെ കാറിന് ഡിങ്കൻ എന്ന് നമ്പർ പ്ലേറ്റ് സംഘടിപ്പിച്ചത് മുമ്പ് വാർത്തയായിട്ടുണ്ട്[10]. പ്രശസ്ത എഴുത്തുകാരി ജെ. ദേവിക ഡിങ്കമതം സമൂഹത്തിന്റെ സ്വഭാവവുമായി യോജിച്ച് പോകുന്നതാണെന്ന് അവകാശപ്പെട്ടിട്ടുണ്ട്[11]. ഡിങ്കമതവിശ്വാസികൾ സാമൂഹ്യപരിഷ്കർത്താക്കളാണെന്ന് നിരീക്ഷണമുണ്ടായിട്ടുണ്ട്[12]. കലക്ടർ ബ്രോ എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലാ കലക്ടർ പ്രശാന്ത്, ഡിങ്കമതത്തെ പ്രകീർത്തിച്ചിട്ടുണ്ട്[12].

കോഴിക്കോട് വെച്ച് ന്യൂനപക്ഷമതവിഭാഗമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന "ഡിങ്കമത മഹാസമ്മേളനത്തിൽ" 25,000 വിശ്വാസികൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു[13]. സ്പോർട്ട്സ് കൗൺസിൽ ഹാളിലും, മാനാഞ്ചിറ മൈതാനിയിലുമായി 2016 മാർച്ച് 20-ന് ആയിരുന്നു സമ്മേളനം. കപ്പ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നിരവധി പരിപാടികൾ അന്ന് നടത്തപ്പെട്ടിരുന്നു. ബാലമംഗളത്തിലെ കഥാപാത്രമായ മിട്ടു മുയലിനേയും ചക്ക വീണു മുയൽ ചത്തു എന്ന പഴഞ്ചൊല്ലും ബന്ധിപ്പിച്ച്, ചക്കയെ ദുഷ്ടശക്തിയായി കണക്കാക്കി കല്ലെറിയുന്ന ചടങ്ങുകൾ പോലുള്ള പ്രതീകാത്മക പരിപാടികളും മഹാസമ്മേളനത്തിൽ ഉണ്ടായിരുന്നു[14]. അതിനു മുമ്പ് 2016 ഫെബ്രുവരി 28-ന് ഡിങ്കമതവിശ്വാസികൾ കൊച്ചിയിൽ വെച്ച് ഡിങ്കമത രോഗശാന്തി ശുശ്രൂഷ നടത്തിയിരുന്നു[15]. ഈ നടപടികൾ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്[15].

രാഷ്ട്രീയത്തിൽ ഇടപെടുന്നതിനും വിശ്വാസികൾ പദ്ധതിയിട്ടിട്ടുണ്ട്[13]. ഫേസ്‌ബുക്ക് വഴിയാണ് ഡിങ്കമതം വിശ്വാസികളെ കണ്ടെത്തുന്നത്[1]. വളരെ വളർച്ചയുള്ള നിരീശ്വരവാദപ്രസ്ഥാനമായി 2016-ൽ ബി.ബി.സി. ഡിങ്കമതത്തെ വിശേഷിപ്പിച്ചിട്ടുണ്ട്[16].

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Express News Service (21 March 2016). "'Dinkoists' Gather Under a Troll Tree". New Indian Express. Archived from the original on 2016-03-25. Retrieved April 14, 2016.
  2. KC Archana (April 5, 2016). "What is Dinkoism? Why are many Keralites worshipping a superhero mouse? Dinkoism is a mock religion which started in Kerala and it ridicules the absurdity of blind religious faith. Here's an animated video which explains concept in just 60 seconds". India Today. Retrieved April 14, 2016.
  3. TNN (March 21, 2016). "Fans of Mallu comic superhero seek 'minority' tag". Times of India. Retrieved April 14, 2016.
  4. "Pressure mounts for Dinkan's return". Archived from the original on 2012-10-11. Retrieved October 10, 2012.
  5. http://article.wn.com/view/2012/10/07/Pressure_mounts_for_Dinkan_s_return/
  6. "They gather in the name of great 'Dinkan': Dinkoists throng Kozhikode to show strength of new 'religion'". Deccan Chronicle. March 21, 2016. Retrieved April 14, 2016.
  7. "The mouse messiah bringing salvation to India's atheists". BBC News. 11 April 2016. Retrieved 11 April 2016.
  8. "Time to look into Dinkan's ire: A mock protest against a Dileep film takes a potshot at religious groups". The Hindu. February 7, 2016. Retrieved April 14, 2016.
  9. "Protest against upcoming Dileep film named Professor Dinkan". onlookersmedia.in. Retrieved 29 ജനുവരി 2017.
  10. "കാലിഫോർണിയയിലെ മലയാളിക്കു ഡിങ്കന്റെ നാമത്തിൽ നമ്പർ പ്ലേറ്റ്; ഡിങ്ക ഭഗവാനു സ്തുതി പാടി സോഷ്യൽ മീഡിയ". മറുനാടൻ മലയാളി. 18 ജനുവരി 2016. Retrieved 25 ജനുവരി 2017.
  11. J Devika. "If You Can't Beat Them, Join 'em – Or, Ente Dinkeswara!". Kafila.org. Archived from the original on 11 February 2016. Retrieved 11 February 2016. {{cite web}}: |archive-date= / |archive-url= timestamp mismatch; 9 ഫെബ്രുവരി 2016 suggested (help)
  12. 12.0 12.1 "Dinkoism: A raging new competitor for all other religion". folomojo.com. Archived from the original on 2022-08-10. Retrieved 1 ജൂലൈ 2022.
  13. 13.0 13.1 "Dinkoists gear up for 'Maha Sammelanam': 25,000 followers of comic superhero to meet on Sunday in Kozhikode". Deccan Chronicle. March 19, 2016. Retrieved April 14, 2016.
  14. "A Religion Which Worships An Animated Super Mouse Is Kerala's New Favourite Religion. They Even Want Minority Status". indiatimes.com. 22 മാർച്ച് 2016. Retrieved 25 ജനുവരി 2017.
  15. 15.0 15.1 "All hail the mighty mouse". The Hindu Business Line. 1 ഏപ്രിൽ 2016. Retrieved 25 ജനുവരി 2017.
  16. BBC, 11 April 2016, BBC Trending, The mouse messiah bringing salvation to India's atheists, Retrieved August 12, 2016
"https://ml.wikipedia.org/w/index.php?title=ഡിങ്കമതം&oldid=4069463" എന്ന താളിൽനിന്ന് ശേഖരിച്ചത്