ഡംബാർട്ടൺ ഓക്സ് സമ്മേളനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡംബാർട്ടൺ ഓക്സ് സമ്മേളനം നടന്ന സ്ഥലം

ഐക്യരാഷ്ട്രസഭാ രൂപീകരണത്തിന്റെ കരട് രേഖ തയ്യാറാക്കുന്നതിനായി ചേർന്ന സമ്മേളനമാണ് ഡംബാർട്ടൺ ഓക്സ് സമ്മേളനം. യു. എസ്., ഇംഗ്ലണ്ട്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങളായിരുന്നു ഇതിൽ പങ്കെടുത്തിരുന്നത്. 1944 ആഗസ്റ്റിനും ഒക്ടോബറിനും ഇടയ്ക്ക് രണ്ടു ഘട്ടങ്ങളിലായി വാഷിങ്ടണിലെ ഡംബാർട്ടൺ ഓക്സിൽ സമ്മേളനം നടന്നു. ഒന്നാം ഘട്ട സമ്മേളനം ആഗസ്റ്റ്. 21 മുതൽ സെപ്റ്റബർ. 28 വരെ ആയിരുന്നു. സോവിയറ്റ് യൂണിയൻ, ഇംഗ്ലണ്ട്, യു എസ്. എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ ഒന്നാംഘട്ട സമ്മേളനത്തിൽ പങ്കെടുത്തു. സെപ്റ്റബർ 29 മുതൽ ഒക്ടോബർ 7 വരെ നടന്ന രണ്ടാം ഘട്ട സമ്മേളനത്തിൽ ചൈന, ഗ്രേറ്റ് ബ്രിട്ടൻ, യു. എസ്. എന്നീ രാഷ്ട്രങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു.

യു. എസ്. അവതരിപ്പിച്ച കരട് രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഐക്യരാഷ്ട്ര സംഘടനാ രൂപവത്കരണത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നത്. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്നതായിരുന്നു ഡംബാർട്ടൺ ഓക്സ് സമ്മേളനത്തിന്റെ പൊതു ലക്ഷ്യം. ഐക്യരാഷ്ട്ര സംഘടനയുടെ പ്രധാന സമിതി സെക്യൂരിറ്റി കൌൺസിൽ ആയിരിക്കണമെന്നു തീരുമാനിക്കുകയും ഗ്രേറ്റ് ബ്രിട്ടൻ, യു. എസ്., ചൈന, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ എന്നീ അഞ്ചു പ്രമുഖരാഷ്ട്രങ്ങൾക്ക് ("ബിഗ് ഫൈവ്) സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം ഉറപ്പുവരുത്തുകയും ചെയ്തു. ഈ സമ്മേളനത്തിൽ യോജിപ്പിലെത്താതെ പോയ പല പ്രശ്നങ്ങളും പിൽക്കാലത്തെ യാൾട്ടാ (1945 ഫെബ്രുവരി) സാൻഫ്രാൻസിസ്കോ (1945 ഏപ്രിൽ-ജൂൺ) സമ്മേളനങ്ങളിലേക്കു മാറ്റിവയ്ക്കുകയാണുണ്ടായത്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡംബാർട്ടൺ ഓക്സ് സമ്മേളനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.