ട്രിഗ്വെ ലീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രിഗ്വെ ലീ
[സെക്രട്ടറി-ജനറൽ, ഐക്യരാഷ്ട്രസഭ]]
ഓഫീസിൽ
2 ഫെബ്രുവരി 1946 – 10 നവംബർ 1952
മുൻഗാമിഗ്ലാഡ്‌വിൻ ജെബ്ബ് (acting)
പിൻഗാമിഡാഗ് ഹാമർസ്ക്യോൾഡ്
വ്യക്തിഗത വിവരങ്ങൾ
ജനനം
ട്രിഗ്വെ ഹല്വ്ഡാൻ ലീ

(1896-07-16)16 ജൂലൈ 1896
ഓസ്‌ലോ, നോർവേ, യുണൈറ്റഡ് കിങ്ഡംസ് ഓഫ് സ്വീഡൻ ആൻഡ് നോർവേ
മരണം30 ഡിസംബർ 1968(1968-12-30) (പ്രായം 72)
ഗെയ്‌ലോ, നോർവേ
ദേശീയതനോർവേNorwegian
രാഷ്ട്രീയ കക്ഷിനോർവീജിയൻ ലേബർ പാർട്ടി
കുട്ടികൾസിസൽ, ഗുരി, മെറ്റെ
ഒപ്പ്

ഒരു നോർവീജിയൻ രാഷ്ട്രീയപ്രവർത്തകനും തൊഴിലാളി നേതാവും എഴുത്തുകാരനുമായിരുന്നു ട്രിഗ്വെ ലീ (16 ജൂലായ് 1896 – 30 ഡിസംബർ 1968). 1940-1945 കാലഘട്ടത്തിൽ നോർവേയുടെ പ്രവാസഭരണകൂടത്തിൽ വിദേശകാര്യമന്ത്രിയായിരുന്നു. ഐക്യരാഷ്ട്രസഭ പ്രഥമ സെക്രട്ടറി-ജനറൽ ആയിരുന്നു ട്രിഗ്വെ ലീ. 1946 മുതൽ 1952 വരെ ഈ പദവിയലങ്കരിച്ചു[1].

ആദ്യകാലജീവിതം[തിരുത്തുക]

1896 ജൂലായ് 16-ന് ഓസ്‌ലോയിൽ ജനിച്ചു. പിതാവ് മാർട്ടിൻ ലീ 1902-ൽ കുടുംബം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് കുടിയേറി. മാതാവിനും സഹോദരിക്കുമൊപ്പം ലളിതമായ ജീവിതസാഹചര്യങ്ങളിലാണ് ലീ വളർന്നത്. മാതാവ് ഹുൽഡ ഓസ്‌ലോക്ക് സമീപം ഗ്രോരുഡ്-ൽ ഒരു ബോർഡിംഗ് ഹൗസ്, കഫറ്റീരിയ എന്നിവ നടത്തിയിരുന്നു[2].

1911-ൽ ലീ നോർവീജിയൻ ലേബർ പാർട്ടിയിൽ അംഗമായി. 1919-ൽ ഓസ്‌ലോ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം നേടിയ ലീ അധികം വൈകാതെ തന്നെ പാർട്ടിയുടെ ദേശീയ സെക്രട്ടറിപദത്തിലെത്തി. 1919 മുതൽ 1921 വരെ പാർട്ടി പ്രസിദ്ധീകരണമായ ദി റ്റ്വെന്റിയത്ത് സെഞ്ചുറിയുടെ മുഖ്യ പത്രാധിപരായും പ്രവർത്തിച്ചു. 1922 മുതൽ 1935 വരെ നോർവീജിയൻ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസിന്റെ' നിയമോപദേഷ്ടാവായിരുന്നു. 1931 മുതൽ 1935 വരെ നോർവീജിയൻ വർക്കേഴ്സ് കോൺഫെഡറേഷൻ ഓഫ് സ്പോർട്ട്സിന്റെ ചെയർമാൻ പദവി അലങ്കരിച്ചു[3].

രാഷ്ട്രീയജീവിതം[തിരുത്തുക]

പ്രാദേശികരാഷ്ട്രീയത്തിൽ അകെർ മുനിസിപ്പാലിറ്റി കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി 1922 മുതൽ 1931 വരെ പ്രവർത്തിച്ചു. 1937-ൽ അകെർഷസിൽ നിന്നും നോർവീജിയൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1935-ൽ ലേബർ പാർട്ടി മന്ത്രിസഭ രൂപീകരിച്ചപ്പോൾ നിയമമന്ത്രിയായി. പിന്നീട് വ്യാപാരം പൊതുവിതരണം എന്നീ വകുപ്പുകളിലും മന്ത്രിയായി പ്രവർത്തിച്ചു.

ചെറുപ്പം മുതൽക്ക് തന്നെ സോഷ്യലിസ്റ്റായിരുന്ന[2] ലീ ഒരു മോസ്കോ സന്ദർശനവേളയിൽ ലെനിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു[4]. സോവിയറ്റ് യൂണിയനിൽ നിന്നും നാടുകടത്തപ്പെട്ട ട്രോട്സ്കിക്ക് ലീ നോർവേയിൽ അഭയമനുവദിച്ചു. എന്നാൽ സ്റ്റാലിന്റെ സമ്മർദ്ദഫലമായി ട്രോട്സ്കിയെ നോർവേയിൽ നിന്നും പുറത്താക്കി[5].

1941-ൽ ലണ്ടൻ ആസ്ഥാനമാക്കി രൂപീകരിച്ച നോർവേയുടെ പ്രവാസഭരണകൂടത്തിൽ വിദേശകാര്യമന്ത്രിയായി. 1946 വരെ ഈ സ്ഥാനത്ത് തുടർന്നു.

ഐക്യരാഷ്ട്രസഭയിൽ[തിരുത്തുക]

1945-ൽ സാൻ ഫ്രാൻസിസ്കോയിൽ നടന്ന യു.എൻ. കോൺഫെറൻസിലേക്കുള്ള നോർവീജിയൻ ഡെലിഗേഷനെ നയിച്ചത് ട്രിഗ്വെ ലീ ആയിരുന്നു. ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി രൂപീകരണത്തിനുള്ള കരട് തയ്യാറാക്കുവാൻ നേതൃത്വം വഹിച്ചു. 1946 ഫെബ്രുവരി 1-ന് ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ സെക്രട്ടറി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടു.

സെക്രട്ടറി ജനറൽ എന്ന നിലയിൽ ഇൻഡോനേഷ്യ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ രൂപീകരണത്തെ അദ്ദേഹം പിന്തുണച്ചു. ഇറാനിൽ നിന്നും സോവിയറ്റ് ശക്തികളുടെ പിൻമാറ്റത്തിനായും കശ്മീരിലെ വെടിനിർത്തലിനായും പ്രയത്നിച്ചു. കൊറിയൻ യുദ്ധം അവസാനിപ്പിക്കുവാനുണ്ടായ കാലതാമസം വിമർശനത്തിന് കാരണമായി. കൊറിയൻ യുദ്ധത്തിലെ ഇടപെടൽ ലീയെ സോവിയറ്റ് യൂണിയന് അനഭിമതനാക്കി. 1950 നവംബർ 1-ന് യു.എൻ. ജനറൽ അസംബ്ലി ലീയുടെ ഔദ്യോഗിക കാലാവധി നീട്ടി. 1952 നവംബർ 10-ന് രാജിവച്ചു.

ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള രാജിക്ക് ശേഷവും ട്രിഗ്വെ ലീ നോർവീജിയൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

വ്യക്തിജീവിതം[തിരുത്തുക]

1921-ൽ ഹ്യോർദിസ് ജോർജെൻസെണിനെ വിവാഹം കഴിച്ചു. സിസൽ, ഗുരി, മെറ്റെ എന്നിങ്ങനെ മൂന്ന് പെൺകുട്ടികളാണ് ഈ ദമ്പതികൾക്ക്. 1968 ഡിസംബർ 30-ന് നോർവേയിലെ ഗെയ്‌ലോയിൽ വച്ച് ഒരു ഹൃദയാഘാതത്തെ തുടർന്ന് തന്റെ 72-ആം വയസ്സിൽ ട്രിഗ്വെ ലീ നിര്യാതനായി.

അവലംബം[തിരുത്തുക]

  1. "About Trygve Lie (Trygve Lie Gallery)". Archived from the original on 2011-07-19. Retrieved 2013-11-03.
  2. 2.0 2.1 "Immigrant to What?". Time Magazine. 25 November 1946. p. 1. Archived from the original on 2009-02-12. Retrieved 17 December 2008. {{cite news}}: Cite has empty unknown parameter: |coauthors= (help)
  3. Trygve Halvdan Lie (LoveToKnow, Corp)
  4. "Immigrant to What?". Time Magazine. 25 November 1946. p. 2. Archived from the original on 2009-09-16. Retrieved 17 December 2008. {{cite news}}: Cite has empty unknown parameter: |coauthors= (help)
  5. Deutscher, Isaac (2004), The Prophet Outcast: Trotsky, 1929-1940, pp. 274-282

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ട്രിഗ്വെ_ലീ&oldid=3797436" എന്ന താളിൽനിന്ന് ശേഖരിച്ചത്