Jump to content

ടൈറ്റാനിയം ഡൈഓക്സൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫലകം:Chembox E number
Titanium dioxide
Titanium(IV) oxide
The unit cell of rutile
Names
IUPAC names
Titanium dioxide
Titanium(IV) oxide
Other names
Identifiers
3D model (JSmol)
ChEBI
ChEMBL
ChemSpider
ECHA InfoCard 100.033.327 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
RTECS number
  • XR2775000
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White solid
സാന്ദ്രത 4.23 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
Refractive index (nD) 2.488 (anatase)
2.583 (brookite)
2.609 (rutile)
Hazards
EU classification {{{value}}}
Flash point {{{value}}}
Related compounds
Other cations Zirconium dioxide
Hafnium dioxide
Related titanium oxides Titanium(II) oxide
Titanium(III) oxide
Titanium(III,IV) oxide
Related compounds Titanic acid
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

ടൈറ്റാനിയം എന്ന മൂലകത്തിന്റെ ഓക്സിജൻ സംയുക്തം. ഫോർമുല TiO2 . ടൈറ്റാനിയ, ടൈറ്റാനിക് അമ്ലം എന്നീ വ്യത്യസ്ത രാസനാമങ്ങളിൽ അറിയപ്പെടുന്നു. അനട്ടേസ് (Anatase), റൂട്ടൈൽ (Rutile), ബ്രൂക്കൈറ്റ് (Brookite) എന്നിവ ടൈറ്റാനിയം ഡൈ ഓക്സൈഡ് അടങ്ങുന്ന ധാതുക്കളാണ്. റൂട്ടൈൽ ധാതുക്കളാണ് പ്രകൃതിയിൽ കാണപ്പെടുന്നത്, ഇതിനാണ് കൂടുതൽ സ്ഥിരതയുള്ളത്. റൂട്ടൈൽ ചതുഷ്കോണീയ പ്രിസ്മീയ (tetragonal prismatic) പരലുകളായാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിദത്തമായ റൂട്ടൈൽ Fe, Cr, V, Nb, Ta, Sn തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യത്താൽ ചുവപ്പ്, തവിട്ട് നിറങ്ങളിൽ കാണപ്പെടുന്നു. തിളക്കമുള്ള കടുംനീലനിറത്തിലോ കറുപ്പു കലർന്ന നിറത്തിലോ കാണപ്പെടുന്ന അനട്ടേസ് ധാതുവിന് നീണ്ട ചതുഷ്കോണീയ പിരമിഡിന്റെ ഘടനയാണുള്ളത്.

ഒരു വർണകമെന്ന നിലയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കപ്പെടുന്ന ടൈറ്റാനിയം ഡൈഓക്സൈഡ് 'ടൈറ്റാനിയ' എന്ന പേരിലും അറിയപ്പെടുന്നു. ചായങ്ങൾ, നിറക്കൂട്ടുകൾ, പേപ്പർ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന സിങ്ക് ഓക്സൈഡ്, ലെഡ് ഓക്സൈഡ് തുടങ്ങിയവയ്ക്ക് പകരമായിട്ടാണ് ടൈറ്റാനിയം ഉപയോഗിച്ചുതുടങ്ങിയത്. ഇത് പ്രതലത്തെ മറയ്ക്കുവാൻ കഴിവുള്ള പദാർഥമാണ്. പ്രകൃതിയിൽ കാണപ്പെടുന്ന ടൈറ്റാനിയം ഡൈഓക്സൈഡ് ഇരുമ്പ്, ക്രോമിയം, വനേഡിയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യത്തിൽ നിറമുള്ളതായി കാണപ്പെടുന്നെങ്കിലും കൃത്രിമമായി ഉത്പാദിപ്പിക്കപ്പെടുമ്പോൾ ഇതു വെളുത്ത നിറത്തിൽ രൂപംകൊള്ളുന്നു.

ടൈറ്റാനിയം ഡൈഓക്സൈഡ് വെള്ളത്തിലോ മറ്റു സാധാരണ ലായനികളിലോ ലേയമല്ല, മാത്രവുമല്ല ഇതിന്റെ ലയനസ്വഭാവം ഇതു നിർമ്മിക്കപ്പെടുന്ന രാസപ്രക്രിയയുടെയും (chemical history), താപപ്രക്രിയയുടെയും (thermal history) അടിസ്ഥാനത്തിലുമായിരിക്കും. ഉയർന്ന താപനിലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം ഡൈഓക്സൈഡ് പൊതുവേ നിഷ്ക്രിയമാണ്. ടൈറ്റാനിയം ഡൈഓക്സൈഡ് ഗാഢ സൾഫ്യൂറിക് അമ്ളവുമായി ഉയർന്ന ഊഷ്മാവിൽ പ്രവർത്തിച്ച് ലയനാവസ്ഥയിലാകുന്നു. ടൈറ്റാനിയം ഡൈഓക്സൈഡ് ലായനികളിൽ ടൈറ്റാനിയം Ti4+ അയോണുകളായല്ല സ്ഥിതിചെയ്യുന്നത്. TiO2+ എന്ന അയോണിന്റെ സ്വതന്ത്രനിലനില്പും ഇതിനില്ല. നിരവധി Ti-O കണ്ണികൾ ചേർന്നാണ് ഹൈഡ്രേറ്റഡ് അയോണുകളിൽ കാണുന്നതെന്നാണ് നിഗമനം. ഇപ്രകാരം ജലവുമായി ടൈറ്റാനിയം അയോണുകൾ ചേർന്ന് ഹൈഡ്രേറ്റഡ് ടൈറ്റാനിയം ഡൈഓക്സൈഡ് രൂപപ്പെടുന്നു എന്ന് കാണാവുന്നതാണ്. ഇത്തരത്തിലുള്ള ഹൈഡ്രേറ്റഡ് ടൈറ്റാനിയം ഡൈഓക്സൈഡിന് വ്യക്തമായ Ti (OH)4 ഘടനയില്ല. ക്ഷാരത്തിന്റെ സാന്നിധ്യത്തിൽ ലഭിക്കുന്ന ഹൈഡ്രേറ്റഡ് ഓക്സൈഡിനെ ഓർത്തോ ടൈറ്റാനിക് അമ്ലം TiO (OH)4 എന്നും അമ്ലത്തിന്റ സാന്നിധ്യത്തിൽ ലഭ്യമാവുന്ന ഓക്സൈഡിനെ മെറ്റാ ടൈറ്റാനിക് അമ്ലം TiO(OH)2 അഥവാ TiO2 .nH2O എന്നും ആണ് പറയുന്നത്. വ്യാവസായികമായി സൾഫേറ്റ് പ്രക്രിയയിലൂടെ ടൈറ്റാനിയം ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുമ്പോൾ മെറ്റാ ടൈറ്റാനിക് അമ്ലമാണ് ഉണ്ടാകുന്നത്.

ഉത്പാദനം. ടൈറ്റാനിയം ഡൈഓക്സൈഡ് പ്രധാനമായും രണ്ടു പ്രക്രിയകളിലൂടെയാണ് വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നത്.

  1. സൾഫേറ്റ് പ്രക്രിയ
  1. ക്ലോറൈഡ് പ്രക്രിയ

രാസശുദ്ധിയെക്കാളേറെ സവിശേഷ ഭൗതിക സ്വഭാവങ്ങൾ ലഭ്യമാക്കുവാനാണ് ടൈറ്റാനിയം ഡൈഓക്സൈഡിന്റെ നിലവിലുള്ള ഉത്പാദന പ്രക്രിയകൾ എല്ലാംതന്നെ ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന് ഇതിലെ തരികളുടെ വലിപ്പം നിയന്ത്രിക്കുകവഴി പെയിന്റ്, മഷി, തുടങ്ങിയവയുടെ നിർമ്മാണത്തിനാവശ്യമായ ഒരു ഘടകമായി ടൈറ്റാനിയം ഡൈഓക്സൈഡിനെ രൂപപ്പെടുത്താനാവുന്നു.

ടൈറ്റാനിയം ഡൈഓക്സൈഡിന്റെ ഉത്പാദനത്തിനു വേണ്ട ധാതു വിഭവങ്ങൾ പ്രധാനമായും ഇൽമനൈറ്റ്, റൂട്ടൈൽ എന്നിവയാണ്. ആവശ്യത്തിനനുസരിച്ച് ധാതു വിഭവങ്ങളിൽ മാറ്റങ്ങൾ വരുത്തി, മെച്ചപ്പെട്ട ഉപയോഗം സാധ്യമാക്കിയതോടെ ഈ മേഖലയിൽ സാങ്കേതികമായി മികവ് കൈവന്നു. ഇൽമനൈറ്റിനെ രാസപ്രക്രിയകൾക്കു വിധേയമാക്കിയാണ് കൃത്രിമ റൂട്ടൈൽ (synthetic rutile അഥവാ beneficiated ilmenite) ഉത്പാദിപ്പിക്കുന്നത്. കൂടാതെ ഇൽമനൈറ്റ് വൈദ്യുതി ഉപയോഗിച്ച് പുടം വെയ്ക്കുമ്പോൾ (electro smelting) ലോഹകിട്ടം ഉണ്ടാവുന്നു. സൾഫേറ്റ് പ്രക്രിയയിൽ ഇൽമനൈറ്റും ലോഹകിട്ടവും ഉപയോഗപ്പെടുത്തുമ്പോൾ ക്ളോറൈഡ് പ്രക്രിയയിൽ കൃത്രിമ റൂട്ടൈലും ലോഹകിട്ടവുമാണ് ഉപയോഗിക്കുന്നത്.

സൾഫേറ്റ് പ്രക്രിയ. സൾഫേറ്റ് മാർഗ്ഗത്തിലൂടെയുള്ള ടൈറ്റാനിയം ഡൈഓക്സൈഡിന്റെ ഉത്പാദനം ഘട്ടംഘട്ടം ആയുള്ള ഒരു പ്രക്രിയയാണ്. ഇൽമനൈറ്റും ഗാഢ സൾഫ്യൂറിക് അമ്ലവുമായി 180 മുതൽ 200°C വരെ താപത്തിൽ പ്രവർത്തിപ്പിച്ചാണ് ഇൽമനൈറ്റിലെ ടൈറ്റാനിയത്തെ ടൈറ്റാനിയം സൾഫേറ്റായി രൂപപ്പെടുത്തുന്നത്. ഇവിടെ ടൈറ്റാനിയത്തോടൊപ്പം ഇരുമ്പിന്റെയും മറ്റു ലോഹങ്ങളുടെയും സൾഫേറ്റുകളുണ്ടാകുന്നു. ഇവയെ വെള്ളത്തിൽ ലയിപ്പിച്ചശേഷം കനംകുറഞ്ഞ ഇരുമ്പുതകിടുകളുപയോഗിച്ച് നിരോക്സീകരിച്ച് ഫെറിക് (Fe3+) അംശത്തെ ഫെറസ് (Fe2+) ആക്കി മാറ്റുന്നു.

ഖരവസ്തുക്കളെ നീക്കം ചെയ്തശേഷം ഈ ലായനി തിളപ്പിക്കുമ്പോൾ ഹൈഡ്രേറ്റഡ് ടൈറ്റാനിയം ഡൈഓക്സൈഡ് രൂപം പ്രാപിക്കുന്നു. അനട്ടേസ് അല്ലെങ്കിൽ റൂട്ടൈൽ ഘടനയിലുള്ള ന്യൂക്ലിയയുടെ സാന്നിധ്യത്തിൽ നടത്തുന്ന ജലാപഘടനത്തിലൂടെ അനട്ടേസ് അല്ലെങ്കിൽ റൂട്ടൈൽ തരം (Anatase or Rutile type) ടൈറ്റാനിയം ഡൈഓക്സൈഡ് ഉത്പാദിപ്പിക്കാനാവുന്നു. ഇരുമ്പിന്റെ അംശത്തെ ഫെറസ് സൾഫേറ്റ് ആയി വേർതിരിച്ച ശേഷം ജലാപഘടന പ്രക്രിയയിലൂടെ TiO2 ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയും നിലവിലുണ്ട്. ഇരുമ്പിന്റെയും മറ്റു ലോഹങ്ങളുടെയും സൾഫേറ്റുകൾ അരിച്ചു (filtration) മാറ്റി ടൈറ്റാനിയം ഡൈഓക്സൈഡിനെ വേർതിരിച്ച് ശുദ്ധീകരിക്കുന്നു. ഏതാണ്ട് 60 ശ.മാ. ജലാംശമുള്ള കുഴമ്പി (pulp) നെ ഉയർന്ന ഊഷ്മാവിൽ പ്രവർത്തിക്കുന്ന റോട്ടറി കിലനി (Rotary Kiln) ലൂടെ കടത്തിവിട്ട് 800°C മുതൽ 950°C വരെ ഊഷ്മാവിൽ ചുടുപാകംചെയ്ത് ടൈറ്റാനിയം ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. ഈ പ്രക്രിയയിൽ ടൈറ്റാനിയം ഡൈഓക്സൈഡ് കുഴമ്പിലുള്ള (TiO2 .nH2 O) ജലാംശം ആദ്യം പുറന്തള്ളപ്പെടുന്നു. (300°C മുതൽ 500°C വരെ) തുടർന്ന് 500°C മുതൽ 700°C വരെയുള്ള ഊഷ്മാവിൽ ഇതിലുള്ള അമ്ലവും പുറന്തള്ളപ്പെടുന്നു. അമൂർത്തമായ ടൈറ്റാനിയം ഡൈ ഓക്സൈഡിനു 850°C മുതൽ 900°C വരെയുള്ള ഊഷ്മാവിൽ പരൽഘടന കൈവരുന്നു. ഈ രീതിയിൽ കിലനിൽ 300°C മുതൽ 1000°C വരെയുള്ള ഊഷ്മാവിൽ വിവിധ ഘട്ടങ്ങളിലൂടെ (zones) പുറത്തുവരുന്ന ടൈറ്റാനിയം ഡൈ ഓക്സൈഡിനു വർണകത്തിന്റെ പ്രത്യേക സ്വഭാവങ്ങൾ ഉണ്ടായിരിക്കും. വെളുത്ത നിറമുള്ള പൊടിയാണ് ഈ ഉത്പന്നം.

സൾഫേറ്റ് പ്രക്രിയ


ക്ലോറൈഡ് പ്രക്രിയ. വളരെ പ്രചാരം നേടിയ ആധുനിക സാങ്കേതിക വിദ്യയാണ് ക്ലോറൈഡ് രീതി. ഈ രീതിയിലെ പ്രധാന ഘട്ടങ്ങളിലൊന്നാണ് ഇൽമനൈറ്റ് കൃത്രിമ റൂട്ടൈലാക്കുന്ന പ്രക്രിയ. 50-60 ശ.മാ. വരെ TiO2 അടങ്ങിയിട്ടുള്ള ഇൽമനൈറ്റ്, കരിയുമായി കലർത്തി ഉയർന്ന ഊഷ്മാവിൽ നിരോക്സീകരിക്കുമ്പോൾ ഇരുമ്പിന്റെ ഫെറിക് (Fe3+) രൂപം ഫെറസ് (Fe2+) രൂപമായി മാറുന്നു. തുടർന്ന് ഹൈഡ്രോക്ലോറിക് അമ്ലത്തിൽ ഊറിച്ചുകഴുകുമ്പോൾ (leach) ഇരുമ്പിന്റെ അളവ് കുറയുകയും TiO2 ന്റെ അളവ് കൂടുകയും ചെയ്യുന്നു. ഈ രീതിയിലാണ് കൃത്രിമ റൂട്ടൈലുണ്ടാക്കുന്നത്.

തുടർന്ന് കൃത്രിമ റൂട്ടൈലിൽനിന്ന് ടൈറ്റാനിയം ടെട്രാക്ലോറൈഡ് ഉത്പ്പാദിപ്പിക്കുന്നു. ഉയർന്ന ഊഷ്മാവിൽ കൃത്രിമ റൂട്ടൈലിനെ ക്ലോറിനീകരണത്തിനു വിധേയമാക്കുമ്പോൾ ടൈറ്റാനിയത്തിന്റെയും ഇരുമ്പിന്റെയും ചെറിയ അളവിലുള്ള മറ്റു ലോഹങ്ങളുടെയും ക്ലോറൈഡുകൾ ഉണ്ടാകുന്നു. ഇതിൽനിന്ന് ടൈറ്റാനിയം ടെട്രാക്ലോറൈഡ് ശുദ്ധീകരിച്ച് വേർതിരിച്ചെടുക്കുന്നു. ടൈറ്റാനിയം ടെട്രാക്ലോറൈഡും ഓക്സിജനും ചേർന്ന മിശ്രിതം 650°C മുതൽ 750°C വരെയുള്ള ഊഷ്മാവിൽ രാസപ്രക്രിയയ്ക്കു വിധേയമാക്കിയാണ് ടൈറ്റാനിയം ഡൈഓക്സൈഡ് ഉത്പാദിപ്പിക്കുന്നത്.

ക്ലോറൈഡ് പ്രക്രിയ

ഘടന. ഓരോ ടൈറ്റാനിയം അയോണും (അനട്ടേസ്, റൂട്ടൈൽ, ബ്രൂക്കൈറ്റ് ഇതിലേതു തരമായാലും) ആറു ഓക്സിജൻ അയോണുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഘടനയാണ് ടൈറ്റാനിയം ഡൈ ഓക്സൈഡിനുള്ളത്. ഇങ്ങനെ ടൈറ്റാനിയത്തിന്റെ സമന്വയസംഖ്യ (co-ordination number) 6 ആണെന്നു കാണാവുന്നതാണ്. ടൈറ്റാനിയവും ഓക്സിജനും തമ്മിൽ 1:2 എന്ന അനുപാതം നിലനിറുത്തുന്നത് ക്രിസ്റ്റലിലെ ഒക്ടാഹീഡ്രയിലെ (octahedron) ഓരോ ഓക്സിജനും മൂന്നു ഒക്ടാഹീഡ്രകളുടെതുകൂടി പൊതുവായി വരത്തക്കവിധത്തിൽ അടുക്കിയിട്ടുള്ളതിനാലാണ്. അനട്ടേസ്, റൂട്ടൈൽ, ബ്രൂക്കൈറ്റ് എന്നിവയിലെ ഘടനാവ്യത്യാസത്തിനു കാരണം ഇവയിലെ അടുക്കുകളിലെ (spacial arrangement) വ്യത്യാസമാണ്. ഓരോ ഒക്ടാഹീഡ്രയുടെ വക്കും (edge) അടുത്തുള്ള 12 വക്കുമായി റൂട്ടൈലിലും 3 വക്കുമായി ബ്രൂക്കൈറ്റിലും 4 വക്കുമായി അനട്ടേസിലും ബന്ധപ്പെട്ടിരിക്കുന്നതാണ് ഈ ക്രിസ്റ്റലുകളിലെ പ്രകടമായ വിന്യാസം.

റൂട്ടൈൽ ഒക്ടാഹീഡ്രകളുടെ നീണ്ട കണ്ണികൾ വക്കുകൾകൊണ്ട് ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ ഒരു ശൃംഖലയിൽ ഓരോ ഒക്ടാഹീഡ്രയിലുള്ള നാലു ഓക്സിജൻ അണുക്കളും അടുത്ത ഒക്ടാഹീഡ്രകളുമായി പങ്കിടുന്നു. ഒരു ശൃംഖലയിലെ ഏക കോ-ഓർഡിനേറ്റഡ് (single co-ordinated) ഓക്സിജൻ അയോൺ അടുത്ത ശൃംഖലയിലെ ഇരട്ട കോ-ഓർഡിനേറ്റഡ് (double co-ordinated) ഒക്ടാഹീഡ്രൽ സ്ഥാനവുമായി ചേർന്നുവരുന്ന തരത്തിലാണ് ക്രമീകരണം. ഓരോ ഓക്സിജനും മൂന്നു ഒക്ടാഹീഡ്രയിൽ പങ്കുചേരുന്നതുമൂലം TiO2 ന്റെ അനുപാതം 1:2 എന്നത് കൃത്യമായി വരുന്നു. അനട്ടേസിൽ പരന്ന ഒക്ടാഹീഡ്രൽ നിരകൾ (octahedral layers) ബന്ധിച്ചിരിക്കുന്നത് അവയുടെ മൂലകളിലൂടെയാണ്. ഇപ്രകാരം റൂട്ടൈലിലെ അണുക്കളുടെ അടുക്ക് (atomic packing) അനട്ടേസിനെക്കാളും ഒത്തുചേർന്ന വിധത്തിലായതാണ് റൂട്ടൈലിന്റെ ഉയർന്ന ആപേക്ഷിക സാന്ദ്രതയ്ക്കും ഉയർന്ന അപഭംഗമാനത്തിനും കാരണം. (ആ. സാ.- അനട്ടേസ് 3.84, റൂട്ടൈൽ 4.26. അപഭംഗമാനം - അനട്ടേസ് 2.55, റൂട്ടൈൽ 2.7) കൂടുതൽ പ്രകാശം വികിരണം (scattering) ചെയ്യുന്നതോടൊപ്പം കൂടുതൽ പ്രകാശത്തിന്റെ പ്രതിഫലനവും (reflection), അപഭംഗവും (refraction) ഉണ്ടാകുന്നതുമൂലം മെച്ചപ്പെട്ട അതാര്യത ഈ വർണകണങ്ങൾക്ക് കൈവരുന്നു. ഒരു വർണകമെന്ന നിലയിൽ ധൂളികളുടെ ശരാശരി വലിപ്പം, വലിപ്പത്തിന്റെ ഏറ്റക്കുറവ് എന്നിവ പ്രാധാന്യമർഹിക്കുന്നു. ടൈറ്റാനിയം ഡൈഓക്സൈഡിന്റെ ധൂളിവലിപ്പം 0.2 മുതൽ 0.3 വരെ മൈക്രോണാണ്. ഈ അളവിൽ വ്യതിയാനം വരുത്തി പല ആവശ്യങ്ങൾക്കു വേണ്ട പലതരം വർണകങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നു. വർണകങ്ങളുടെ സ്വഭാവങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങളിലൂടെ വികസിക്കപ്പെട്ട എം.ഇ. സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പച്ചപ്രകാശത്തിന് ഏറ്റവും കൂടുതൽ വികിരണം (scattering) ടൈറ്റാനിയം ഡൈഓക്സൈഡു നൽകുന്നത് ധൂളികളുടെ വലിപ്പം ഏതാണ്ട് 0.25 മൈക്രോൺ ഉള്ളപ്പോഴാണ്. 0.1 മൈക്രോണിൽ താഴെയും 0.6 മൈക്രോണിനു മുകളിലും ധൂളി വലിപ്പം ഒഴിവാക്കി ശരാശരി 0.2 മൈക്രോൺ വലിപ്പമുള്ള ടൈറ്റാനിയം ഡൈഓക്സൈഡ് ഉത്പാദനമാണ് ഈ പ്രക്രിയകളിൽ നിർണായകമായിട്ടുള്ളത്.

പ്രതല പരിചരണം (surface treatment). ടൈറ്റാനിയം ഡൈഓക്സൈഡ് നിർമ്മാണത്തിൽ അതീവ പ്രാധാന്യമർഹിക്കുന്ന ഒരു പ്രക്രിയയാണ് പ്രതലചരിചരണം. ടൈറ്റാനിയം ഡൈഓക്സൈഡിന്റെ പ്രതലത്തിൽ സിലിക്ക, അലുമിനിയം, സിർക്കോണിയം എന്നിവയുടെ ഓക്സൈഡുകളുടെ നേരിയ പാളി കൃത്രിമമായി നിർമ്മിക്കുക വഴി മെച്ചപ്പെട്ട ഗുണങ്ങൾ ഇത്തരം വർണകങ്ങൾക്കു ലഭ്യമാക്കാം. ഈ പ്രക്രിയയിലൂടെ കാലാവസ്ഥാപ്രതിരോധം, മെച്ചപ്പെട്ട വ്യാപനം എന്നീ ഗുണങ്ങൾ കൈവരുത്തി നിരവധി ഉപയോഗങ്ങൾക്ക് TiO2 നെ അനുയോജ്യമാക്കുകയാണ് ചെയ്യുന്നത്.

വ്യാവസായിക രംഗം. ടൈറ്റാനിയം ഡൈ ഓക്സൈഡിന്റെ പ്രത്യേക സ്വഭാവങ്ങൾ ഈ ഉത്പന്നത്തിന്റെ ഉത്പാദനമേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് കാരണമായി. യു. എസിലെ ടൈറ്റാനിയം പിഗ്മെന്റ് കമ്പനി 1916-ൽ തുടങ്ങിയതിനു സമാന്തരമായി യൂറോപ്പിൽ നോർവെയിലും വ്യാവസായികോത്പാദനം തുടങ്ങി. 1914-18 ലെ ഒന്നാം ലോകയുദ്ധക്കെടുതികൾ അതിജീവിച്ചുകൊണ്ടുള്ള വ്യവസായത്തിന്റെ വളർച്ച മന്ദഗതിയിലായി. 1932-ൽ ടൈറ്റാനിയം പിഗ്മെന്റ് കമ്പനിയെ നാഷണൽ ലെഡ് കമ്പനി വാങ്ങിയതോടെ ടൈറ്റാനിയം വാണിജ്യരംഗത്തെ ആദ്യത്തെ പ്രമുഖ കോർപ്പറേഷനുമായി.

കേരളത്തിൽ ടൈറ്റാനിയം വ്യവസായങ്ങൾ പ്രധാനമായും 1946-ൽ രൂപംകൊണ്ടു. ട്രാവൻകൂർ-ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ് (ടി.ടി.പി), 1984-ൽ ഉത്പാദനമാരംഭിച്ച കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ.) എന്നിവയാണ്. ടി.ടി.പിയിൽ അനട്ടേസ് TiO2 വർണ്ണകവും കെ.എം.എം.എൽ-ൽ റൂട്ടൈൽ TiO2 വർണകവുമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ലോകവിപണിയിൽ ടൈഓക്സൈഡ് (Tioxide) ഡ്യൂപോണ്ട് (Dupont), ഇഷിഹാരാ (Ishihara), ക്രോണോസ് (Kronos) ബെയർ കെർ മെഗി (Bayer Ker Me Gee) തുടങ്ങിയ കമ്പനികൾ ഉത്പാദനരംഗത്തു മുൻപന്തിയിലാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൈറ്റാനിയം ഡൈഓക്സൈഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൈറ്റാനിയം_ഡൈഓക്സൈഡ്&oldid=2282907" എന്ന താളിൽനിന്ന് ശേഖരിച്ചത്