ടി. എഫ്. ബോർഡില്ലൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിലമ്പൂർ തേക്കുമ്യൂസിയത്തിലുള്ള ബോർഡില്ലന്റെ ഛായാചിത്രം

തിരുവിതാംകൂറിലെ ഒരു വനസംരക്ഷണ ഉദ്യോഗസ്ഥൻ ആയിരുന്നു തോമസ് ഫുൾട്ടൺ ബോർഡില്ലൺ (Thomas Fulton Bourdillon). (1849 – 19 ഡിസംബർ 1930).[1] 1871 -ൽ തോട്ടം നിർമ്മിക്കാൻ തിരുവിതാംകൂറിലെത്തിയ അദ്ദേഹത്തെ 1886 -ൽ തിരുവിതാംകൂർ ദർബാർ കാടുകളിലെ സമ്പന്നത പഠിക്കാനും വിവരങ്ങൾ നൽകാനുമായി പ്രത്യേകവനഉദ്യോഗസ്ഥനായി നിയമിച്ചു. 1891 -ൽ വനപരിപാലകനായി നിയമിക്കപ്പെട്ട അദ്ദേഹം 1908 -ൽ വിരമിക്കുന്നതുവരെ ആ സ്ഥാനത്തുതുടർന്നു. വനത്തെ സംബന്ധിച്ച എല്ലാ മേഖലകളിലും വളരെ താൽപ്പര്യമുള്ള ഒരു സസ്യശാത്രജ്ഞനായ അദ്ദേഹത്തിന്റെ ഭരണകാലത്ത് വനംവകുപ്പ് വലിയ മികവുള്ള ഒരു സ്ഥാപനമായി മാറി.

1908 -ൽ തിരുവിതാംകൂറിലെ വനവൃക്ഷങ്ങൾ (The Forest Trees of Travancore) എന്ന ആദ്യപുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. 1901 -ൽ ലിന്നിയൻ സൊസൈറ്റിയിലെ ഫെലോ ആയി അദ്ദേഹം നിയമിതനായിരുന്നു.[2] പക്ഷികളുടെ ജീവിതത്തെപ്പറ്റി അദ്ദേഹം അലൻ ഒക്ടേവിയോ ഹ്യൂമിന് എഴുതുകയും Indian Forester -ൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ബെഡോമി, ഹാരോൾഡ് എസ് ഫെർഗൂസൻ മുതലായ പല ശാസ്ത്രകാരന്മാരോടൊപ്പം അദ്ദേഹം അടുത്തു പ്രവർത്തിച്ചിട്ടുണ്ട്.

1891 -ൽ സ്റ്റമ്പുകൾ ഉപയോഗിച്ച് ആദ്യമായി തേക്ക് നട്ടുവളർത്തിത്തുടങ്ങിയ ഒരു സ്ഥലം ചെന്തുരുണിയിലെ ആര്യങ്കാവിനടുത്ത് ഉള്ളത് ബോർഡില്ലന്റെ പ്ലോട്ട് എന്ന് ഇന്ന് അറിയപ്പെടുന്നു.[3] നവികസേനയ്ക്കുള്ള മരത്തിന്റെ ആവശ്യത്തിനാണ് തേക്ക് ഈ രീതിയിൽ നട്ടുവളർത്തിത്തുടങ്ങിയത്. റോയൽ നേവിക്കായി തേക്ക് നട്ടുവളർത്താനുള്ള പരിശ്രമം അന്നത്തെ മലബാർ കളക്ടറായ കൊണോളിയാണ് തുടങ്ങിയത്.

അഗ്ലായിയ ബോർഡില്ലോണി എന്ന മരവും ചെവിയൻ രാച്ചുക്കും (great eared-nightjar - Eurostopodus macrotis bourdilloni ) കരിംകിളിയും (blackbird- Turdus merula bourdilloni) അദ്ദേഹത്തിന്റെ പേര് വഹിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Obituary: T. F. Bourdillon". Nature. 127 (3192): 29. 1931. doi:10.1038/127029a0.
  2. "Proceedings of the Linnean Society of London : Linnean Society of London : Free Download & Streaming : Internet Archive". Internet Archive. ശേഖരിച്ചത് 25 December 2014.
  3. "Kerala Forest". Keralaforest.org. ശേഖരിച്ചത് 26 March 2014.
  4. "Author Query for 'Bourd.'". International Plant Names Index.
"https://ml.wikipedia.org/w/index.php?title=ടി._എഫ്._ബോർഡില്ലൺ&oldid=2804951" എന്ന താളിൽനിന്ന് ശേഖരിച്ചത്