ജോർജസ് മെലീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജസ് മെലീസ്
ജോർജസ് മെലീസ്
ജനനം(1861-12-08)8 ഡിസംബർ 1861
മരണം21 ജനുവരി 1938(1938-01-21) (പ്രായം 76)
ദേശീയതഫ്രഞ്ച്
തൊഴിൽചലച്ചിത്ര നിർമ്മാതാവ്, അഭിനേതാവ്, കലാ സംവിധായകൻ, കളിപ്പാട്ട നിർമാതാവ്
സജീവ കാലം1888–1923
ജീവിതപങ്കാളി(കൾ)യൂജേൻ ഗെനിൻ (1885–1913) (രണ്ട് കുട്ടികൾ)
ജീന്നെ ഡി'അല്സി (1925–1938) (his death)
ഒപ്പ്

മേരി-ജോർജസ്-ജീൻ മെലിയസ് അഥവാ ജോർജസ് മെലീസ്,(ആംഗല ഉച്ചാരണം: /mɛ.li.'ez/);[1] (8 ഡിസംബർ 1861 – 21 ജനുവരി 1938) സിനിമാ വ്യവസായത്തിന്റെ പ്രാരംഭ ഘട്ടത്തിൽ വളരെയധികം സംഭാവനകൾ നൽകിയ ഫ്രാൻസ് സ്വദേശിയായ ഒരു സാങ്കേതിക വിദഗ്ദ്ധനും സംവിധായകനുമായിരുന്നു. സിനിമയിൽ സ്പെഷ്യൽ എഫക്സ്ടുകൾക്ക് നൂതനമായ നൂതനരീതി സ്റ്റോപ്പ് ട്രിക്ക് അവതരിപ്പിച്ചത് ഇദ്ദേഹമാണ്. (ഒരു സീനിൽ ക്യാമറയുടെ പ്രവർത്തനം നിർത്തി, അടുത്ത സീനിൽ തത്സമയം സ്പെഷ്യൽ എഫക്ട്സ് നൽകിക്കൊണ്ട് ചിത്രീകരണം തുടരുകയും, തുടർന്ന് എഡിറ്റിംഗ് വേളയിൽ ഇരു സീനുകളും കൃത്യമായി യോജിപ്പിച്ച് എഫക്ട്സ് അനുഭവവേദ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ രീതി). മൾട്ടിപ്പൾ എക്സ്പോഷർ, റ്റൈം ലാപ്സ് ഫോട്ടൊഗ്രഫി, ഡിസോൾവസ് എന്നീ എഫക്ടുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു. ബ്ലാക് ആൻഡ് വൈറ്റ് ഫിലിമുകൾ മാത്രമുണ്ടായിരുന്ന അക്കാലത്ത് കൈകൊണ്ട് ഫിലിമുകൾക്ക് നിറം നൽകി മെലീസ് വിപ്ലവം സൃഷ്ടിച്ചു.[2] മാജിക്, യന്ത്രവിദ്യ എന്നീക്കാര്യങ്ങളിലുണ്ടായിരുന്ന തന്റെ പാടവത്തെ സിനിമയിലേക്ക് സന്നിവേശിപ്പിച്ച അദ്ദേഹം സിനിമജീഷ്യൻ എന്നും അറിയപ്പെട്ടിരുന്നു. ജോർജസ് മെലീസിന്റെ സൃഷ്ടികളായ ചന്ദ്രനിലേക്കൊരു യാത്ര/ എ ട്രിപ് ടു ദ മൂൺ (1902), അസാദ്ധ്യ യാത്ര/ ദ ഇമ്പോസിബിൾ വോയിജ് (1904) എന്നിവ ആദ്യകാല സയൻസ് ഫിക്ഷൻ സിനിമകളായി വിലയിരുത്തപ്പെടുന്നു. അദ്ദേഹം 1896ൽ പുറത്തിറക്കിയ ഭൂതാധിനിവേശമുള്ള മാളിക/ ദ ഹോണ്ടിഡ് കാസിൽ എന്ന ചിത്രം ഭയാനക സിനിമകളുടെ ഗണത്തിൽപ്പെടുന്നതാണ്. അക്കാലത്തെ സാങ്കേതിക പരിമിതികൾ മൂലം നിശ്ശബ്ദ ചിത്രങ്ങൾ പുറത്തിറക്കാനെ മെലീസിന് കഴിഞ്ഞിരുന്നുള്ളു[3].

ആദ്യകാല ജീവിതം, വിദ്യാഭ്യാസം[തിരുത്തുക]

Plaque commemorating the site of Méliès' birth – "In this block of flats was born on the 8th of December 1861 Georges Méliès, creator of the cinematic spectacle, prestidigitator, inventor of numerous illusions"

ജീൻ ലൂയിസ് സ്റ്റാനിസ്ലെസ് മെലീസിന്റേയും അദ്ദേഹത്തിന്റെ ഡച്ച് ഭാര്യയായ ജൊഹാനാ-കാതറിൻ ഷൂയെറിങ്ങിന്റേയും മകനായി 1861 ഡിസംബർ 8നാണ് മേരി-ജോർജസ്-ജീൻ മെലിയസ് ജനിക്കുന്നത്.[4] പാരീസിലേക്ക് 1843ൽ താമസം മാറ്റിയ ജോർജസിന്റെ പിതാവ് അവിടെ ഒരു ബൂട്ട് നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്ത് വരുമ്പോഴാണ് കാതറിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും വിവാഹിതരാവുകയും ബോൾവാർഡ് സെയിന്റ് മാർട്ടിനിൽ ഇവർ ഒരു ബൂട്ട് നിർമ്മാണ ഫാക്ടറി സ്ഥാപിക്കുകയും ചെയ്തു. ഈ ദമ്പതിമാർക്ക് യഥാക്രമം ഹെൻറി, ഗാസ്റ്റൺ എന്നീ പുത്രന്മാർ ജനിക്കുകയും ചെയ്തു. മൂന്നാമത്തെ പുത്രനായ ജോർജസിന്റെ വരവോടെ കുടുംബം സമ്പന്നമായിത്തീരുകയും ചെയ്തു. ഏഴാമത്തെ വയസ്സിൽ വിദ്യാർത്ഥിയായിരുന്ന ജോർജസ് മെലീസിന് ഫ്രാങ്കോ-ജർമൻ യുദ്ധത്തിലെ ബോംബ് സ്ഫോടനത്തിൽ പരിക്കേൽക്കുകയും തുടർന്ന് പ്രശസ്തമായ ലൈസി ലൂയിസ് ലേ ഗ്രാൻഡ് എന്ന വിദ്യാലയത്തിൽ പ്രവേശനം നേടുകയും ചെയ്തു. പത്താം വയസ്സിൽ തന്നെ ജോർജസ് മെലീസ് പാവക്കൂത്തുകൾ നടത്തുകയും, പാവകൾ ചരടുകളാൽ ചലിപ്പിക്കപ്പെടുന്ന മാരിയണറ്റ് രീതിയിൽ പ്രാവീണ്യം നേടുകയും ചെയ്തു. 1880ൽ അദ്ദേഹത്തിന്റെ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയായി[5].

തൊഴിൽ[തിരുത്തുക]

Scene from The Vanishing Lady

വിദ്യാഭ്യാസത്തിന് ശേഷം സഹോദരന്മാർക്കൊപ്പം കുടുംബബിസ്സിനസ് നോക്കി നടത്താനിറങ്ങിയ മെലീസ് തുന്നൽ വിദ്യ സ്വായത്തമാക്കി. മൂന്ന് വർഷത്തെ നിർബന്ധിത പട്ടാള സേവനത്തെത്തുടർന്ന് ജോർജസിനെ പിതാവ് ലണ്ടനിലുള്ള തന്റെ പരിചയക്കാരനടുത്തേക്കയച്ചു. ലണ്ടനിൽ ക്ലാർക്കായി ജോലി ചെയ്ത് വരികേ അദ്ദേഹം മാന്ത്രികവിദ്യയിൽ ആകൃഷ്ടനായി. തുടർന്ന് നാട്ടിലെത്തിയ മെലീസിന് ചിത്രകല അഭ്യസിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും പിതാവിന്റെ പിന്തുണ ലഭിച്ചില്ല. ഇതോടൊപ്പം വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ യൂജീൻ ഗെനിൻ എന്ന യുവതിയെ വിവാഹം ചെയ്യുകയും ചെയ്തു. ഇവർക്ക് ജൊർജറ്റ് (1888), ആൻഡ്രെ (1901) എന്നീ രണ്ട് കുട്ടികളും പിറന്നു. കുടുംബ ഫാക്ടറിയിൽ ജോലി ചെയ്ത് വരികെ ജോർജസ് സ്റ്റേജിൽ മാജിക് പ്രദർശനങ്ങളും നടത്തി വന്നിരുന്നു. 1888ൽ പിതാവിന്റെ വിരമിക്കലോടു കൂടി മെലീസ് ഫാക്ടറി വിടുകയും തനിക്ക് ലഭിച്ച ഷെയർ ഉപയോഗിച്ച് റൊബർട്ട് ഹൗദിൻ എന്ന ഇൻഡോർ തീയേറ്റർ വാങ്ങുകയും ചെയ്തു. തീയേറ്ററിനൊപ്പം ഉണ്ടായിരുന്ന മെക്കാനിക് യൂജേൻ കാൽമൽ, സ്റ്റേജ് സഹായി ജീന്നെ ഡി'അല്സി എന്നിവരും മെലീസിനൊപ്പം കൂടി. ഇവരിൽ ജീന്നെ ഡി' അല്സി അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായിത്തീർന്നു. സംസാരിക്കുന്ന പ്രഫസറുടെ തല വെട്ടുന്നതടക്കമുള്ള അപൂർവ്വ മാന്ത്രിക വിദ്യകൾ മെലീസ് ഈ തീയേറ്ററിൽ അവതരിപ്പിച്ച് പോന്നിരുന്നു.

ചലച്ചിത്ര രംഗത്തേക്ക്[തിരുത്തുക]

1895 ഡിസംബർ 28ന് ലൂമിയർ സഹോദരന്മാർ പാരീസിലെ ഗ്രാൻഡ് കഫെയിൽ നടത്തിയ വിശ്വവിഖ്യാതമായ ആദ്യ സിനിമാ പ്രദർശനത്തിന് സന്നിഹിതരായവരുടെ കൂട്ടത്തിൽ മെലീസുമുണ്ടായിരുന്നു. അവരുടെ കൈവശമുണ്ടായിരുന്ന ക്രാമറകളിലൊന്നിന് 10,000 ഫ്രാങ്കിനടുത്ത് വില നൽകാൻ മെലീസ് തയ്യാറായെങ്കിലും ലൂമിയർ സഹോദരന്മാർ വഴങ്ങിയില്ല. തുടർന്ന് ലണ്ടനിലേക്ക് ഫിലിം വാങ്ങാൻ പോയ മെലീസ്, റോബർട്ട് പോൾ എന്നയാളിൽ നിന്നും കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു ഫിലിം പ്രൊജക്റ്റർ വാങ്ങുകയും, തന്റെ തീയേറ്ററിൽ സ്റ്റേജ് പ്രദർശനങ്ങൾക്കൊപ്പം ചലച്ചിത്ര പ്രദർശനം കൂടി ഏർപ്പെടുത്തുകയും ചെയ്തു. പ്രോജക്ടറിന്റെ സാങ്കേതിക വശങ്ങൾ പഠിച്ച മെലീസ് താനുണ്ടാക്കിയ യന്ത്രമനുഷ്യനിൽ നിന്നും കൂടി വേർപെടുത്തിയ ഭാഗങ്ങൾ ഉപയോഗിച്ച് സ്വയം ഒരു ക്യാമറ നിർമ്മിച്ചു. ലണ്ടനിൽ നിന്നും വരുത്തിയ ദ്വാര രഹിതമായ ഫിലിം മെലീസ് തന്റെ ക്യാമറയിൽ ഉപയോഗിക്കാവുന്ന വിധത്തിൽ മെച്ചപ്പെടുത്തിയെടുത്തു. 1896 മെയ് മാസത്തിൽ മെലീസ് ചിത്രീകരണം ആരംഭിച്ചു. 1896ൽ അദ്ദെഹവും റീലസ് എന്നയാളും ചേർന്ന് സ്റ്റാർ- ഫിലിം കമ്പനിക്ക് തുടക്കമിട്ടു. ലൂമിയ ചിത്രങ്ങളുടെ അനുകരണമായിരുന്നു മെലീസിന്റെ ആദ്യ ചലച്ചിത്രങ്ങളെന്നിരുന്നാലും സ്പെഷ്യൽ എഫക്റ്റുകൾ സന്നിവെശിപ്പിച്ച് നിർമ്മിച്ച 'ഭയാനക രാത്രി/ ടെറിബിൾ നൈറ്റ്' പോലെയുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം കാണികളെ അത്ഭുത പരവശരാക്കി.

മെലീസിന്റെ "ഭയാനക രാത്രി എന്ന ചലച്ചിത്രത്തിലെ ഒരു രംഗം

'അപ്രത്യക്ഷയാകുന്ന സ്ത്രീ/ വാനിഷിംഗ് ലേഡി' എന്നീ ചിത്രത്തിലൂടെ അപ്രത്യക്ഷമാക്കൽ സാങ്കേതിക വിദ്യ അദ്ദെഹം അവതരിപ്പിച്ചു. 1896 ൽ 78 ചലച്ചിത്രങ്ങളും, 1897ൽ 53 ചലച്ചിത്രങ്ങളും അദ്ദേഹം നിർമിച്ചു. ഡോക്യുമെന്ററികൾ, യക്ഷിക്കഥകൾ, മന്ത്ര വിദ്യകൾ, ചരിത്ര നിമിഷങ്ങൾ, ഹാസ്യം എന്നീ വിഭാഗങ്ങളിൽപ്പെടുത്താവുന്ന നിരവധി ചിത്രങ്ങൽ അദ്ദേഹം നിർമ്മിച്ചു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലാത്ത കാലത്ത് എ ട്രിപ് ടു ദ മൂൺ എന്ന ചന്ദ്രനിലെക്ക് ഒരു കൂട്ടം ആളുകൾ ഒരു റോക്കറ്റിലേറി യാത്രയാകുന്ന കഥ പറയുന്ന ചലച്ചിത്രം നിർമ്മിച്ച് അദ്ദേഹം ജനതയെ അമ്പരപ്പിച്ചു. 1899 ൽ ഇറങ്ങിയ മെലീസിന്റെ 'ക്ലിയോപാട്ര' എന്നെ ഹൊറർ ചിത്രം കണ്ടവർ ഭയം മൂലം അലറിക്കരഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട് (2005 ൽ ആണ് ഈ ചിത്രത്തിന്റെ പ്രിന്റ് പാരീസിൽ നിന്നും കണ്ടെടുക്കാനായത്). ഏഴ് മിനിറ്റ് ദൈർഘ്യമുള്ള, ഇരുപതു സീനുകൾ ഉള്ള, മുപ്പത്തഞ്ച് പേർ അഭിനയിച്ച 'സിൻഡ്രല' എന്ന മെലീസ് ചിത്രം യൂറോപ്പിലും, അമേരിക്കയിലും വൻ പ്രചാരം നേടി. 1900ൽ 13 മിനിറ്റ് ദൈർഘ്യമുള്ള 'ജോൻ ഓഫ് ആർക്ക്' ഉൾപ്പെടെയുള്ള് 33 ചിത്രങ്ങൽ മെലീസ് നിർമ്മിച്ചു. ഇതേ വർഷം ഇറങ്ങിയ 'ബാഹ്മിൺ ആൻഡ് ബട്ടർ ഫ്ലൈ' എന്ന ചിത്രത്തിൽ ഒരു ശലഭപ്പുഴുവിനെ ചിറകുകളുള്ള ഒരു സുന്ദരിയാക്കി മാറ്റുന്ന ബ്രാഹ്മണൻ സ്വയം ശലഭപ്പുഴുവായി മാറുന്ന കാഴ്ചയാണുള്ളത്. തന്റെ മിക്ക ചലച്ചിത്രങ്ങളിലും, മെലീസും, ഭാര്യയും അഭിനയിക്കുകയും ചെയ്തിരുന്നു. 1902ലാണ് മെലീസിന്റെ എറ്റവും പ്രസിദ്ധമായ ചിത്രം 'എ ട്രിപ് ടു ദി മൂൺ' ജനിക്കുന്നത്.

ശിഷ്ട ജീവിതം[തിരുത്തുക]

1907 മുതൽ മെലീസിന്റെ ചലച്ചിത്ര സപര്യക്ക് അസ്വാരസ്യങ്ങൾ നേരിടേണ്ടി വന്നു. തോമസ് ആൽ‌വ എഡിസൺ സ്താപിച്ച മോഷൻ പിക്ചർ പേറ്റന്റ് കമ്പനി നടപ്പിൽ വരുത്തിയ നിയമങ്ങൾ മൂലം മെലീസിന് ആഴ്ചതോറും 1000 അടി ഫിലിം നൽകേണ്ടതായി വന്നു. മെലീസിന്റെ സഹോദരൻ ഇതേ സമയം അമേരിക്കയിൽ മറ്റൊരു സ്റ്റുഡിയോ സ്ഥാപിച്ച് മെലീസിനെ സഹായിക്കാൻ ശ്രമിച്ചെങ്കിലും വേണ്ടത്ര വിജയിച്ചില്ല. 1907ൽ പുറത്തിറങ്ങിയ ‘ഹോഗ് സമാധാന ചർച്ച/ ഹോഗ് പീസ് കോൺഫറൻസ്’ എന്ന ചിത്രത്തോടുകൂടി മെലീസ് ചലച്ചിത്ര നിർമ്മാണത്തിൽ നിന്നും പിൻവാങ്ങുകയും. 1909ൽ സ്റ്റാർ ഫിലിം കമ്പനി സിനിമാ നിർമ്മാണം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം എഡിസൺ ഉൾപ്പെടെയുള്ള അമേരിക്കൻ സിനിമാ നിർമ്മാതാക്കളുടെ മേൽക്കോയ്മ അംഗീകരിക്കാൻ മെലീസ് ഒട്ട് തയ്യാറായതുമില്ല. എന്നാ‍ൽ ഇതേ വർഷം തന്നെ മെലീസ് ചലച്ചിത്ര നിർമ്മാണം പുനരാരംഭിച്ചു. 1910ൽ അദ്ദേഹം 14 ചിത്രങ്ങൾ പുറത്തിറക്കി. മുന്തിയ ലെൻസുകളും, ഔട്ട് ഡൊർ ഷൂട്ടിംങ്ങുകളും ഉപയോഗിച്ച 54 മിനിറ്റ് ദൈർഘ്യമുള്ള ‘സിൻഡ്രല്ലയോ സ്ഫടിക പാദുകമോ/ സിൻഡ്രല ഒർ ദ് ഗ്ലാസ് സ്ലിപ്പർ’ എന്നീ ചിത്രങ്ങൾ ഒരുക്കി അദ്ദേഹം വീണ്ടും കാണികളെ വിസ്മയിപ്പിച്ചു. സഹായികൾ ചലിപ്പിക്കുന്ന രാക്ഷസ രൂപങ്ങളും മറ്റും ഇക്കാലയളവിൽ മെലീസ് ചലച്ചിത്രങ്ങളിൽ ധാരാളമായി ഉപയോഗിച്ചു.

1914 ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതോടു കൂടി മെലീസിന് കാലിടറി. സിനിമാ വ്യവസായം പ്രതിസന്ധിയിലായി. പല പ്രിന്റുകളും വ്യാവസായിക ആവശ്യത്തിനായി ഉരുക്കി ഉപയോഗിക്കാൻ വേദനയോടു കൂടി വിട്ട് കൊടുക്കേണ്ടിയും വന്നു. ലഭ്യമായ മെലീസ് ചിത്രങ്ങളെല്ലാം തന്നെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. 1920തോടു കൂടി മുഖ്യധാരയിൽ നിന്നും പിൻ വാങ്ങിയ മെലീസ് ഒരു ചെറിയ കളിപ്പാട്ടക്കട നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ചിത്രമെഴുത്തും, ചലച്ചിത്ര ചർച്ചകളുമായി മടങ്ങിയെത്തി. 1931ൽ ലൂയിസ് ലൂമിയർ അദ്ദേഹത്തെ ‘ലീജിയൺ ഒഫ് ഓണർ’ നൽകി ആദരിച്ചു. 1932ൽ സിനിമാ സൊസൈറ്റിയുടെ ആദരവും മെലീസ് കുടുംബത്തെ തേടിയെത്തി. 1937 മധ്യത്തോട് കൂടി മെലീസിന്റെ ആരോഗ്യനില വഷളാവുകയും പാരീസിലെ ലിയോ പോഡ് ബെലാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അർബുദ ബാധിതനായിരുന്ന അദ്ദേഹം 1938 ജനുവരി 21 ന് അന്തരിച്ചു. പെരെ ലെചൈസ് സെമിത്തേരിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ളത്.[6]

പ്രധാന ചിത്രങ്ങൾ[തിരുത്തുക]

മെലീസ് പുറത്തിറക്കിയ ചില ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ

 • ചീട്ട് കളി/Playing Cards (1896)
 • ഭൂതധിനിവേശമുള്ള മാളിക/ The Haunted Castle (1896)
 • അപ്രത്യക്ഷയാകുന്ന വനിത/ The Vanishing Lady / Escamotage d'une dame chez Robert Houdin (1896)
 • ചെകുത്താന്റെ വീട്/ The House of the Devil / Le Manoir du diable (1896)
 • ക്ലിയോപാട്ര/ Cleopatra (1899)
 • സിൻഡ്രല/ Cinderella / Cendrillon (1899)
 • ജോൻ ഓഫ് ആർക്ക്/ Joan of Arc (1900)
 • ചന്ദ്രനിലേക്കൊരു യാത്ര/ A Trip to the Moon / Le Voyage dans la lune (1902)
 • റബർ തലയുള്ള മനുഷ്യൻ/ The Man With The Rubber Head / L'Homme à la tête de caoutchouc (1902)
 • ഗള്ളിവറുടെ യാത്രകൾ/ Gulliver's Travels / Le Voyage de Gulliver à Lilliput et chez les Géants (1902)
 • മനുഷ്യർ വിശ്രമിക്കാത്ത സത്രം/ The Inn Where No Man Rests / L'Auberge du Bon Repos (1903)
 • വന ദേവതകളുടെ സാമ്രാജ്യം/ Kingdom of the Fairies / Le Royaume des fées (1903)
 • അസാധാരണ യാത്ര/ The Impossible Voyage / Voyage à travers l'impossible (1904)
 • അറേബ്യൻ ഭടന്മാരുടെ കൊട്ടാരം/ Palace of the Arabian Knights / Le Palais des Mille et une Nuits (1905)
 • പാരീസിൽ നിന്നും മൊന്റെ കാർലോയിലേക്ക്/ Paris to Monte Carlo / Le Raid Paris-Monte Carlo en deux Heures (1905)
 • മനുഷ്യത്വം കാലങ്ങളിലൂടെ/ Humanity Through the Ages (1908)
 • Conquest of the Pole / A la conquête du pôle (1912)
 • മഞ്ഞ് പടയാളി/ The Knight of the Snows / Le Chevalier des Neiges (1912)
 • സിൻഡ്രലയോ സ്ഫടിക പാദുകമൊ Cinderella or The Glass Slipper / Cendrillon ou La Pantoufle
 • ഗന്ധക കുന്നിലെ പിശാച് The Ghost of Sulpher Mountain (1912 -USA)
 • ജയിൽപ്പുള്ളിയുടെ കഥ The Prisoner's Story (1912 - USA)
 • Le Voyage de la famille Bourrichon (1913)

അവലംബം[തിരുത്തുക]

 1. "Méliès". Random House Webster's Unabridged Dictionary.
 2. Gress, Jon (2015). Visual Effects and Compositing. San Francisco: New Riders. p. 23. ISBN 9780133807240. Retrieved 21 February 2017.
 3. https://www.britannica.com/biography/Georges-Melies
 4. Rosen 1987, പുറം. 747.
 5. http://www.melies.eu/English.html
 6. https://www.imdb.com/name/nm0617588/bio?ref_=nm_ov_bio_sm

ഗ്രന്ഥസൂചി[തിരുത്തുക]

 • Cinémathèque Méliès (June 2013), "Dossier: la soirée historique du Grand Café, Georges Méliès y assistait...la veille!", Cinémathèque Méliès: Lettre d'information (37): 7, archived from the original on 2015-04-15, retrieved 2018-05-03
 • Frazer, John (1979), Artificially Arranged Scenes: The Films of Georges Méliès, Boston: G. K. Hall & Co., ISBN 0816183686
 • Malthête, Jacques; Mannoni, Laurent (2008), L'oeuvre de Georges Méliès, Paris: Éditions de La Martinière, ISBN 9782732437323
 • Rosen, Miriam (1987), "Méliès, Georges", in Wakeman, John (ed.), World Film Directors: Volume I, 1890–1945, New York: The H. W. Wilson Company, pp. 747–765

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജസ്_മെലീസ്&oldid=3632442" എന്ന താളിൽനിന്ന് ശേഖരിച്ചത്