ജൈവപാലങ്ങളും ജൈവഇടനാഴികളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യർ ഉണ്ടാക്കിയ തടസ്സങ്ങളെ സുരക്ഷിതമായി മറികടന്നുപോകാൻ മൃഗങ്ങൾക്കുവേണ്ടി ഉണ്ടാക്കുന്ന പാലങ്ങളും ഇടനാഴികളും പൊതുവേ ജൈവപാലങ്ങളും ജൈവഇടനാഴികളും (Wildlife crossing) എന്ന് അറിയപ്പെടുന്നു. പരിസ്ഥിതിയുടെ തുണ്ഡവൽക്കരണം വഴിയുണ്ടാവുന്ന പ്രത്യാഘാതങ്ങളെ മറികടക്കാൻ ഇവ ഒരു പരിധിവരെ ഇവ സഹായകമാകുമെന്ന് കണ്ടിട്ടുണ്ട്.

റോഡ്, റെയിൽ, വൈദ്യുതലൈൻ, പൈപ്പ്‌ലൈൻ ഇവയെല്ലാം ഉണ്ടാക്കാനായി മനുഷ്യൻ വന്യപ്രദേശത്ത് അതിക്രമിച്ചുകടക്കുന്നതുവഴി മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ നാശങ്ങൾ ഉണ്ടാകുന്നു. റോഡുകളാണ് ഇതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്. റോഡുകളും വന്യജീവിപ്രശ്നങ്ങളും ഏറെക്കാലങ്ങളായി പരിസ്ഥിതിശാസ്ത്രജ്ഞർ പഠിച്ച വിഷയമാണ്. ഇതുപ്രകാരം ഉള്ള പ്രശ്നങ്ങൾ നാലുതരത്തിൽ തിരിച്ചിട്ടുണ്ട്. (1) റോഡുകൾ ആവാസവ്യവസ്ഥയുടെ അളവും ഗുണവും കുറയ്ക്കുന്നു, (2) വന്യജീവികളുടെയും വാഹനങ്ങളുടെയും കൂട്ടിയിടിമൂലമുള്ള മരണം വർദ്ധിക്കുന്നു, (3) റോഡിന്റെ മറുഭാഗത്തുള്ള വെള്ളവും ഭക്ഷണവും മറ്റു സൗകര്യങ്ങളും മൃഗങ്ങൾക്ക് ലഭിക്കാതെ പോകുന്നു, (4) രണ്ടു ഭാഗത്തുമായി വേർതിരിക്കപ്പെടുന്നതുവഴി വന്യമൃഗങ്ങളുടെ കൂട്ടം ചെറുതാക്കുകയും അവയുടെ എണ്ണത്തിനുംനും ഭാവിക്കും ഭീഷണിയാവുകയും ചെയ്യുന്നു.

ഭക്ഷണം ലഭിക്കാതെ, റോഡിൽ കൊല്ലപ്പെട്ട്, ഭക്ഷണത്തിനടുത്ത് എത്താനാവാതെ വരുമ്പോൾ ഒരു കൂട്ടത്തിലെ എണ്ണം കുറയുന്നു. ഇക്കാര്യം കൊണ്ട് അമേരിക്കയിൽ മാത്രം വെള്ളവാലൻ മാൻ, ഫ്ലോറിഡ പൂമ, കറുത്ത കരടി എന്നിവയുടെ എണ്ണത്തിൽ കുറവുവരുത്തിയിട്ടുണ്ട്. കൂടാതെ വാഹനങ്ങൾ മൂലമുണ്ടാവുന്ന ശബ്ദം, വെളിച്ചം, വണ്ടിയിടിച്ചുള്ള മരണം, മലിനീകരണം എന്നിവയും വന്യമൃഗങ്ങളുടെ എണ്ണത്തിൽ കുറവുവരുത്തുന്നു. കൂടാതെ ആവാസവ്യവസ്ഥ മുറിഞ്ഞുപോകുന്നതും വഴിയോരങ്ങൾ മലിനമാകുന്നതുമൂലം മറ്റു സ്ഥലങ്ങളിൽ നിന്നും ഇങ്ങോട്ട് ജീവികൾ വരാതാകുന്നതും ഒരു ആവാസവ്യവസ്ഥയിലുള്ള ജീവികളുടെ വ്യത്യസ്തതയ്ക്കും കുറവുവരുത്തുന്നുണ്ട്. പുതിയ മലിനമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാത്തതും മൃഗങ്ങൾക്ക് ദോഷമായി ഭവിക്കുന്നു.

ഒരു പഠനപ്രകാരം കാട് മൊത്തമായി മുറിച്ചുമാറ്റുന്നതിലും ദോഷമാണ് അതിലെ ഒരു റോഡ് വരുന്നത് എന്നാണ്. മറ്റൊരു പഠനത്തിൽ വടക്കേ അമേരിക്കയിലെ തുടർച്ചായിക്കിടന്ന കാടുകളിലൂടെ റോഡുകൾ വന്നപ്പോൾ പക്ഷികളുടെയും ചെറിയ സസ്തനികളുടെയും, പ്രാണികളുടെയും ഇഴജീവികളുടെയും എണ്ണത്തിൽ കുറവ് വന്നു എന്നാണ് കണ്ടത്. ഇങ്ങനെ വനാന്തരപാതകൾ ലോകമെങ്ങും വന്യജീവിതത്തിന് വളരെ ഹാനികരമാണെന്ന് വരുന്നു.

സിംഗപ്പൂരിലുള്ള ജൈവമേൽപ്പാലം

മൃഗങ്ങളും വാഹനങ്ങളും തമ്മിലുള്ള കൂട്ടിയിടി[തിരുത്തുക]

സംരക്ഷണത്തിന്റെ ഭാഗത്തുനിന്നല്ലാതെ നോക്കിയാലും മൃഗങ്ങളും വാഹനങ്ങളും തമ്മിലുള്ള കൂട്ടിയിടി മൂലം ധാരാളം മനുഷ്യജീവിതത്തിനും വസ്തുവഹകൾക്കും നാശം സംഭവിക്കുന്നുണ്ട്. അംഗുലേറ്റകളുമായി മാത്രം യൂറോപ്പിൽ വർഷത്തിൽ 507000 കൂട്ടിയിടി ഉണ്ടാകുന്നുണ്ടെന്നും അതിൽ 300 മനുഷ്യർ കൊല്ലപ്പെടുന്നുണ്ടെന്നും 30000 പേർക്കു പരിക്കുപറ്റുന്നുണ്ടെന്നും കാണുന്നു. നൂറുകോടി ഡോളറിന്റെ സാമ്പത്തിക നഷ്ടവും ഇതുമൂലം ഉണ്ടായി. അതുപോലെ അമേരിക്കയിൽ വർഷംതോറും മാനുകൾ ഉൾപ്പെടുന്ന15 ലക്ഷത്തോളം അപകടങ്ങളിൽ110 കോടി ഡോളറിന്റെ നഷ്ടം വാഹനങ്ങൾക്കു മാത്രം ഉണ്ടാകുന്നതായി പഠനങ്ങൾ കാണിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന സാമ്പത്തിക-വന്യജീവി നഷ്ടങ്ങളെ പരിഹരിക്കാനായി നടന്ന പഠനങ്ങളിൽ ഏറ്റവും മികച്ചതെന്ന് ഉരുത്തിരിഞ്ഞുവന്ന പ്രതിവിധികളാണ് ജൈവപാലങ്ങളും ജൈവഇടനാഴികളും. ഇതോടൊപ്പം വഴിയോരങ്ങളിൽ വേലികൾ ഉണ്ടാക്കുന്നതും കൂടിയാകുമ്പോൾ ഏതാണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നുണ്ട്. ഈ വിവക്ഷകളിൽ underpasses, overpasses, ecoducts, green bridges, amphibian/small mammal tunnels, wildlife viaducts എന്നിവയെല്ലാം ഉൾപ്പെടുന്നു.

ചരിത്രവും സ്ഥലങ്ങളും[തിരുത്തുക]

1950 -കളിൽ ഫ്രാൻസിലാണ് ആദ്യമായി ഈ രീതികൾ പരീക്ഷിക്കപ്പെട്ടത്, തുടർന്ന് മറ്റു യൂറോപ്യൻ രാജ്യങ്ങളിലും വന്യജീവിതങ്ങളെ സംരക്ഷിക്കുന്നതിനും മുറിഞ്ഞുപോയ ബന്ധങ്ങളെ തിരികെക്കൊണ്ടുവരുന്നതിനുമായി ഉണ്ടാക്കി. വംശനാശഭീഷണിയിലുള്ള യൂറോപ്യൻ ബാഡ്‌ജറെ സംരക്ഷിക്കാനായി ഹോളണ്ടിൽ 600 -ലേറെ ഇടനാഴികളാണ് ഉണ്ടാക്കിയത്, ഇതുമൂലം അവയുടെ എണ്ണത്തിൽ വർദ്ധനയും ഉണ്ടായി. ഇവയിൽ മുകളിലൂടെ കടന്നുപോകുന്ന ഒരു പാലത്തിന് 800 മീറ്റർ നീളമുണ്ട്. ഇത്തരം നിർമ്മിതികൾ അമേരിക്കയിലും കാനഡയിലും ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അമേരിക്കയിൽ കഴിഞ്ഞ് 30 വർഷത്തിനിടയിൽ ആയിരക്കണക്കിനാണ് ഇവ ഉയർന്ന് വന്നത്.

ചെലവും ലാഭവും[തിരുത്തുക]

ഇത്തരം പാലങ്ങളും ഇടനഴികളും ഉണ്ടാക്കാനും നിലനിർത്താനും വേണ്ട ചെലവ് ഇതിൽ നിന്നും ലഭിക്കുന്ന ലാഭത്തെയപേക്ഷിച്ച് കുറവാണ്. ഒരു പഠനപ്രകാരം ആകെ നിർമ്മാണച്ചെലവ് 7-8 ശതമാനം കൂടുതലായിരിക്കും. യാത്രക്കാരുടെയും മൃഗങ്ങളുടെയും ജീവനും സ്വത്തിനുണ്ടാകുന്ന നാശവും പരിഗണിക്കുമ്പോൾ ഇത് അധികമല്ല.ഓരോ സ്ഥലത്തും അവിടത്തെ പരിതഃസ്ഥിതി അനുസരിച്ച് നിർമ്മിക്കേണ്ട രൂപത്തിൽ വ്യത്യാസമുണ്ടാവാം.

ഡിസൈൻ[തിരുത്തുക]

എങ്ങനെയയിരിക്കണം റോഡിനു മുകളിലുള്ള പാലങ്ങൾ എന്ന ഡിസൈൻ മൽസരത്തിൽ നൂറു മീറ്റർ വീതിയുള്ള ഒറ്റ കോൺക്രീറ്റ് പാലമാണ് മികച്ചതെന്ന് കണ്ടെത്തിയിരുന്നു. അവയിൽ നിറയെ മരങ്ങളും പുൽമേടുകളും നട്ടുവളർത്തുകയും ചെയ്താൽ മൃഗങ്ങളെ ആകർഷിക്കാൻ ആവുമെന്നായിരുന്നു കണ്ടെത്തൽ. നേരത്തെതന്നെ ഈ പാലം ഉണ്ടാക്കി വേണ്ടിടത്ത് എത്തിക്കുന്ന രീതിയിൽ ആയിരുന്നു ഡിസൈൻ.[1]

കേരളത്തിൽ[തിരുത്തുക]

ദേശീയപാത 212 -ലെ രാത്രിയാത്രാനിരോധനത്തിനു പരിഹരമായി ഇത്തരം പാലങ്ങൾ ഉണ്ടാക്കിയാൽ ഫലപ്രദമാകുമെന്ന് പഠനങ്ങൾ പറയുന്നു. കോൺക്രീറ്റ് മേൽപ്പാലത്തിൽ മണ്ണു നിറച്ച് ചെടികൾ നട്ട് വനത്തിന്റെ അന്തരീക്ഷമുണ്ടാക്കുന്ന് മേൽപ്പാലങ്ങളിലൂടെ ചുരുങ്ങിയ കാലത്തെ പരിചയം കൊണ്ടുതന്നെ മൃഗങ്ങക്ക് റോഡ് മുറിച്ചു കടക്കാനാവും. ഉരഗങ്ങൾക്കും ചെറുജീവികൾക്കും റോഡ് മുറിച്ചു കടക്കാനായി ജൈവ ഇടനാഴികളും ഫലപ്രദമാവും. 19 കിലോമീറ്റർ നീളത്തിലുള്ള റോഡിൽ കിലോമീറ്ററിന് ഒന്നെന്നതോതിൽ പാലങ്ങളും ഇടനാഴികളും ഉണ്ടാക്കിയാൽ യാത്രാനിരോധനത്തിനു പരിഹാരമാകുമെന്ന് പറയുന്നു. പാലം ഒന്നിന് ഒരു കോടി രൂപയാണ് ചെലവുവരികയെന്ന വാദം ഇതുസംബന്ധിച്ചുള്ള ആക്‌ഷൻകമ്മറ്റി സുപ്രീംകോടതിയിലും സർക്കാരിനും സമർപ്പിച്ചിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "Designing the Next Generation of Wildlife Crossings". United States Department of Transportation - Federal Highway Administration. March 2011. {{cite web}}: |access-date= requires |url= (help); Missing or empty |url= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-13. Retrieved 2016-02-14.

ഇവയും കാണുക[തിരുത്തുക]

പുസ്തകങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]