ജെറാൾഡ് ഡ്യൂറൽ
ജെറാൾഡ് ഡ്യൂറൽ | |
---|---|
ജനനം | ജെറാൾഡ് മാൽക്കം ഡറെൽ 7 ജനുവരി 1925 |
മരണം | 30 ജനുവരി 1995 | (പ്രായം 70)
അറിയപ്പെടുന്നത് | ജേഴ്സി മൃഗശാല സ്ഥാപകൻ, ടെലിവിഷൻ അവതാരകൻ, സംരക്ഷകൻ |
ജീവിതപങ്കാളി(കൾ) |
|
മാതാപിതാക്ക(ൾ) | ലോറൻസ് സാമുവൽ ഡറെൽ, ലൂയിസ ഡറെൽ |
കുടുംബം | Lawrence (brother), Margaret (sister), Leslie Durrell (brother) |
ജെറാൾഡ് മാൽക്കം ഡ്യൂറൽ (ജെറി;1925 ജനുവരി 7- 1995 ജനുവരി 30) ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ജന്തുശാസ്ത്രജ്ഞരിൽ ഒരാളാണ്. തന്റെ അനുഭവങ്ങളും, നിരീക്ഷണങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം മനോഹരമായ ഭാഷയിൽ എഴുതിവച്ചതുമൂലം സാധാരണക്കാരെക്കൂടി ജൈവസംരക്ഷണത്തിലേക്കു നയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പാശ്ചാത്യ സാഹിത്യകാരൻ ലോറൻസ് ഡ്യൂറൽ അദ്ദേഹത്തിൻറെ ജ്യേഷ്ഠസഹോദരനാണ്. ഡ്യൂറൽ വൈൽഡ്‌ലൈഫ് കോൺസർവേഷൻ ട്രസ്റ്റ്, ജേഴ്സി മൃഗശാല എന്നിവയുടെ ഉപജ്ഞാതാവുമാണ്.
ജീവിതരേഖ
[തിരുത്തുക]കുടുംബവും പശ്ചാത്തലവും
[തിരുത്തുക]ഇന്ത്യയിൽ ജാംഷഡ്‌പൂരിലാണ് ബ്രിട്ടീഷുകാരനായ ഡ്യൂറൽ 1925-ൽ ജനിച്ചത്. എഞ്ചിനീയറായ പിതാവ് 1928-ൽ മരിച്ചതോടെ കുടുംബം ഇന്ത്യവിട്ടു. പിന്നീട് ആ കുടുംബം ഗ്രീസിലെ കോർഫ്യൂ ദ്വീപിലായിരുന്നു താമസിച്ചത്. ഈജിയൻ കടലടുത്തുള്ള ജൈവവൈവിധ്യം ആവശ്യത്തിനുള്ള ആ പ്രദേശത്ത് വസിക്കുവാനാരംഭിച്ചതോടെയാണ് ജറാൾഡ് ജീവികളിൽ താത്പര്യമുള്ളവനാകുന്നത്. ജ്യേഷ്ഠൻ എഴുത്തും വായനയുമായി ഉൾവലിഞ്ഞപ്പോൾ ജറാൾഡ് എല്ലാ ജീവികളിലും ആനന്ദം കണ്ടെത്തി. കടൽജീവികളേയും ജറാൾഡ് അക്കാലത്ത് ശ്രദ്ധിച്ചിരുന്നു. വീടിനുള്ളിലും ജീവികൾ എത്താൻ തുടങ്ങിയപ്പോൾ ജറാൾഡിന്റെ ബന്ധുക്കൾ ജറാൾഡിനെ അലഞ്ഞു തിരിയാനാനുവദിക്കാതെ വിദ്യാഭ്യാസം നൽകാൻ തീരുമാനിച്ചു. ഏതു വിഷയം പഠിപ്പിക്കണമെങ്കിലും ജീവികളുമായി ബന്ധപ്പെടുത്തി പഠിപ്പിച്ചാൽ കുട്ടി നന്നായി പഠിക്കുന്നതായി അദ്ധ്യാപകർ നന്നായി മനസ്സിലാക്കി. ജന്തുകഥകളിലൂടെയാണ് തനിക്ക് വിദ്യാഭ്യാസം ലഭിച്ചതെന്ന് ജറാൾഡ് തന്നെ പറഞ്ഞിട്ടുണ്ട്. ജറാൾഡിന്റെ ജീവിതത്തിനു ദിശാബോധം നൽകിയത് തിയഡോർ സ്റ്റെഫാനീഡസ് എന്ന് അദ്ധ്യാപകനായിരുന്നു. ശാസ്ത്ര്രീയമായ പ്രകൃതിശാസ്ത്രപഠനരീതി കുട്ടിയെ പഠിപ്പിച്ചത് തിയഡോറാണ്. ശേഖരിക്കുന്ന ജീവികൾ തമ്മിലുള്ള വ്യത്യാസത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടതും തിയോഡോറാണ്.
പ്രകൃതിയിലേക്ക്
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടുകൂടി ഡ്യൂറൽ കുടുംബം ഇംഗ്ലണ്ടിലേക്ക് താമസം മാറി. ജറാൾഡ് സ്കൂളിൽ ചേർന്ന് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചെങ്കിലും ബിരുദം നേടാനും മറ്റും ശ്രമിച്ചില്ല. ആദ്യം ഒരു കടയിലും പിന്നീട് അടുത്തുള്ള മൃഗശാലയായ വൈപ്സ്നേട് മൃഗശാലയിലും ജോലിനേടി. മൃഗങ്ങളുമായുള്ള സഹവാസം ജെറാൾഡിൽ അവയെ കുറിച്ച് കൂടുതൽ പഠിക്കാനുള്ള ആഗ്രഹം ഉണ്ടാക്കി, എന്നാലതിനുള്ള പണം കൈയിലില്ലായിരുന്നു. ആ സമയത്ത് മരിച്ച ഒരു അമ്മായിയുടെ ഭാഗമായി ലഭിച്ച മൂവായിരം പവനുപയോഗിച്ച് അയാൾ കാമറൂണിലേക്കും പിന്നീട് ബ്രിട്ടീഷ് ഗയാനയിലേക്കും ജന്തുശേഖരണ പര്യടനങ്ങൾ നടത്തി. നിരവധി ജന്തുക്കളെ കഷ്ടപ്പെട്ടു ശേഖരിക്കുകയും ഇംഗ്ലണ്ടിലെ വിവിധ മൃഗശാലകളിലേക്ക് വിൽക്കുകയും ചെയ്തു. എന്നാൽ പലമൃഗങ്ങളും രോഗം വന്നും മറ്റും ചത്തുപോവുകയാണുണ്ടായത്. ജെറാൾഡിനാകട്ടെ ജന്തുക്കളോടുള്ള താത്പര്യം വർദ്ധിക്കാനും തുടങ്ങി.
ജേഴ്സി മൃഗശാല
[തിരുത്തുക]സ്വന്തം താത്പര്യമനുസരിച്ച് മൃഗങ്ങളെ പരിപാലിക്കാനുള്ള മാർഗ്ഗം സ്വന്തം മൃഗശാല ആരംഭിക്കുന്നതാണ് എന്നു മനസ്സിലായ ജറാൾഡിന് അതിനുള്ള പണം കൈയിലില്ലായിരുന്നു. ജ്യേഷ്ഠനും എഴുത്തുകാരനുമായ ലോറൻസിന്റെ ഉപദേശമനുസരിച്ച് ജെറാൾഡ് തന്റെ യാത്രകൾ എഴുതി പുറത്തിറക്കി. ജന്തുപ്രേമികൾക്കിടയിൽ മാത്രമല്ല, സാമാന്യജനങ്ങൾക്കും പ്രിയങ്കരങ്ങളായിത്തീർന്ന പുസ്തകങ്ങൾ ജെറാൾഡിനു നല്ല സമ്പാദ്യമുണ്ടാക്കി കൊടുത്തു. അതുപയോഗിച്ച് ജെറാൾഡ് കൂടുതൽ സാഹസിക പര്യവേക്ഷണങ്ങൾ ആരംഭിച്ചു. തെക്കെ അമേരിക്കൻ വനാന്തരങ്ങളും, സാവന്നകളും, പ്രെയറി പ്രദേശങ്ങളും കൂലങ്കഷമായി ജറാൾഡ് നിരീക്ഷിച്ചു. 1958-ൽ ജെറാൾഡിന്റെ സ്വപ്നമായ മൃഗശാല സാക്ഷാത്കാരപ്പെട്ടു. ഇംഗ്ലീഷ് ചാനൽ ദ്വീപായ ആഗ്രെസ് മാനറിലാണ് മൃഗശാല സ്ഥാപിതമായത്. ലോകത്തെങ്ങുനിന്നുമുള്ള മൃഗങ്ങൾ അവിടുണ്ടായിരുന്നുവെങ്കിലും ദക്ഷിണാമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുമുള്ള ജീവികളെയായിരുന്നു ജറാൾഡ് കൂടുതലായി പരിപാലിച്ചു വന്നത്. സാമ്പ്രദായിക മൃഗശാലകളിൽ നിന്നും വ്യത്യസ്തമായ ജേഴ്സി മൃഗശാലയിൽ അപൂർവ്വ ജീവികളെ ശേഖരിച്ച് പ്രജനനം ചെയ്യുകയും അവയെ തനത് ആവാസവ്യവസ്ഥകളിലേക്ക് തിരിച്ചുവിടുകയും ചെയ്തുവരുന്നു. 1963- മുതൽ ജേഴ്സി വൈൽഡ് ലൈഫ് ട്രസ്റ്റിന്റെ കീഴിലാണ് മൃഗശാല. സന്ദർശകരിൽ നിന്നുള്ള വരുമാനവും, ജെറാൾഡിന്റെ പുസ്തകങ്ങളിൽ നിന്നുമുള്ള വരുമാനങ്ങളും, സംഭാവനകളുമാണ് മൃഗശാലയുടെ വരുമാനം.വൈൽഡ്‌ലൈഫ് കോൺസർവേഷൻ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയും ജെറാൾഡ് തുടങ്ങിയിട്ടുണ്ട്.
വൈവാഹിക ജീവിതം
[തിരുത്തുക]1953-ൽ ജാക്വിലിൻ റസൻ എന്ന ഗായികയെ വിവാഹം ചെയ്തെങ്കിലും കാട്ടിലുള്ള ജീവിതം മടുത്ത ജാക്വിലിൻ വിവാഹമോചനം നേടി. 1979-ൽ ലീ എന്ന അമേരിക്കൻ ജന്തുശാസ്ത്രജ്ഞയെ വിവാഹം ചെയ്തു. അപൂർവ്വ ജന്തുക്കളുടെ സംരക്ഷണത്തിനാണ് ജെറാൾഡ് ദമ്പതിമാർ(ജെറാൾഡ്-ലീ) പ്രാധാന്യം കൊടുത്തു വന്നത്.
അവസാന കാലം
[തിരുത്തുക]വിശ്രമമില്ലാത്ത പ്രവർത്തനങ്ങളും കടുത്ത മദ്യപാനവും ജെറാൾഡിന്റെ ആരോഗ്യം താറുമാറാക്കി. 1980 മുതൽക്കെ ജറാൾഡ് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു വന്നു. 1990-ൽ നടത്തിയ മഡഗാസ്കർ യാത്രയോടുകൂടി ജറാൾഡ് കൂടുതൽ അവശനായി. 1994-ൽ നടത്തിയ കരൾമാറ്റ ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധ 1995 ജനുവരി മുപ്പതിന് ജറാൾഡിന്റെ ജീവനെടുത്തു.
പ്രധാന കൃതികൾ
[തിരുത്തുക]- My Family and Other Animals (എന്റെ കുടുംബവും മറ്റ് മൃഗങ്ങളും)
- Birds, Beasts and Relatives (പക്ഷികൾ, മൃഗങ്ങൾ, സ്വന്തക്കാർ)
- The Garden of the Gods. (ദ് ഗാർഡൻ ഓഫ് ദ് ഗോഡ്സ്)