ജെന്ന കോൾമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെന്ന കോൾമാൻ
Coleman at the MagicCity ComicCon (2016)
ജനനം
Jenna-Louise Coleman

(1986-04-27) 27 ഏപ്രിൽ 1986  (38 വയസ്സ്)
വിദ്യാഭ്യാസംArnold School
തൊഴിൽActress
സജീവ കാലം2005–present

ജെന്ന-ലൂയിസ് കോൾമാൻ (ജനനം: ഏപ്രിൽ 27, 1986)[1] ഒരു ഇംഗ്ലീഷ് നടിയാണ്. പ്രവർത്തന രംഗത്ത് അവർ ജെന്ന കോൾമാൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.[2][3] ബ്രിട്ടീഷ് ടെലിവിഷനിലെ തന്റെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ ജെന്ന കോൾമാൻ, എമ്മെർഡേൽ (2005-2009) എന്ന സോപ്പ് ഓപ്പറയിലെ ജാസ്മിൻ തോമസ്, ഡോക്ടർ ഹു ((2012–2015, 2017) എന്ന സയൻസ് ഫിക്ഷൻ പരമ്പരയിലെ പതിനൊന്നാമത്തേയും പന്ത്രണ്ടാമത്തേയും ഡോക്ടർമാരുടെ അകമ്പടിക്കാരിയായ ക്ലാര ഒസ്വാൾഡ്, ITV യുടെ വിക്ടോറിയ (2016 - തുടരുന്നു) എന്ന ജീവചരിത്ര പരമ്പരയിലെ വിക്ടോറിയ രാജ്ഞി എന്നീ കഥാപാത്രങ്ങളിലൂടെയും ദ ക്രൈ എന്ന ടെലിവിഷൻ പരമ്പരയിലെ നായികാവേഷത്തിലൂടെയുമാണ് കൂടുതൽ ജനശ്രദ്ധ നേടിയത്.

ഇംഗ്ലണ്ടിൽ ലങ്കാഷയറിലെ ബ്ലാക്ൿപൂളിൽ ജനിച്ച ജെന്ന കോൾമാൻ, 'യെസ് സ്പേസ്' എന്ന നാടക കമ്പനിയിലെ അംഗമെന്ന നിലയിൽ ചെറുപ്പകാലത്തുതന്നെ അഭിനയരംഗത്തെത്തിയിരുന്നു.[4] 2005 ൽ നാടക സ്കൂളുകളിലെ ഓഡിഷനിൽ പങ്കെടുക്കവേ എമ്മെർഡേൽ എന്ന ടെലിവിഷൻ പരമ്പരയിലെ ജാസ്മിൻ തോമസിനെ അവതരിപ്പിക്കുവാനായി ജെന്ന തിരഞ്ഞെടുക്കപ്പെട്ടു. ഈ പരമ്പരയിലെ അവരുടെ പ്രകടനം നിരൂപക പ്രശംസ നേടുകയും 2006 ലെ നാഷണൽ ടെലിവിഷൻ അവാർഡുകളിൽ മികച്ച ജനപ്രിയ നവാഗത പ്രതിഭയ്ക്കുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.[5]

സ്കൂൾ ജീവിതം ആസ്പദമാക്കി ബിബിസി നിർമ്മിച്ച ‘വാട്ടർലൂ റോഡ്’ (2009) എന്ന നാടകീയ പരമ്പരയിലെ ലിൻഡ്സേ ജെയിംസ് എന്ന പരുക്കൻ പെൺകുട്ടി, ജോൺ ബ്രെയിനെയുടെ ‘റൂം അറ്റ് ദ ടോപ്പ് ‘(2012) എന്ന നോവലിനെ ആസ്പദമാക്കി  ‘ബിബിസി ഫോർ’ ചാനൽ അവതരിപ്പിച്ച ഒരു ടെലിവിഷൻ പരമ്പരയിലെ സൂസന് ബ്രൌൺ, ജൂലിയൻ ഫെല്ലോവ്സിന്റെ നാലു ഭാഗങ്ങളുള്ള ‘ടൈറ്റാനിക്’ (2012) എന്ന മിനി പരമ്പരയിലെ ആനീ ഡെസ്മോണ്ട്, ‘ഡാൻസിംഗ് ഓണ് ദ എഡ്ജ്’ (2013) എന്ന സ്റ്റീഫൻ പോളിയാക്കോഫിന്റെ യഥാർത്ഥ നാടക പരമ്പരയിലെ റോസീ എന്നിവ ജെന്ന കോൾമാന്റെ ഏറെ ശ്രദ്ധേയത നേടിയ കഥാപാത്രങ്ങളായിരുന്നു. 2013 ൽ ‘ഡെത്ത് കംസ് ടു പെമ്പെർലി’ എന്ന ബിബിസി നാടകീയ മിനി പരമ്പരയിൽ ലിഡിയ വിക്ക്മാന്റെ വേഷത്തിലും 2016 ലെ ‘മി ബിഫോർ യു’ എന്ന പ്രണയ ചലച്ചിത്രത്തിലെ കത്രീന ക്ലാർക്കിന്റെ വേഷത്തിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

ലങ്കാഷെയറിലെ ബ്ലാക്ക്പൂളിൽ കാരെൻ, കെയ്ത് കോൾമാൻ എന്നിവരുടെ പുത്രിയായി ജെന്ന കോൾമാൻ ജനിച്ചു. ബെൻ എന്നു പേരുള്ള ഒരു സഹോദരനും അവർക്കുണ്ട്. അർനോൾഡ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്ത കോൾമാൻ, അവിടെ വിദ്യാർത്ഥിനികളുടെയിടയിലെ ലീഡർ ആയിരുന്നു. ഒരു സാമ്പ്രദായിക കലാലയ അനുഭവം ലഭിക്കാതെയിരുന്നതിൽ താൻ പരിതപിക്കുന്നുവെന്ന് അവർ ഒരിക്കൽ പറഞ്ഞിരുന്നു. സ്കൂൾ വിദ്യാഭ്യാസകാലത്ത് ‘യെസ് സ്പേസ്’ എന്ന തീയേറ്റർ കമ്പനിയിലെ അംഗമായിരുന്ന കോൾമാൻ എഡിൻബർഗ് ഉത്സവത്തിൽ ക്രിസ്റ്റൽ ക്ലിയർ എന്ന നാടകത്തിൽ അഭിനയിച്ചിരുന്നു.  ഇതിലെ പ്രകടനത്തിന്റെ പേരിൽ കോൾമാന് ഒരു പുരസ്കാരം ലഭിക്കുകയും നാടകം അനുകൂല പ്രതികരണമുളവാക്കുകയും ചെയ്തു. 2015 ൽ ദ റേഡിയോ ടൈംസുമായുള്ള അഭിമുഖത്തിൽ, 'ഡള്ളാസ്' എന്ന 1980 കളിലെ അമേരിക്കൻ ടെലിവിഷൻ നാടക പരമ്പരയിൽ പ്രിസില്ല ബ്യൂളിയൂ പ്രെസ്ലി അവതരിപ്പിച്ച ജെന്ന വേഡ് എന്ന കഥാപാത്രത്തിന്റെ പേരിൽ ആകർഷിക്കപ്പെട്ടാണ് മുത്തശ്ശി തനിക്കു ജെന്ന എന്ന പേരു നൽകിയതെന്നു അവർ വെളിപ്പെടുത്തിയിരുന്നു.  

അവലംബം[തിരുത്തുക]

  1. Jeffery, Morgan (21 March 2012). "Jenna-Louise Coleman: Ten Things about the new 'Doctor Who' star". Digital Spy. Hearst Magazines UK. Retrieved 21 March 2012.
  2. Jones, Paul. "Jenna Coleman and the mystery of the missing Louise". Radio Times. Archived from the original on 2015-11-04. Retrieved 20 June 2013.
  3. "Doctor Who, Coleman: 50th anniversary. Rings of Akhaten", TV guide
  4. Jeffrey, Morgan (29 May 2012). "'Room at the Top': BBC Four drama to air following legal dispute". Digital Spy. Retrieved 29 May 2012.
  5. Wilkes, Neil; Welsh, James (31 October 2006). "National TV Awards 2006: Full winners list". Digital Spy. Hachette Filipacchi UK. Retrieved 19 March 2012.
"https://ml.wikipedia.org/w/index.php?title=ജെന്ന_കോൾമാൻ&oldid=3797239" എന്ന താളിൽനിന്ന് ശേഖരിച്ചത്