Jump to content

ജൂലിയ ഹോംസ് സ്മിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലിയ ഹോംസ് സ്മിത്ത്, 1893 ൽ.

ജൂലിയ ഹോംസ് സ്മിത്ത് (ജീവിതകാലം: ഡിസംബർ 23, 1839 - നവംബർ 10, 1930) അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയയിൽ നിന്നുള്ള ഒരു അമേരിക്കൻ ഫിസിഷ്യനും പ്രസാധകയും സർവ്വോപരി ഒരു വോട്ടവകാശവാദിയുമായിരുന്നു. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചുവളർന്ന അവർ സ്വകാര്യ പഠനങ്ങളിലൂടെ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ന്യൂയോർക്ക് നഗരത്തിലെ ഒരു വനിതാ വിദ്യാലയത്തിൽ ഉപരിപഠനത്തിന് ചേർന്നു. ചെറുപ്രായത്തിൽത്തന്നെ വിധവയായിത്തീർന്ന സ്മിത്ത് 1872-ൽ പുനർവിവാഹം കഴിക്കുകയും ബോസ്റ്റൺ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലും ഷിക്കാഗോ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലും വൈദ്യശാസ്ത്ര ക്ലാസുകളിൽ സംബന്ധിക്കുകയും ചെയ്തു. ഇല്ലിനോയിയിലെ ഷിക്കാഗോയിൽനിന്ന് വൈദ്യശാസ്ത്ര പരിശീലനം ആരംഭിച്ച അവർ നാഷണൽ മെഡിക്കൽ കോളേജിന്റെ ആദ്യത്തെ ഡീൻ ആയിരുന്നു. 1895-ൽ ഇല്ലിനോയി സർവകലാശാലയുടെ ആദ്യത്തെ വനിതാ ട്രസ്റ്റിയായി അവർ നിയമിക്കപ്പെട്ടു.

ജീവിതരേഖ

[തിരുത്തുക]

1839 ഡിസംബർ 23 ന് ജോർജിയയിലെ സാവന്നയിൽ ഒരു സമ്പന്ന കുടുംബത്തിലാണ് ജൂലിയ ഹോംസ് ജനിച്ചത്. ലൂയിസിയാനയിലെ ന്യൂ ഓർലിയാൻസിൽ ബാല്യകാലം ചെലവഴിച്ച ഹോംസ് വീട്ടിലിരുന്നാണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തത്. അവൾ ന്യൂയോർക്ക് നഗരത്തിലെ വിദ്യാലയത്തിൽ ചേർന്നു, പതിനെട്ട് വയസ്സുള്ളപ്പോൾ സ്‌പിംഗ്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗേൾസിൽ നിന്ന് ബിരുദം നേടി. 1860-ൽ പ്രിൻസിപ്പൽ ഗോർഹാം ഡമ്മർ ആബട്ടിന്റെ അനന്തരവൻ വാൾഡോ ആബട്ടിനെ ഹോംസ് വിവാഹം കഴിച്ചു. നാലു വർഷത്തിനുശേഷം മഞ്ഞപ്പനി ബാധിച്ച് ഒരു മകനെയും ഒരു മകളെയും ഉപേക്ഷിച്ച് ഭർത്താവ് മരിച്ച് ഏകദേശം മാസങ്ങൾക്ക് ശേഷം മകളും മരണമടഞ്ഞു. ഇതിനിടയിൽ സ്വയം താങ്ങാകാൻ, ഹോംസ് ഒരു വിദ്യാലയത്തിൽ അദ്ധ്യാപികയായി ജോലി നേടുകയും ഒപ്പം പ്രസിദ്ധീകരണ രംഗത്ത് നിലയുറപ്പിക്കുകയും ചെയ്തു. ന്യൂ ഓർലിയൻസ് പിക്കായൂൺ എന്ന പത്രത്തിലെ നാടക നിരൂപകയായിരുന്നു അവർ.[1]

1872-ൽ, ഹോംസ് ഒരു സമ്പന്ന വ്യാപാരിയായിരുന്ന സബിൻ സ്മിത്തിനെ വിവാഹം കഴിക്കുകയും അദ്ദേഹത്തോടൊപ്പം മസാച്യുസെറ്റ്സിലെ ബോസ്റ്റണിലേക്ക് താമസം മാറ്റുകയും ചെയ്തു. 1872 മുതൽ 1874 വരെ ബോസ്റ്റൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ ചേർന്ന അവർ തുടർന്ന് ന്യൂയോർക്ക് നഗരത്തിൽ വൈദ്യശാസ്ത്രം പഠിച്ചു. 1876-ൽ ഇല്ലിനോയിയിലെ ഷിക്കാഗോയിലേക്ക് മാറിയ അവർ, അവിടെ ഷിക്കാഗോ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്ര വിദ്യാഭ്യാസം പൂർത്തിയാക്കുകയും, 1877-ൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു.[2]

ജനറൽ, മെഡിക്കൽ ഗൈനക്കോളജി എന്നിവയിൽ പ്രത്യേകമായി സ്‌മിത്ത് ഒരു വൈദ്യശാസ്ത്ര പരിശീലനം ആരംഭിച്ചു. ഷിക്കാഗോ ഹോമിയോപ്പതിയിൽ സ്ത്രീ രോഗങ്ങളെ കുറിച്ചും അവർ പ്രഭാഷണം നടത്തി. നാഷണൽ മെഡിക്കൽ കോളജിൻറെ ആദ്യ ഡീനായിരുന്ന അവർ അവിടെ മൂന്ന് വർഷം സേവനമനുഷ്ഠിച്ചു. 1886-ൽ തന്റെ ഭവനം കേന്ദ്രമാക്കി അവർ ഇല്ലിനോയി വുമൺസ് പ്രസ് അസോസിയേഷൻറെ സഹ-സ്ഥാപകയായി. ക്വീൻ ഇസബെല്ല അസോസിയേഷന്റെ സ്ഥാപകാംഗമായിരുന്നു.[3] 1893-ലെ കോൺഗ്രസ് ഓഫ് വുമൺ ഓഫ് ദി വേൾഡ്സ് കൊളംബിയൻ എക്‌സ്‌പോസിഷന്റെ ഡയറക്ടർ ബോർഡിൽ അവർ ഉണ്ടായിരുന്നു. 1894-ൽ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയുടെ ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെടാനുള്ള ഒരു സ്ഥാനത്തിനായി മത്സരിച്ച അവർ പരാജയപ്പെട്ടു. എന്നിരുന്നാലും, ഒഴിവുനികത്തുന്നതിനായി അടുത്ത വർഷം, ഗവർണർ ജോൺ പീറ്റർ ആൾട്ട്‌ഗെൽഡ് സ്‌മിത്തിനെ സ്‌കൂളിലെ ആദ്യത്തെ വനിതാ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. അടുത്ത വർഷം യൂണിവേഴ്‌സിറ്റി ബോർഡിലേക്കുള്ള പതിനെട്ട് സ്ഥാനാർത്ഥികളിൽ പതിനൊന്നും സ്ത്രീകളായിരുന്നു.[4]

അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ സഹകാരിയും അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതിയിലെ അംഗവുമായിരുന്നു സ്മിത്ത്. ഇല്ലിനോയിയിലെ ഓക്ക് പാർക്കിലാണ് അവൾ താമസിച്ചിരുന്നത്. സ്മിത്ത് 1917-ൽ വിരമിക്കുകയും 1930 നവംബർ 10-ന് ഇല്ലിനോയിയിലെ വിൻനെറ്റ്കയിൽ വച്ച് മരണപ്പെടുകയും ചെയ്തു. ചിക്കാഗോയിലെ ഗ്രേസ്‌ലാൻഡ് സെമിത്തേരിയിൽ സംസ്‌കരിച്ചു.[5]

അവലംബം

[തിരുത്തുക]
  1. Chicago Medical Society (1922). History of Medicine and Surgery and Physicians and Surgeons of Chicago. Chicago, IL: The Biographical Publishing Corporation. p. 828.
  2. Chicago Medical Society (1922). History of Medicine and Surgery and Physicians and Surgeons of Chicago. Chicago, IL: The Biographical Publishing Corporation. p. 828.
  3. Weimann, Jeanne Madeline (1981). The Fair Women. Academy Chicago. ISBN 0897330250.
  4. Chicago Medical Society (1922). History of Medicine and Surgery and Physicians and Surgeons of Chicago. Chicago, IL: The Biographical Publishing Corporation. p. 828.
  5. Cook, Marlene (May 2006). "So We All May Be Heard". Pen Points, Illinois Woman's Press Association. Archived from the original on August 26, 2014. Retrieved August 25, 2014.
"https://ml.wikipedia.org/w/index.php?title=ജൂലിയ_ഹോംസ്_സ്മിത്ത്&oldid=3944023" എന്ന താളിൽനിന്ന് ശേഖരിച്ചത്