ജഫ്‌താ
എബ്രായ ബൈബിളിൽ ന്യായാധിപന്മാരുടെ പുസ്തകത്തിലെ ഒരു കഥാപാത്രമാണ് ജഫ്‌താ. യിഫ്‌താഹ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. അമ്മോനിയർക്കെതിരായുള്ള യുദ്ധത്തിൽ ഇസ്രായേലിനെ വിജയത്തിലേയ്ക്ക് നയിക്കുന്നതിനുമുൻപ് വീണ്ടുവിചാരമില്ലാതെ ചെയ്ത ഒരു ശപഥം പാലിയ്ക്കാനായി, വിജയാനന്തരം തന്റെ ഏകസന്താനമായ പുത്രിയെ ദൈവത്തിന് ദഹനബലിയായി അർപ്പിക്കേണ്ടിവന്നതിന്റെ പേരിലാണ് ജഫ്‌താ പ്രധാനമായും അനുസ്മരിക്കപ്പെടുന്നത്. ഇസ്രായേലിന്മേൽ ന്യയാധിപനായി ആറുവർഷക്കാലം അദ്ദേഹം ഭരണം നടത്തി.[1] മനശ്ശെയുടെ ഗോത്രത്തിലെ അംഗമായിരുന്ന ജഫ്‌താ, ഗിലെയാദിലാണ് ജീവിച്ചിരുന്നത്. ജഫ്‌തായുടെ പിതാവിന്റെ പേരും ഗിലെയാദ് എന്നായിരുന്നു.
കഥ
[തിരുത്തുക]ഗിലെയാദുകാരനായ ജഫ്‌താ വീരയോദ്ധാവായിരുന്നെങ്കിലും വേശ്യാപുത്രനായിരുന്നു. പിതാവിന്റെ ഇതരപുത്രന്മാർ അയാളെ വീട്ടിൽ നിന്ന് പുറത്താക്കിയതിനാൽ അയാൾ തോബിന്റെ ദേശത്തു ചെന്നു വസിച്ചു. അവിടെ വിലകെട്ടവരുടെ വലയത്തിൽ ചുറ്റിയടിച്ച് അയാൾ സമയം പോക്കി. എന്നാൽ അമ്മോനിയരോടുള്ള യുദ്ധത്തിൽ സഹായം ആവശ്യമായി വന്നപ്പോൾ ഗിലെയാദിലെ മൂപ്പന്മാർ ജഫ്‌തായെ ചെന്നുകണ്ടു.[2] യുദ്ധത്തിൽ ജയിച്ചാൽ അവരുടെ തലവൻ താനായിരിക്കുമെന്ന വ്യവസ്ഥയിൽ ജഫ്‌താ അവരോടൊപ്പം ചെന്നു. അമ്മോനിയരുടെ രാജാവുമായുള്ള കലഹം നയതന്ത്രമാർഗ്ഗങ്ങൾ ഉപയോഗിച്ച് പരിഹരിക്കാനാണ് ജഫ്‌താ ആദ്യം ശ്രമിച്ചത്. അത് പരാജയപ്പെട്ടപ്പോൾ അയാൾ യുദ്ധത്തിനൊരുങ്ങി.
ശപഥവും പരിണാമവും
[തിരുത്തുക]യുദ്ധത്തിനായി അമ്മോനിയരുടെ അതിരുകടക്കുമ്പോൾ ജഫ്‌താ കർത്താവിനോട് ഇങ്ങനെ ശപഥം ചെയ്തു പറഞ്ഞു: "അമ്മോനിയരെ നീ എന്റെ കയ്യിൽ അകപ്പെടുത്തുമെങ്കിൽ ഞാൻ അവരുടെ ഇടയിൽ നിന്ന് വിജയിയായി മടങ്ങി വരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽ നിന്ന് എന്നെ കാണാൻ ആദ്യമായി ഇറങ്ങി വരുന്നത് ആരായാലും അയാൾ കർത്താവിനുള്ളതായിരിക്കും. ഞാൻ അയാളെ ഹോമബലിയായി അർപ്പിക്കും."[3]
യുദ്ധത്തിൽ ജയിച്ച് വീട്ടിൽ മടങ്ങിയെത്തിയ ജഫ്‌താ ആദ്യം കണ്ടത് നൃത്തവാദ്യങ്ങളുമായി തന്നെ സ്വീകരിക്കാൻ ഇറങ്ങിവന്ന ഏകസന്താനമായ മകളെയാണ്. അവളെ കണ്ടപ്പോൾ, തന്റെ വസ്ത്രങ്ങൾ വലിച്ചുകീറിക്കൊണ്ട് അയാൾ ഇങ്ങനെ പറഞ്ഞു: "ഹാ! എന്റെ മകളേ! നീ എന്നെ കഷ്ടത്തിലാക്കിയല്ലോ! നീ എനിക്കു മഹാ ദുരിതത്തിനു കാരണമായിരിക്കുന്നു. ഞാൻ കർത്താവിനോടു വാക്കു പറഞ്ഞുപോയി. അത് പിൻവലിക്കാൻ എനിക്കു സാധിക്കുകയുമില്ല." അതിന് അവളുടെ മറുപടി ഇതായിരുന്നു: "എന്റെ അപ്പാ, കർത്താവിന് അങ്ങു വാക്കു കൊടുത്തുവെങ്കിൽ അങ്ങു വാക്കു പറഞ്ഞതുപോലെ തന്നെ എന്നോടു പ്രവർത്തിക്കുക....(എന്നാൽ) എനിക്കുവേണ്ടി ഈ ഒരു കാര്യം ചെയ്യുക. എന്റെ കന്യാവസ്ഥയെക്കുറിച്ച് വിലപിച്ചു കൊണ്ട് പർവതങ്ങളിൽ അലഞ്ഞുനടക്കാൻ എന്നെയും എന്റെ സഖിമാരെയും രണ്ടുമാസത്തേയ്ക്ക് സ്വൈരമായി വിടുക." മകളുടെ അഭ്യർത്ഥന ജഫ്‌താ അനുവദിച്ചു. പർവതങ്ങളിൽ രണ്ടു മാസത്തെ വിലാപം പൂർത്തിയായപ്പോൾ അവൾ പിതാവിന്റെ അടുക്കൽ മടങ്ങി വന്നു. അയാൾ കർത്താവിനോടുള്ള തന്റെ വാഗ്ദാനമനുസരിച്ച് അവളോടു പ്രവർത്തിക്കുകയും ചെയ്തു. അതിനാൽ വർഷം തോടും ഇസ്രായേൽ പുത്രിമാർ ജഫ്‌തായുടെ പുത്രിയെക്കുറിച്ച് വിലപിക്കുകയെന്നത് ഇസ്രായേലിൽ ആചാരമായിത്തീർന്നു.[4]
'ശിബ്ബോലെത്'
[തിരുത്തുക]അമ്മോനിയരുമായുള്ള യുദ്ധത്തിൽ ജഫ്‌താ തങ്ങളുടെ സഹകരണം തേടാതിരുന്നതിൽ ഇസ്രായേൽ ഗോത്രങ്ങളിലൊന്നായ എഫ്രായീം അയാളോടു കോപിച്ചു. അയാളെ വീടിനകത്തിട്ട് ചുട്ടെരിക്കുമെന്ന് അവർ ഭീഷണി മുഴക്കി. തുടർന്ന് എഫ്രായീമുമായി നടന്ന യുദ്ധത്തിലും ജഫ്‌താ ഗിലെയാദിനെ വിജയത്തിലേയ്ക്ക് നയിച്ചു. പരാജയപ്പെട്ട എഫ്രായീംകാരിൽ ചിലർ ഗിലെയാദിയരാണെന്ന് നടിച്ച് രക്ഷപെട്ടോടാൻ ശ്രമിച്ചു. ജോർദ്ദാൻ നദി കടന്നുപോകാൻ ശ്രമിച്ച അവരെ ഗിലെയാദുകാർ പിടികൂടി ചോദ്യം ചെയ്തു. ഗിലെയാദുകാരെന്നവകാശപ്പെട്ട അവരോട്, അരുവി എന്നർത്ഥമുള്ള "ശിബ്ബോലെത്" എന്ന എബ്രായ വാക്ക് ഉച്ചരിക്കാൻ ഗിലെയാദിയർ ആവശ്യപ്പെട്ടു. എഫ്രായീംകാർ ആ വാക്കിന് ശീലിച്ചിരുന്ന ഉച്ചാരണം "സിബ്ബോലെത്" എന്നായിരുന്നതിനാൽ അവരെ തിരിച്ചറിഞ്ഞ് വധിക്കാനായി. എഫ്രായീംകാരിൽ 42,000 പേർ അങ്ങനെ വധിക്കപ്പെട്ടു.
വിലയിരുത്തൽ
[തിരുത്തുക]വീണ്ടുവിചാരമില്ലാതെ നടത്തിയ ഒരു പ്രതിജ്ഞ നിറവേറ്റാനായി സ്വന്തം മകളെ ബലികഴിച്ചതടക്കമുള്ള ജഫ്‌തായുടെ പ്രവൃത്തികളെക്കുറിച്ച് എബ്രായബൈബിളിലെ പാഠം ഒരുതരത്തിലുമുള്ള വിധിപ്രസ്താവനയും നടത്തുന്നില്ല. ജഫ്‌തായുടെ നടപടിയെ ന്യായാധിപന്മാരുടെ പുസ്തകത്തിന്റെ കർത്താക്കൾ പിന്തുണച്ചിരുന്നോ എന്ന് വ്യക്തമല്ല. വീരനായകൻ, വില്ലൻ, ദുരന്തനായകൻ, സ്വയം നശിക്കാൻ ഒരുങ്ങിപ്പുറപ്പെട്ട വിഡ്ഢി എന്നിവയിൽ ഏതുവിശേഷണമാണ് ജഫ്‌തായ്ക്ക് ചേരുക എന്ന ചോദ്യം വായനയുടെ പൂർത്തിയിലും മറുപടി കിട്ടാതെ അവശേഷിക്കുന്നു. വിധിപ്രസ്താവന ഒഴിവാക്കുന്ന ആഖ്യാനത്തിലെ അതിമിതത്വമാണ് ("narrator's extreme reticence") ഇത്തരം ബൈബിൾ കഥകളുടെ മഹത്ത്വം വർദ്ധിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുമുണ്ട്. [5]
ദൈവനിയമത്തിന്റെ തെളിവായ ലംഘനവും നരബലിയിലടങ്ങിയ ദുരന്തത്തിന്റെ ഉദാഹരണവുമാണ് ജഫ്‌തായുടെ നടപടിയെന്നാണ് റബൈനിക-യഹൂദ പാരമ്പര്യത്തിന്റെ നിലപാട്. ദൈവനിയമത്തിന്റെ ലംഘനവും ജനാഭിലാഷത്തിന്റെ ധിക്കാരവുമായിരുന്നു ജഫ്‌തായുടെ ഹോമബലിയെന്ന് ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ഫ്ലാവിയസ് ജോസെഫസും കരുതി.[6] എന്നാൽ, ജഫ്‌തായുടെ ബലി ദൈവത്തിന് സ്വീകാര്യമായിരുന്നു എന്നു ബൈബിൾ സൂചിപ്പിക്കുന്നതായി ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.[7]ബലിയുടെ പേരിൽ ജഫ്‌തായെ കുറ്റപ്പെടുത്തുന്ന ഒരു പരാമർശവും ബൈബിളിലെ ആഖ്യാനത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[8]
പുതിയ നിയമത്തിൽ എബ്രായർക്ക് എഴുതിയ ലേഖനം ദൈവത്തോടു വിശ്വസ്തതകാട്ടിയവരിൽ ഒരാളായി ജഫ്‌തായെ അനുസ്മരിക്കുന്നു.[9]
അർമീനിയൻ അപ്പസ്തോലിക സഭയുടെ വിശുദ്ധന്മാരുടെ പഞ്ചാംഗത്തിലും വിശുദ്ധന്മാരായ പൂർവപിതാക്കളിൽ ഒരാളായി ജഫ്‌തായെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ജൂലൈ 26-നാണ് ജഫ്‌തായുടെ തിരുനാൾ.
നുറുങ്ങുകൾ
[തിരുത്തുക]- ജഫ്‌തായുടെ നേതൃത്വത്തിലുള്ള ഗിലെയാദുകാർ താക്കോൽ വാക്കായി(Password) ഉപയോഗിച്ച "ശിബ്ബോലെത്" (shibboleth)[10] ഇംഗ്ലീഷ് ഭാഷയുടെ പദസഞ്ചയത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു വർഗ്ഗത്തേയോ വിഭാഗത്തെയോ തിരിച്ചറിയാൻ സഹായിക്കുന്ന നിലപാടോ പെരുമാറ്റമോ "ശിബ്ബോലെത്" ആകാം. ചിലർ കൊണ്ടുനടന്നേക്കാവുന്ന കാലഹരണപ്പെട്ട ആശയമോ നിലപാടോ എന്ന അർത്ഥവും ആ വാക്കിനുണ്ട്.[11]
- പതിനെട്ടാം നൂറ്റാണ്ടിൽ തുടങ്ങി,[12] പല പണ്ഡിതന്മാരും ജഫ്‌തായുടെ ബലിയെക്കുറിച്ചുള്ള പരമ്പാരാഗത നിലപാടിനെ ചോദ്യം ചെയ്തിട്ടുണ്ട്. സമാനമായ ഇതര ബൈബിൾസന്ദർഭങ്ങളുടെ സന്ദേശവും, നരബലി എന്ന ആശയം ബൈബിളിലെ ധാർമ്മികസന്ദേശവുമായി ചേർന്നുപോകാത്തതാണെന്നതും ആണ് ഈ വാദത്തിനു പിന്നിൽ . ജഫ്‌താ മകളെ ഹോമബലിയായി അർപ്പിച്ചു എന്നത് ബൈബിൾ പാഠത്തിന്റെ തെറ്റായ വായനയാണെന്ന് വാദിക്കുന്ന ഈ പണ്ഡിതന്മാർ, ബന്ധപ്പെട്ട ബൈബിൾ പാഠത്തിന്റെ കാവ്യാത്മകമായ ഇതരസാധ്യതകൾ പരിശോധിക്കുന്നു.[13] ജഫ്‌താ മകളെ ബലികഴിക്കുകയല്ല, നിത്യകന്യകയായുള്ള ഏകാന്തവാസത്തിന് സമർപ്പിക്കുകയായിരിക്കാം ചെയ്തിരിക്കുക എന്ന് സോളമൻ ലാൻഡേഴ്സ് വാദിച്ചിട്ടുണ്ട്. [8]
- 1751-ൽ ജർമ്മൻ-ഇംഗ്ലീഷ് സംഗീതജ്ഞനായ ഹാൻഡൽ ജെഫ്‌താ എന്ന പേരിൽ നിർമ്മിച്ച സംഗീതശില്പത്തിലും, ജഫ്‌തായുടെ മകൾ രക്ഷിക്കപ്പെടുകയാണ്.
- ബൈബിളിലെ കഥയിൽ ജഫ്‌തായുടെ മകളുടെ പേരു പറയുന്നില്ല. ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ പ്രശസ്ത അലക്സാണ്ഡ്രിയൻ യഹൂദചിന്തകനായ ഫിലോയുടെ പേരിൽ എഴുതപ്പെട്ട Liber antiquitatum biblicarum എന്ന കപട-രചനയിൽ ജഫ്‌തായുടെ മകൾ പരാമർശിക്കപ്പെടുന്നത് സീലാ എന്ന പേരിലാണ്.[14] ഹാൻഡെലിന്റെ ജഫ്‌താ എന്ന സംഗീതശില്പത്തിൽ ജഫ്‌തായുടെ മകൾക്ക് ഇപ്സിസ് എന്നാണ് പേര്.
അവലംബം
[തിരുത്തുക]- ↑ ന്യായാധിപന്മാർ 12:7
- ↑ Ancient Israel, A Short History from Abraham to the Roman Destruction of the Temple, Edited by Hershel Shanks(പുറം 80)
- ↑ ന്യായാധിപന്മാർ 11:31
- ↑ ന്യായാധിപന്മാർ 11:34-40
- ↑ The Literary Guide to the Bible, Edited by Robert Alter and Frank Kermode(പുറം 22
- ↑ ജോസെഫസ്, യഹൂദപൗരാണികത, അഞ്ചാം വാല്യം 8:10, വില്യം വിസ്റ്റന്റെ പരിഭാഷ [1]
- ↑ "ആവർത്തകൻ(Deuteronomist) ജഫ്‌തായുടെ മകളുടെ ബലിയുടെ കാര്യം പറഞ്ഞതെന്തിന്", പഴയനിയമപഠനത്തിന്റെ പത്രിക,സേജ് പ്രസാധകർ, പുറം 7,[2]
- ↑ 8.0 8.1 "ജഫ്‌താ മകളെ കൊന്നോ?", സോളമൻ ലാൻഡേഴ്സ്, ബൈബിൾ പുരാവസ്തുവിജ്ഞാന റിവ്യൂ, ആഗസ്റ്റ് 1991.
- ↑ എബ്രായർക്ക് എഴുതിയ ലേഖനം 11:32
- ↑ ന്യായാധിപന്മാരുടെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറം 398)
- ↑ The Concise Oxford Dictionary of Current English(പുറം 973)
- ↑ "ജഫ്‌തായുടെ ശപഥത്തിന്റെ പുന:പരിശോധന". Archived from the original on 2012-03-11. Retrieved 2009-12-20.
- ↑ നിരീശ്വരതയ്ക്കു വേണ്ടിയുള്ള ഒരു ധാർമ്മികവാദം.
- ↑ "പേരില്ലാത്തവരുടെ പേരുകൾ", ഓക്സ്ഫോർഡ് ബൈബിൾ സഹകാരി(പുറം 547)