ചുട്ടിക്കഴുകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുട്ടിക്കഴുകൻ
White-rumped Vulture
Gyps bengalensis PLoS.png
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Accipitriformes
കുടുംബം: Accipitridae
ജനുസ്സ്: Gyps
വർഗ്ഗം: G. bengalensis
ശാസ്ത്രീയ നാമം
Gyps bengalensis
(Gmelin, 1788)
GypsBengalensisMap.svg
Former distribution of Gyps bengalensis in red
പര്യായങ്ങൾ

Pseudogyps bengalensis

അഴുകിയ മാംസം മാത്രം ആഹാരമാക്കുന്ന ഒരിനം കഴുകനാണ് ചുട്ടിക്കഴുകൻ(ഇംഗ്ലീഷ്:White-rumped Vulture). ഇന്ത്യയിൽ ഒരു കാലത്ത് സുലഭമായിരുന്ന ഇവ ഇന്ന് ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്. ഭൂമുഖത്ത് ഇന്ന് കേവലം പതിനയ്യായിരത്തിൽ താഴെ ചുട്ടിക്കഴുകന്മാർ മാത്രമേയുള്ളൂ എന്നാണു കണക്കാക്കപ്പെടുന്നത്. പാകിസ്താൻ,നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ എന്നിവിടങ്ങളിലും ഇവ കാണപ്പെടുന്നു. കേരളത്തിൽ വയനാട് വന്യജീവിസങ്കേതത്തിൽ ഇവ കാണപ്പെടുന്നുണ്ട്. പരമ്പരാഗതമായി, പാഴ്സികളുടെ സമൂഹത്തിൽ ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരുടെ ശവശരീരം ദഹിപ്പിക്കാറില്ല. ഇവരുടെ ശവശരീരങ്ങൾ വിഘടിക്കുന്നതിനായി ശവംതീനികളായ ചുട്ടിക്കഴുകന് ആഹാരമായി നൽകാറുണ്ട്.[1].

വിവരണം[തിരുത്തുക]

തവിട്ടുകലർന്ന കറുപ്പ് നിറമാണ്. കഴുത്തിലും തലയിലും രോമങ്ങൾ കുറവായോ ഇല്ലാതെയോ കാണാം. തടിച്ചതും വെള്ളിനിറത്തിലുള്ളതുമായ കൊക്കുകളാണ് ഇവയുടെ പ്രത്യേകത. കഴുത്തിന് ചുറ്റും മൃദുവായ ചെറിയ വെള്ള രോമങ്ങൾ നിറഞ്ഞതാണ്‌. നാസാദ്വാരങ്ങൾ ചെറിയ വിടവ് പോലെയുള്ളതാണ്‌. പറക്കുമ്പോൾ അടിഭാഗം ഒരറ്റം മുതൽ മറ്റേ അറ്റം വരെ വെള്ളയാണെന്നു തോന്നും. 3.5 മുതൽ 7.5 കിലോഗ്രാം വരെ തൂക്കമുള്ള ഇവയുടെ നീളം 75 മുതൽ 95 വരെ സെന്റീമീറ്ററാണ്. പറക്കുമ്പോൾ ഇവയുടെ ചിറകുകൾ തമ്മിലുള്ള അകലം 190 മുതൽ 260 വരെ സെന്റീമീറ്ററാണ്. നിലത്ത് നടക്കുന്നത് വലിയ പ്രയാസമാണ്. തുറസ്സായ വനപ്രദേശമാണ് ചുട്ടിക്കഴുകന്റെ ഇഷ്ടമേഖല. പൊതുവെ ശാന്തരാണ്. അഴുകിയ മാംസം ഇഷ്ടഭക്ഷണമാക്കിയ ഇവ മറ്റു പക്ഷികളേയും മുട്ടകളും എലിയും മുയലും ഒക്കെ ആഹാരമാക്കാറുണ്ട്. മറ്റു മൃഗങ്ങൾ ഭക്ഷിച്ചതിന്റെ ബാക്കി തിന്നു കാട് വൃത്തിയാക്കുന്ന പക്ഷികൂടിയാണ് കഴുകന്മാർ. ചെറിയ എല്ലുകൾ ഉൾപ്പെടെ ഇവ ആഹാരമാക്കാറുണ്ട്.[2]

പ്രജനനം[തിരുത്തുക]

ഉയരമുള്ള മരങ്ങളുടെ ചില്ലയിലാണ് ഇവ കൂടു കൂട്ടുക. നവംബർ മുതൽ മാർച്ച് വരെയാണ് പ്രജനന കാലം. മൂന്നടി വരെ വ്യാസവും അരയടിയോളം കനവുമുള്ളതാണ് കൂടുകൾ. ചുള്ളിക്കമ്പുകൾ കൊണ്ടു തീർത്ത കൂട്ടിൽ ഇലകൾ കൊണ്ടുള്ള മെത്തയൊരുക്കി അതിലാണ് മുട്ടയിടുക. പെൺപക്ഷി ഈ കൂട്ടിൽ ഒരു മുട്ടയാണ്‌ ഇടുക. വെളുത്ത മുട്ടയിൽ ഇളം പച്ചയും നീലയും നിറങ്ങൾ കാണാം. മുട്ട വിരിയാൻ 30 മുതൽ 35 വരെ ദിവസങ്ങളെടുക്കും.[3] മുട്ട ഏതെങ്കിലും കാരണവശാൽ നഷ്ടപ്പെട്ടാൽ കൂട് തകർത്തു കളയുന്ന സ്വഭാവവും പെൺപക്ഷിയ്ക്കുണ്ട്. മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞിന് ചാര നിറമാണ്. കബന്ധങ്ങളിൽ നിന്നുള്ള ചെറിയ മാംസത്തുണ്ടുകളാണ് കുഞ്ഞുങ്ങൾക്ക് തീറ്റയായി നൽകുക. പൂർണ്ണ വളർച്ചയെത്തി പ്രായപൂർത്തിയായ പക്ഷിയാകുവാൻ നാലു വർഷം വരെയെടുക്കും. പന്ത്രണ്ടു വർഷമാണ്‌ സാധാരണ ഗതിയിൽ ആയുസ്സ്. ചേക്കേറുന്ന മരങ്ങളിൽ ഇവയുടെ അമ്ലതയേറിയ കാഷ്ഠം വീണ് ഉണങ്ങിപ്പോകാറുണ്ട്.

സംരക്ഷണം[തിരുത്തുക]

കന്നുകാലികൾക്ക് നൽകിയ കുത്തിവെപ്പ് മരുന്നാണ് ഇവയുടെ വംശനാശത്തിന് കാരണമായത്. തുടർന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇവയുടെ സംരക്ഷണത്തിനായി പല നടപടികളും എടുത്തെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കേന്ദ്രസർക്കാർ ഡൈക്‌ളോഫിനാക്ക് എന്ന കുത്തിവെപ്പുമരുന്ന് മൃഗങ്ങൾക്ക് നൽകുന്നത് നിരോധിച്ചു.[4]

അവലംബം[തിരുത്തുക]

  1. White-rumped Vulture - Fast Facts
  2. Grubh, R. B. (1973). "Calcium intake in vultures of the genus Gyps". J. Bombay Nat. Hist. Soc. 70 (1): 199–200. 
  3. Sharma, Indra Kumar (1970). "Breeding of the Indian whitebacked vulture at Jodhpur". Ostrich 41 (2): 205–207. ഡി.ഒ.ഐ.:10.1080/00306525.1970.9634367. 
  4. Swan, Gerry; Naidoo, Vinasan; Cuthbert, Richard; Green, Rhys E.; Pain, Deborah J.; Swarup, Devendra; Prakash, Vibhu; Taggart, Mark മറ്റുള്ളവർക്കൊപ്പം. (2006). "Removing the Threat of Diclofenac to Critically Endangered Asian Vultures". PLoS Biology 4 (3): e66. PMC 1351921. PMID 16435886. ഡി.ഒ.ഐ.:10.1371/journal.pbio.0040066. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുട്ടിക്കഴുകൻ&oldid=2282425" എന്ന താളിൽനിന്നു ശേഖരിച്ചത്