ഗ്വാണ്ടനാമോ ബേ തടവറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്വാണ്ടനാമോയിലെ കാമ്പ് എക്സ്-റേയിൽ പുതുതായെത്തിയ തടവുകാർ

ക്യൂബയുടെ തെക്കുകിഴക്കൻ അതിർത്തിയിലുള്ള ഗ്വാണ്ടനാമോ ഉൾക്കടലിനു കരയിൽ സ്ഥിതി ചെയ്യുന്ന, അമേരിക്കയുടെ കീഴിലുള്ള ഒരു തടവറയാണ് ഗ്വാണ്ടനാമോ ബേ തടവറ. 44 രാജ്യങ്ങളിൽ നിന്നായി 600 ലധികം ആളുകൾ ഈ തടവറയിൽ കഴിയുന്നു.[1]

1991 ൽ ഹെയ്തി കലാപകാരികളെ തടവിലിടാൻ വേണ്ടി അമേരിക്ക ഇവിടെ ക്യാമ്പുകൾ നിർമ്മിച്ചു. ക്യാമ്പ് ആൽഫ, ക്യാമ്പ് ബ്രാവോ, ക്യാമ്പ് ഗോൾഫ് എന്നീ പേരുകളാണ് ഇവയ്ക്ക് നൽകിയത്. പിന്നീട് ക്യാമ്പ് ഡൽറ്റാ എന്ന ഒരു ക്യാമ്പുകൂടി നിർമ്മിക്കപ്പെട്ടു. ഗ്വാണ്ടനാമോയിൽ ഇപ്പോൾ ഒരു രാജ്യത്തിന്റെയും നിയമങ്ങൾ ബാധകമല്ല[അവലംബം ആവശ്യമാണ്]. ഇവിടെ കടുത്ത മനുഷ്യാവകാശധ്വംസനങ്ങൾ നടക്കുന്നു എന്നാണ് പറയപ്പെടുന്നത്.

സെപ്റ്റംബർ 11-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണവും അമേരിക്കയുടെ അഫ്ഗാനിസ്താൻ ആക്രമണവുമാണ്, ഗ്വാണ്ടനാമോ തടവറകളെ വാർത്തയിലേക്ക് കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട താലിബാൻ, അൽ ഖാഇദ തടവുകാരെ അമേരിക്ക ഇവിടെ പാർപ്പിച്ചിരിക്കുന്നു. ഈ ജയിലിന്റെ അകത്തളങ്ങളെക്കുറിച്ച് അധികമൊന്നും പുറത്തറിയില്ല. തടങ്കലിൽ നിന്നും പുറത്തുവന്ന അപൂർവ്വം ചിലരുടെ വെളിപ്പെടുത്തലുകൾ ഈ തടവറയിലെ കൊടിയ പീഡനങ്ങളെക്കുറിച്ച് അറിവുനൽകുന്നു. തുടർച്ചയായ മർദ്ദനം, ഉറങ്ങാനനുവദിക്കാതിരിക്കുക, അസൗകര്യപ്രദമായ രീതിയിൽ നീണ്ടസമയം നിൽക്കേണ്ടിവരുക, നീണ്ടനാൾ തലമൂടിക്കെട്ടുക, ലൈംഗികവും സാംസ്കാരികവുമായ പീഡനങ്ങൾ, നിർബന്ധിത മരുന്നുകുത്തിവെപ്പുകൾ, മറ്റു ശാരീരിക-മാനസിക പീഡനങ്ങൾ തുടങ്ങിയ പീഠനങ്ങൾ അനുഭവിക്കേണ്ടിവന്നു എന്ന് ക്യാമ്പ് ഡെൽറ്റയിൽ നിന്ന് മോചിതരായവർ വെളിപ്പെടുത്തിയിട്ടുണ്ട്.

ഗ്വാണ്ടനാമോ ഉൾക്കടൽ പ്രദേശം[തിരുത്തുക]

ക്യൂബയിലെ അമേരിക്കൻ നാവികത്താവളമാണ് ഗ്വാണ്ടനാമോ. 1903 ൽ അമേരിക്ക ക്യൂബയിൽ നിന്നും പാട്ടത്തിനെടുത്തതാണ് ഈ സ്ഥലം. 1903 ൽ നിലവിൽ വന്ന ക്യൂബൻ -അമേരിക്കൻ കരാറിൻ പ്രകാരം ഇവിടം നിയന്ത്രിക്കുന്നത് അമേരിക്കയാണ്. 1961 ൽ ക്യൂബയുമായുള്ള നയതന്ത്രബന്ധം അമേരിക്ക വിച്ഛേദിച്ചശേഷം ഇരു രാജ്യങ്ങളും സ്വന്തം സ്ഥലങ്ങൾ വേലികെട്ടിത്തിരിച്ചു.

അവലംബം[തിരുത്തുക]

  1. മാതൃഭൂമി തൊഴിൽവാർത്ത ഹരിശ്രീ 2004മെയ് 22
"https://ml.wikipedia.org/w/index.php?title=ഗ്വാണ്ടനാമോ_ബേ_തടവറ&oldid=2282305" എന്ന താളിൽനിന്ന് ശേഖരിച്ചത്