ഗുസിപ്പെ ടാർട്ടിനി
ഇറ്റാലിയൻ വയലിനിസ്റ്റും സംഗീത സൈദ്ധാന്തികനുമായിരുന്നു ഗുസിപ്പെ ടാർട്ടിനി (8 ഏപ്രിൽ 1692 – 26 ഫെബ്രുവരി 1770). 1692 ഏപ്രിൽ 8-ന് പിറാനോയിലെ ഇസ്ട്രിയയിൽ ജനിച്ചു. നിയമവും നീതിശാസ്ത്രവുമാണ് പഠിച്ചത്. 20-ആം വയസ്സിൽ നടത്തിയ പ്രണയവിവാഹം ഇദ്ദേഹത്തെ തടവറയിലാക്കി. പക്ഷേ അവിടെ നിന്നും ഒരു സന്ന്യാസിയുടെ വേഷം ധരിച്ച് അസ്സീസ്സിയിലേക്ക് രക്ഷപെട്ട് ഒരു മഠത്തിൽ അഭയം തേടി. തന്റെ വയലിൻ വൈഭവം കൊണ്ട് അവിടെയുള്ളവരുടെ പ്രീതി സമ്പാദിച്ച ഗുസിപ്പെ അവരുടെ സഹായത്തോടെ സ്വന്തം സ്ഥലമായ പഡുവയിലെത്തി ഭാര്യയോടൊപ്പം താമസമായി. 1721 ൽ പാഡുവയിലെ സെന്റ് അന്റോണിയോ ചർച്ചിലെ മുഖ്യ വയലിനിസ്റ്റായി നിയമനം ലഭിച്ചു. 1725-ൽ പ്രാഗിലെ ചാൻസലർ ഒഫ് ബൊഹീമിയയുടെ ഓർക്കെസ്ട്ര സംവിധാനം ചെയ്യുന്ന ചുമതല ഗുസിപ്പെ ഏറ്റെടുത്തു. 1726-ൽ വീണ്ടും പാഡുവയിലെത്തുകയും അവിടെ ഒരു വയലിൻ സ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു.
ദീപ്തമായ സംഗീതാവിഷ്കാരം
[തിരുത്തുക]സംഗീതാവതരണങ്ങൾക്കായി പുറംരാജ്യങ്ങളിലൊന്നും പോകാൻ ഇദ്ദേഹം കൂട്ടാക്കിയിരുന്നില്ല. ഏക വിദേശപര്യടനം 1740-ൽ ഇറ്റലിയിൽ നടത്തിയതായിരുന്നു. സാങ്കേതികതയുടെയും സൗന്ദര്യാത്മകതയുടെയും സാമഞ്ജസ്യംകൊണ്ട് ദീപ്തമായിരുന്നു ഇദ്ദേഹത്തിന്റെ സംഗീതാവിഷ്കാരങ്ങൾ. ഇദ്ദേഹം ബോ ചലിപ്പിക്കുന്ന രീതിതന്നെ പിൽക്കാലത്ത് ഒരു പ്രസ്ഥാനം ആയിത്തീരുകയുണ്ടായി. 200 വയലിൻ കൺസർട്ടുകൾ,[1] 200 വയലിൻ സൊണാറ്റകൾ[2] എന്നിവയാണ് ഇദ്ദേഹത്തിന്റെ മുഖ്യ ആവിഷ്കാരങ്ങൾ. അവ, കാര്യമായൊന്നും പ്രസിദ്ധീകരിക്കപ്പെട്ടുമില്ല. അപൂർവ്വം പ്രസിദ്ധീകൃത രചനകളിൽ പ്രധാനപ്പെട്ടത് ഡെവിൾസ്ട്രിൽ[3] എന്ന സൊണാറ്റയാണ്. 1735-ൽ ഇത് കണ്ടെടുത്തുവെങ്കിലും 1798-ലാണ് പ്രസിദ്ധീകരിച്ചത്. ക്വാർട്ടെറ്റ്, ട്രയോ, സിംഫണി എന്നീ വിഭാഗങ്ങളിലും ഇദ്ദേഹം വിഖ്യാതരചനകൾ നടത്തിയിട്ടുണ്ട്.
സിദ്ധാന്തങ്ങൾ
[തിരുത്തുക]വയലിൻ വാദനവുമായി ബന്ധപ്പെട്ട ഏതാനും സിദ്ധാന്തങ്ങളും ടാർട്ടിനി ആവിഷ്ക്കരിച്ചിട്ടുണ്ട്. രണ്ടു സ്വരങ്ങളുടെ ഋജുവും ഗാഢവുമായ വാദനം മൂന്നാമതൊരു സ്വരത്തെ ജനിപ്പിക്കുന്നുവെന്ന ഡിഫറൻസ് ടോൺ സിദ്ധാന്തം അവയിലൊന്നാണ്. ഗണിതശാസ്ത്ര സങ്കല്പനങ്ങളുപയോഗിച്ച് ഹാർമണിയെക്കുറിച്ച് പുതിയൊരു സിദ്ധാന്തം മുന്നോട്ടുവച്ചുവെന്നതും ഇദ്ദേഹത്തിന്റെ സംഭാവനകളിലൊന്നാണ്. ഈ സിദ്ധാന്തങ്ങൾ 1754-ലും 1767-ലുമായി പ്രസിദ്ധീകരിച്ച രണ്ടു പ്രബന്ധങ്ങളിലൂടെ ഇദ്ദേഹം അവതരിപ്പിക്കുകയായിരുന്നു. 1771-ൽ പ്രിൻസിപ്പിൾസ് ആൻഡ് പവർ ഒഫ് ഹാർമണി എന്ന ഗ്രന്ഥത്തിൽ ബി. സ്റ്റില്ലിംഗ്സ് ഫ്ലീറ്റ് ഇദ്ദേഹത്തിന്റെ സംഗീതസിദ്ധാന്തങ്ങൾ അക്കൗണ്ട് ഒഫ് ടാർട്ടീനീസ് ട്രീറ്റെസ് ഓൺ മ്യൂസിക് എന്ന പേരിൽ ഉൾക്കൊള്ളിക്കുകയുണ്ടായി. 1770 ഫെബ്രുവരി 26-ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടാർട്ടിനി, ഗുസിപ്പെ (1692-1770) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- ↑ http://www.jstor.org/discover/10.2307/766135?uid=3738256&uid=2&uid=4&sid=47699048886717 The English Royal Violin Consort in the Sixteenth Century
- ↑ http://www.amazon.com/MOZART-GREATEST-VIOLIN-SONATA-CDS/lm/R23KYRU2TD3M4Z MOZART GREATEST VIOLIN SONATA CDS
- ↑ http://en.scorser.com/S/Sheet+music/Devils+Trill/-1/1.html Download free sheet music and scores: Devils Trill