ഖാസി മുഹമ്മദ്
16 ആം നൂറ്റാണ്ടിൽ കേരളത്തിലെ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടുകയും യുദ്ധ കാവ്യങ്ങൾ എഴുതി കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്ത ഖാദിരിയ്യ സൂഫി പാതയിലെ യതിവര്യനും , കവിയും, പോരാളിയുമാണ് ഖാസി മുഹമ്മദ് (ഖാദി മുഹമ്മദ്). കോഴിക്കോടായിരുന്നു സ്വദേശവും പ്രവർത്തന കേന്ദ്രവും. കോഴിക്കോടെ പ്രശസ്തമായ ഖാസി കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മലബാർ തീരം കേന്ദ്രീകരിച്ച് മുസ്ലിം സമൂഹം മുസ്ലിം സമൂഹം രൂപമെടുക്കുന്ന കാലം മുതൽക്കേ ഈ കുടുംബക്കാരാണ് കോഴിക്കോട്ടെ ഖാസി പദം കയ്യാളിയിരുന്നത്. സാമൂതിരിയുടെ അടുക്കൽ ഈ കുടുംബത്തിന് പ്രത്യേക സ്ഥാനവും പരിഗണനയും ഉണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]
ഖാദി മുഹമ്മദിന്റെ പിതാവായിരുന്ന ഖാദി അബ്ദുൽ അസീസ് പണ്ഡിതൻ എന്നതിലുപരി രാഷ്ട്രീയ തന്ത്രജ്ഞനും യുദ്ധ തന്ത്രജ്ഞനുമായിരുന്നു. പോർച്ചുഗീസ് ആക്രമണകാരികളുമായി സാമൂതിരി നടത്തിയ ചാലിയം കോട്ട പിടിച്ചടക്കാനുള്ള യുദ്ധത്തിൽ സാമൂതിരി സൈന്യം പരാജയം മുഖാമുഖം കണ്ട യുദ്ധത്തിൽ യുദ്ധ തന്ത്രം പുനരവലോകനം ചെയ്യാൻ കോഴിക്കോട് കുറ്റിച്ചിറ മിശ്ക്കാൽ പള്ളിയിൽ ചേർന്ന നിർണായക യോഗത്തിൽ പങ്കെടുത്ത മുസ്ലിം പ്രമുഖരിലൊരാൾ ഖാദി അബ്ദുൽ അസീസ് ആയിരുന്നു. [അവലംബം ആവശ്യമാണ്]
കേരളത്തിലെ പോർച്ചുഗീസ് അധിനിവേശത്തിന്റെ അടിത്തറ തകർത്ത 1571ലെ ചാലിയം യുദ്ധം നടക്കുമ്പോൾ യുവാവായിരുന്നു. പിതാവ് യുദ്ധ ആസൂത്രണത്തിൽ പങ്ക് ചേർന്നപ്പോൾ ഖാദി മുഹമ്മദ് അതിൽ മുന്നണിപ്പോരാളിയായിരുന്നു. ഖാദി അബ്ദുൽ അസീസ് , ഖാദി മുഹമ്മദ് , സൈനുദ്ധീൻ മഖ്ദൂം എന്നിവരുടെ മുരീദുമാരായിരുന്നു (സൂഫി ആത്മീയ ശിഷ്യന്മാർ) ഒന്ന് മുതൽ നാല് വരെയുള്ള കുഞ്ഞാലി മരയ്ക്കാർമാർ.
ഖാസിയായ സഹോദരന്റെ മരണ ശേഷം 1607ലാണ് ഖാസി മുഹമ്മദ് ഖാസി സ്ഥാനം ഏറ്റെടുക്കുന്നത്. 1616ൽ മരണപ്പെട്ട അദ്ദേഹത്തെ സംസ്കരിച്ചത് കോഴിക്കോട് കുറ്റിച്ചിറ പള്ളിയിലാണ്.
ഫതഹുൽ മുബീൻ എന്ന ചാലിയം യുദ്ധ കാവ്യം[തിരുത്തുക]
സാമൂതിരിയും മുസ്ലിങ്ങളും ചേർന്ന് പോർച്ചുഗീസുകാരുടെ തന്ത്രപ്രധാനമായ ചാലിയം കോട്ട പിടിച്ച ഐതിഹാസിക യുദ്ധത്തിന്റെ വിവരണമാണ് ഖാദി മുഹമ്മദ് എഴുതിയ ഫതഹുൽ മുബീൻ എന്ന യുദ്ധ കാവ്യം. സൈനുദ്ദീൻ മഖ്ദൂമിന്റെ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന കൃതിക്ക് ശേഷം കേരളത്തിൽ ഇറങ്ങിയ ചരിത്ര ഗ്രന്ഥം കൂടിയാണിത് ഫതഹുൽ മുബീൻ. 1571-ൽ പോർച്ചുഗീസുകാർക്കെതിരെ പോരാട്ടത്തിൽ പങ്കെടുത്ത മുസ്ലിംകളെ സമരസജ്ജരാക്കാൻ ഖാദി മുഹമ്മദിന്റെ ഖുതുബ ആഹ്വാനം ( അറബി പ്രസംഗം) ക്രോഡീകരിച്ചതാണ് അൽ ഖുതുബത്തു ജിഹാദിയ എന്ന അറബി കൃതി . സൂഫി ഗുരുവായ മുഹ്യുദ്ധീന്റെ അപദാനങ്ങൾ വാഴ്ത്തുന്ന മുഹ്യദ്ദീൻ മാല , മുഹമ്മദ് നബി യുടെ അപദാനങ്ങൾ വാഴ്ത്തി രചിച്ച മൗലൂദ് എന്നിവയാണ് ഖാസി മുഹമ്മദിന്റെ മറ്റുള്ള രചനകൾ