Jump to content

ഖലീൽ ജിബ്രാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖലീൽ ജിബ്രാൻ
തൊഴിൽകവി, ചിത്രകാരൻ, ശിൽപി, എഴുത്തുകാരൻ, തത്വജ്ഞാനി, വൈദികശാസ്ത്രം, ദൃശ്യകലാകാരൻ
ദേശീയതലെബനോൺ
Genreകവിത, ചെറുകഥ
സാഹിത്യ പ്രസ്ഥാനംമാജർ, ന്യൂയോർക്ക് പെൻ ലീഗ്

ഖലീൽ ജിബ്രാൻ (ജനുവരി 6, 1883 - ഏപ്രിൽ 10, 1931) ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തിൽ ചിരപ്രതിഷ്ഠനേടിയ അപൂർവം കവികളിലൊരാളാണ്. ലെബനനിൽ ജനിച്ച ജിബ്രാൻ ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കൻ ഐക്യനാടുകളിലാണു ചെലവഴിച്ചത്.1923ൽ എഴുതിയ പ്രവാചകൻ എന്ന കാവ്യോപന്യാസസമാഹാരമാണ് ജിബ്രാനെ പാശ്ചാത്യ ലോകത്ത് പ്രശസ്തനാക്കിയത്.

തന്റെ സാഹിത്യജീവിതം ജിബ്രാൻ ആരംഭിക്കുന്നത് അമേരിക്കയിൽ വെച്ചാണ്. അറബിയിലും, ഇംഗ്ലീഷിലും അദ്ദേഹം രചനകൾ നടത്തി. സാഹിത്യ രാഷ്ട്രീയ രംഗത്തെ ഒരു വിമതനായിട്ടാണ് ഇപ്പോഴും അദ്ദേഹത്തെ അറബ് ലോകം കണക്കാക്കുന്നത്. ഗദ്യകവിതകൾ എന്ന ഒരു ശാഖതന്നെ അദ്ദേഹം അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ നാടായ ലെബനോണിൽ ജിബ്രാൻ ഇപ്പോഴും ഒരു സാഹിത്യനായകൻ തന്നെയാണ്.

ജീവിതരേഖ

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]
ജിബ്രാൻറെ ബഷാരിയിലെ വീട്

ഖലീൽ ജിബ്രാന്റെ ബാല്യകാലത്തെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് ജനിച്ച ജിബ്രാന്റെ കുടുംബം മാരോനൈറ്റ് കത്തോലിക്കരായിരുന്നു.[2] ഖലീൽ ജിബ്രാൻ എന്നുതന്നെയായിരുന്നു അച്ഛന്റെ പേര്. ഉത്തരവാദരഹിതമായ ജീവിതം നയിച്ച അച്ഛനേക്കാൾ അമ്മ കാമില റഹ്‌മേയാണ് ജിബ്രാന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയത്. കാമിലയുടെ മൂന്നാമത്തെ ഭർത്താവായിരുന്നു ജിബ്രാന്റെ പിതാവ്. പീറ്റർ എന്ന അർദ്ധസഹോദരനും മരിയാന സുൽത്താന എന്നീ സഹോദരിമാർക്കുമൊപ്പമായിരുന്നു ബാല്യകാലം.[3] [4] [5]

കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസ്സിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതൻ നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ബൈബിളിന്റെ ബാലപാഠങ്ങളും ഈ പുരോഹിതനിൽ നിന്നുതന്നെ മനസ്സിലാക്കി. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുൾപ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളിൽ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം.[6]

1894ൽ അമേരിക്കയിലേയ്ക്ക് ജിബ്രാൻ കുടുംബം കുടിയേറി.[7] രണ്ട് വർഷത്തെ വിദ്യാഭ്യാസത്തിനു ശേഷം ജന്മനാട്ടിൽ മടങ്ങിയെത്തിയ ജിബ്രാൻ ബെയ്ത്തൂറിലെ മദ്രസ-അൽ-ഹിക്മ എന്ന സ്ഥാപനത്തിൽ അന്താരാഷ്ട്രനിയമം, മതങ്ങളുടെ ചരിത്രം, സംഗീതം എന്നിവയും അഭ്യസിച്ചു.

ഖലീൽ ജിബ്രാൻ ഫ്രെഡ് ഹോളണ്ട് ഡേ 1898-ൽ പകർത്തിയത്

പ്രശസ്തിയിലേക്ക്

[തിരുത്തുക]

1904ൽ ജിബ്രാൻ തന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തി.1908ൽ ചിത്രകലാപഠനം പൂർത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി.ഇക്കാലത്തെ ജീവിതമാണ് യൂറോപ്യൻ സാഹിത്യവുമായി കൂടുതലുടുക്കാൻ സഹായിച്ചത്.ചിത്രകലയിലെ ആധുനികപ്രവണതകൾ അന്വേഷിക്കാൻ ശ്രദ്ധിച്ചിരുന്നു.ഭ്രാന്തൻ വിപ്ലവം എന്നാണ് ആധുനികചിത്രകലയെ ഇദ്ദേഹം വിശേഷിപ്പിച്ചത്.പാരീസിൽ വെച്ച് ശില്പിയായ അഗസ്റ്റേ റോഡിനുമായി പരിചയപ്പെട്ടു.ഉൾക്കാഴ്ചയുള്ള വിലയിരുത്തലുകൾ ജിബ്രാനെ കുറിച്ച് ഇദ്ദേഹം നടത്തി.

കൃതികൾ

[തിരുത്തുക]

ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിക്കാം,1905മുതലാരംഭിക്കുന്ന ആദ്യഘട്ടവും 1918മുതലാരംഭിക്കുന്ന രണ്ടാം ഘട്ടവും.രണ്ടാംഘട്ടത്തിലാണ് ആംഗലേയഭാഷയിൽ രചനകൾ നടത്തിയത്.ആദ്യകാലകൃതികളിൽ നിരാശ,ക്ഷോഭം എന്നീ മനോവികാരങ്ങളാണുള്ളതെങ്കിൽ രണ്ടാംഘട്ടത്തോടെ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങൾ ദർശിക്കാം.കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കേതം വളർന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് ദർശിക്കാം.സോളമന്റെ ഗീതങ്ങളുടേയും സങ്കീർത്തനങ്ങളുടേയും സ്വാധീനം കാണാം.[8]

  • അൽ മ്യൂസിക്കാ

ആദ്യ കൃതി.ഇത് രചിക്കപ്പെട്ടത് അറബി ഭാഷയിലാണ്.1905ൽ ആണ് ഇത് രചിച്ചത്.

  • താഴ്വരയിലെ സ്വർഗ്ഗകന്യകൾ(ആംഗലേയം:Nymphs of the Valley)
  • ഒടിഞ്ഞ ചിറകുകൾ(ആംഗലേയം:Broken Wings)‍

വിവാഹമെന്ന സാമൂഹ്യസമ്പ്രദായത്തെ തന്നെ വെറുക്കാനിട വന്ന ഒരു പ്രണയബന്ധത്തിന്റെ തകർച്ച ആണ് 1908ൽ പ്രസീദ്ധീകരിച്ച ഈ കൃതിക്ക് കാരണമായത്.അമ്മയുടെ മരണം തീവ്രമായി ഉളവാക്കിയ നഷ്ടബോധം ഈ കൃതിയിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. "മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിർഭരമായ പദമാകുന്നു;ഹൃദയത്തിന്റെ അഗാധതയിൽ നിന്നുവരുന്ന മധുരോദാരമായ പദം"

  • ക്ഷോഭിക്കുന്ന ആത്മാവ്(ആംഗലേയം:Spirits Rebellious)

മതങ്ങളുടെ ആചാരങ്ങളേയും പക്ഷപാതപരമായ സാമൂഹ്യനീതികളേയും കർക്കശമായി വിമർശിക്കപ്പെട്ടിരുന്നു എന്ന കാരണത്താൽ 1908ൽ പ്രസിദ്ധീകരിച്ച ഈ കൃതി വിവാദങ്ങൾക്ക് വഴിയൊരുക്കി.

  • പ്രവാചകന്(ആംഗലേയം:The Prophet)‍

1923ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ തന്റെ സന്ദേഹങ്ങൾക്കും വിചാരങ്ങൾക്കും ദർശനസാന്ദ്രമായ ആവിഷ്കാരം നൽകി. പ്രണയം, വിവാഹം, നിയമം, കുഞ്ഞുങ്ങൾ, നീതി, ശിക്ഷ, സ്വാതന്ത്ര്യം, ഔദാര്യം,മതം,സുഖം,ദുഃഖം എനിങ്ങനെയുള്ള ആശയങ്ങൾക്ക് അൽമുസ്തഫ എന്ന പ്രവാചകനിലൂടെ രൂപം നൽകുന്നു.

ഖലീൽ ജിബ്രാൻറെ പ്രവാചകനിൽ നിന്ന്‌ ഒരു ഭാഗം

കുഞ്ഞിനെ ഒക്കത്തേറ്റി നിൽക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു:

"ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക".

പ്രവാചകൻ പറഞ്ഞു:

"നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല,
ജീവിതത്തിന്‌, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന്‌ ജനിച്ച കുട്ടികളാണവർ.

നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത്‌ നിങ്ങളിൽ നിന്നല്ല.
നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക്‌ സ്വന്തമേയല്ല.
അവർക്ക്‌ നിങ്ങളുടെ സ്നേഹം നൽകാം; പക്ഷെ നിങ്ങളുടെ ചിന്തകൾ അരുത്‌,
എന്തെന്നാൽ അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.

അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക്‌ വീടുകളൊരുക്കാം.
പക്ഷെ അവരുടെ ആത്മാക്കളെ നിങ്ങൾക്ക്‌ കൂട്ടിലൊതുക്കാനാവില്ല,
എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌
അവരുടെ ആത്മാക്കൾ വസിക്കുന്നത്‌.

അവരെപ്പോലെയാകാൻ നിങ്ങൾക്ക്‌ ശ്രമിക്കാം;
എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്‌.
എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.

നിങ്ങൾ വില്ലാണെങ്കിൽ ലക്ഷ്യസ്ഥാനത്തേക്ക്‌ കുതിക്കുന്ന അമ്പുകളാണ്‌ കുട്ടികൾ.
വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്‌ഷ്യം കാണൂ.

അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക.

[9]

  • യേശു,മനുഷ്യന്റെ പുത്രൻ‌(ആംഗലേയം:Jesus,The Son Of Man)‍

1928ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിൽ ഉച്ചസ്ഥായിയിലെത്തിച്ചേർന്ന ജിബ്രാന്റെ ദർശനവും ഉൾക്കാഴ്ചയും കാണാം.യേശുവിനെക്കുറിച്ച് ഈ കൃതിയിൽ "ഒടിഞ്ഞ ചിറകുള്ള ഒരു പക്ഷിയായിരുന്നില്ല യേശു.വിരിഞ്ഞ പക്ഷങ്ങളുള്ള സർവവും പിടിച്ചുലക്കുന്ന ഉഗ്രമായൊരു കൊടുങ്കാറ്റായിരുന്നു."

  • മണലും നുരയും(ആംഗലേയം:Sand and Foam)

സ്ഥാപനവത്കരിക്കപ്പെട്ട മതത്തെ നിരാകരിക്കുന്ന നായകന്മാരോടായിരുന്നു ജിബ്രാന് ബഹുമാനമുണ്ടായിരുന്നത്.ആയതിനാൽ ഇദ്ദേഹം യഥാർത്ഥ യേശുഎന്ന് വിശ്വസിയ്ക്കുന്ന ഒരുവനിൽ ആകൃഷ്ടനായിരുന്നു.ഈ കൃതിയിൽ നസരേത്തിലെ യേശു ക്രിസ്തുമതത്തിലെ യേശുവിനോട് ഇപ്രകാരം പറയുമായിരിക്കുമെന്ന് ജിബ്രാൻ എഴുതി"എന്റെ സുഹൃത്തേ,നമുക്കൊരിക്കലും പൊരുത്തപ്പെടാനാവുകയില്ലെന്ന് ഞാൻ ഭയപ്പെടുന്നു"

  • ദ് മാഡ് മാൻ

1918ൽ ആണ് ഇത് രചിച്ചിരിക്കുന്നത്.ആംഗലേയഭാഷയിലുള്ള ആദ്യകൃതിയാണിത്.

മത ദർശനം

[തിരുത്തുക]

മാരോനിറ്റ് ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന ജിബ്രാൻ സഭയുടെ വൈദിക സ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തീകരിക്കുകയും ചെയ്തിരുന്നു.. വിശാല കാഴ്ചപാട് പുലർത്തിയിരുന്ന ഇദ്ദേഹത്തിൻറെ മാതാ പിതാക്കൾ വിവിധ മതസ്ഥരെ വീട്ടിലേക്ക് സ്വീകരിക്കുകയും മത സംബന്ധമായ ചർച്ചകൾ നടത്തുകയും പതിവായിരുന്നു.[10] വിവിധ മതദർശനങ്ങളെ കുറിച്ച് ആഴത്തിൽ പഠനം നടത്താൻ ഇത്തരം ഗാർഹിക ചുറ്റുപാടുകൾ ജിബ്രാനെ പ്രേരിതമാക്കി. പിൽകാലത്ത് ഇസ്‌ലാമിലെ ആധ്യാത്മിക വാദികളായ സൂഫികളുമായി അടുത്തത് ജിബ്രാനെ സൂഫിസ പഠിതാവാക്കി മാറ്റി. അന്ത്യ പ്രവാചകനായ മുഹമ്മദിനോടുള്ള അഗാധമായ പ്രണയം രൂപപ്പെടുത്തുന്നതിലേക്കാണ് ഈ പ്രയാണം അവസാനിച്ചത്. ഇസ്‌ലാം ജിബ്രാനിൽ ഗണ്യമായ സ്വാധീനം ചെലുത്തി . ജിബ്രാൻറെ മതകീയ കാഴ്ചപ്പാടിനെ വാചകങ്ങളാൽ വിശേഷിപ്പിക്കാനാകുമെങ്കിൽ അതിപ്രകാരമാണ് മനുഷ്യത്ത്വത്തിന്റെ സാർവ്വ ലോക സഹവർത്തിത്വത്തിൻറെ പ്രചാരകൻ.

ജിബ്രാൻ മ്യൂസിയം

രാഷ്ട്രീയം

[തിരുത്തുക]

സിറിയൻ ദേശീയതയുടെ അടിയുറച്ച വക്താവയിരുന്നു ജിബ്രാൻ.അറബി ഭാഷയെ സിറിയൻ ദേശീയഭാഷയായി പ്രഖ്യാപിക്കാൻ ആഹ്വാനം ചെയ്ത ജിബ്രാൻ ഒട്ടോമൻ കരങ്ങളിൽ നിന്ന് സിറിയക്ക് സ്വാതന്ത്ര്യം നൽണമെന്ന് വാദിച്ചു.ഒന്നാം ലോകമഹായുദ്ധാനന്തരം സിറിയ സ്വതന്ത്രമായപ്പോൾ ഫ്രീ സിറിയ എന്ന ചിത്രം രചിച്ച് കൊണ്ട് ജിബ്രാൻ ആഹ്ളാദിച്ചു.

അവസാനകാലം

[തിരുത്തുക]

1912ൽ ന്യൂയോർക്കിൽ താമസമാരംഭിച്ചു.അവിടെ ജിബ്രാൻ ജീവിതാവസാനം വരേയും ഹെർമിറ്റേജ് എന്ന് വിളിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു കഴിച്ചുകൂട്ടിയത്.1931 ഏപ്രിൽ പത്താം‌തീയതി തന്റെ നാല്പത്തെട്ടാമത്തെ വയസ്സിലാണ് ഇദ്ദേഹം അന്തരിച്ചത്.ഭൗതികശരീരം സംസ്കരിച്ചത് ലെബനണിൽ ആണ്.[11]

അവലംബം

[തിരുത്തുക]

[12]


  1. Suheil Bushrui and Joe Jenkins,/Ca/i/// Gibran :Man and Poet,Onev/or\ii Publication,England,2009,notes,p.299
  2. Mikhail hiaimy,Kahlil Gibran: His Life and His Work, Khayats, Beirut, Lebanon, 1965,p
  3. Mikhail Na\my,Kahlil Gibran: His Life and His Work, Khayats, Beirut, Lebanon, 1965,p.2
  4. J.p. Ghougassian, Kahlil Gibran.Wings of Thought, Philosophical Library, New York, 1973, p.2
  5. ° Mikhail Naimy./CaM/ Gibran: His Life and His Work, Khayats, Beirut, Lebanon, 1965,p.5
  6. Dr. Ashfaq Ahmad,./ibran KhalilJibran-Fan Aur Shakshiyat.Nami Press, Lucknow,1980,Chapter 2,p.35
  7. Suheil Bushrui and Joe Jenkins,Ai^a/j/// Gibran Man and Poet,Onev/or\d Publication, England,2009,p.34
  8. The complete works of Kahlil Gibran, Indiana Publishing House, New Delhi, 2009„
  9. theProphet.Kahlil Gibran. edited by Suheil Bushrui; Oneworld Book
  10. Bushrui & Jenkins 1998, p. 55
  11. " Hilu, V.(ed. and arr.), Beloved Prophed.'The Love Letters ofKahlil Gibran and Mary Haskell and herPrivate Journal,Uew York, 1972,p.445.
  12. പ്രവാചകൻ,വിവർത്തകൻ:കെ.ജയകുമാർ,ഡി.സി ബുക്സ്,ISBN 81-264-0966-5
"https://ml.wikipedia.org/w/index.php?title=ഖലീൽ_ജിബ്രാൻ&oldid=3741896" എന്ന താളിൽനിന്ന് ശേഖരിച്ചത്