കോർക്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്ധ്യേന്ത്യയിൽ സത്പുര പർവതനിരയിൽ ജീവിക്കുന്ന ഒരു ആദിവാസി വർഗ്ഗമാണ്‌ കോർക്കു. മനുഷ്യൻ എന്നർത്ഥമുള്ള കോരു എന്ന വാക്കും അനവധി എന്നർത്ഥമുള്ള കു എന്ന വാക്കും കൂടിച്ചേർന്നാണ്‌ നിരവധിയാളുകൾ എന്നർത്ഥമുള്ള കോർക്കു എന്ന പേര്‌ ഈ വംശത്തിനു ലഭിച്ചതു. തേക്കും മുളയും ധാരാളമായുള്ള കാടുകളിലാണ്‌ കോർക്കു വംശജർ ജീവിക്കുന്നത്‌. ഇവ ഉപയോഗിച്ചു തന്നെയാണ്‌ കോർക്കു വംശജർ ജീവിതവൃത്തി കഴിക്കുന്നത്‌. ഇവരുടെ കൈയിലുള്ള ചെറിയ ഒരു കോടാലി കൊണ്ട്‌ മരങ്ങൾ വെട്ടി വിൽക്കുന്നു [1]‌.

ഓല മേഞ്ഞ്‌ മുളയോ തേക്കോ കൊണ്ട്‌ ഉണ്ടാക്കിയ വീടുകളാണ്‌ കോർക്കു ഗ്രാമങ്ങളിൽ കാണുക. ചുമരുകൾ മണ്ണുപയോഗിച്ച്‌ കനത്തിൽ തേയ്ക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ മുറികൾ ഈ വീടുകൾക്കുണ്ടാകും[1].

ഗോതമ്പാണ്‌ ഇവർ ഭക്ഷ്യധാന്യമായി കൃഷിചെയ്യുന്നത്‌. കാള വലിക്കുന്ന കലപ്പ ഉപയോഗിച്ച്‌ മണ്ണിളക്കുന്നതിനോടൊപ്പം കലപ്പയിൽ പിടിപ്പിച്ചിട്ടുള്ള മുളംകുഴലിലൂടെ ഇവർ വിത്ത്‌ വിതക്കുന്നു. തേനീച്ചക്കൂടുകളിൽ നിന്നും ഒരു മുൻകരുതലുമില്ലാതെ കാട്ടുതേൻ ശേഖരിക്കുന്നതിലും കോർക്കുകൾ വിദഗ്ദ്ധരാണ്‌. തേനീച്ചകളുടെ കുത്തിൽ നിന്നും ഇവർ പ്രതിരോധശേഷി നേടിയതായി കരുതുന്നു[1].

മോഹ്വ എന്നുവിളിക്കുന്ന ഒരു പഴവും ഇവരുടെ ഭക്ഷണകാര്യത്തിൽ പ്രധാനപ്പെട്ട ഒന്നാണ്‌. മാർച്ച്‌ ഏപ്രിൽ മാസങ്ങളിൽ വെളുത്ത നിറത്തിലുള്ള ഈ പഴം രാത്രികാലത്ത്‌ മരത്തിൽ നിന്നും പൊഴിയുന്നു. ഇതിനെ ഉണക്കി സൂക്ഷിക്കുകയും മറ്റു ഭക്ഷണസാധനങ്ങൾ ലഭ്യമല്ലാതാകുമ്പോൾ ഉപയോഗിക്കുകയും ചെയ്യുന്നു. മോഹ്വയിൽ നിന്നും വളരെ വീര്യം കൂടിയ ഒരു മദ്യവും ഇവർ ഉൽപാദിപ്പിക്കുന്നു. കോർക്കുകൾ പുലിയേയും കടുവകളേയും ഭയക്കുന്നില്ലെങ്കിലും മോഹ്വ വിളയുന്ന കാലത്ത്‌ അതിന്റെ പങ്കുപറ്റാനെത്തുന്ന കരടികളെ ഇവർ ഭയക്കുന്നു[1].

ഫ്ലിന്റ്‌-ഉം (ഒരു തരം കല്ല്) ഇരുമ്പും ഉപയോഗിച്ചാണ്‌ കോർക്കുകകൾ തീയുണ്ടാക്കുന്നത്‌. ഇതിനെ ഇവർ ചക്‌ മക്‌ എന്നു പറയുന്നു[1].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 HILL, JOHN (1963). "2-CENTRAL INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 74–76. 
"https://ml.wikipedia.org/w/index.php?title=കോർക്കു&oldid=2717869" എന്ന താളിൽനിന്നു ശേഖരിച്ചത്