Jump to content

കോവിൽക്കടവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെങ്കാശിനാഥൻ ക്ഷേത്രം

ഇടുക്കി ജില്ലയിലെ കാന്തല്ലൂർ മറയൂർ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഒരു ചെറിയ ഗ്രാമമാണ് കോവിൽക്കടവ്. കേരളത്തിൽനിന്നും കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നായ പാമ്പാറിന്റെ തീരത്താണ് കോവിൽക്കടവ് സ്ഥിതിചെയ്യുന്നത്.അഞ്ചുനാട്ടിലെ പ്രധാന ഹൈന്ദവആരാധനാലയമായ തെങ്കാശിനാഥക്ഷേത്രം പാമ്പാറിന്റെ തീരത്തായി കോവിൽക്കടവിൽ സ്ഥിതി ചെയ്യുന്നു.ഈ ക്ഷേത്രത്തിനുള്ളിൽനിന്നുമുള്ള തുരങ്കം തമിഴ്‌നാട് വരെയുണ്ടെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. തെങ്ങ് ,കമുക്,കരിമ്പ്,പച്ചക്കറികൾ എന്നിവയാണ് ഈ പ്രദേശത്ത് കൂടുതലായി കൃഷിചെയ്യപ്പെടുന്നത്.മറയൂർ ചന്ദനറിസർവിനോട് ചേർന്നുകിടക്കുന്ന കോവിൽക്കടവിലെ സ്വകാര്യവ്യക്തികളുടെ പുരയിടങ്ങളിലും ചന്ദനമരങ്ങൾ കാണപ്പെടുന്നുണ്ട്.പ്രസിദ്ധമായ മറയൂരിലെ മുനിയറകൾ കോവിൽക്കടവിനുസമീപത്തായി മറയൂർ,കാന്തല്ലൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നു.

കോവിൽക്കടവിനോട് ചേർന്നുള്ള ആദിവാസിജനസമൂഹം ഗോത്രഭാഷയും മറ്റുള്ളവർ മലയാളവും തമിഴുമാണ് സംസാരിക്കുന്നത്. ചന്ദനറിസർവും ചിന്നാർ വന്യജീവിസങ്കേതവും ഈ ഗ്രാമത്തോട് ചേർന്നുകിടക്കുന്നു.കോവിൽക്കടവിൽനിന്നും വനത്തിലൂടെയുള്ള മൺറോഡ്മാർഗം വട്ടവടയിലെ ചിലന്തിയാറിൽ എത്താവുന്നതാണ്.മറയൂർ-കാന്തല്ലൂർ റോഡിലൂടെ നാലുകിലോമീറ്റർ യാത്രചെയ്താൽ കോവിൽക്കടവിലെത്താനാകും.

"https://ml.wikipedia.org/w/index.php?title=കോവിൽക്കടവ്&oldid=3944245" എന്ന താളിൽനിന്ന് ശേഖരിച്ചത്