കൊറ്റൻകുളങ്ങര ദേവീക്ഷേത്രം
കൊറ്റൻകുളങ്ങര ദേവീക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ദുർഗ്ഗ |
ആഘോഷങ്ങൾ | ചമയ വിളക്ക് |
ജില്ല | കൊല്ലം |
സംസ്ഥാനം | കേരളം |
രാജ്യം | ![]() |
കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറയിൽ ദേശീയപാതയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു ഭഗവതി ക്ഷേത്രമാണ് കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം. ചവറ പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദിപരാശക്തിയായ ദുർഗ്ഗയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. കൊറ്റൻകുളങ്ങര അമ്മ എന്ന് ഭഗവതി വിളിക്കപ്പെടുന്നു. മീനമാസത്തിലെ പത്ത്, പതിനൊന്ന് ദിവസങ്ങളിലെ രാത്രിയിലാണ് ഇവിടത്തെ പ്രധാന ഉത്സവമായ ചമയവിളക്ക് ഉത്സവം നടക്കുന്നത്. ഈ ഉത്സവത്തിൽ ആൺമക്കളെ പെൺകുട്ടികളാക്കിയും ഭർത്താക്കൻമാരെ സ്ത്രീ വേഷം ധരിപ്പിച്ചും വിളക്ക് എടുപ്പിക്കുന്നു. കൊറ്റൻ നിവേദ്യമാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാട്.[1]
പ്രതിഷ്ഠകൾ
[തിരുത്തുക]പ്രധാന പ്രതിഷ്ഠ ആദിപരാശക്തിയാണ്. ദുർഗ്ഗ രൂപത്തിലുള്ള പ്രതിഷ്ഠയാണ്. മേൽക്കൂര ഇല്ലാത്ത ശ്രീകോവിലിൽ മഴയും വെയിലുമടക്കമുള്ള പ്രകൃതി പ്രതിഭാസങ്ങളെ ഏറ്റുവാങ്ങി വനദുർഗ്ഗ ഭാവത്തിലുള്ള ഭഗവതിയാണ്.
ഗണപതി, പരമശിവൻ, ശ്രീ ധർമ്മശാസ്താവ്, മാടൻ ഭഗവാൻ, നാഗരാജാവ്, യക്ഷിയമ്മ എന്നിവയാണ് ക്ഷേത്രത്തിലെ മറ്റു ഉപദേവതാ പ്രതിഷ്ഠകൾ.
ഐതീഹ്യം
[തിരുത്തുക]ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഒരു കാലത്ത് വനത്തിന്റെ ഭാഗമായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് ഒരു വലിയ കുളം ഉണ്ടായിരുന്നു. ഒരു ദിവസം ആ ഈ പ്രദേശത്തെത്തിയ കുട്ടികൾക്ക് ഒരു നാളികേരം വീണു കിട്ടുകയും അടുത്തുള്ള ഒരു കല്ലിന്റെ മുകളിൽ വച്ചു കുത്തി അത് പൊളിക്കാൻ ശ്രമിക്കുകയും ചെയ്തു. ആ സമയം ലോഹകഷ്ണം ആ കല്ലിൽ തട്ടിയപ്പോൾ അതിൽ നിന്ന് രക്തം കണ്ടെന്ന് പറഞ്ഞു. തുടർന്ന് ഇവിടെ ഒരു ദുർഗ്ഗാക്ഷേത്രം നിർമ്മിച്ചു.
ചമയ വിളക്ക്
[തിരുത്തുക]ഇവിടത്തെ പ്രധാന ഉത്സവമാണ് ചമയവിളക്ക്. ഇത് മീനമാസത്തിലെ പത്ത്, പതിനൊന്ന് ദിവസങ്ങളിൽ രാത്രിയിലാണ് നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന പുരുഷന്മാർ സ്ത്രീകളായി വേഷം കെട്ടി വിളക്കെടുക്കുന്നു. ദീപാരാധനയ്ക്കുശേഷം പുറത്ത് എഴുന്നള്ളുന്ന ഭഗവതിയെ അനുഗമിച്ച് ചമയവിളക്കേന്തി ഭക്തർ പ്രദക്ഷിണം ചെയ്യുന്നു. താളമേളങ്ങളും ഗജവീരന്മാരും വർണ്ണാഭമായ കെട്ടുകാഴ്ചകളും ഇതിന് അകമ്പടി സേവിക്കുന്നു. രണ്ട് ദിവസങ്ങളിലായി ഈ ചമയവിളക്ക് നടക്കുന്നു.