ഉള്ളടക്കത്തിലേക്ക് പോവുക

കെ.വി. പ്രസാദ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കലൈമാമണി
കെ.വി. പ്രസാദ്‌
2025-ൽ പ്രസാദ്
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംകൃഷ്ണ വി പ്രസാദ്
ജനനം (1958-05-04) 4 മേയ് 1958 (age 68) വയസ്സ്)
എറണാകുളം
വിഭാഗങ്ങൾകർണ്ണാടകസംഗീതം
തൊഴിൽ(കൾ)മൃദംഗ വിദ്വാൻ
ഉപകരണ(ങ്ങൾ)മൃദംഗം, ചെണ്ട, ഇടയ്ക്ക
വർഷങ്ങളായി സജീവം1984–ഇതുവരെ

കേരളത്തിലെ എറണാകുളം ജില്ലയിൽ നിന്നുള്ള ഒരു താളവാദ്യവിദഗ്ദ്നാണ് കലൈമാമണി കെ.വി. പ്രസാദ്‌ (ജനനം 4 മെയ് 1958).[1], മൃദംഗം വായിക്കുകയും കർണാടക സംഗീതം അവതരിപ്പിക്കുകയും ചെയ്യുന്നു. എം.എസ്‌. സുബ്ബലക്ഷ്മി, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ഡി.കെ. പട്ടമ്മാൾ, ലാൽഗുഡി ജയരാമൻ, കെ.വി. നാരായണസ്വാമി, നെടുനൂരി കൃഷ്ണമൂർത്തി, ടി.എൻ. ശേഷഗോപാലൻ, കെ.ജെ. യേശുദാസ്, യു. ശ്രീനിവാസ്, എൻ. രവികിരൺ, കദ്രി ഗോപാൽനാഥ് തുടങ്ങിയ പ്രശസ്ത സംഗീതജ്ഞന്മാരുടെ കച്ചേരികൾക്ക് മൃദംഗം വായിച്ചിട്ടുണ്ട്.[1] അദ്ദേഹം പരിശീലനം നേടിയ തഞ്ചാവൂർ ശൈലിയുടെ ഒരു പ്രധാന ഘടകമായ, വൈദഗ്ധ്യമുള്ള വിരലടയാള വിദഗ്ദ്ധനെന്ന നിലയിൽ അറിയപ്പെടുന്നു.[2] എം.എസ്സിന്റെ സംഗീതവേദികളിലെ സ്ഥിരം താളസാന്നിധ്യമായിരുന്നു.

ഔദ്യോഗികജീവിതം

[തിരുത്തുക]

കുട്ടിക്കാലത്ത്, 'കാസ്ട്രോൾ കൃഷ്ണയ്യർ' എന്നറിയപ്പെട്ടിരുന്ന അച്ഛൻ കൃഷ്ണയ്യരോടൊപ്പം എറണാകുളം ശിവക്ഷേത്രത്തിൽ പോകുമ്പോഴെല്ലാം, പ്രസാദ് ക്ഷേത്രത്തിൽ അടിയന്തരക്കാരുടെ ചെണ്ട കൊട്ടുന്നതിൽ താല്പര്യം കാണിച്ചിരുന്നു. ഒരു ദിവസം, ഈ താളവാദ്യത്തിൽ ഈ ബാലന്റെ താൽപര്യം കണ്ട ക്ഷേത്രത്തിലെ കലാ ജീവനക്കാരനായ മാരാർ, ഏതെങ്കിലും താളവാദ്യത്തിൽ പരിശീലനം നൽകാൻ കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടു.[3] അദ്ദേഹത്തിന്റെ അച്ഛൻ അത് അംഗീകരിച്ചു, പക്ഷേ ചെണ്ടയ്ക്ക് പകരം മൃദംഗം പഠിപ്പിക്കാൻ തീരുമാനിച്ചു.[2] ഇത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കുറിച്ചു എന്നു വേണം കരുതാൻ.

ആറാം വയസ്സിൽ എറണാകുളം നാരായണ അയ്യരുടെ ശിക്ഷണത്തിൽ പ്രസാദ് മൃദംഗത്തിൽ പരിശീലനം ആരംഭിച്ചു, പിന്നീട് തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാദമി പ്രിൻസിപ്പൽ പാറശ്ശാല രവിയുടെയും ടി.കെ. മൂർത്തിയുടെയും കീഴിൽ 15 വർഷങ്ങൾ പരിശീലനം നേടി.[4][5] ചെണ്ട, ഇടക്ക തുടങ്ങിയ താളവാദ്യങ്ങളിലും അദ്ദേഹം പരിശീലനം നേടി. കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ ഒറ്റപ്പാലം മഹാദേവ അയ്യരുടെ കീഴിൽ ഏകദേശം 12 വർഷത്തോളം അദ്ദേഹം ചെറുപ്പം മുതൽ തന്നെ കർണാടകസംഗീതം വായ്പ്പാട്ട് അഭ്യസിച്ചു.[2][3] കച്ചേരികളിൽ മൃദംഗം വായിക്കുവാൻ ഈ പരിശീലനം അദ്ദേഹത്തിന് സഹായകമായി.

1984 മുതൽ 1998 വരെ എം.എസ്‌. സുബ്ബലക്ഷ്മി പൊതുപരിപാടികളിൽ നിന്ന് വിരമിക്കുന്നതുവരെ പ്രസാദ് അവർക്കൊപ്പം ഉണ്ടായിരുന്നു.[6] 1987-ൽ മോസ്കോയിൽ നടന്ന ഫെസ്റ്റിവൽ ഓഫ് ഇന്ത്യ പരിപാടിയിൽ എം.എസ്. സുബ്ബലക്ഷ്മിയോടൊപ്പം ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു.[5][7] കഴിഞ്ഞ 50 വർഷമായി അദ്ദേഹം ചലച്ചിത്ര സംഗീത റെക്കോർഡിംഗുകളിലും സജീവമാണ്, കൂടാതെ നിരവധി മികച്ച ചലച്ചിത്ര സംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ "പ്രമദവനം വീണ്ടും", മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ "ഒരു മുറൈ വന്ത്" തുടങ്ങിയ നിരവധി മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് അദ്ദേഹം താളവാദ്യം വായിച്ചിട്ടുണ്ട്.[8] എം. എസ്. സുബ്ബുലക്ഷ്മിയുടെ പിന്തുണയോടെ ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെ ഒരു റെക്കോർഡിംഗിനായി ഒരു മൃദംഗ മിക്സ് ചെയ്യാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. ആ റെക്കോർഡിംഗ് അനൗപചാരികമായും ആരുടെയും അകമ്പടിയില്ലാതെയും ആലപിക്കപ്പെട്ടു. ഇത് ദൈവീകമായ രാഗയ്ക്യം എന്നർഥം ധ്വനിക്കുന്ന ഡിവൈൻ യൂണിസൺ എന്ന പേരിൽ ഒരു ആൽബമായി പുറത്തിറങ്ങി.[9]

ജോൺസൺ, വിദ്യാസാഗർ, ഇളയരാജ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങി മുൻകാലങ്ങളിലെ മിക്കവാറും എല്ലാ പ്രമുഖ സംഗീത സംവിധായകരുടെയും കൂടെ 500-ലധികം ദക്ഷിണേന്ത്യൻ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കർണാടക സംഗീത ഇതിഹാസങ്ങൾക്ക് പുറമേ, അദ്ദേഹം സാക്കിർ ഹുസൈൻ, ജി. ഹരിശങ്കർ, ടി.എച്ച്. വിനായക് റാം എന്നിവരോടൊപ്പം ഹോളണ്ട്, ഹംഗറി, ജർമ്മനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1966 ഒക്ടോബർ 2 ന് എം. എസ്. സുബ്ബലക്ഷ്മിയുടെ കച്ചേരിയുടെ 50-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി 2016 ഒക്ടോബർ 2 ന് അദ്ദേഹം ഐക്യരാഷ്ട്രസഭയുടെയുടെ അസംബ്ലി ഹാളിൽ പരിപാടി അവതരിപ്പിച്ചു.[1][7]

1984-ൽ ചെന്നൈയിലെ ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി (ഇൻസ്ട്രുമെന്റലിസ്റ്റ്) ചേർന്നതിനുശേഷം, ചെന്നൈയിലെ ആകാശവാണിയിൽ 'എ ടോപ്പ് റാങ്ക്' മൃദംഗ കലാകാരനായിരുന്നു അദ്ദേഹം. 34 വർഷത്തെ സേവനത്തിനുശേഷം 2018 മെയ് 31-ന് അദ്ദേഹം അവിടെ നിന്ന് വിരമിച്ചു.[4]

മൃദംഗത്തിന്റെ ഇടതുവശത്ത് വിരൽത്തുമ്പിൽ അടിക്കുന്ന രീതിയിലുള്ള 'ഗുംകി'ക്ക് പ്രാധാന്യം നൽകുന്ന വായന, വ്യത്യസ്ത ഗായകരുടെ വ്യത്യസ്ത ബാനികളെ (കർണാടക സംഗീതത്തിലെ തനതായ ആലാപന ശൈലി) അനുകരിക്കൽ, ആകാശവാണിയിലെ റെക്കോർഡിംഗ് അനുഭവത്തിൽ നിന്ന് നേടിയെടുത്ത സ്വര ഗുണനിലവാരം, മൃദുവും സൗമ്യവുമായ സംഗീതത്തിന്റെ പരമ്പരാഗത ശുദ്ധി, ഉപരിപ്ലവതയുടെ അഭാവം - ഇവയാണ് അദ്ദേഹത്തിന്റെ മൃദംഗവാദനത്തിന്റെ ഗുണങ്ങൾ എന്ന് സംഗീത നിരൂപകൻ സുബ്ബുഡു ഉൾപ്പെടെ പലരും ചൂണ്ടിക്കാണിച്ചു.[7]

ജീവിതരേഖ

[തിരുത്തുക]

തേവര സേക്രഡ്‌ഹാർട്ട്‌ കോളേജിൽ നിന്നും പ്രീഡിഗ്രി-ഡിഗ്രി പാസായി. 1978-ൽ സസ്യശാസ്ത്രത്തിൽ ബിരുദം നേടി. എറണാകുളം നാരായണയ്യർ, പ്രൊഫ. പാറശ്ശാല രവി, സംഗീതകലാനിധി ഡോ. ടി.കെ. മൂർത്തി എന്നിവരായിരുന്നു ഗുരുക്കന്മാർ. സ്കൂൾ - കോളേജ് പഠനകാലത്തു സംസ്ഥാന യുവജനോത്സവങ്ങളിൽ 1971 മുതൽ 1978 വരെ തുടർച്ചയായി മൃദംഗവാദനത്തിൽ ഒന്നാം സമ്മാനംനേടി. കേരള സംഗീതനാടക അക്കാദമി അക്കാലത്ത്‌ നടത്തിയ യൂത്ത്‌ഫെസ്റ്റിവലിലും സമ്മാനംനേടി. 1974-ൽ ആൾ ഇന്ത്യാ റേഡിയോ നടത്തിയ മൃദംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.[1] 1978-ൽ ഹവാനയിൽ നടന്ന വേൾഡ്‌ യൂത്ത്‌ഫെസ്റ്റിവലിലും പങ്കെടുത്തു. ആകാശവാണി കോഴിക്കോട്‌ നിലയത്തിലും 1984-ൽ ചെന്നൈ നിലയത്തിലും മൃദംഗകലാകാരനായി നിയമിതനായി. ന്യൂയോർക്ക്‌ യു.എൻ. ജനറൽ അസംബ്ളിഹാളിൽ സുധാരഘുനാഥിന്റെ പാട്ടിന്‌ മൃദംഗം വായിച്ചു. [10]

നിരവധി മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നട ചലച്ചിത്രഗാനങ്ങൾക്ക്‌ പശ്ചാത്തലത്തിൽ മൃദംഗം വായിച്ചിട്ടുണ്ട്. പ്രമദവനം, രാമകഥാഗാനലയം..., സൂര്യകിരീടം..., ഒരു മുറൈവന്ത്‌..., അംഗോപാംഗം... തുടങ്ങിയവയുടെ പശ്ചാത്തലത്തിലെ മൃദംഗം പ്രസാദിന്റേതാണ്.[11]

പുരസ്കാരങ്ങളും ബഹുമതികളും

[തിരുത്തുക]
  • കലൈമാമണി പുരസ്കാരം (2000- തമിഴ്നാട് ഇയൽ ഇസൈ നാടക മന്റ്രം)
  • കേരള സംഗീതനാടക അക്കാദമി പുരസ്കാരം (2010)
  • കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം (2013)
  • വാണി കലാ സുധാകര(2011-ത്യാഗ ബ്രഹ്മ ഗാന സഭ, ചെന്നൈ)[1]
  • ആസ്ഥാന വിദ്വാൻ(2001-കാഞ്ചി കാമകോടി പീഠം)[1]

അവലംബം

[തിരുത്തുക]
  1. 1 2 3 4 5 6 "K V PRASAD" (PDF) (in ഇംഗ്ലീഷ്). സംഗീത് നാടക് അക്കാദമി, സാംസ്കാരിക മന്ത്രാലയം, ഭാരത സർക്കാർ. Archived from the original (PDF) on 2026-01-29. Retrieved 2026-01-29.
  2. 1 2 3 "On his Fingertips". ദ ഹിന്ദു (in Indian English). 2013-06-22. ISSN 0971-751X. Retrieved 2026-01-29.
  3. 1 2 "മൃദംഗപ്രസാദം". മാതൃഭൂമി. Archived from the original on 2016-10-02. Retrieved 2026-01-29.
  4. 1 2 "Shri. K.V.Prasad, Staff Artist (Mridangam), AIR Chennai retired on 31st May 2018". prasar9.rssing.com (in ഇംഗ്ലീഷ്). Archived from the original on 2026-01-29. Retrieved 2026-01-29.
  5. 1 2 "A musical rhythmic journey". ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് (in ഇംഗ്ലീഷ്). 2012-05-16. Retrieved 2026-01-29.
  6. "K V Prasad". hobbycue.com (in ഇംഗ്ലീഷ്). Archived from the original on 2026-01-29. Retrieved 2026-01-29.
  7. 1 2 3 ഓൺലൈൻ, കേരള കൗമുദി. "മൂന്ന് വർഷമായി ആ വിഷമം ദാസേട്ടനുണ്ട്, ഈ വർഷം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു". keralakaumudi.com. Archived from the original on 2026-01-30. Retrieved 2026-01-02.
  8. "The chic and the traditional". ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് (in ഇംഗ്ലീഷ്). 2017-01-23. Archived from the original on 2020-01-29. Retrieved 2025-03-27.
  9. "Music on his Fingertips". hithokthi.com (in ഇംഗ്ലീഷ്). Archived from the original on 2026-01-30. Retrieved 2026-01-30.
  10. http://www.thehindu.com/features/friday-review/music/on-his-fingertips/article4834182.ece
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-02. Retrieved 2016-10-02.
"https://ml.wikipedia.org/w/index.php?title=കെ.വി._പ്രസാദ്‌&oldid=4602428" എന്ന താളിൽനിന്ന് ശേഖരിച്ചത്