കെ.പി.എ.സി. സുലോചന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി.എ.സി സുലോചന

കേരളത്തിലെ ജനകീയ ഗായികമാരിലൊരാളും സിനിമാ-നാടക അഭിനേത്രിയുമായിരുന്നു കെ.പി.എ.സി. സുലോചന (10 ഏപ്രിൽ 1938 - 17 ഏപ്രിൽ 2005). സുലോചന പാടിയ ‘വെള്ളാരം കുന്നിലെ’, ‘അമ്പിളിയമ്മാവാ’, ‘ചെപ്പുകിലുക്കണ ചങ്ങാതി‘, 'വള്ളിക്കുടിലിൻ' തുടങ്ങിയ ഗാനങ്ങൾ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയവയാണ്.

ജീവിതരേഖ[തിരുത്തുക]

മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി , 1938 ഏപ്രിൽ 10-ന് ജനിച്ച സുലോചനയുടെ ഗുരു, തടിയൂർ ഗോപാലകൃഷ്ണനായിരുന്നു. തിരുവനന്തപുരം ആകാശവാണിയിൽ ബാലലോകം പരിപാടിയിലൂടെ പ്രഫഷണൽ രംഗത്തേയ്‌ക്ക്‌ പ്രവേശിച്ചു. 1951-ൽ എന്റെ മകനാണ്‌ ശരി എന്ന നാടകത്തിലൂടെയാണ്‌ കെ.പി.എ.സി-യിൽ തുടക്കമിട്ടത്‌. നിങ്ങളെന്നെ കമ്മ്യൂണിസ്‌റ്റാക്കി മുതൽ മന്വന്തരം വരെയുള്ള 10 നാടകങ്ങളിൽ അഭിനയിക്കുകയും പാടുകയും ചെയ്തു. 1964-ലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെത്തുടർന്ന്‌ കെ.പി.എ.സി വിട്ടു. തുടർന്ന്‌ വിവിധ സമിതികളുടെ നാടകങ്ങളിൽ പാടുകയും അവയിലെ പ്രധാനവേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട്‌ 'സംസ്‌ക്കാര' എന്നപേരിൽ നാടകസമിതി രൂപീകരിക്കുകയും പത്തോളം നാടകങ്ങൾ അവതരിപ്പിക്കുകയും ചെയ്തു.[1]

കാലം മാറുന്നു എന്ന സിനിമയിൽ കെ എസ് ജോർജ്ജിന്റെ കൂടെ, ‘ഈ മലർ പൊയ്കയിൽ‘ എന്ന യുഗ്മഗാനം പാടിക്കൊണ്ടാണ് സുലോചന സിനിമാഗാന രംഗത്തെത്തുന്നത്. ഇതേ ചിത്രത്തിൽ സത്യന്റെ നായികയായി വേഷമിട്ടതും സുലോചനയായിരുന്നു. രണ്ടിടങ്ങഴി എന്ന പ്രശസ്ത നോവൽ ചലച്ചിത്രമാക്കിയപ്പോൾ അതിലും രണ്ടു ഗാനങ്ങൾ ആലപിച്ചു. സുലോചനയയെ ശ്രദ്ധേയയാക്കിയ കഥാപാത്രങ്ങളായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ‘സുമം’ , മുടിയനായ പുത്രനിലെ ‘പുലയി’ എന്നിവയൊക്കെ.[2] അരപ്പവൻ, കൃഷ്ണകുചേല തുടങ്ങിയവയാണ് അവർ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.[3] 2005 ഏപ്രിൽ 17-ന്‌ 67-ആം വയസ്സിൽ അന്തരിച്ചു.

ഭർത്താവ്‌ :കലേശൻ. ഒരു കീബോർഡ് വിദഗ്ദ്ധനാണ് കലേശൻ. സുലോചനയുടെ പല ഗാനമേളകൾക്കും അദ്ദേഹം കീബോർഡ് വായിച്ചിട്ടുണ്ട്. കലേശൻ-സുലോചന ദമ്പതികൾക്ക് മക്കളില്ല.

പ്രശസ്ത നാടകഗാനങ്ങൾ[തിരുത്തുക]

 • തലയ്ക്കുമീതെ - അശ്വമേധം (കെ.എസ്. ജോർജ്ജിനൊപ്പം)
 • കിലുകിലെ ചെപ്പുകിലുക്കും - മൂലധനം
 • അമ്പിളിയമ്മാവാ - മുടിയനായ പുത്രൻ
 • എന്തമ്മേ കൊച്ചുതുമ്പി - മുടിയനായ പുത്രൻ
 • ചെപ്പുകിലുക്കണ ചങ്ങാതി - മുടിയനായ പുത്ര
 • കരഞ്ഞു കരഞ്ഞു കണ്ണുനീർ - ശരശയ്യ
 • പമ്പയുടെ തീരത്ത് - ശരശയ്യ
 • വള്ളിക്കുടിലിൻ - സർവ്വേക്കല്ല് (കെ.എസ്. ജോർജ്ജിനൊപ്പം)
 • വെള്ളാരം കുന്നിലെ - നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി
 • മാമ്പൂക്കൾ പൊട്ടി വിരിഞ്ഞു
 • മാൻ കിടാവേ മാൻ കിടാവേ

കൃതികൾ[തിരുത്തുക]

 • അരങ്ങിലെ അനുഭവങ്ങൾ[4]

പുരസ്കാരങ്ങൾ[തിരുത്തുക]

 • പ്രഫഷണൽ നാടകരംഗത്തെ സമഗ്രസംഭാവനക്കുള്ള കേരള സർക്കാരിന്റെ അവാർഡ്‌(1999)
 • പി.ജെ ആന്റണി സ്മാരക ഫൗണ്ടേഷൻ അവാർഡ്‌
 • കേരള സംഗീതനാടക അക്കാദമി അവാർഡ്‌(1975)
 • കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ്‌ (1997)
 • കേരള സർക്കാരിന്റെ മാനവീയം അവാർഡ്‌ (2000)
 • കേരള ഫൈൻ ആർട്‌സ്‌ സൊസൈറ്റി അവാർഡ്‌ (2005 ഏപ്രിൽ)

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2006-06-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-19.
 2. http://www.m3db.com/node/8598
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-19.
 4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-02-19.
"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._സുലോചന&oldid=3803335" എന്ന താളിൽനിന്ന് ശേഖരിച്ചത്