നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി
കെ. പി. എ. സി യുടെ ഒരു സാമൂഹിക രാഷ്ട്രീയ നാടകമാണ് നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി. തോപ്പിൽ ഭാസി രചിച്ച ഈ നാടകം എൻ. രാജഗോപാലൻ നായരും, ജി. ജനാർദ്ദനക്കുറുപ്പും ചേർന്നാണ് സംവിധാനം ചെയ്തത്. ഈ നാടകത്തിനു വേണ്ടി ഗാനങ്ങൾ എഴുതിയത് കവി ഒ. എൻ. വി കുറുപ്പും, സംഗീത സംവിധാനം നിർവ്വഹിച്ചത് ജി. ദേവരാജനുമാണ്.[1] നാടകരചനാ സമയത്ത് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഒളിവുജീവിതം നയിച്ച തോപ്പിൽ ഭാസി, സോമൻ എന്ന തൂലികാ നാമത്തിലാണ് നാടകം എഴുതിയത്. 1950 -ൽ ആരംഭിച്ച കെ.പി.എ.സി യുടെ രണ്ടാമത്തെ നാടകമായിരുന്നു "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി." എന്റെ മകനാണ് ശരി എന്ന നാടകമായിരുന്നു ആദ്യത്തേത്. ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയറ്ററിൽ 1952 ഡിസംബർ 6 നാണ് "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി"യുടെ ആദ്യ പ്രദർശനം നടന്നത്.
പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വളരെയേറെ സഹായകമായെന്നും 1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയെന്നും കണക്കാക്കപ്പെടുന്നു[2].
ചരിത്രം
[തിരുത്തുക]1952 ഡിസം 6ന് കൊല്ലം ചവറ തട്ടാശ്ശേരിയിലായിരുന്നു ആദ്യവേദി.[3] 1953 മാർച്ചിൽ ഗവണ്മെൻറ് ഈ നാടകം നിരോധിച്ചു. ഗവണ്മെന്റിനു എതിരെ ജനങ്ങളിൽ വികാരം വളർത്തുന്നു എന്നായിരുന്നു ആരോപണം. നിരോധനത്തെ അവഗണിച്ച് കൊണ്ട് അവതരണം തുടരുകയും കോവളത്ത് വേദിയിൽ വച്ച് എല്ലാ കലാകാരന്മാരെയും അറ്റസ്റ്റ് ചെയ്ത് കേസ് ചാർജ് ചെയ്യുകയും ചെയ്തു. നിയമയുദ്ധത്തിലൂടെ 2 മാസത്തിനു ശേഷം നിരോധനം നീക്കി. തുടർന്ന് ഏകദേശം ആറായിരത്തിലധികം വേദികളിൽ നാടകം പ്രദർശിക്കപ്പെട്ടു. കേരളസമൂഹത്തിന്റെ രാഷ്ട്രീയ മനസ്സ് നിർണയിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ ഈ നാടകത്തിനു സാധിച്ചു.
കഥ
[തിരുത്തുക]ഇന്ത്യയിലെ മറ്റിടങ്ങളിൽ എന്നപോലെ തന്നെ കേരള സമൂഹത്തിൽ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിർക്കാനും കീഴാളരുടെ ഉയര്ച്ചക്കും ആഹ്വാനം ചെയ്യുന്നു. പരമുപിള്ള എന്ന ഉയർന്നജാതിയിൽപെട്ട ആൾ കമ്മ്യുണിസ്റ്റ് ആവുന്നതാണ് കഥ. അയാൾ ചെങ്കൊടി കയ്യിലേക്ക് വാങ്ങുമ്പോൾ നാടകം അവസാനിക്കുന്നു.
സിനിമയിൽ
[തിരുത്തുക]നസീറിനെയും, ഷീലയെയും നായികാനായകന്മാരാക്കി 1970ൽ തോപ്പിൽഭാസി തന്നെ ഇതേ പേരിൽ സിനിമയെടുത്തു.
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-29. Retrieved 2011-08-29.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-15. Retrieved 2011-08-29.
- ↑ https://www.manoramaonline.com/style/arts-and-culture/2022/12/21/the-legacy-and-significance-of-ningal-enne-communistakki-drama.html