Jump to content

കെ.പി.എ.സി. ജോൺസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള നാടക, ചലച്ചിത്രനടനും ഹാർമോണിസ്റ്റുമാണ് കെ.പി.എ.സി. ജോൺസൻ (മരണം ː 25 ഫെബ്രുവരി 2017). (പൂർണ്ണ രൂപം: കായംകുളം പീപ്പിൾ ആർട്‌സ് ക്ലബ്ബ്) അര നൂറ്റാണ്ടിലേറെ ഹാർമോണിസ്‌റ്റായി പ്രവർത്തിച്ചു. പിന്നീട് നാടക നടനായും ചലച്ചിത്രനടനായും വളർന്നു.[1] സമിതിയിൽ തുടർച്ചയായി 58 വർഷം പ്രവർത്തിച്ചു.

ആദ്യകാലം

[തിരുത്തുക]

1923 ഡിസംബർ 14 ന് കോട്ടയം ,കീഴുക്കുന്നിൽ, വടശ്ശേരിൽ ഡാനിയലിന്റെയും മോനിക്കയുടെയും അഞ്ചു മക്കളിൽ ഇളയവനായി ജനിച്ചു . കുഞ്ഞച്ചൻ എന്നായിരുന്നു വിളിപ്പേര് . കോട്ടയം ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസത്തിനു ശേഷം മാർ തോമ സെമിനാരി സ്‌കൂളിൽ (MT School) നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ജ്യേഷ്ഠൻ അക്കാലത്തു മലയാള മനോരമയിൽ പ്രിന്റിംഗ് വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. ജ്യേഷ്ഠനോടൊപ്പം പ്രസ്സിൽ ചെല്ലാൻ ആവശ്യപ്പെട്ടപ്പോൾ കോളേജ് പഠന മോഹം ഉപേക്ഷിച്ചു പിന്നീട് പ്രസ്സിൽ ജോലി ചെയ്തു തുടങ്ങി. ഇതിനിടയിൽ ഒരു സഹോദരൻ മരണപ്പെട്ടു.

കോട്ടയം തിരുനക്കരയിൽ വച്ച് നാണുക്കുട്ടൻ ഭാഗവതരുടെ ഒരു കച്ചേരി നേരിട്ട് കണ്ടതിനെത്തുടർന്ന് തനിക്കും ഹാർമോണിയം പഠിക്കണമെന്നുള്ള ആഗ്രഹം അറിയിച്ചപ്പോൾ പണമൊന്നും വാങ്ങാതെ ഭാഗവതർ ജോൺസണെ ശിക്ഷ്യനായി സ്വീകരിച്ചു. ഇതിനിടയിൽ വിജയപുരം രൂപതയിലെ ഗുഡ് ഷെപ്പേർഡ് ദേവാലയത്തിലെത്തിയ സ്പെയിൻകാരൻവൈദികൻ റവ .കാർമൽ OCD യിൽ നിന്നുംപാശ്ചാത്യ ചിട്ടകളോടെ തന്നെ പിയാനോ വാദനവും ജോൺസൺ അഭ്യസിച്ചു. ഇതോടൊപ്പം മുണ്ടക്കയം ജവഹർ പ്രസ്സ് ,കോട്ടയം സി.എം.എസ്. പ്രസ് എന്നിവിടങ്ങളിൽ ജോൺസൺ ഫോർമാനായും പ്രവർത്തിച്ചു പോരുകയും ഒപ്പം കോട്ടയത്തു രൂപം കൊണ്ട കേരളം മുഴുവൻ ശ്രദ്ധ നേടിയ കോട്ടയം ആർട്സ് ക്ളബ്ബിലും എൻ.എൻ. പിള്ളയുടെ വിശ്വകേരളകലാസമിതിയിലും പിയാനിസ്റ്റായി . ശ്രീലങ്കയിലും മലബാറിലുമായി ജോലി നോക്കിയിരുന്ന അച്ഛനും മരണപ്പെട്ടു.

കുടുംബം

[തിരുത്തുക]

1960-ൽ എൽസമ്മയെ വിവാഹം ചെയ്തു. ബീന, നീന, ബെന്നി ജോൺസൺ.

കലാജീവിതം

[തിരുത്തുക]

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ പപ്പു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിരുന്ന നടൻ എത്താതിരുന്നതിനാൽ നാടക സമയത്ത് അദ്ദേഹത്തിനു പകരക്കാരനായി അഭിനയിക്കേണ്ടി വന്നു. കൂട്ടുകുടുംബം എന്ന നാടകത്തിലാണ് ആദ്യമായി പകരക്കാരനല്ലാതെ അഭിനയിച്ചത്. ഹൈസ്‌കൂളിൽ കാലത്ത് ജോൺസൺ കോട്ടയം നാണുക്കുട്ടൻ ഭാഗവതരിൽ നിന്നും കർണാട്ടിക്ക് മ്യൂസിക്കും ജിം മാസ്‌റ്ററിൽനിന്നു വെസ്‌റ്റേൺ മ്യൂസിക്കും പള്ളിയിലെ സ്പെയിൻകാരായ വികാരിയച്ചൻമാരിൽനിന്നും ലാറ്റിൻ മ്യൂസിക്കും പഠിച്ചു. 1952 ഓഗസ്‌റ്റ് 14 മുതൽ കെ.പി.എ.സിയുടെ ഭാഗമായി. ഹാർമോണിസ്റ്റായാണ് ഇവിടെ പ്രവേശിച്ചത്. ഫ്രാൻസിസ്‌ ടി. മാവേലിക്കരയുടെ പുതിയ ആകാശം പുതിയഭൂമി എന്ന നാടകത്തിലാണ്‌ ഏറ്റവും ഒടുവിൽ അഭിനയിച്ചത്‌.

1987 ൽ കെ.പി.എ.സി. യുടെ നാടകം ഗൾഫ് നാടുകളിലും ,1989-ൽ അമേരിക്ക, ഇംഗ്ലണ്ട്, അയർലന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും അവതരിപ്പിച്ചപ്പോൾ അതിലും ജോൺസണ് ഭാഗമായിരുന്നു. കെ.പി.എ.സിയുടെ മിക്ക നാടകങ്ങളിലും 14 മലയാള സിനിമകളിലും അഭിനയിച്ചു . കേരളത്തിലെ ആദ്യകാല ഹാർമോണിയം /പിയാനോ വാദകരിൽ പ്രമുഖനായിരുന്നു ഇദ്ദേഹം. ക്രിസ്തീയ ഭക്തിഗാനങ്ങളും നാടക ഗാനങ്ങളും ഉൾപ്പെടെ 700 ഗാനങ്ങൾക്ക് അദ്ദേഹം ഈണം നൽകി. അദ്ദേഹത്തിന്റെ ഭക്തി ഗാനങ്ങൾ 1976-ൽ എച്ച്.എം.വി. പുറത്തിറക്കിയിരുന്നു.

ഗാനങ്ങൾ

[തിരുത്തുക]

ധാരാളം ക്രിസ്തീയ ഭക്തി ഗാനങ്ങൾക്ക് ജോൺസൺ സംഗീത സംവിധാനം നിർവഹിച്ചു . "ബേത് ലഹേമിലെ രാവിൽ മോഹനവെള്ളിതാരകം”(വാണിജയറാം),"അറിവിന്നറവേ കനിവിൻ നിറവേ " (ജോളി എബ്രഹാം ),"ജീവന്റെ നാഥനെ കാൽവരിക്കുന്നിൽകുരിശിൽ തറച്ചതാരോ "(യേശുദാസ് ), "വരിക വരിക പാവനാത്മൻ","സ്നേഹമുള്ള നിങ്ങളോടു ചൊല്ലിടുന്നു യാത്ര ഞാൻ"(മരണാനന്തര ചടങ്ങിന് പാടുന്നത് ) "പാതിരനക്ഷത്രമേ","സ്വർഗ്ഗത്തിൽ വാഴും വിശുദ്ധാത്മാവേ"(വി .സെബസ്ത്യാനോസിന്റെ ),"അമ്മെ നിർമ്മല കന്യകയെ","കാറ്റേ കടലേ വാ ", "ജയ ജയ ജയ ദിവ്യരാത്രി " ,"പാരിജാതമലരെ പാപത്തിൻ പാഴ്മണ്ണിൽ "",ദുഃഖ വെള്ളിപ്പൂവ് " ,"പ്രാണന്റെ തോണി തുഴയുമീ ","ബാവയ്‌ക്കും പുത്രനും ","അനുപമ സ്നേഹമേ ...അഗാധ സ്നേഹമേ ""സുവിശേഷ ഗീതങ്ങൾ പാടുകാനാം ...സുരലോക നാഥന് ","സ്വീകരിക്കേണേ പിതാവേ അധ്വാനത്തിൻ ഫലങ്ങൾ ","ചിന്മയാന്ദ നന്ദിനി തായേ ","കുരിശിൻ തണൽ വീശും അൾത്താരയിൽ ","കർത്താവേ ആഴ്ത്തിൽ നിന്ന് ","നാഥാ ശിക്ഷ്യ ഗാനത്തിന്മേൽ "തുടങ്ങി 700ൽ പരം ക്രിസ്തീയ ഭക്തി ഗാനങ്ങളാണ് ജോൺസന്റെ സംഗീതത്തിൽ ജനിച്ചത്. അന്ന് വിജയപുരം മെത്രാനായിരുന്ന കൊർണേലിയൂസ് ഇലഞ്ഞിക്കലിന്റെ വരികൾക്ക് ജോൺസൺ ഈണം നൽകുകയും അവയൊക്കെ ദേവാലയങ്ങളിലെ ഗാനങ്ങളായി മാറുകയും ചെയ്തിരുന്നു. ഈ ഗാനങ്ങൾക്കൊക്കെ കൃത്യമായി നൊട്ടേഷൻ എഴുതി സൂക്ഷിച്ചിരുന്നു.

അഭിനയിച്ച നാടകങ്ങൾ

[തിരുത്തുക]

മനുഷ്യന്റെ മാനിഫെസ്റ്റോ, അശ്വമേധം, മുടിയനായ പുത്രൻ, മന്വന്തരങ്ങൾ, എന്റെ മകനാണ് ശരി, സർവ്വേക്കല്ല്, പുതിയ ആകാശം പുതിയ ഭൂമി, ശരശയ്യ, മൂലധനം, യുദ്ധകാണ്ഡം, ഇരുമ്പു മറ, കൂട്ടുകുടുംബം, തുലാഭാരം, ജീവിതം അവസാനിക്കുന്നില്ല, ഇന്നലെ ഇന്ന് നാളെ, മാനസപുത്രി, ഉദ്യോഗപർവം, യന്ത്രം സുദർശനം, ഭാരത ക്ഷേത്രം, എനിക്ക് മരണമില്ല, സഹസ്രയോഗം, ലയനം, കയ്യും തലയും പുറത്തിടരുത്, ഭഗവാൻ കാലു മാറുന്നു, സിംഹം ഉറങ്ങുന്ന കാട്, സൂക്ഷിക്കുക ഇടതുവശം ചേർന്ന് പോവുക, വിഷസർപ്പത്തിന് വിളക്ക് വയ്ക്കരുത്, മൃച്ഛകടികം, പാഞ്ചാലി, ഭഗ്നഭവനം, മുക്കുവനും ഭൂതവും, ശാകുന്തളം, രജനി, സൂത്രധാരൻ, താപനിലയം, കന്യക, ജീവപര്യന്തം, ഒളിവിലെ ഓർമ്മകൾ, പെന്റുലം, നാൽക്കവല, താള തരംഗം, രാജയോഗം, സബ് കോ സന്മതി ദേ ഭഗവാൻ, മാനവീയം, രാജാരവിവർമ്മ, അധിനിവേശം, പ്രളയം, ഇന്നലെകളിലെ ആകാശം, ദ്രാവിഡവൃത്തം

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
  • നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി
  • സർവ്വേക്കല്ല്
  • ഒതേനന്റെ മകൻ
  • ഒരു സുന്ദരിയുടെ കഥ
  • പിച്ചാത്തി കുട്ടപ്പൻ
  • ബാല്യകാലസഖി
  • മദർതെരേസ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം - 2003.[2]
  • നാടക രംഗത്തെ സമഗ്ര സംഭാവനകൾക്ക് കല്ലുമല കരുണാകരൻ ഫൗണ്ടേഷൻ പുരസ്‌കാരം - 2007
  • കേരള അസോസിയേഷൻ കുവൈത്തിന്റെ തോപ്പിൽ ഭാസി അവാർഡ്‌ - 2009
  • തോപ്പിൽ ഭാസി പഠനകേന്ദ്രത്തിന്റെ പ്രതിഭാ പുരസ്‌കാരം - 2010
  • ഒളിവിലെ ഓർമ്മകളിലെ" ചേന്നൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച നടനുള്ള കേരള സംഗീത നാടക അക്കാഡമി അവാർഡ്-1993
  • ഏറ്റവും നല്ല സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ് - 1995
  • തിരുനെല്ലൂർ കരുണാകരൻ അവാർഡ്
  • മയ്യനാട് ഗാനം അവാർഡ് ഇപ്റ്റ അവാർഡ്
  • കല്ലുമല കരുണാകരൻ അവാർഡ്
  • ക്രൈസ്ത്തവ സഭ സംഗീത ലോക -പ്രശസ്തി പത്ര
  • ആത്മ അവാർഡ്

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.പി.എ.സി._ജോൺസൻ&oldid=3968785" എന്ന താളിൽനിന്ന് ശേഖരിച്ചത്