കെ.എൻ. ഗണേശ്
കെ.എൻ. ഗണേശ് | |
---|---|
ജനനം | 1954 സെപ്റ്റംബർ 5 പെരുമ്പാവൂർ, എറണാകുളം ജില്ല |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അധ്യാപകൻ |
അറിയപ്പെടുന്നത് | ചരിത്രകാരൻ |
പ്രമുഖ മലയാളി ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമാണ് ഡോ.കെ.എൻ. ഗണേശ്. 2015 ൽ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ രചനക്കുള്ള പുരസ്കാരം ലഭിച്ചു.[1] 1990 ൽ പുറത്തിറങ്ങിയ കേരളത്തിന്റെ ഇന്നലെകൾ എന്ന അദ്ദേഹത്തിന്റെ കൃതി ഏറെ ശ്രദ്ധേയമാണ്. രാഷ്ട്രീയ ചരിത്രത്തിലും, വംശചരിത്രത്തിലും കേന്ദ്രീകരിച്ചുള്ള ചരിത്ര വ്യാഖ്യാനങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായി കേരളത്തിന്റെ അതുവരെയുള്ള സാമൂഹിക ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ശ്രമമായിരുന്നു ഈ ഗ്രന്ഥം.മലയാളിയുടെ ദേശാകാലങ്ങൾ എന്ന അദ്ദേഹത്തിന്റെ രചന മലയാളിയുടെ ചരിത്രത്തെ പുനർനിർമ്മിക്കുന്നതിൽ തികച്ചും നവീനമായൊരു സമീപനം ഉൾകൊള്ളുന്ന രചനയാണ്. ശിലാലിഖിതങ്ങൾ ഉൾപ്പടെയുള്ള പരമ്പരാഗത ചരിത്ര സ്രോതസുകൾക്ക് പകരം വാമൊഴിവഴക്കങ്ങളെയും, സാമൂഹിക ജീവിതത്തിലെ വിവിധ സൂചകങ്ങളെയും, ശേഷിപ്പുകളെയും ആശ്രയിച്ചാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. ഇത്തരമൊരു ചരിത്രരചന കേരളീയ ചരിത്രപഠനങ്ങളിൽ ഒരു അപൂർവതയാണെന്ന് തന്നെ പറയാം.
ജീവിതരേഖ
[തിരുത്തുക]1954ൽ ജനനം. ആലുവ, എറണാകുളം, മദ്രാസ്, ഡൽഹി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽനിന്നും പ്രമുഖ ചരിത്രകാരി ആർ. ചമ്പകലക്ഷ്മിയുടെ കീഴിൽ മധ്യകാല കേരള ചരിത്രത്തിൽ ഗവേഷണം പൂർത്തിയാക്കി പി.എച്ച്.ഡി. നേടി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചരിത്രവിഭാഗത്തിൽ പ്രൊഫസറായി വിരമിച്ചു. 1989 ൽ കേരള ഗസറ്റിയേഴ്സ് എഡിറ്ററായിരുന്നു. കേരള വിദ്യാഭ്യാസ കമ്മീഷന്റെ പ്രവർത്തനത്തിൽ മുഖ്യപങ്ക് വഹിച്ചു. 2005-07ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ്.
കൃതികൾ
[തിരുത്തുക]- കേരളത്തിന്റെ ഇന്നലെകൾ
- പ്രകൃതിയും മനുഷ്യനും
- കുഞ്ചൻ നമ്പ്യാർ - വാക്കും സമൂഹവും
- തഥാഗതൻ - ബുദ്ധന്റെ സഞ്ചാര വഴികൾ
- കേരള സമൂഹം - ഇന്ന്, നാളെ
- കേരള സമൂഹപഠനങ്ങൾ
- മലയാളിയുടെ ദേശകാലങ്ങൾ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.