കെടാമംഗലം സദാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെടാമംഗലം സദാനന്ദൻ
ജനനം1926
മരണംഏപ്രിൽ 13, 2008 (വയസ് 82)
തൊഴിൽകഥാപ്രസംഗകൻ, നടൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1944–2008

കേരളത്തിലെ പ്രശസ്തനായ ഒരു കഥാപ്രസംഗകനായിരുന്നു കെടാമംഗലം സദാനന്ദൻ (1926 - 13 ഏപ്രിൽ 2008). സിനിമാ-നാടക നടൻ കൂടിയായിരുന്ന ഇദ്ദേഹം ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും പ്രശസ്തനായിരുന്നു. ഏകദേശം 64 വർഷക്കാലം കഥാപ്രസംഗരംഗത്ത് സജീവമായി പ്രവർത്തിച്ച കെടാമംഗലം 40-ലേറെ കഥകൾ 15,000 വേദികളിലായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ചങ്ങമ്പുഴയുടെ രമണൻ 3500-ൽ പരം വേദികളിൽ അവതരിപ്പിച്ചു. ഒരേ കഥ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇത്രയധികം വേദികളിൽ അവതരിപ്പിച്ചത് ഒരു സർവ്വകാല റെക്കോർഡായി കണക്കാക്കപ്പെടുന്നു.[1]
12 സിനിമകൾക്ക് തിരക്കഥയും നൂറോളം സിനിമകൾക്ക് ഗാനങ്ങളും രചിച്ചിട്ടുള്ള ഇദ്ദേഹം 40 സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്.[2]

ജീവിതരേഖ[തിരുത്തുക]

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിനടുത്തുള്ള കെടാമംഗലം ഗ്രാമത്തിൽ 1926-ൽ ജനിച്ച സദാനന്ദൻ 1944-ൽ തനിക്ക് 18 വയസ് പ്രായമുള്ളപ്പോൾ മുതൽ കഥാപ്രസംഗം വേദികളിലവതരിപ്പിച്ച് തുടങ്ങിയിരുന്നു. ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത് പ്രധാനമായും ചങ്ങമ്പുഴയുടെ രമണൻ, വാഴക്കുല എന്നീ കഥകളായിരുന്നു. മറ്റൊരു പ്രധാന കഥ ഉണ്ണിയാർച്ചയായിരുന്നു. രമണന്റെ അഭൂതപൂർവ്വമായ പ്രചാരത്തിന് പിന്നിൽ കെടാമംഗലം സദാനന്ദന്റെ കഥാപ്രസംഗത്തിന്റെ സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു.[3] പിൽക്കാലത്ത് കർണൻ, അഗ്നി നക്ഷത്രം, അവൻ വീണ്ടും ജയിലിലേക്ക്, അഗ്നിപരീക്ഷ, പട്ടമഹിഷി, ചിരിക്കുന്ന മനുഷ്യൻ, വ്യാസന്റെ ചിരി, അഹല്യ തുടങ്ങി നിരവധി കഥാപ്രസംഗങ്ങൾ അദ്ദേഹം അവതരിപ്പിച്ചു. കേരളത്തിൽ സാംബശിവൻ കഴിഞ്ഞാൽ ഏറ്റവുമധികം വേദികളിൽ കഥ പറഞ്ഞിട്ടുള്ള കാഥികനാണ് കെടാമംഗലം.[4]

കഥാപ്രസംഗ രംഗത്തെ മുടിചൂടാ മന്നന്മാരിലൊരാളായിരുന്ന കെടാമംഗലത്തിന് മലയാള സിനിമാരംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ സാധിച്ചു.1952-ൽ പ്രേം നസീർ നായകനായ മരുമകൾ എന്ന ചിത്രത്തിൽ വില്ലനായിട്ടായിരുന്നു അരങ്ങേറ്റം. കെടാമംഗലത്തെപ്പോലെ തന്നെ നസീറിന്റെയും കന്നിച്ചിത്രമായിരുന്നു അത്. തസ്കര വീരൻ ആയിരുന്നു രണ്ടാമത്തെ ചിത്രം. നായികയുടെ അച്ഛന്റെ വേഷമായിരുന്നു ആ ചിത്രത്തിലേത്. 1961-ൽ അരപ്പവൻ എന്ന ചിത്രത്തിൽ അഭിനയിച്ചതിനോടൊപ്പം അതിലെ ഗാനങ്ങളും എഴുതിക്കൊണ്ട് ചലച്ചിത്ര ഗാനരംഗത്തേക്കും അദ്ദേഹം കടന്നു വന്നു. ലില്ലി, ചതുരംഗം, ഉമ്മിണിത്തങ്ക, ദേവി കന്യാകുമാരി, ശ്രീ അയ്യപ്പൻ തുടങ്ങിയവയാണ് അദ്ദേഹം വേഷമിട്ട മറ്റ് സിനിമകൾ. ഇതിനു പുറമേ വിപ്ലവകാരികൾ, പ്രതികാരം, സെന്റ് തോമസ് തുടങ്ങി 12 ചലച്ചിത്രങ്ങളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്. തമിഴ് സിനിമാ ലോകത്ത് ഓളങ്ങൾ സൃഷ്‌ടിച്ച കൈരാശി കെടാമംഗലത്തിന്റെ കഥയാണ്.[5]

ശ്വാസകോശാർബ്ബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന കെടാമംഗലം സദാനന്ദൻ 2008 ഏപ്രിൽ 13-ന് അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സാംബശിവൻ ധന്യകേരള പ്രവീൺ പുരസ്കാരം
  • തിരുവിതാംകൂർ ദേവസ്വം വകുപ്പിന്റെ കാലാരത്നം പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്‌

അവലംബം[തിരുത്തുക]

  1. "കെടാമംഗലത്തിന് റെക്കോഡ്, സിഫി വെബ്‌സൈറ്റ്". ശേഖരിച്ചത് 29 ഒക്ടോബർ 2011.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kedamangalam Sadanandan dead, The Hindu". 14 ഏപ്രിൽ 2008. മൂലതാളിൽ നിന്നും 2008-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഒക്ടോബർ 2011.
  3. "A Social History of India, S.N. Sadasivan, A.P.H Publishing Corporation". ശേഖരിച്ചത് 29 ഒക്ടോബർ 2011.
  4. "കെടാമംഗലം സദാനന്ദൻ, m3db വെബ്‌സൈറ്റ്". ശേഖരിച്ചത് 29 ഒക്ടോബർ 2011.
  5. "കെടാമംഗലം സദാനന്ദൻ അന്തരിച്ചു, യാഹൂ മലയാളം വെബ്‌സൈറ്റ്". 13 ഏപ്രിൽ 2008. ശേഖരിച്ചത് 29 ഒക്ടോബർ 2011.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കെടാമംഗലം_സദാനന്ദൻ&oldid=3652892" എന്ന താളിൽനിന്ന് ശേഖരിച്ചത്