വി. സാംബശിവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. സാംബശിവൻ
വി. സാംബശിവൻ.jpg
ജനനം 1929 ജൂലൈ 4
കൊല്ലം, തിരുവിതാംകൂർ
മരണം 1996 ഏപ്രിൽ 23(1996-04-23) (പ്രായം 66)
കൊല്ലം, കേരളം, ഇന്ത്യ
ദേശീയത ഇന്ത്യൻ
തൊഴിൽ കഥാപ്രസംഗകൻ

കേരളത്തിലെ ഒരു പ്രസിദ്ധ കഥാപ്രാസംഗകനായിരുന്നു വി.സാംബശിവൻ[1] (1929 ജൂലൈ 4 - 1996 ഏപ്രിൽ 23). കഥാപ്രസംഗകലയെ ഉയരങ്ങളിലെത്തിയ്ക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ജീവചരിത്രം[തിരുത്തുക]

1929 ജൂലൈ 4-ന് കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം നടുവത്തുചേരി മേലൂട്ട് വേലായുധന്റെയും ശാരദയുടെയും ആദ്യ പുത്രനായി ജനിച്ചു.ചവറ സൗത്ത്ഗവണ്മെന്റ് യു.പി.സ്കൂളിലും ഗുഹാനന്ദപുരം സംസ്കൃത സ്കൂളിലും ചവറ ശങ്കരമംഗലം സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ശ്രീനാരായണ കോളജ് കൊല്ലം നിന്നു ബി.എ ഒന്നാം ക്ലാസ്സിൽ പാസ്സായി. കെ.എസ്.എഫിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. 1957=ൽ ഗുഹാനന്ദപുരം ഹൈസ്കൂളിൽ അദ്ധ്യാപകനായി. 60=ൽ ബി.എഡ് പാസ്സായി. സുഭദ്രയാണ് ഭാര്യ. 1957-ലായിരുന്നു ഇവരുടെ വിവാഹം. അദ്ദേഹത്തിന്റെ മകനായ വസന്തകുമാർ സാംബശിവൻ ഇപ്പോൾ കഥാപ്രസംഗരംഗത്തുണ്ട്. വസന്തകുമാറിനെക്കൂടാതെ വേറെയും മൂന്ന് മക്കൾ അദ്ദേഹത്തിനുണ്ട്.

സാംബശിവന് 1995-ൽ ന്യൂമോണിയബാധ ഉണ്ടായി. പിന്നിട്‌ ശ്വാസകോശത്തിൽ അർബുദവും ബാധിച്ചു.[2] 1996 ഏപ്രിൽ 23-ന് 67-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

പ്രവർത്തനരംഗം[തിരുത്തുക]

1949-ലെ ഓണക്കാലത്തെ ചതയം നാളിൽ രാത്രി 8 മണിയ്ക്കു ഗുഹാനന്ദപുരം ക്ഷേത്രസന്നിധിയിൽ മൈക്കില്ലാതെ, കത്തിച്ചുവച്ചിരുന്ന പെട്രൊമാക്സിന്റെ വെളിച്ചത്തിൽ വി.സാംബശിവൻ തന്റെ ആദ്യ കഥാപ്രസംഗം അവതരിപ്പിച്ചു - ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘ദേവത’. സംസ്കൃത പണ്ഡിതനും കവിയും ഗുഹാനന്ദപുരം സംസ്കൃത സ്കൂളിൽ അദ്ധ്യാപകനും ആയിരുന്ന ഒ. നാണു ഉപാദ്ധ്യായനായിരുന്നു ഉദ്ഘാടകൻ. “സാധാരണക്കാരനു മനസ്സിലാകുന്ന ശൈലിയിൽ കഥപറയണം.” ഉദ്ഘാടന പ്രസംഗത്തിൽ നിന്നു സാംബശിവന്റെ മനസ്സിൽ ഒരു കെടാദീപമായി കൊളുത്തപ്പെട്ട ആപ്തവാക്യമായിരുന്നു അത്. “കലാശാലാ വിദ്യാഭ്യാസം ചെയ്യാൻ എനിക്കു കലശലായ മോഹം. പക്ഷേ പണമില്ല. ഞാനൊരു കഥ പറയാം. പകരം പണം തന്നു എന്നെ സഹായിക്കണം.” വി.സാംബശിവന്റെ ആദ്യ വേദിയിലെ ആമുഖ വാചകങ്ങളായിരുന്നു ഇവ. കഥ ആസ്വാദകരുടെ മനസ്സിൽ തട്ടി. ആയിരക്കണക്കിനു വേദികൾ അദ്ദേഹത്തെ തേടി എത്തി. പഠിക്കുന്ന കാലത്തും തിരക്കുള്ള കാഥികനായി കഥ പറഞ്ഞ് കേരളത്തിലാകെ മുന്നേറി.ദേവതക്കു ശേഷം കൊച്ചുസീത, മഗ്ദലനമറിയം, വാഴക്കുല ,ആയിഷ,റാണി, പട്ടുനൂലും വാഴനാരും , പ്രേമശിൽപ്പി, പുള്ളിമാൻ എന്നീ കഥകൾ അദ്ദേഹത്തിന് വേദിയിൽ പ്രതിഷ്ഠ നേടി കൊടുത്തു.

വിശ്വസാഹിത്യം കഥാപ്രസംഗവേദിയിലേക്ക്[തിരുത്തുക]

1963-ൽ കഥാപ്രസംഗവേദിയിൽ ഒരു വഴിത്തിരിവു സൃഷ്ടിച്ചുകൊണ്ട് വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയിയുടെ 'ദ പവർ ഓഫ് ഡാർക്നെസ് ' (തമശ്ശക്തി) എന്ന നാടകം ‘അനീസ്യ’ എന്ന പേരിൽ കഥാപ്രസംഗമായി അദ്ദേഹം അവതരിപ്പിച്ചു. കഥാപ്രസംഗമായി മാറിയ ആദ്യ വിശ്വസാഹിത്യകൃതിയായിരുന്നു ഇത്. മദ്ധ്യവയസ്കനായ ഭർത്താവിനെ വിഷംകൊടുത്തു കൊന്ന് യുവാവായ വാല്യക്കാരനെ വേൾക്കുന്ന കഥാനായികയാണ് ‘അനീസ്യ’. അക്കാലത്തെ മലയാളികളുടെ നീതിബോധം ഒട്ടും തന്നെ അനുകൂലഭാവമരുളി സ്വീകരിക്കാൻ ഇടയില്ലാത്ത ഈ നായികയെ സാംബശിവൻ ഒരു സഹൃദയപക്ഷപാതിയായ കലാകാരന്റെ വൈദഗ്ദ്ധ്യത്തോടെ സഹൃദയർക്ക് സ്വീകാര്യമാക്കി തീർക്കുകയും ചെയ്തു.


പുഷ്പിത ജീവിതവാടിയിലൊ-
രപ്സരസുന്ദരി ആണനീസ്യ

എന്ന ഹൃദയഹാരിയായ ഗാനത്തോടെ അനീസ്യയെ ആസ്വാദകരുടെ മനസ്സുകളിലെക്കു അദ്ദേഹം കടത്തി വിട്ടു. തന്റെ സമശീർഷരായ കഥപ്രസംഗകരുടെ പ്രതാപകാലത്തായിരുന്നു ഈ അത്ഭുത പരീക്ഷണമെന്നതും ശ്രദ്ധേയമാണ്. കേരളീയർക്ക് ഇന്നത്തെ വിദ്യാസമ്പന്നത കൈവന്നിട്ടില്ലാത്ത സാഹചര്യമായിരുന്നു അന്ന്. ടോൾസ്റ്റായ് എന്ന മഹാസാഹിത്യകാരനെ സംബന്ധിച്ച് അവർക്ക് ഉത്സവപ്പറമ്പിൽവച്ച് അറിവ് പകരുന്ന ലക്ഷ്യബോധമുളള കലാകാരനായി സാംബശിവൻ മുന്നേറുകയായിരുന്നു.

ഒഥല്ലോ[തിരുത്തുക]

‘ഒഥല്ലോ ദി മൂർ ഒഫ് വെനീസ്’ എന്ന വിഖ്യാത ഷേക്സ്പീരിയൻ ദുരന്തനാടകം 1964ൽ സാംബശിവൻ കഥാപ്രസംഗവേദികളിൽ എത്തിച്ചു. ഷേക്സ്പിയർ നാടകങ്ങൾ ഉന്നതവിദ്യാഭ്യാസത്തിന് സൗഭാഗ്യം സിദ്ധിച്ചവർ മാത്രം പരിചയപ്പെട്ട കൃതികളായിരുന്നു അന്ന് കേരളത്തിൽ. ‘ഒഥല്ലൊ’ അന്ന് ജനറൽ ഇംഗ്ലീഷിന് ഒരു പാഠപുസ്തകവും ആയിരുന്നു. കഥാപ്രസംഗം ആക്കുന്നതുവഴി കലാശാലകളിൽ പഠിക്കുവാൻ ഭാഗ്യമില്ലാത്ത സാധാരണക്കരന് അത് പകർന്ന് കൊടുക്കുക എന്നതായിരുന്നു ആ കലാകാരന്റെ ലക്ഷ്യം. പണ്ഡിതനും പാമരനും സമ്മിശ്രമായി സമ്മേളിച്ച ഉത്സവസദസ്സുകളിൽ ഏവർക്കും രുചിക്കുന്ന ശൈലിയിൽ ‘ഒഥല്ലൊ’ ഭദ്രമായി അവതരിപ്പിച്ചു . അസൂയയുടെയും പകയുടെയും മനുഷ്യരൂപമായ ഈയാഗോയുടെ കുടിലതന്ത്രങ്ങളുടെ വാക്സ്ഫോടനം “I like that not" എന്ന് ഷെക്സ്പിയർ അവതരിപ്പിച്ചപ്പൊൾ സാംബൻ അത് പരിഭാഷപെടുത്തിയത് ഇങ്ങനെയാണ് “ഛെയ് ! എനിക്കത് തീരെപിടിച്ചില്ല !”... സാധാരണക്കാരന്റെ മനസ്സിലേക്ക് അനായാസം ഇറങ്ങിച്ചെല്ലുന്ന സുലളിതമായൊരു പ്രയോഗമായി അത് പരിണമിച്ചു .

ക്ലിഷ്ടമെന്നോ നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്നോ ഷേക്സ്പിയർ ഭാഷയെക്കുറിച്ച് പഠിതാക്കൾ അഭിപ്രായപെട്ടിട്ടുണ്ട്. അതൊന്നുമല്ല , സുതാര്യവും ലളിതവുമാണ് ഷേക്സ്പിയർ സാഹിത്യം എന്ന നവാനുഭവമാണ് സാംബശിവന്റെ കഥാപ്രസംഗങ്ങൾ മലയാളിക്ക് സമ്മാനിച്ചത്.

രാഷ്ട്രീയജീവിതം[തിരുത്തുക]

ആദ്യകാല ജീവിതാനുഭവങ്ങളിലൂടെ മനുഷ്യന്റെ കഷ്ടപ്പാടിന്റെ ആഴം അറിഞ്ഞ സാംബശിവന് അത് മറന്ന് പാടാനും പറയാനും കഴിഞ്ഞില്ല. ഒളിവിൽ കമ്മ്യുണിസ്റ്റ്പാർട്ടി പ്രവർത്തിച്ചിരുന്ന കാലത്ത്, തുറസ്സായ ഉത്സവപ്പറമ്പുകളിൽ നൈസർഗ്ഗികമായ കമ്മ്യുണിസ്റ്റ് ബോധവും സമീപനവും കഥാകഥനത്തിൽ ചാലിച്ചരുളിയ ആ കലാകാരനെ ആർ. ശങ്കരനാരായണൻ തമ്പിയെപ്പോലുള്ള നേതാക്കൾ തിരിച്ചറിഞ്ഞു. അങ്ങനെ ഒരു ആജന്മ കമ്മ്യുണിസ്റ്റായി സാംബശിവൻ മാറി. അദ്ദേഹത്തിന്റെ കമ്മ്യുണിസ്റ്റ് രാഷ്ട്രീയം കമ്മ്യുണിസ്റ്റ് വിരുദ്ധരെ ഒട്ടൊന്നുമല്ല അസ്വസ്ഥരാക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് സാംബശിവൻ ജയിലിൽ അടയ്ക്കപ്പെട്ടു. തന്റെ കഥകളിലൂടെ അദ്ദേഹം ഉയർത്തിവിട്ട നിസ്വവർഗരാഷ്ട്രീയാശയങ്ങൾ ഭരണവർഗ്ഗരാഷ്ട്രീയത്തിന് എത്ര മാരകമാ‍യ മുറിവുകളാണ് ഏൽപ്പിച്ചതെന്ന് ഈ സംഭവം വിളിച്ചറിയിക്കുന്നു.

സിനിമ[തിരുത്തുക]

എൻ എം ശ്രീധരൻ സംവിധാനം ചെയ്ത 'പല്ലാങ്കുഴി' എന്ന ചിത്രത്തിൽ നായകനായി സാംബശിവൻ അഭിനയിചിട്ടുണ്ട്. ഈ സിനിമയിലെ 'ഏതു നാട്ടിലാണോ' എന്ന ഗാനം വളരെ പ്രസിദ്ധമാണ്. ഏറ്റുമാനൂർ ശ്രീകുമാർ രചിച്ച് കെ. രാഘവൻ ഈണം നൽകിയ ഈ ഗാനം ആലപിച്ചത് യേശുദാസും എസ്. ജാനകിയും ചേർന്നാണ്.

സംഘടനകൾ[തിരുത്തുക]

സാംബശിവന്റെ സ്മരണാർത്ഥം കൊല്ലം കേന്ദ്രീകരിച്ച് “സാംബശിവൻ ഫൌണ്ടേഷൻ” എന്ന സംഘടന കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവർത്തിക്കുന്നു. സാംബശിവന്റെ എട്ടാം ചരമവാർഷികദിനമായിരുന്ന 2004 ഏപ്രിൽ 23-ന് പ്രവർത്തനം ആരംഭിച്ച സംഘടനയുടെ ഉദ്ഘാടനം പ്രശസ്ത മാർക്സിസ്റ്റ് ചിന്തകനായ പി. ഗോവിന്ദപ്പിള്ളയാണ് നിർവഹിച്ചത്.

പുരസ്കാരങ്ങൾ[തിരുത്തുക]

1980-ലെ കേരള സംഗീതനാടക അക്കദമി ഫെല്ലൊഷിപ്പ്

സാംബശിവൻ അവതരിപ്പിച്ച കഥകൾ[തിരുത്തുക]

 1. ദേവത (1949)
 2. കൊച്ചുസീത (1949)
 3. മഗ്ദലനമറിയം(1950)
 4. വാഴക്കുല,വത്സല(1951)
 5. ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി (1952)
 6. ആയിഷ(1953)
 7. തറവാടിന്റെ മാ‍നം(1953)
 8. പുത്തങ്കലവും അരിവാളും(1954)
 9. റാണി(1955)
 10. പട്ടുനൂലും വാഴനാരും (1956)
 11. കുടിയൊഴിക്കൽ (1957)
 12. പ്രേമശിൽപ്പി (1958)
 13. താര(1959)
 14. പരീക്ഷണം(1960)
 15. പുള്ളിമാൻ (1961)
 16. ചന്ദനക്കട്ടിൽ(1962)
 17. അനീസ്യ (1963)
 18. ഒഥല്ലൊ (1964)
 19. ആന്റിഗണി(1965)
 20. കാക്കത്തമ്പുരാട്ടി(1966)
 21. മേലങ്കി(1967)
 22. അന്നാക്കരീനിന(1968)
 23. റോമിയൊ & ജൂലിയറ്റ്(1969)
 24. ഉയിർത്തെഴുന്നേൽപ്പ് (1970)
 25. ഡൊൺ ശാന്തമായി ഒഴുകുന്നു (1971)
 26. ഹേന (1972)
 27. കുമാരനാശാൻ(1973)
 28. വിലയ്ക്കുവാങ്ങാം (1974)
 29. നെല്ലിന്റെ ഗീതം (1975)
 30. ഇരുപതാം നൂറ്റാണ്ട് (1976)
 31. ഗുരുദേവൻ(1976)
 32. നല്ലഭൂമി(1977)
 33. റയിൻബൊ(1978)
 34. സംക്രാന്തി (1979)
 35. ഗോസ്റ്റ് (1980)
 36. യന്ത്രം (1981)
 37. ക്ലിയൊപാട്ര (1982)
 38. കാരമസൊവ് സഹൊദരന്മാർ (1983)
 39. ദേവലോകം (1984)
 40. പ്രതി (1985)
 41. ദിവ്യതീർത്ഥം (1986)
 42. സനാറ്റ (1986)
 43. ദേശസ്നേഹി (1987)
 44. അർത്ഥം (1988)
 45. വ്യാസനും മാർക്സും (1989)
 46. ലാഭം ലാഭം (1990)
 47. 1857 (1990)
 48. സെഡ് (1991)
 49. കുറ്റവും ശിക്ഷയും (1992)
 50. സിദ്ധാർത്ഥ (1993)
 51. പതിവ്രതയുടെ കാമുകൻ (1994)
 52. ഏഴു നിമിഷങ്ങൾ (1995)

അവസാന വേദി - പാങ്കുളം മാടൻ നട (മാർച്ച് 7, 1996). അവസാനം അവതരിപ്പിച്ച കഥ- ഏഴു നിമിഷങ്ങൾ. അവസാനം രചിച്ച കഥാപ്രസംഗശിൽപ്പം - സ്ത്രീ (രാമായണം)

സാംബശിവൻ രചിച്ച കൃതികൾ[തിരുത്തുക]

 1. ദിവ്യതീർത്ഥം (നോവൽ)
 2. അർത്ഥം (നോവൽ)
 3. കഥാപ്രസംഗം അമേരിക്കയിൽ (യാത്രാവിവരണം)
 4. കഥാവേദിയുടെ കാൽച്ചിലമ്പൊലി (ആത്മകഥാപരമായ സ്മരണകൾ)
 5. കഥാപ്രസംഗ കലാവിദ്യ (പഠനം)
 6. വ്യാസനും മാർക്സും (നോവൽ)

സാംബശിവനെ സംബന്ധിച്ച പുസ്തകങ്ങൾ[തിരുത്തുക]

 1. സാംബശിവന്റെ ജീവിതരേഖ (ജീവചരിത്രം) ഗ്രന്ഥ: പ്രൊഫ. വസന്തകുമാർ സാംബശിവൻ
 2. സാംബശിവൻ ശതാവധാനി (ജീവചരിത്രം) ഗ്രന്ഥ: ശ്രീ. കടയ്ക്കൊട് വിശ്വംഭരൻ
 3. വി.സാംബശിവന്റെ കഥാപ്രസംഗങ്ങൾ (അനീസ്യ, ഒഥല്ലൊ) മെലിൻഡ ബൂക്സ് , tvm
 4. വി സാംബശിവൻ - പാവങ്ങളുടെ പാട്ടുകാരൻ (ജീവചരിത്രം) ഗ്രന്ഥ: വി. സുബ്രമണ്യൻ (നവം:30, 1997)
 5. വി.സാംബശിവനും കഥാപ്രസംഗകാലവും-ഗ്രന്ഥ:ഡോ.വസന്തകുമാർ സാംബശിവൻ

പ്രമാണങ്ങൾ[തിരുത്തുക]

 1. http://www.mapsofindia.com/maps/kerala/performing-arts/kathaprasangam.html
 2. സാംബശിവൻ കഥ പറയുമ്പോൾ, മംഗളം.
"https://ml.wikipedia.org/w/index.php?title=വി._സാംബശിവൻ&oldid=2643792" എന്ന താളിൽനിന്നു ശേഖരിച്ചത്