കൃഷ്ണമൃഗം
കൃഷ്ണമൃഗം | |
---|---|
![]() | |
A blackbuck in central India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. cervicapra
|
Binomial name | |
Antilope cervicapra | |
Subspecies | |
Antilope cervicapra centralis |
ആന്റിലോപ് ജനുസ്സിൽ ഇന്ത്യയിൽ കാണപ്പെടുന്ന ഏക ജീവിവർഗ്ഗമാണ് കൃഷ്ണമൃഗം അഥവാ കരിമാൻ (ശാസ്ത്രീയനാമം: Antilope cervicapra). കൃഷ്ണജിൻക, കാലാഹിരൺ എന്നൊക്കെയും വിളിക്കപ്പെടാറുണ്ട്. പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും ഉണ്ടായിരുന്നെങ്കിലും ഇന്നിവ ഇന്ത്യയിൽ മാത്രമേ അവശേഷിക്കുന്നുള്ളൂ. വൻതോതിൽ വംശനാശഭീഷണി നേരിടുന്ന[2] കൃഷ്ണമൃഗങ്ങൾ ആന്ധ്രാപ്രദേശിന്റെ സംസ്ഥാനമൃഗവുമാണ്. രാജസ്ഥാനിലും ഗുജറാത്തിലും ആണ് ഇവ ഭൂരിഭാഗവും ഉള്ളത്.
പ്രത്യേകതകൾ[തിരുത്തുക]
ശരീരഘടന[തിരുത്തുക]

ശരീരത്തിന്റെ മുകൾഭാഗത്തിനു കറുപ്പും കീഴ്ഭാഗത്തിനു വെള്ളനിറവും പിരിഞ്ഞ കൊമ്പുകളും ആൺമൃഗങ്ങളിൽ കണ്ടുവരുന്നു. ആൺ മൃഗങ്ങൾക്ക് സർപ്പിളാകൃതിയിൽ അറ്റത്തേയ്ക്കു നേർത്തു നേർത്തു പോകുന്ന ഒന്നു മുതൽ നാലുവരെ തിരികളും ഏകദേശം 28ഇഞ്ച് നീളവും ഉള്ള കൊമ്പുകൾ ഉണ്ടാകും. പെൺമൃഗങ്ങൾക്ക് മുകൾഭാഗത്ത് മഞ്ഞനിറമാണുണ്ടാവുക. ആൺമൃഗങ്ങളേക്കാൾ അല്പം ചെറുതായ ഇവയ്ക്ക് കൊമ്പുകളുണ്ടാവില്ല. പൂർണ്ണവളർച്ചയെത്തിയ മൃഗത്തിനു ഏതാണ്ട് 120സെ.മീ.നീളവും 31-45 കി.ഗ്രാം ഭാരവും കൊമ്പുകൾക്ക് 60സെ.മീ നീളവും കാണാം. 12-16 വർഷം വരെയാണ് ആയുസ്സ്.
ആവാസവ്യവസ്ഥ[തിരുത്തുക]
തുറന്ന പുൽമേടുകളിലാണ് കാടുകളിൽ കാണുന്നതിലധികം കൃഷ്ണമൃഗങ്ങളെ കാണുക. പുല്ലുതന്നെയാണ് പ്രധാന ഭക്ഷണമെങ്കിലും താഴെവീണുകിടക്കുന്ന കായ്കനികളും, ചെടിനാമ്പുകളും, പൂവുകളും ഭക്ഷിക്കാറുണ്ട്. ഒരു മുതിർന്ന ആണിന്റെ കീഴിലുള്ള 10 മുതൽ 30 വരെയുള്ള കൂട്ടങ്ങളായി ഇവയെ കണ്ടുവരുന്നു. നല്ല കാഴ്ചശക്തിയും ശ്രവണശക്തിയും ഓടാനുള്ള കഴിവുമാണ് ഇരപിടിയരിൽ നിന്നു രക്ഷപെടാൻ പ്രകൃതി ഇവയ്ക്കു നൽകിയിട്ടുള്ള സഹായം. പുല്ല്, ചെറിയ ചെടികൾ എന്നിവ ഭക്ഷിയ്ക്കുന്ന ഇവയുടെ ആവാസസ്ഥാനം സമതലങ്ങളിലാണ് . നാലു മീറ്റർ ഉയരത്തിൽ ചാടാനും ഏകദേശം മണിക്കൂറിൽ 90 കി.മീ വരെ ഓടാനും ഇവയ്ക്ക് കഴിവുണ്ട്.
വംശനാശഭീഷണി[തിരുത്തുക]
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 40 ലക്ഷം കൃഷ്ണമൃഗങ്ങൾ ഇവിടുണ്ടായിരുന്നെന്നാണ് ഏകദേശ കണക്ക്. വംശനാശം വന്ന ഇന്ത്യൻ ചീറ്റയുടെ പ്രധാന ഇരയായിരുന്നു കൃഷ്ണമൃഗങ്ങൾ. ഇന്ന് വന്യജീവീസങ്കേതങ്ങളിലായി 40,000 -ൽ താഴെ കൃഷ്ണമൃഗങ്ങളേ അവശേഷിച്ചിട്ടുള്ളു. മനുഷ്യൻ നടത്തുന്ന വേട്ടയും ആവാസവ്യവസ്ഥയുടെ നാശവുമാണ് വംശനാശത്തിന്റെ കാരണം. ഇന്ന് രാജസ്ഥാൻ, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും മധ്യേന്ത്യയിൽ അവിടവിടെയായി ചില ചെറുസംഘങ്ങളായും, തെക്കേ ഇന്ത്യയിൽ - കർണാടകയിലെ തുംകൂർ ജില്ലയിലെ ജയമങ്കലി ബ്ലാക്ബക് റിസേർവിലും മാത്രമാണ് കൃഷ്ണമൃഗങ്ങൾ അവശേഷിക്കുന്നത്. നേപാളിലും വളരെ കുറച്ച് കൃഷ്ണമൃഗങ്ങളുണ്ട്. മാംസത്തിനും തോലിനും കൊമ്പിനും വിനോദത്തിനുമായുള്ള വേട്ടയാടലും, ആവാസവ്യവസ്ഥയിൽ കാർഷിക-വ്യവസായ പുരോഗതി ലക്ഷ്യം വച്ചുള്ള വികസന പദ്ധതികളുമാണ് കൃഷ്ണമൃഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്. 1900 -നു മുമ്പൊക്കെ രാജാക്കന്മാർ അവർ ഇണക്കിവളർത്തിയ ചീറ്റകളെ ഉപയോഗിച്ചു ഇവയെ വേട്ടയാടിയിരുന്നു. രാജസ്ഥാനിലെ ബിഷ്ണോയി ഗോത്രക്കാർ കൃഷ്ണമൃഗങ്ങളെ ആരാധനാ ഭാവത്തിൽ കണ്ട് സംരക്ഷിക്കുന്നുണ്ട്[3][4][5]. മറ്റെല്ലായിടത്തും വേട്ടയാടപ്പെടുന്നു. ഹിന്ദിസിനിമാ നടൻ സൽമാൻ ഖാന് കൃഷ്ണമൃഗങ്ങളേയും വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു മാൻവർഗ്ഗമായ ചിങ്കാരയേയും വേട്ടയാടി കൊന്നതിന്റെ പേരിൽ അഞ്ച് വർഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്[6]. ഇന്ത്യയിൽ 1972-ലെ വന്യജീവി സംരക്ഷണനിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗമാണ് കൃഷ്ണമൃഗം[7]. വനങ്ങളിലേയ്ക്കു മേയാൻ വിടുന്ന കന്നുകാലികളിൽ നിന്നും ലഭിക്കുന്ന സാംക്രമിക രോഗങ്ങൾ കൊണ്ടും, വിനോദസഞ്ചാരികളും മറ്റും ഉപേക്ഷിച്ചു പോകുന്ന ദഹിക്കാത്ത വസ്തുക്കൾ ഭക്ഷിക്കുന്നതുകൊണ്ടും നിസ്സാരമല്ലാത്തത്രയെണ്ണം മരിച്ചുപോകുന്നുവെന്നു കരുതുന്നു.
അവലംബം[തിരുത്തുക]
- ↑ Mallon, D.P. (2008). "Antilope cervicapra". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ http://www.iucnredlist.org/search/details.php/1681/all
- ↑ "Rajasthan's Bishnois incensed over black buck poaching" (ഭാഷ: ഇംഗ്ലീഷ്). റെഡിഫ്.കോ. ഓഗസ്റ്റ് 6, 2001. ശേഖരിച്ചത് ജൂലൈ 11, 2008.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-11.
- ↑ http://www.goodnewsindia.com/Pages/content/traditions/bishnoi.html
- ↑ "Five-year jail term for Salman Khan" (ഭാഷ: ഇംഗ്ലീഷ്). The Hindu. Apr 11, 2006. മൂലതാളിൽ നിന്നും 2008-05-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008- ജൂലൈ 11.
{{cite news}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-09-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-03.