Jump to content

കൃത്രിമബീജസങ്കലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
In vitro fertilisation
Illustrated schematic of IVF with intracytoplasmic sperm injection.
ICD-10-PCS8E0ZXY1
MeSHD005307
കൃത്രിമ നിഷേചനത്തിന്റെ ഒരു വകഭേദമായ അന്തഃകോശദ്രവ്യ ബീജാധാനം (ഇക്സി):അണ്ഡകോശത്തെ ഉറപ്പിച്ചുനിർത്തിയ ശേഷം അതിനുള്ളിലേയ്ക്ക് ബീജകോശത്തെ കുത്തിവയ്ക്കുന്നു.

ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്നതിനാണ് ഇൻ‌ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം എന്നു പറയുന്നത്. വന്ധ്യതാ ചികിത്സയിൽ, മറ്റ് സങ്കേതങ്ങളുടെ സഹായത്തോടെയുള്ള പ്രക്രിയകളെല്ലാം പരാജയപ്പെടുന്ന അവസ്ഥയിൽ കുട്ടികളുണ്ടാവാൻ ഐ.വി.എഫ് ഒരു പ്രധാന ഉപാധിയായി സ്വീകരിക്കപ്പെടുന്നു.[1]

ഈ സാങ്കേതികവിദ്യയിൽ ഹോർമോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോൽ‌പ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുകയും, അങ്ങനെ ഉല്പാദിപ്പിക്കുന്ന അണ്ഡകോശങ്ങളെ സ്ത്രീശരീരത്തിൽ നിന്ന് മാറ്റി പ്രത്യേകം പരുവപ്പെടുത്തിയ ഒരു സംവർധക ദ്രവമാധ്യമത്തിൽ നിക്ഷേപിച്ച് അവയെ പുരുഷബീജങ്ങളെക്കൊണ്ട് ബീജസങ്കലനം (fertilization) ചെയ്യിക്കുകയും സിക്താണ്ഡമാക്കുകയും (zygote) ചെയ്യുന്നു. ഈ സിക്തണ്ഡത്തെ പിന്നീട് ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ഗർഭപാത്രത്തിൽ, ഒരു കുഞ്ഞിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നിക്ഷേപിക്കുകയും ചെയ്യുന്നു.

ഈ സാങ്കേതികവിദ്യയിലൂടെ 1978ൽ പിറന്ന ആദ്യ വ്യക്തിയാണ് ആദ്യത്തെ ടെസ്റ്റ്‌-ട്യൂബ് ശിശുവെന്നറിയപ്പെടുന്ന ലൂയീസ് ബ്രൌൺ). ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനു ബ്രിട്ടിഷ് വൈദ്യനും ശരീരധർമ്മശാസ്ത്രജ്ഞനും ആയ റോബേട്ട് ജി. എഡ്വേഡ്സിനു 2010ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.

പേരിനു പിന്നിൽ

[തിരുത്തുക]

ലത്തീനിൽ “വിട്രിയസ്” എന്ന വാക്കിനു ‘കണ്ണാടി’ എന്നാണർത്ഥം. പരീക്ഷണശാലകളിൽ ജൈവപരീക്ഷണങ്ങൾ ചെയ്യുമ്പോഴുപയോഗിക്കുന്ന കണ്ണാടിപ്പാത്രങ്ങളെ (പീട്രി ഡിഷ്, ടെസ്റ്റ്‌ റ്റ്യൂബ്, പലതരം ഫ്ലാസ്ക്കുകൾ എന്നിവ) ഉദ്ദേശിച്ചാണ് “ഇൻ വിട്രോ” എന്നു പ്രയോഗിക്കുന്നത്. “കണ്ണാടി പാത്രത്തിൽ” എന്ന വാച്യാർത്ഥവും “ശരീരത്തിനു പുറത്ത്” എന്ന വ്യംഗ്യാർത്ഥവുമാണ് ഇതിനുള്ളത് (ശരീരത്തിനകത്ത് എന്നതിനെ കുറിക്കാൻ ഇൻ വീവോ [in vivo] എന്നും ഉപയോഗിക്കുന്നു). പരീക്ഷണശാലയിലെ ഉല്പന്നം എന്ന അർത്ഥം ദ്യോതിപ്പിക്കുന്ന വാക്കായ “ടെസ്റ്റ് റ്റ്യൂബ് ശിശു” ആണ് കൃത്രിമ നിഷേചനത്തിന്റെ കൂടുതൽ ജനകീയമായ പേര്.

എപ്പോൾ ചെയ്യുന്നു

[തിരുത്തുക]

ഗർഭധാരണത്തിനു പാകപ്പെട്ട ഒരു ഗർഭപാത്രവും, ആരോഗ്യമുള്ള അണ്ഡകോശവും, അണ്ഡകോശത്തെ ബീജസങ്കലനം ചെയ്യാൻ കഴിവുള്ള പുംബീജവുമാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷനു പ്രധാനമായും വേണ്ടത്. അണ്ഡകോശത്തെയും പുരുഷബീജത്തെയും കൃത്രിമമായ ഒരു ദ്രവമാധ്യമത്തിൽ നിശ്ചിത സമയത്തേക്ക് ജീവനോടെ നിലനിർത്തുക, സിക്താണ്ഡമാകുന്നതിനു വേണ്ടുന്ന ജൈവപരിസരം ഒരുക്കുക എന്നിവയൊക്കെ വളരെ പ്രയാസമേറിയതും ചെലവേറിയ പരീക്ഷണശാലാ ഉപകരണങ്ങൾ ആവശ്യമായതുമാണ്. അതുകൊണ്ടുതന്നെ ഗർഭധാരണത്തെ സഹായിക്കാൻ പോന്ന മറ്റ് ചെലവു കുറഞ്ഞ മാർഗ്ഗങ്ങളെല്ലാം പരാജയപ്പെട്ട അവസ്ഥയിൽ അവസാനമായേ കൃത്രിമ ബീജസങ്കലനം സാധാരണ ഗതിയിൽ പരിഗണിക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഇത് എപ്പോൾ അവലംബിക്കാമെന്നതിനെ പറ്റി ചില മാർഗ്ഗനിർദ്ദേശങ്ങൾ നിലവിലുണ്ട് :

സ്ത്രീയിലെ അണ്ഡവാഹിനിക്കുഴലിന്റെ പ്രശ്നങ്ങൾ മൂലം പുംബീജത്തിനു സങ്കലനം നടത്താൻ വയ്യാത്ത അവസ്ഥയിൽ കൃത്രിമ ബീജസങ്കലനം അവലംബിക്കാവുന്നതാണ്. പുംബീജകോശത്തിനു ഗർഭപാത്രത്തിലൂടെയോ അണ്ഡവാഹിനിക്കുഴലിലൂടെയോ സഞ്ചരിച്ച് അണ്ഡകോശത്തിനരികിലേക്ക് എത്താൻ തക്ക ആരോഗ്യമില്ലാതിരിക്കുമ്പോഴും ഇത് അഭികാമ്യമാണ്. ചില അവസരങ്ങളിൽ ബീജകോശത്തിനു അണ്ഡകോശത്തിലേക്ക് ആഴ്ന്നിറങ്ങി ബീജസങ്കലനം നടത്താനുള്ള ശേഷിയില്ലാത്ത അവസ്ഥയുണ്ടാവാം. ബീജകോശങ്ങളുടെ എണ്ണം തീരെ കുറവാകുന്ന വന്ധ്യതകളിലും ഇത്തരം ബീജകോശങ്ങളെ പ്രത്യേകമായ സംവിധാനങ്ങളുടെ സഹായത്തോടെ അണ്ഡകോശത്തിന്റെ കോശദ്രവ്യത്തിനകത്തേയ്ക്ക് കുത്തിവയ്ക്കുന്ന പ്രക്രിയയും കൃത്രിമ നിഷേചനത്തിന്റെ ഭാഗമായി നിലവിലുണ്ട്. അന്തഃകോശദ്രവ്യ ബീജാധാനം (intracytoplasmic sperm injection) അഥവാ ഇക്സി (ICSI) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സങ്കേതം കൃത്രിമ നിഷേചനത്തെ കൂടുതൽ ചെലവേറിയതും ദുഷ്കരവുമാക്കുന്നു. ജീവിതപങ്കാളിയുടെയോ മറ്റൊരു ദാതാവിന്റെയോ ബീജകോശങ്ങളെ ഇതിനുപയോഗിക്കാം.

സിക്താണ്ഡത്തെ ഭ്രൂണമായി വികസിപ്പിക്കാൻ പാകത്തിനുള്ളതല്ല അമ്മയുടെ ഗർഭപാത്രമെങ്കിൽ അതിനായിമാത്രം താൽക്കാലികമായി മറ്റ് വ്യക്തികളുടെ ഗർഭപാത്രത്തെ ഉപയോഗപ്പെടുത്തുന്ന രീതിയും നിലവിലുണ്ട്. ഇങ്ങനെ ഗർഭപാത്രം കുഞ്ഞിനെ വളർത്താനായി ഉപയോഗപ്പെടുത്തുന്നതിനെ സറഗസി (surrogacy) എന്നു പറയുന്നു; കുഞ്ഞുവളരുന്ന ഗർഭപാത്രത്തിന്റെ ഉടമയായ വ്യക്തിയെ സറഗേയ്റ്റ് അമ്മ എന്നും. ഈ സൌകര്യം ഉപയോഗിച്ച് മാസമുറ നിന്ന സ്ത്രീകൾക്കും ഗർഭധാരണയോഗ്യമല്ലാത്ത ഗർഭപാത്രമുള്ളവർക്കുമൊക്കെ അമ്മയാകാനുള്ള വഴികൂടി തുറക്കുന്നു.

സിക്താണ്ഡമുണ്ടായിക്കഴിഞ്ഞാൽ അതിനെ ഗർഭപാത്രത്തിലേക്ക് ആരോപണം (implant) ചെയ്യുമ്മുൻപ് ഭ്രൂണത്തിനു ജനിതകവൈകല്യങ്ങളൊന്നുമില്ല എന്നുറപ്പുവരുത്താനായി ജനിതകരോഗനിർണയ പരീക്ഷകൾ നടത്താനുള്ള സങ്കേതം ഇന്ന് ലഭ്യമാണ്. ആരോപണപൂർവ്വ ജനിതകരോഗനിർണയം (Preimplantation Genetic Diagnosis, PGD) എന്ന് ഇതിനെ വിളിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-06. Retrieved 2010-10-27.
"https://ml.wikipedia.org/w/index.php?title=കൃത്രിമബീജസങ്കലനം&oldid=3803190" എന്ന താളിൽനിന്ന് ശേഖരിച്ചത്