Jump to content

കിമോണോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ജാപ്പനീസ് മുഴുനീള മേൽവസ്ത്രമാണ് കിമോണോ (着物, きもの). ജാപ്പനീസ് ഭാഷയിൽ “ധരിക്കുന്നത്” എന്ന് അർത്ഥം. വിശേഷ വേളകളിലും ഔപചാരിക സദസ്സുകളിലും ധരിക്കുന്ന ഈ വസ്ത്രം കുലീനതയുടേയും, ആഭിജാത്യത്തിന്റെയും അടയാളം കൂടിയാണ്.

കിമോനോ അണിഞ്ഞിരിക്കുന്ന ജപ്പാനീസ് വധു

T ആകൃതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ വസ്ത്രത്തിന്റെ അടിഭാഗം കണങ്കാൽ വരെ എത്തിനിൽക്കുന്നതും , കഴുത്തിനു കോളറും, വിശാലമായ കൈയ്യറകൾ (സ്ലീവ്) ഉളളതുമാകുന്നു.കിമോനോയെ ഉറപ്പിക്കാൻ ഒബി (obi) എന്ന ഒരു കച്ചയും ചുറ്റിയിരിക്കും. സോറി (zori) എന്ന പാദരക്ഷകളും, താബി (tabi) എന്ന കാലുറയും കിമോനോയ്ക്ക് അകമ്പടിയാണ്.[1]


പ്രധാനമായും സ്ത്രീകളാണ് കിമോനോ ധരിക്കുന്നതെങ്കിലും പുരുഷ കിമോനോകളും നിലവിലുണ്ട്. യുവതികളാണ് കിമോനോ ധാരികളിലേറെയും, പ്രായംചെന്നവരും പുരുഷന്മാരും ധരിക്കുന്ന വസ്ത്രമാണെങ്കിലും സാർവ്വത്രികമോ സാധാരണമോ അല്ല. സുമോ ഗുസ്തിക്കാർ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ കിമോനോ ധരിച്ചിരിക്കണമെന്ന് നിഷ്കർഷയുണ്ട്.[2]

ചിത്രപ്പണികളോടുകൂടിയ ചുവന്ന കിമോനോ

ചരിത്രം

[തിരുത്തുക]

കിമോനോ ഇന്നത്തെ നിലയിലായത് ക്രമേണയുള്ള പരിണാമത്തിലൂടെയാണ്. ജപ്പാനീസ് ചരിത്രത്തിൽ ചൈനയുടെ സാംസ്കാരിക സ്വാധീനം വളരെ വലുതാണ്. ചൈനയിൽ നിന്നുള്ള  വൻകുടിയേറ്റമാണ് ഇതിനു പ്രധാനകാരണം. എട്ടാം നൂറ്റാണ്ട് മുതൽക്ക്  തന്നെ കിമോനോയുടെ ആദ്യ രൂപം പ്രത്യക്ഷപ്പെട്ട് തുടങ്ങി. എന്നാൽ ആ കാലത്ത്  കിമോനോയുടെ മേൽ ഒരു  അരകുപ്പായം മേലങ്കിയായി ധരിക്കുമായിരുന്നു. ആദ്യകാലങ്ങളിൽ ഹക്കാമ എന്ന ഉടയാട കിമോനോയുടെ മേൽ ധരിക്കുമായിരുന്നു. പതിനാലാം നൂറ്റാണ്ട് മുതൽക്ക് കിമോനോയ്ക്ക് സ്വതന്ത്ര മേൽവസ്ത്രം എന്ന പദവി ലഭിക്കുകയും കെട്ടിയടയ്ക്കാൻ ഒബി എന്ന കച്ച അകമ്പടിയാവുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ട് മുതൽക്ക് കൈയ്യറകൾ ക്രമേണ വീതിയും നീളവും കൂടുകയും ഒബി വിസ്താരമുള്ളതും പലരീതിയിൽ കെട്ടാവുന്നതാവുകയും ചെയ്തുകൊണ്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിനു  ശേഷം വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ കിമോനോ നിലനിൽക്കുന്നു. നേർത്ത തുണിത്തരങ്ങളിൽ നിന്നും കിമോനോ നെയ്യുന്നത് ഇന്നും ഒരു കലാ വിരുതായി ഗണിക്കപ്പെടുന്നു.

ആധുനിക കാലം

[തിരുത്തുക]

ഇരുപതാം നൂറ്റാണ്ട് അടുത്തപ്പോഴേക്കും പാശ്ചാത്ത്യ വസ്ത്രധാരണം കൂടുതൽ പ്രചാരത്തിൽ വന്നു തുടങ്ങി. അണിയാൻ എളുപ്പവും സൗകര്യപ്രദമവുമായ ഈ പുതുവസ്ത്ര ശൈലിക്ക് ജപ്പാൻ ചക്രവർത്തി മൈജിയുടെ പിന്തുണയും ലഭിച്ചു. റൈയിൽവേ തൊഴിലാളികളും അധ്യാപകരും പോലീസും  പാശ്ചാത്യ വസ്ത്രം അവലംബിക്കാൻ ചക്രവർത്തി ഉത്തരവിറക്കുകയും ചെയ്തു. അതോടെ പട്ടാളയൂണിഫോമും സ്കൂൾ യൂണിഫോമും പാശ്ചാത്യ ശൈലിയിലായി. [3]

കിമോനോ ധാരികൾക്ക് ഓടാൻ, വസ്ത്രം തടസ്സമാവുകയായിരുന്നു. ഒപ്പം ധരിക്കുന്ന പരമ്പരാഗത പാദരക്ഷകൾ കാര്യങ്ങൾ കൂടുതൽ വിഷമിപ്പിച്ചു. തന്മൂലം കിമോനോ ധാരികൾ വഴിയോര മോഷ്ടാക്കളുടേയും പിടിച്ചുപറിക്കാരുടേയും ഇരകളാവുന്ന സംഭവങ്ങളും ഏറിവന്നു.

1932ൽ ഷിറൊകിയ(shirokiya)യിൽ ഉണ്ടായ ഒരു വൻ അഗ്നിബാധ വേളയിൽ കിമോനോ ധാരികളായ സ്ത്രീകൾ കെട്ടിടത്തിൽ നിന്നും ചാടാൻ വിസമ്മതിക്കുകയും അപകടത്തിനിരയാവുകയും ചെയ്തുവത്രേ. കിമോനോയ്ക്ക് അടവസ്ത്രമില്ലാത്തതിനാൽ മാനഹാനി ഭയന്നാണ് ചാടാൻ വിസമ്മതിച്ചതെന്നും ഈ അഗ്നി ബാധ കിമോനോയുടെ തന്നെ മരണമണിയായി എന്നുമുള്ള ഒരു കഥ ഇന്നും പ്രചാരത്തിലുണ്ട്.[4]

വിലവിവരം

[തിരുത്തുക]

കിമോനോ മറ്റ് ഏത് വസ്ത്രങ്ങളേയും പോലെ കുറഞ്ഞ വില മുതൽ വളരെ വലിയ വിലയിൽ വരെ ലഭ്യമാണ്. എന്നാൽ ഏറിയ കിമോനോകൾക്കും വലിയ വിലയാണ് ഇന്നുള്ളത്.

പതിനായിരം അമേരിക്കൻ ഡോളർ എന്നത് ഒരു കിമോനോയ്ക്ക് സാധാരണമാണ്[5]. അടിവസ്ത്രവും, കച്ച(ഒബി) കാലുറ, പാദരക്ഷകൾ മറ്റ് അനുബന്ധ ചേരുവകൾ എല്ലാം കൂടി ഇരുപതിനായിരും ഡോളർ ആവാം. ഒരു ഒബിയ്ക്ക് മാത്രം  ആയിരകണക്കിനു ഡോളർ വന്നേക്കാം.. എന്നാൽ സാധാരണക്കാർക്ക് പ്രാപ്യമാവുന്ന കിമോനോകൾ ധാരാളമായി ലഭ്യമാണ്. പഴയ കിമോനോകൾ പുതുക്കി നിർമ്മിച്ച് പുനരുപയോഗിക്കുന്നത് സാധാരണമാണ്. സെക്കൻഡ് ഹാൻഡ് കിമോനോകൾ ജപ്പാനിൽ വൻബിസിനസ്സ് ആണത്രെ. പുരുഷ കിമോനോകൾ ഇറക്കം കുറഞ്ഞവയും അലങ്കാരം ആവശ്യമില്ലാത്തവയും ആയതിനാൽ വിലയും കുറവാണ്.

കിമോനോയുടെ ഒപ്പം ധരിക്കുന്ന വൈക്കോൽ പാദുകം
പലതരം കച്ചകളിൽ ഒന്ന്

അവലംബം

[തിരുത്തുക]
  1. Dalby, Liza (2001). Kimono: Fashioning Culture. Seattle: University of Washington Press. ISBN 9780295981550. OCLC 46793052.
  2. Sharnoff, Lora (1993). Grand Sumo. Weatherhill. ISBN 0-8348-0283-X.
  3. 1871(明治5)年11月12日太政官布告399号
  4. [1] Archived July 23, 2011, at the Wayback Machine.
  5. Hindell, Juliet (May 22, 1999). "World: Asia-Pacific Saving the kimono". BBC. Retrieved 2007-09-20. {{cite news}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കിമോണോ&oldid=3779162" എന്ന താളിൽനിന്ന് ശേഖരിച്ചത്