കാർട്ടൂണിസ്റ്റ് കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കെ.എസ്. കുട്ടി
പുതുക്കൊടി കൊട്ടുതൊടി ശങ്കരൻകുട്ടി
പുതുക്കൊടി കൊട്ടുതൊടി ശങ്കരൻകുട്ടി
ജനനം1921 സെപ്തംബർ 4
ഒറ്റപ്പാലം, കേരളം
മരണം2011 ഒക്ടോബർ 22
മാഡിസൺ, അമേരിക്ക
തൊഴിൽകാർട്ടൂണിസ്റ്റ്
Genreരാഷ്ട്രീയ കാർട്ടൂണുകൾ
പങ്കാളിഗൗരി
കുട്ടികൾനാരായണൻ, മായ

ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റുകളിലൊരാളായിരുന്നു പി.കെ.എസ്. കുട്ടി (പുതുക്കൊടി കൊട്ടുതൊടി ശങ്കരൻകുട്ടി) എന്ന കാർട്ടൂണിസ്റ്റ് കുട്ടി (1921 സെപ്തംബർ 4 - 2011 ഒക്ടോബർ 22). കുട്ടിയുടെ രാഷ്ട്രീയ കാർട്ടൂണുകൾ സവിശേഷ ശ്രദ്ധയാകർഷിച്ചവയാണ്.[1]

ജീവിതരേഖ[തിരുത്തുക]

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നാരായണ മേനോന്റെയും ലക്ഷ്മി അമ്മയുടെയും മകനായി 1921 സെപ്തംബർ 4-ന് ജനനം. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടെങ്ങളിലായി വിദ്യാഭ്യാസം.[2] ഹൈസ്കൂൾ കാലം മുതൽ കാർട്ടൂൺ രചനയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരിലൊരാളായിരുന്ന പ്രശസ്ത മലയാള സാഹിത്യകാരൻ സഞ്ജയന്റെ പ്രോത്സാഹനപ്രകാരം കോളേജ് മാഗസിനു വേണ്ടി കാർട്ടൂണുകൾ വരച്ചു തുടങ്ങിയതോടെ ഈ രംഗത്ത് കൂടുതൽ സജീവമായി. കുട്ടി സഞ്ജയന്റെ . പഠനം പൂർത്തിയായ ശേഷം വീട്ടിലിരുന്ന കുട്ടിയെ സഞ്ജയൻ കത്തയച്ചു വരുത്തി വിശ്വരൂപം എന്ന തന്റെ വാരികയിൽ ചിത്രങ്ങൾ വരയ്ക്കുവാനായി നിയോഗിക്കുകയുണ്ടായി.

പിന്നീട് ഡെൽഹിയിലെത്തിയ കുട്ടി കാർട്ടൂണിസ്റ്റ് ശങ്കറുമായി ബന്ധം സ്ഥാപിച്ചു. കുട്ടിയുടെ ബന്ധു കൂടിയായ വി.പി. മേനോനാണ് ഇതിനു മുൻകൈ എടുത്തത്. കുട്ടി ശങ്കറിനെ ഗുരുവായി സ്വീകരിക്കുകയും അദ്ദേഹത്തിൽ നിന്ന് കാർട്ടൂൺ-ചിത്രകലാ രംഗത്ത് കൂടുതൽ പ്രായോഗികപരിശീലനം നേടുകയും ചെയ്തു.

ശങ്കറിന്റെ കീഴിൽ ആറ് മാസത്തെ പരിശീലനത്തിനുശേഷം 1941 ജനവരി 2-ന് ജവഹർലാൽ നെഹ്രു തുടക്കമിട്ട ലക്നോയിൽ നിന്നു പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന നാഷണൽ ഹെറാൾഡ് എന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ കാർട്ടൂണിസ്റ്റായി. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നാഷണൽ ഹെറാൾഡ് അടച്ചു പൂട്ടപ്പെട്ടതിനെ തുടർന്ന് 1943 മുതൽ 1945 വരെ മദ്രാസിൽ നിന്നുള്ള മദ്രാസ് വാർ റിവ്യൂ. എന്ന പ്രസിദ്ധീകരണത്തിലും 1945 മുതൽ 1946 വരെ ബോംബെയിൽ നിന്നുള്ള ഫ്രീ പ്രസ് ജേർണൽ എന്ന പത്രത്തിലും പ്രവർത്തിച്ചു. 1946-ൽ ഡെൽഹിയിൽ മടങ്ങി എത്തിയ അദ്ദേഹം 1951 വരെ നാഷണൽ കോൾ, അമർഭാരത് , ഇന്ത്യൻ ന്യൂസ് ക്രോണിക്കിൾ തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. 1948-ൽ ആരംഭമിട്ട ശങ്കേഴ്സ് വീക്കിലിയിലും കുട്ടിയുടെ കാർട്ടൂണുകൾ വന്നിരുന്നു. 1951-ൽ കൊൽക്കത്തയിലെ ആനന്ദബസാർ ഗ്രൂപ്പിൽ ചേർന്ന കുട്ടി 35 വർഷം ആനന്ദബസാർ പത്രിക ഉൾപ്പെടെയുള്ള അവരുടെ വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് ആജ്‌കൽ ഗ്രൂപ്പിൽ അംഗമായി. 1997-ൽ അദ്ദേഹം സജീവ കാർട്ടൂൺ രചനയ്ക്ക് വിരാമമിട്ട് അമേരിക്കയിലേക്ക് പോയി.[3]

കുട്ടിയുടെ കാർട്ടൂണുകൾ[തിരുത്തുക]

ഹരിയാനാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്റെ പരാജയം - കുട്ടിയുടെ ഒരു കാർട്ടൂൺ

വായിക്കാനറിയാത്തവർക്കുപോലും ആസ്വദിക്കാൻ കഴിയുന്നതാവണം കാർട്ടൂൺ എന്ന് കുട്ടി വിശ്വസിച്ചിരുന്നു. അതിനാൽ അദ്ദേഹം തന്റെ രചനകളിൽ കഴിയുന്നടത്തോളം കമന്റ്‌സ് കുറക്കുവാനും ചിത്രീകരണം ശക്തമാക്കുവാനും ശ്രദ്ധിച്ചിട്ടുണ്ട്.[4] 1947 ഓഗസ്റ്റ് 14-ന് രാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയോടനുബന്ധമായി പാർലമെന്റ് സെൻട്രൽ ഹാളിലെ നെഹ്രുവിന്റെയും ഡോ:രാധാകൃഷ്നന്റെയും പ്രസംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച കുട്ടിയുടെ തൂലികയിൽ നിന്നും സ്വാതന്ത്യത്തിനു മുൻപും പിൻപും നടന്ന നിർണായക രാഷ്ട്രീയ മാറ്റങ്ങളെല്ലാം കാർട്ടൂണുകളായി പുറത്തു വന്നിട്ടുണ്ട്. അവയൊക്കെ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. 1987-ലെ ഹരിയാനാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്നുള്ള കോൺഗ്രസ്സിന്റെ അവസ്ഥയെ മൈക്കലാഞ്ജലോയുടെ വിശ്വപ്രസിദ്ധമായ പിയേത്താ ശില്പത്തിന് അനുരൂപമായി ചിത്രീകരിച്ചത് അതിലൊന്നാണ്. കോൺഗ്രസ്സിനു മേൽ ആരോപിക്കപ്പെട്ട ഇറ്റാലിയൻ ബന്ധം ഈ വിഷയം തെരഞ്ഞെടുക്കുവാനൊരു കാരണമായിട്ടുണ്ട്. അതേസമയം തന്നെ കമ്മ്യൂണിസ്റ്റുകാർക്ക് പൊതുവേ നർമ്മബോധം കുറവാണെന്നും അതാണ് സോവിയറ്റ് യൂണിയനിലെ പാർട്ടിയുടെ തകർച്ചക്ക് നിദാനമായതെന്നുമുള്ള വിമർശനവും അദ്ദേഹം നടത്തിയിട്ടുണ്ട്. കുട്ടി പാകിസ്താനെതിരെ വരച്ച കാർട്ടൂൺ വലിയ വിവാദം സൃഷ്ടിക്കുകയുണ്ടായി. അതുപോലെ ഹിന്ദു കോഡ് ബിൽ, വിമോചന സമരം എന്നിവയെക്കുറിച്ചുള്ള കാർട്ടൂണുകളും ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

ചിരിയുടെ സംവത്സരങ്ങൾ - ഒരു കാർട്ടൂണിസ്റ്റിന്റെ സ്മരണകൾ എന്നാണ് കുട്ടിയുടെ ആത്മകഥയുടെ പേര്.[1] കുട്ടിയോടോപ്പം ചിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു കൃതി.

അവലംബം[തിരുത്തുക]

  1. 1.0 1.1 കാർട്ടൂണിസ്റ്റ് കുട്ടി അന്തരിച്ചു, മാതൃഭൂമി, 23 ഒക്ടോബർ 2011[പ്രവർത്തിക്കാത്ത കണ്ണി]
  2. "An era of humour ends, IBN live, 23 October 2011". Archived from the original on 2011-11-06. Retrieved 2011-10-25.
  3. Cartoonist Kutty, 90,passes away, The Hindu, 22 October 2011
  4. "ഓർമ്മ - കുട്ടി, മാതൃഭൂമി ബുക്സ്, 22 ഒക്ടോബർ 2011". Archived from the original on 2011-10-24. Retrieved 2011-10-25.