Jump to content

കാലിക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലിക്കോ കൊണ്ട് നിർമ്മിച്ച സഞ്ചി

കോഴിക്കോട് ഉൽഭവിച്ച ഒരുതരം തുണിത്തരമാണ് കാലിക്കോ. ബ്ലീച്ച് ചെയ്യാത്ത, പരുക്കനായ, കട്ടി കൂടിയ തുണിത്തരമാണിത്.[1] കോഴിക്കോട്ടെ ചാലിയ ജാതിവ്യവസ്ഥയിൽ പെടുന്ന നെയ്ത്തുകാരായിരുന്നു പ്രധാനമായും കാലിക്കോ തുണികൾ നിർമ്മിച്ചിരുന്നത്. കോഴിക്കോടിന് 'കാലിക്കറ്റ്' എന്ന പേർ ലഭിക്കുവാനുള്ള കാരണം 'കാലിക്കോ' തുണികൾ ഇവിടെനിന്നും കയറ്റിയയയ്ക്കുന്നതുകൊണ്ടാണ്. പല വർണ്ണങ്ങളിൽ പ്രിന്റ് ചെയ്ത കാലിക്കോ തുണിത്തരങ്ങൾ യൂറോപ്പിൽ പ്രസിദ്ധമായിരുന്നു. ബ്രിട്ടീഷുകാരായിരുന്നു കാലിക്കോയുടെ പ്രധാന ഉപഭോക്താക്കൾ.[2]

ചരിത്രം

[തിരുത്തുക]

12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹേമചന്ദ്രന്റെ കാവ്യങ്ങളിൽ താമരമുദ്രകളാൽ അലങ്കൃതമായ കാലിക്കോയെപ്പറ്റി പരാമർശമുണ്ട്. 15-ാം നൂറ്റാണ്ടു മുതൽ അറബി വ്യാപാരികൾ വഴി കാലിക്കോ ഈജിപ്തിലെത്തി. 17-ാം നൂറ്റാണ്ടു മുതലാണ് യൂറോപ്പിൽ കാലിക്കോ പ്രചാരത്തിലായത്. കമ്പിളിയും പട്ടും വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തവർക്ക് വിലകുറഞ്ഞ കാലിക്കോ ഒരാശ്വാസമായി. വ്യാവസായിക വിപ്ലവം വന്നതോടെ, ഇന്ത്യൻ നിർമ്മിത കാലിക്കോ ബ്രിട്ടണിൽ നിരോധിക്കുകയും, പരുത്തി ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന് ബ്രിട്ടീഷ് ഫാക്ടറികളിൽ സംസ്കരിച്ച് കാലിക്കോ മാതൃകയിലുള്ള തുണിത്തരങ്ങൾ നിർമ്മിക്കാൻ ആരംഭിക്കുകയും ചെയ്തു. ഇന്ത്യൻ കാലിക്കോ ഉത്പ്പന്നങ്ങൾ നിരോധിച്ചുകൊണ്ടുള്ള കാലിക്കോ നിയമം( കാലിക്കോ ആക്ടു് )ബ്രിട്ടണിൽ സർക്കാർ നടപ്പിലാക്കിയിരുന്നു.തടവുകാരെ ജയിലറയ്ക്ക് പുറത്തിറക്കുമ്പോൾ കാലിക്കോ കൊണ്ട് നിർമ്മിതമായ മുഖം മൂടി അണിയിക്കുന്നത് ഓസ്ത്രേലിയയിൽ പ്രചാരത്തിലുണ്ടായിരുന്ന ആചാരമാണ്.

കാലിക്കോ പ്രിന്റിങ്

[തിരുത്തുക]
കാലിക്കോ പ്രിന്റ്

ചെറിയ പൂക്കളുടെ ആകൃതിയിലുള്ള പ്രിന്റുകളാണ് കാലിക്കോവിന്റെ പ്രത്യേകത. വലിയ തടിക്കഷ്ണങ്ങളിൽ ചിത്രങ്ങൾ ആലേഖനം ചെയ്ത്, നിറം പിടിപ്പിച്ച് തുണിയിൽ അച്ചടിക്കലായിരുന്നു പഴയ രീതി. പിന്നീട് ആലിസാരിൻ എന്ന രാസവസ്തു ഉപയോഗിച്ച് ബ്ലോക്ക് പ്രിന്റിങ് ചെയ്തുതുടങ്ങി. ചെറിയ പൂക്കളുടെ പ്രിന്റുകളുള്ള എല്ലാ വസ്ത്രങ്ങളും പിൽക്കാലത്ത് 'കാലിക്കോ പ്രിന്റിങ്'എന്ന് അറിയപ്പെട്ടു തുടങ്ങി.

അവലംബം

[തിരുത്തുക]
  1. Lynda Mugglestone "The Oxford History of English". Books.google.co.in. Retrieved 2014-01-16.
  2. Condra, Jill. The Greenwood Encyclopedia of Clothing Through World History: 1801 to the Present. Vol. 3.
"https://ml.wikipedia.org/w/index.php?title=കാലിക്കോ&oldid=2288694" എന്ന താളിൽനിന്ന് ശേഖരിച്ചത്