കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/2011 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രക്തസമ്മർദ്ദം സാധാരണനില വിട്ട് ഉയരുന്നതിനെയാണ് അമിതരക്തസമ്മർദ്ദം അഥവാ രക്താതിമർദ്ദം എന്നു പറയുന്നത്. ഇംഗ്ലീഷിൽ Hypertension എന്നു പറയുന്നു. HT, HTN, HPN എന്നീ ചുരുക്കെഴുത്തുകളും ഉപയോഗിക്കപ്പെടുന്നു. സാധാരണ സംസാരത്തിൽ ബ്ലഡ് പ്രഷർ എന്നതുകൊണ്ടും ഇതാണ്‌ വിവക്ഷ. രക്തസമ്മർദ്ദം 140/90 എന്ന പരിധിയിൽ കൂടുന്നതാണ് രക്താതിമർദ്ദം എന്ന് വൈദ്യശാസ്ത്രപരമായി നിർവചിച്ചിരിക്കുന്നു.

രക്താതിമർദ്ദത്തെ പ്രാഥമിക രക്താതിമർദ്ദം എന്നും ദ്വിതീയ രക്താതിമർദ്ദം എന്നും രണ്ടായി തിരിച്ചിരിക്കുന്നു. പ്രത്യേകകാരണമൊന്നും കൂടാതെ പ്രായമാകുന്നതിന്റെ ഭാഗമായി രക്തസമ്മർദ്ദം ക്രമേണ ഉയർന്ന് രക്താതിമർദ്ദം ഉണ്ടാകുന്നതിനെയാണ് പ്രാഥമിക രക്താതിമർദ്ദം അഥവാ അനിവാര്യമായ രക്താതിമർദ്ദം (Essential hypertension) എന്നു പറയുന്നത്. മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി രക്താതിമർദ്ദം ഉണ്ടാകുന്നതിനെ ദ്വിതീയ രക്താതിമർദ്ദം എന്നു പറയുന്നു.രക്തസമ്മർദ്ദം സിസ്റ്റോളിക് എന്നും ഡയാസ്റ്റോളിക് എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. ഹൃദയം മിടിക്കുമ്പോൾ രക്തക്കുഴലുകളിൽ ഉണ്ടാവുന്ന രക്തസമ്മർദ്ദമാണ് സിസ്റ്റോളിക് രക്തസമ്മർദ്ദം. ഹൃദയമിടിപ്പുകൾക്കിടയിലുള്ള രക്തസമ്മർദ്ദമാണ് ഡയാസ്റ്റോളിക് രക്തസമ്മർദ്ദം.അതേ പ്രായത്തിലുള്ള ആരോഗ്യവാനായ മനുഷ്യന് ഉണ്ടാവേണ്ട രക്തസമ്മർദ്ദത്തിലും അധികമായാൽ അതിനെ പ്രീ-രക്താതിമർദ്ദം എന്നോ രക്താതിമർദ്ദം എന്നോ പറയുന്നു. രക്താതിമർദ്ദത്തെ രക്താതിമർദ്ദം സ്റ്റേജ് I, രക്താതിമർദ്ദം സ്റ്റേജ് II, ഒറ്റപ്പെട്ട രക്താതിമർദ്ദം എന്നിങനെ മൂന്നായി വീണ്ടും തരം തിരിച്ചിരിക്കുന്നു. ജീവിതരീതികളിൽ മാറ്റം വരുത്തുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം ഒരു പരിധിവരെ തടയാൻ കഴിയും. ഭക്ഷണരീതിയിലുള്ള മാറ്റം, ശരീരവ്യായാമം, വണ്ണം കുറയ്ക്കൽ എന്നിവ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഉപകാരപ്രദമാണ്.

...പത്തായം കൂടുതൽ വായിക്കുക...