കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/2011 ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സം‌യുക്തമാണ്‌ എൻഡോസൾഫാൻ. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരകവിഷവസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതകവൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി വാദമുള്ളതിനാൽ കാർഷിക രംഗത്തെ ഇതിന്റെ ഉപയോഗം വൻ‌വിവാദങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്. 2011 ഏപ്രിൽ 29 ന് സ്റ്റോക്‌ഹോം കൺവെൻഷന്റെ ഭാഗമായി സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടന്ന സമ്മേളനത്തിൽ എൻഡോസൾഫാൻ ലോകവ്യാപകമായി നിരോധിക്കാൻ ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ഉന്നയിച്ച ഉപാധികളോടെ തീരുമാനമായി. ബയർ ക്രൊപ്പ്സയൻസ് (Bayer CropScience), മക്തേഷിം അഗൻ (Makhteshim Agan), ഇന്ത്യാഗവൺമെന്റ് സ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്റ്റിസൈഡ് ലിമിറ്റഡ് (Hindustan Insecticides Limited) എന്നിവരാണ്‌ ഇതിന്റെ നിർമ്മാതാക്കൾ.ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ എൻഡോസൾഫാൻ ഉപയോഗം ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്‌. അതിനാൽ ദുരന്തങ്ങളും ഇവിടങ്ങളിലാണ്‌ കൂടുതൽ. അമേരിക്കയിൽ നിന്നും ഏറ്റവുമധികം എൻഡോസൾഫാൻ കയറ്റിയയക്കുന്നത്‌ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കാണ്‌.ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമല്ല; വായുവിലൂടെ വളരെ അകലെയുള്ള സ്ഥലങ്ങളിലും ഇത് പടരുന്നു. കാറ്റിലൂടെയും ജലത്തിലൂടെയും പടരുന്നതിനാൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഇത് ഹാനികരമാണെന്ന് പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.കാസർകോട്ടെ വിവിധ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ എൻഡോസൾഫാൻ ദുരിതബാധിതരായതിനെത്തുടർന്ന് ഈ കീടനാശിനിയുടെ ഉത്പാദനവും വില്പനയും ഉപയോഗവും സംബന്ധിച്ച് വിവിധ കോടതികളിൽനിന്നായി വിവിധ വിധികൾ ഉണ്ടായിട്ടുണ്ട്. 2011 മെയ് 13 ന് രാജ്യത്തെ പരമോന്നത നീതിന്യായപീഠമായ സുപ്രീം കോടതി നടത്തിയ വിധി ശ്രദ്ധേയമാണ്.

...പത്തായം കൂടുതൽ വായിക്കുക...