കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/2010 ഡിസംബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുങ്കുമച്ചെടിയുടെ പൂവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഒരുസുഗന്ധവ്യഞ്ജനമാണ്‌ കുങ്കുമം(ഇംഗ്ലീഷ്:Saffron). കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലമായ മൂന്നു നാരുകളാണ് സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്നത്. വരണ്ടിരിക്കുന്ന ഈ നാര്‌ പാചക വിഭവങ്ങളിൽ സുഗന്ധം പകരാനായും നിറം നൽകുന്നതിനായും ഉപയോഗിക്കുന്നു. ദശാബ്ദങ്ങളായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായി തുടരുന്ന കുങ്കുമത്തിന്റെ സ്വദേശം തെക്കുപടിഞ്ഞാറൻ ഏഷ്യയാണ്‌. ചവർപ്പ് രുചിയുള്ള കുങ്കുമത്തിന്‌ ഐഡോഫോമിന്റെയോ അല്ലെങ്കിൽ വൈക്കോലിന്റെയോ മണമാണ്‌. പിക്രൊക്രൊസിൻ, സഫ്രണാൽ എന്നീ രാസവസ്തുക്കൾ അടങ്ങിയതിനാലാണ്‌ കുങ്കുമത്തിന്‌ ഈ മണം കിട്ടുന്നത്. ശിശിരത്തിൽ പുഷ്പ്പിക്കുന്ന അനവരത സസ്യമാണ് കുങ്കുമം. ലത്തീനിലെ സഫ്രാനം എന്ന പദത്തിൽ നിന്നാണ്‌ കുങ്കുമത്തിന്റെ ആംഗലേയ നാമമായ സാഫ്രൺ ഉണ്ടായത്. പടിഞ്ഞാറ് മെഡിറ്ററേനിയൻ മുതൽ കിഴക്ക് കശ്മീർ വരെ വ്യാപിച്ചു കിടക്കുന്ന ഫലഭൂയിഷ്ടിതമായ മണ്ണാണ് കുങ്കുമം കൃഷി ചെയ്യാൻ അഭികാമ്യം. കുങ്കുമത്തിലുള്ള ക്രോസിൻ എന്ന കരോട്ടനൊയ്ഡ് ചായം, ഭക്ഷണവിഭവങ്ങൾക്കും തുണിത്തരങ്ങൾക്കും മഞ്ഞ കലർന്ന സുവർണ്ണ നിറം നൽകാൻ സഹായിക്കുന്നു. കൂടാതെ കുങ്കുമത്തിന്‌ ധാരാളം ഔഷധ ഗുണങ്ങളുമുണ്ട്.

...പത്തായം കൂടുതൽ വായിക്കുക...