കടകോൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മത്ത്
പണ്ടുകാലത്ത് തൈരു കടയാൻ ഉപയോഗിച്ചിരുന്ന ഉപകരണം

തൈര് കടയുവാൻ വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഒരു നാടൻ ഉപകരണമാണ് കടകോൽ അഥവാ മത്ത്. വായ് വട്ടം കുറവുള്ള ഒരു പാത്രത്തിൽ തൈരു നിറച്ച് ഈ ഉപകരണം കൈകൊണ്ടു കറക്കിയാണ് തൈരു കടയുന്നത്. വൃത്താകൃതിയിലുള്ള ഒരു മരക്കട്ടയും അതിൽ വെട്ടുകളും നടുവിലായി ഒരു പിടിയും കൂടിയതാണ് ഇതിന്റെ ഘടന. അപകേന്ദ്രണം എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവർത്തനം. മത്ത് വേഗത്തിൽ കറക്കുമ്പോൾ മിശ്രിതം അതോടൊപ്പം കറങ്ങുന്നതിനാൽ അപകേന്ദ്രണബലം കൂടുതലനുഭവപ്പെടുന്ന ഘനത്വംകൂടിയ പദാർഥഭാഗങ്ങൾ കേന്ദ്രത്തിൽ നിന്നകന്നുപോകുകയും തന്മൂലം അപകേന്ദ്രണബലം കുറച്ചനുഭവപ്പെടുന്ന ഘനത്വം കുറഞ്ഞ ഘടകം (വെണ്ണ) കേന്ദ്രത്തിലേക്കടുക്കുകയും ചെയ്യും. ഇങ്ങനെ വേർതിരിക്കപ്പെടുന്ന വെണ്ണ മത്തിൽ പറ്റിപ്പിടിക്കുന്നു. ഡയറികളിൽ പാലിൽനിന്നു വെണ്ണ വേർപെടുത്തുന്നതിന് കുറേക്കൂടി പരിഷ്കൃതമാതൃകയിലുള്ള അപകേന്ദ്രണയന്ത്രം ഉപയോഗിക്കാറുണ്ട്.

മരംകൊണ്ടുള്ള കടക്കോൽ, ആശാരിമാരാണ് പണ്ട് ഇത് ഉണ്ടാക്കിയിരുന്നതെങ്കിലും ഇപ്പോൾ വിപണിയിൽ സുലഭമല്ല. കറിവേപ്പിൻ തടിയിൽ കടഞ്ഞെടുത്ത കടകോൽ ആണ് സാധാരണ ഉപയോഗിച്ചിരുന്നത്.[1] സമാനമായ സ്റ്റീലിലുള്ള ഉപകരണങ്ങളും ഉണ്ട്.

പുരാണങ്ങളിൽ[തിരുത്തുക]

ഹിന്ദുപുരാണങ്ങളിൽ പരാമർശിക്കപ്പെടുന്ന പാലാഴിമഥനത്തിൽ മന്ദരപർവ്വതത്തെ കടകോലായും വാസുകി എന്ന സർപ്പത്തെ കയറായും ഉപയോഗിച്ചെന്നു് എഴുതപ്പെട്ടിട്ടുണ്ടു്.


അവലംബം[തിരുത്തുക]

  1. http://www.keralabhooshanam.com/?p=76695[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കടകോൽ&oldid=3627374" എന്ന താളിൽനിന്ന് ശേഖരിച്ചത്