ഓകാപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓകാപി
ഓകാപി
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡാറ്റാ
ക്ലാസ്സ്‌: മൽമാലിയ
നിര: അർടിയോഡക്റ്റില
കുടുംബം: ജിറാദിഡെ
ജനുസ്സ്: ഓകാപിയ
Lankester, 1901
വർഗ്ഗം: O. johnstoni
ശാസ്ത്രീയ നാമം
Okapia johnstoni
(P.L. Sclater, 1901)
Range map

ജിറാഫ് കുടുംബത്തിൽ (ജിറഫിഡേ) പെടുന്നതും വളരെ അടുത്തകാലത്തുമാത്രം രേഖപ്പെടുത്തപ്പെട്ടതുമായ ഒരു സസ്തനിയാണ് ഓകാപി. ശാസ്ത്രനാമം: ഓകാപിയ ജോൺസ്റ്റണി.[2]

1900 വരെ ജിറാഫിഡേ കുടുബത്തിൽ അറിയപ്പെട്ടിരുന്ന ഏക സസ്തനി ജിറാഫ് മാത്രമായിരുന്നു. ഉഗാണ്ട ഗവർണർ ആയിരുന്ന സർ ഹാരി ഹാമിൽറ്റൺ ജോൺസ്റ്റൻ 1900-ത്തിൽ കോംഗോയിൽ നിന്നു കണ്ടെടുത്ത ഒരു ജന്തുവിന്റെ അപൂർണമായ തോൽ ഗവേഷണവിധേയമാക്കിയതോടെയാണ് ഓകാപിയെപ്പറ്റി അറിയാനുള്ള ശ്രമം ആദ്യമായി ആരംഭിച്ചത്.[3] അത് സീബ്രാവർഗത്തിൽപ്പെട്ട ഏതോ ഒരിനം ജന്തുവിന്റേതാണ് എന്ന നിഗമനത്തിൽ ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയുടെ സെക്രട്ടറി മിസ്റ്റർ സ്ലേറ്റർ എത്തിച്ചേർന്നു. സർ ജോൺസ്റ്റനോടുള്ള ബഹുമാനസൂചകമായി അതിന് ഇക്വസ് ജോൺസ്റ്റണി എന്നു നാമകരണവും ചെയ്തു. എന്നാൽ തുടർന്ന് വേറെ ഒരുതോലും രണ്ടു തലയോടുകളും കൂടി വിദഗ്ദ്ധ പഠനത്തിനു ലഭിച്ചതോടെ ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ഡയറക്ടർ പ്രോഫ. റേ ലാങ്കസ്റ്റർ, ഈ ജന്തുവിന് അശ്വവംശവുമായി യാതൊരു ബന്ധവുമില്ലന്ന് തെളിയിച്ചു.[4]

വാസസ്ഥലം[തിരുത്തുക]

ആഫ്രിക്കയൽ എഡ്വേഡ്, ആൽബർട്ട് എന്നീ രണ്ടു തടാകങ്ങൾക്കിടയിൽ കോംഗോതടാകത്തിന്റെ വടക്കുകിഴക്കൻ അതിർത്തിക്കടുത്തായി സെംലികി കാടുകളിൽ ഇവകഴിയുന്നു. ഒറ്റയ്ക്കു നടക്കാൻ ഇഷ്ടപ്പെടുന്ന ഇവ അപൂർ‌‌വമായി ഇണകളായും സഞ്ചരിക്കാറുണ്ട്. ജന്മനാ ഭീരുക്കളായ ഇവ നിശ്ശബ്ദമായിട്ടാണ് കാട്ടിൽ നടക്കുന്നത്. ആക്രമണഭീതി ഉണ്ടാകുമ്പോൽ തല നേരെ മുന്നോട്ടു നീട്ടിപ്പിടിച്ച് അതിവേഗം കുതിച്ചുചാടി അകലെ മറയാൻ ശ്രമിക്കുന്നതായി കാണാം.

ഓകാപിയും ജിറാഫും[തിരുത്തുക]

പ്രമാണം:Okapis.jpg
രണ്ട് ഓകാപികൾ വനമേഖലയിൽ

ചുമൽഭാഗത്ത് ഒന്നേമുക്കാൽ മീടറോളം പൊക്കം വരുന്ന ഓകാപി, ഇതിന്റെ ഏകബന്ധുവായ ജിറഫിന്റെ പല സ്വഭാവവിശേഷങ്ങൾഉം പ്രകടിപ്പിക്കുന്നു. ഒരേ ആകൃതിയിലുള്ള തലയോട്, താഴ്ന്നപിൻഭാഗം, നീളം കുറഞ്ഞതും ശിഖ (tufted) പോലെയുള്ളതുമായ വാൽ എന്നിവ രണ്ടിന്റെയും പൊതുസ്വഭാവങ്ങളാണ്. എന്നാൽ ജിറാഫിൽ നിന്നു വ്യത്യസ്തമായി, ഓകാപിയുടെ കഴുത്തും മുൻ‌‌കാലുകളും കുറുകിയതാകുന്നു. കഴുത്തിൽ കുഞ്ചിരോമങ്ങൾ കാണുകയില്ല. ശരീരത്തിൽ ഏതുഭാഗത്തും നാവെത്തിക്കാൻ പാകത്തിൻ തിരിക്കാവുന്നതാണ് കഴുത്ത്. ആൺ-ഓകാപിയിൽ കഠാരയുടെ ആകൃതിയിൽ രണ്ടു ചെറിയ കൊമ്പുകൾ കാണാം. ഇവയുടെ മുന രോമജഡിലമായ തൊലിയുടെ പുറത്തേക്കു തള്ളിനിൽക്കുന്നു. പെണ്ണിനു കൊമ്പുണ്ടായിരിക്കുകയില്ല. തല പൊതുവേ നീണ്ടു കൂർത്തതാണ്. വലിയ ചെവികളിൽ നിന്ന് വളരെ അകന്നാണ് കണ്ണുകൾ സ്ഥിതിചെയ്യുന്നത്. നീണ്ടതും അനക്കാവുന്നതുമായ ചുണ്ടുകൾ വൃക്ഷകൊമ്പുകളിൽ നിന്നും ഇലകൾ പറിച്ചെടുക്കുന്നതിനു പറ്റിയ വിധത്തിലുള്ളതാണ്. തലയും കഴുത്തും ഉടലും ചുവന്ന തവിട്ടുനിറം മുതൽ കറുപ്പുവരെ ഏതുമാകാം. കവിൾത്തടങ്ങൾക്ക് മഞ്ഞകലർന്ന വെള്ളനിറമായിരിക്കും; കാലുകളുടെ താഴത്തെ പകുതിക്ക് ക്രീമിന്റെ നിറവും, മുകളിലത്തെ പകുതിയിൽ കുറുകെ കറുപ്പും വെള്ളയും ഇടകലർന്ന വരകളുമാണുള്ളത്. ഈ വരകൾ, ആദ്യകാലങ്ങളിൽ ഇതിനെ വരയൻ കുതിരയുടെ ബന്ധുവായി സംശയിക്കാൻ പ്രേരകമായി. പെണ്ണിന് ആണിനെക്കാൾ വലിപ്പം അല്പം കൂടുതലാണ്. തൂക്കം ശരാശരി 230 കി. ഗ്രാം.[5]

സം‌‌രക്ഷക വർണത[തിരുത്തുക]

ഓകാപി കാഴ്ചബഗ്ലാവിൽ

ഓകാപിയുടെ പ്രത്യേക സ്വഭാവങ്ങളെക്കുറിച്ച് ഇന്നും വ്യക്തമായ അറിവില്ല. പ്രധാനഭക്ഷണം ചതുപ്പുകളിൽ വളരുന്ന കുറ്റിച്ചെടികളാണ്. ചുറ്റുപാടികളോട് ഇണങ്ങിച്ചേരുന്ന വർണമാതൃക (colour pattern) ഇതിനെ പെട്ടെന്നു തിരിച്ചറിയാൻ പറ്റാത്തതാകുന്നു. കാട്ടിനുള്ളിൽ 25 ചുവടിലേറെ ദൂരത്തു നിൽക്കുന്ന ഓകാപിയെ കണ്ടറിയുക അസാധ്യമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. ഇക്കാരണത്താൽ ഓകാപിയുടെ വർണമാതൃകയെ സം‌‌രക്ഷക വർണത (protective coloration) എന്ന വിഭാഗത്തിൽ പെടുത്താം. ഇത്രയും വലിപ്പമുള്ള ഒരു മൃഗം ഇക്കാലമത്രയും ശസ്ത്രലോകത്തിന് അജ്ഞാതമായിരുന്നതിന്റെ വിജയകരമായ ഈ പ്രച്ഛന്നാവരണത്തിന്റെ (camouflage) സാന്നിധ്യം തന്നെയാകണം.[6]

ഓകാപിയുടെ സ്വാദുള്ള ഇരച്ചിക്കും ഭംഗിയേറിയ തോലിനുമായി പിഗ്മികൾ ഇവയെ പതിവായി വേട്ടയാടിയിരുന്നു. ആനയെ പിടിക്കുന്നതുപോലെ കട്ടിനുള്ളിൽ കുഴികളുണ്ടാക്കി അവയിൽ വീഴ്ത്തിയാണ് ഇതിനെ പിടിക്കുന്നത്. പെട്ടെന്നുള്ള വംശനാശത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ഈ ജീവി 1933-ലെ ഇന്റർനാഷണൽ കൺ‌‌വെൻഷൻ പ്രകാരം ഒരു സമ്‌‌രക്ഷിത മൃഗമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.[7]

പ്ലയോസീൻ-മയോസീൻ യുഗങ്ങളിൽ (എഴുപതു ലക്ഷം മുതൽ രണ്ടരക്കോടിവരെ വർഷം മുമ്പ്) ജീവിച്ചിരുന്നതും കുറുകിയ കഴുത്തുള്ളവയുമായ ആദിമ (primitive) ജിറാഫുകളുടെ ജീവിച്ചിരിക്കുന്ന പ്രധിനിധിയാണ് ഓകാപി എന്ന് ജന്തുശാസ്ത്രജ്ഞർ കരുതുന്നു. ഇന്നത്തെ ഓകാപിക്ക് ആ പൂർ‌‌വികനിൽ നിന്ന് വലിയ വ്യത്യാസങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അവരുടെ വിശ്വാസം.[8]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഓകാപി&oldid=1712876" എന്ന താളിൽനിന്നു ശേഖരിച്ചത്