Jump to content

ഏകേച്ഛാവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഏകമനഃവാദം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തിലെ ദൈവ-മനുഷ്യസ്വഭാവങ്ങൾക്കു പൊതുവായി ഒരു മനസ്സേയുള്ളു എന്ന നിലപാടായിരുന്നു ഏകമനഃവാദം

യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തിലെ ദൈവ-മനുഷ്യസ്വഭാവങ്ങളുടെ പാരസ്പര്യത്തെ സംബന്ധിച്ച ഒരു നിലപാടാണ് ഏകേച്ഛാവാദം (Monothelitism). ദൈവപുത്രന്റെ മനുഷ്യാവതാരമായി വിശ്വസിക്കപ്പെടുന്ന ക്രിസ്തുവിന് വ്യതിരിക്തമായ ദൈവ, മനുഷ്യസ്വഭാവങ്ങൾ ഉണ്ടങ്കിലും ഇരുസ്വഭാവങ്ങൾക്കും പൊതുവായി ഒരു മനസ്സു മാത്രമേയുള്ളു എന്നാണ് ഈ നിലപാടിന്റെ ചുരുക്കം. 'ക്രിസ്തുശാസ്ത്രത്തിലെ' ഏകസ്വഭാവപക്ഷത്തിനും ദ്വിസ്വഭാവപക്ഷത്തിനും ഇടയിലെ മദ്ധ്യപക്ഷമായും, ദൈവ-മനുഷ്യസ്വഭാവങ്ങളുടെ വ്യതിരിക്തതക്കൊപ്പം യേശുവിന് വ്യതിരിക്തമായ മനസ്സുകളുമുണ്ടെന്ന വീക്ഷണത്തിന്റെ വിപരീതപക്ഷമായും ഇതിനെ കണക്കാക്കാം.

4 മുതൽ 6 വരെ നൂറ്റാണ്ടുകളിലെ ക്രിസ്തുശാസ്ത്രസംവാദങ്ങളുടെ പശ്ചാത്തലത്തിൽ, എ.ഡി. എഴാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ അവതരിപ്പക്കപ്പെട്ട ഈ വീക്ഷണം ബൈസാന്തിയൻ സാമ്രാജ്യത്തിൽ കാര്യമായ ജനപ്രീതി നേടി. ക്രിസ്തുവിലെ ദൈവ-മനുഷ്യസ്വഭാവങ്ങളുടെ പരസ്പരബന്ധത്തെ സംബന്ധിച്ച കൽക്കദോനിയ സൂനഹദോസിന്റെ (Council of Calcedon) തീരുമാനം അംഗീകരിക്കാതിരുന്ന ഏകസ്വഭാവവാദികളുമായി ഒത്തുതീർപ്പുണ്ടാക്കി സാമ്രാജ്യത്തിൽ മതപരമായ ഐക്യം സ്ഥാപിക്കാൻ ആഗ്രഹിച്ച ഭരണാധികാരികൾ ഇതിനെ പ്രോത്സാഹിപ്പിച്ചു. ഒരു ഘട്ടത്തിൽ ബൈസാന്തിയൻ പാത്രിയർക്കീസിന്റെ പിന്തുണ പോലും ഉണ്ടായിരുന്ന ഈ നിലപാട് എ.ഡി. 681-ൽ വേദവ്യതിചലനമായി പ്രഖ്യാപിക്കപ്പെട്ടു.[1][2]

പശ്ചാത്തലം

[തിരുത്തുക]

അഞ്ചാം നൂറ്റാണ്ടിൽ യേശുക്രിസ്തുവിന്റെ സ്വഭാവത്തെ സംബന്ധിച്ച ചർച്ചകൾ ക്രൈസ്തവലോകത്തിന്റെ ചില മേഖലകളിൽ ചിന്താക്കുഴപ്പം പരത്തിയിരുന്നു. 325ലെ നിഖ്യാ സൂനഹദോസ് ആരിയനിസത്തെ സംബന്ധിച്ച സംവാദങ്ങൾക്കൊടുവിൽ യേശു സമ്പൂർണ്ണദൈവമല്ല എന്ന വാദം തള്ളിക്കളഞ്ഞ് മനുഷ്യനായി അവതരിച്ച ദൈവപുത്രനാണ് യേശുവെന്നു വിധിച്ചിരുന്നു. എങ്കിലും ദൈവപുത്രന്റെ യഥാർത്ഥസ്വഭാവത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിന്നു. ഒരേസമയം മനുഷ്യനും ദൈവവുമായിരിക്കുന്ന വ്യക്തിയിലെ, ദൈവ-മനുഷ്യസ്വഭാവങ്ങളുടെ പാരസ്പര്യം തർക്കവിഷയമായി.

യേശുവിൽ രണ്ടു വ്യതിരിക്തസ്വഭാവങ്ങൾ ഉണ്ടെന്നും അവ ഏകസത്തയിൽ ഒന്നുചേർന്നിരിക്കുന്നു എന്നുമുള്ള ക്രിസ്തുശാസ്ത്ര വീക്ഷണത്തിനാണ് എഡി 451-ൽ കൽക്കദോനിയ സൂനഹദോസിന്റെ അംഗീകാരം ലഭിച്ചതും ആ സൂനഹദോസിന്റെ പാരമ്പര്യം പങ്കിടുന്ന പൗരസ്ത്യ ഓർത്തഡോക്സ്, കത്തോലിക്കാ, ആംഗ്ലിക്കൻ, ലൂഥറൻ, നവീകൃത ക്രിസ്തീയതകൾ പിന്തുടരുന്നതും. യേശുവിൽ ദൈവമനുഷ്യസത്തകൾ വേറിട്ടുനിൽക്കുന്നു എന്ന നെസ്തോറിയൻ സിദ്ധാന്തത്തിന്റെ തിരസ്കാരമായിരുന്നു ഇതെങ്കിലും, ദൈവപുത്രനിൽ ഒരു സ്വഭാവം മാത്രമേയുള്ളു എന്നു വാദിച്ച ഏകസ്വഭാവവാദികൾ ഈ നിർവചനം അംഗീകരിച്ചില്ല. യേശുവിൽ ദൈവ-മനുഷ്യസ്വഭാവങ്ങൾ സംയോജിച്ച് ഒന്നായിരിക്കുന്നു എന്ന നിലപാടാണ് ഏകസ്വഭാവവാദം. യൂത്തിക്കിയസ് എന്നയാൾ അവതരിപ്പിച്ച ഇതിന്റെ തീവ്രരൂപം 'യൂത്തിക്കിയൻ വാദം' എന്നറിയപ്പെടുന്നു. ഒരു തുള്ളി തേൻ കടലിൽ എന്ന പോലെ മനുഷ്യസ്വഭാവം ദൈവസ്വഭാവത്തിൽ അലിഞ്ഞിരിക്കുന്നതിനാൽ യേശുവിന്റെ യഥാർത്ഥസ്വഭാവം ദൈവികമാണെന്നാണ് ഇതിന്റെ വിശദീകരണം. ഏകസ്വഭാവവാദത്തിന്റെ പരിമിതഭാഷ്യമായ മദ്ധ്യസ്വഭാവവാദമാകട്ടെ (മിയാഫിസൈറ്റിസം) ദൈവ-മനുഷ്യസ്വഭാവങ്ങളുടെ സംയോജനത്തിനു ശേഷം യേശുവിലുള്ളത് ഏകവും അവ്യതിരിക്തവുമായ ദൈവ-മനുഷ്യസ്വഭാവം(theanthropic nature) ആണെന്ന നിലപടാണ്.[3] ഇക്കാലത്തെ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ ക്രിസ്തുശാസ്ത്രപക്ഷമാണ് ഈ വാദം.

പേർഷ്യൻ രാജാവിനെ കീഴ്പെടുത്തുന്ന ബൈസാന്തിയൻ ചക്രവർത്തി ഹെരാക്ലിയസ് - ഏകമനഃവാദം ബൈസാന്തിയൻ സാമ്രാജ്യത്തിൽ മതപരമായ ഐക്യം ഉണ്ടാക്കുമെന്ന് ഹെരാക്ലിയസ് കരുതി

തുടർന്നു നടന്ന സംവാദങ്ങളിൽ കൽക്കദോനിയ പക്ഷം കൽക്കദോൻവിരുദ്ധരെ, യേശുവിന്റെ മനുഷ്യസ്വഭാവത്തെ ഇതരമനുഷ്യരുടേതിൽ നിന്നു ഭിന്നമായി കാണുന്നതിന്റെ പേരിൽ കുറ്റപ്പെടുത്തി. കൽക്കദോനിയന്മാർ പിന്തുടരുന്നത് ഒരുതരം നെസ്തോറിയൻ സിദ്ധാന്തം തന്നെയാണെന്ന് കൽക്കദോനിയവിരുദ്ധരും ആരോപിച്ചു.

ബഹുവിധമായ ബാഹ്യഭീഷണികൾ നേരിട്ടിരുന്ന ബൈസാന്തിയൻ സാമ്രാജ്യം ഈ ഛിദ്രത്തിൽ അപകടം കണ്ടു. ബാഹ്യഭീഷണി ഏറെ അനുഭവപ്പെട്ടിരുന്ന പ്രവിശ്യകളിലെ ഏകസ്വഭാവവാദികളായ പ്രജകളാകട്ടെ, ബൈസാന്തിയൻ അധികാരികളെ തങ്ങളുടെ വിശ്വാസം തകർക്കാൻ അവസരം പാർത്തിരിക്കുന്ന വേദവിരോധികളായി കണ്ടു. ആ പ്രദേശങ്ങളിൽ സംഖ്യാബലം ഏകസ്വഭാവവാദികൾക്കായിരുന്നു. ഉദാഹരണമായി ഈജിപ്തിൽ അൻപതു ലക്ഷം കോപ്റ്റിക് ഏകസ്വഭാവവാദികളും വെറും മുപ്പതിനായിരം ഗ്രീക്ക് കൽക്കദോനിയന്മാരുമാണ് ഉണ്ടായിരുന്നത്. അതേസമയം സിറിയയിലും മെസോപ്പൊട്ടേമിയയിലും നെസ്തോറിയന്മാരും ഏകസ്വഭാവവാദികളും തമ്മിലായിരുന്നു മത്സരം. അർമീനിയാക്കാരുടെ വിശ്വാസവും കൽക്കദോനിയവിരുദ്ധമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഏകമനഃവാദം ഒരൊത്തുതീർപ്പുസമവാക്യം എന്ന നിലയിൽ അവതരിക്കപ്പെട്ടത്. കൂടുതൽ വ്യാപ്തിയും വഴക്കവുമുള്ളതായി കാണപ്പെട്ട ഈ സമവാക്യത്തിനു കീഴിൽ സാമ്രാജ്യത്തിലെ ഭിന്നപക്ഷങ്ങളെ ഒന്നിപ്പിക്കാനാകുമെന്ന് ബൈസാന്തിയൻ സാമ്രാട്ട് ഹെരാക്ലിയസ് കരുതി. [1]

യേശുവിൽ ഒരു സ്വഭാവം മാത്രമേയുള്ളു എന്നു കരുതിയിരുന്ന ഏകസ്വഭാവവാദികൾ സ്വാഭാവികമായും യേശുവിനെ ഏകമനസ്കനായും കണ്ടിരുന്നതിനാൽ, ഏകമനഃവാദം അവർക്ക് സ്വീകാര്യമാകുന്നായിരുന്നു പ്രതീക്ഷ. ഏകമനസ്സിന്റെ വിട്ടുവീഴ്ചയിൽ രണ്ടു സ്വഭാവങ്ങളുടെ വിശ്വാസം അംഗീകരിക്കാൻ കൽക്കദോനിയവിരുദ്ധർ തയ്യാറാകാൻ സാദ്ധ്യത ഉണ്ടായിരുന്നതിനാൽ ഈ വിശ്വാസം കൽക്കദോനിയമാരേയും ഏകസ്വഭാവവാദികളേയും ഒരുമിപ്പിച്ചേക്കുമെന്ന് അധികാരികൾ കരുതി. എങ്കിലും സഭാസൂനഹദോസുകൾ യേശുവിന്റെ വ്യക്തിത്വത്തിൽ എത്ര മനസ്സുണ്ട് എന്ന കാര്യത്തിൽ തീർപ്പുകല്പിച്ചിട്ടില്ലാതിരുന്നതിനാൽ, ഈ വിശ്വാസം കൽക്കദോനിയന്മാർക്ക് സ്വീകരിക്കാവുന്നതോ എന്നതിൽ സന്ദേഹമുണ്ടായിരുന്നു.

ചരിത്രം

[തിരുത്തുക]

'ഏകോർജ്ജവാദം'

[തിരുത്തുക]

കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കീസ് സെർജിയസ് ഒന്നാമൻ ആദ്യമായി അവതരിപ്പിച്ച ഈ സിദ്ധാന്തം താമസിയാതെ ഹെരാക്ലിയസ് ചക്രവർത്തിയുടെ പിന്തുണ നേടി. എ.ഡി. 610-ൽ അധികാരത്തിലെത്തിയ ചക്രവർത്തി 622-ൽ അർമേനിയയിലെ മെത്രാൻ പൗലോസിനയച്ച ഒരു സന്ദേശത്തിൽ, ക്രിസ്തുവിന്റെ ഊർജ്ജം അഥവാ ക്രിയാശക്തി ഏകമാണെന്നഭിപ്രായപ്പെട്ടു. ഏകോർജ്ജവാദം (Monoenergism) എന്നു വിളിക്കപ്പെടുന്ന ഈ സിദ്ധാന്തം ഏകമനഃവാദത്തിന്റെ പൂർവരൂപമായിരുന്നു. ഈ സിദ്ധാന്തത്തിന്റെ ഔപചാരികമായ അംഗീകാരത്തിന് ചക്രവർത്തി ശ്രമിച്ചു. ക്രിസ്തുശാസ്ത്രപരമായ ഈ വിട്ടുവീഴ്ചയുടെ അടിസ്ഥാനത്തിൽ കൽക്കദോനിയപക്ഷവും എതിരാളികളും തമ്മിൽ ഒത്തുതീർപ്പിനുള്ള സാദ്ധ്യതകൾ തെളിഞ്ഞെങ്കിലും കൽക്കദോനിയപക്ഷത്തു നിന്നു തന്നെ എതിർപ്പുകൾ ഉയർന്നു. പലസ്തീനയിലെ സോഫ്രോണിയസ് എന്ന സന്യാസിയായിരുന്നു എതിർപ്പിനു തേതൃത്വം കൊടുത്തത്. കുറേക്കാലത്തേക്ക് അദ്ദേഹത്തിന്റെ എതിർപ്പിനെ ഒതുക്കിനിർത്താൻ പാത്രിയർക്കീസ് സെർജിയസിനു കഴിഞ്ഞെങ്കിലും 634-ൽ സോഫ്രോണിയസ് യെരുശലേമിലെ പാത്രിയർക്കീസിന്റെ പദവിയിലെത്തിയതോടെ സ്ഥിതി മാറി. സ്വന്തം നില മെച്ചപ്പെടുത്താനായി സെർജിയസ്, പശ്ചിമദിക്കിന്റ് പാത്രിയർക്കീസായിരുന്ന റോമിലെ മാർപ്പാപ്പ ഹൊണോറിയസ് ഒന്നാമന് എഴുതി. ഹൊണോറിയസ് ഏകോർജ്ജവാദത്തെ പിന്തുണച്ചെങ്കിലും അതിനെ ഒരു വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുനിന്നു. യേശുവിന് മനസ്സുകൾ ഒന്നോ രണ്ടോ എന്നത് ഏറെ പ്രാധാന്യമില്ലാത്തതും വൈയാകരണന്മാർക്കു തന്നെ തീരുമാനിക്കാവുന്നതുമായ കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.[4] സോഫ്രോണിയസാകട്ടെ അതേസമയം, ഏകോർജ്ജവാദത്തെ നിശിതമായി വിമർശിക്കുന്ന എപ്പിസ്റ്റോളാ സിനോഡിക്കാ എന്ന രേഖ പ്രസിദ്ധീകരിച്ചു. ഏകമനഃവാദം, വേഷംമാറിയ ഏകസ്വഭാവവാദം മാത്രമാണെന്നും, കൽക്കദോനിയയിൽ കഷ്ടപ്പെട്ടു കൈവരിച്ച നേട്ടങ്ങളെ അത് ഇല്ലാതാക്കുമെന്നും അദ്ദേഹം വാദിച്ചു. അതോടെ, പാത്രിയർക്കീസും ചക്രവർത്തിയും ഏകോർജ്ജവാദം ഉപേക്ഷിച്ചു.

'എക്തേസിസ്'

[തിരുത്തുക]

എന്നാൽ മൂന്നുവർഷം കഴിഞ്ഞപ്പോൾ പാത്രിയർക്കീസ്, തന്റെ ക്രിസ്തുശാസ്ത്രസമവാക്യം ചില്ലറ ഭേദഗതിയോടെ അവതരിപ്പിച്ചു. എ.ഡി. 638-ൽ ബൈസാന്തിയൻ ചക്രവർത്തി പുറപ്പെടുവിച്ച 'എക്തെസിസ്' (Ecthesis) എന്ന പ്രഖ്യാപനം അതിന്റെ ഘോഷണമായിരുന്നു. സോഫ്രോണിയസിന്റെ വാദങ്ങൾക്കുള്ള മറുപടി എന്ന നിലയിലായിരുന്നു ഈ പ്രഖ്യാപനത്തിന്റെ അവതരണം. ക്രിസ്തുവിലെ ഊർജ്ജത്തെ സംബന്ധിച്ച ചർച്ചകൾക്കെല്ലാം വിലക്കു കല്പിച്ച ആ രേഖ, ക്രിസ്തുവിൽ രണ്ടു സ്വഭാവങ്ങളും ഏകമനസ്സുമാണുള്ളതെന്നു പ്രഖ്യാപിച്ചു. കൂടുതൽ സ്വീകാര്യമാകുമെന്നു കരുതപ്പെട്ട ഈ സമീപനത്തിന് പൗരസ്ത്യദിക്കിൽ കാര്യമായ പിന്തുണ കിട്ടി. ഈ പ്രഖ്യാപനത്തിനു മുൻപേ തന്നെ സോഫ്രോണിയസ് മരിച്ചിരുന്നു. യെരുശലേമിലെ പാത്രിയർക്കീസ് പദവിയിൽ അദ്ദേഹത്തിന്റെ പിൻഗാമിയായ ഫിറസാകട്ടെ അതിനെ പിന്തുണച്ചു. ഹെരാക്ലിയസ് ചക്രവർത്തിയുടെ സുഹൃത്തായിരുന്നു ഫിറസ്. അലക്സാണ്ഡ്രിയയിലേയും അന്ത്യോഖ്യായിലേയും പാത്രിയർക്കീസ്മാരുടെ പിന്തുണയും അതിനു ലഭിച്ചതോടെ പൗരസ്ത്യസഭയൊട്ടാകെ സ്വീകരിക്കപ്പെട്ട സിദ്ധാന്തമായി അത്.

സംഘർഷം

[തിരുത്തുക]
ഏകമനഃവാദത്തെ എതിർത്ത മാർട്ടിൻ ഒന്നാമൻ മാർപ്പാപ്പ

എങ്കിലും റോമിൽ മാർപ്പാപ്പാ പദവിയിൽ ഹൊണോറിയസിന്റെ പിൻഗാമിയായി വന്ന സെവേരിനസ്, ഹെരാക്ലിയസിന്റെ 'എക്തേസിസ്' വിളംബരത്തെ ശപിച്ചതോടെ ഏകമനഃവാദം വീണ്ടും വിവാദപരമായി. ഹോണോറിയസ് മാർപ്പായുടെ യഥാർത്ഥ അഭിപ്രായവും ഏകമനഃവാദത്തിനെതിരായിരുന്നു എന്നു സെവേരിനസ് വാദിച്ചു. സെവേരിനസിനെ പിന്തുടർന്നു മാർപ്പാപ്പാ ആയ യോഹന്നാൻ നാലാമനും ഈ സിദ്ധാന്തത്തെ സമ്പൂർണ്ണമായി തളിക്കളഞ്ഞു. യേശുക്രിസ്തു സമ്പൂർണ്ണദൈവവും സമ്പൂർണ്ണമനുഷ്യനും ആയതിനാൽ, മനുഷ്യസ്വഭാവത്തിന്റെ തികവിനായി യേശുവിൽ വ്യതിരിക്തമായ ഒരു മനുഷ്യമനസ്സ് ഉണ്ടാകാതെ വയ്യ എന്നതായിരുന്നു ഏകമനഃവാദത്തിന്റെ വിമർശകന്മാരുടെ ന്യായം.[5] അതോടെ ക്രിസ്തീയതയിലെ കൽക്കദോനിയപക്ഷം കിഴക്കും പടിഞ്ഞാറുമായി ഭിന്നിച്ചുനിന്നു. എക്തേസിസിനു കിട്ടിയ തിരിച്ചടികളും സാമ്രാജ്യത്തിന്റെ വിവിധമേഖലകളിലെ ഇസ്ലാമിക മുന്നേറ്റവും വരുത്തിയ മനോവേദനയിൽ ആരോഗ്യം തകർന്ന ഹെരാക്ലിയസ് ചക്രവർത്തി താമസിയാതെ അന്തരിച്ചു. അദ്ദേഹത്തിന്റെ പിൻ‌ഗാമി കോൺസ്റ്റൻസ് രണ്ടാമൻ എക്തേസിസിലെ വാദങ്ങൾ ആവർത്തിച്ച് ടൈപ്പസ് (Typus) എന്ന പേരിൽ ഒരു പ്രഖ്യാപനം ഇറക്കി. എങ്കിലും എക്തേസിസിലേയും ടൈപ്പസിലേയും വിലക്കുകൾ അവഗണിച്ച്, മെത്രാന്മാരും സന്യാസികളും യേശുവിന്റെ വ്യക്തിത്വത്തിലെ 'ഊർജ്ജങ്ങളെക്കുറിച്ചുള്ള' ചർച്ച തുടരുന്നുണ്ടായിരുന്നു.

യോഹന്നാൻ നാലാമനു ശേഷം മാർപ്പാപ്പാ ആയ മാർട്ടിൻ ഒന്നാമൻ 649-ൽ റോമിലെ ലാറ്റരൻ കൊട്ടാരത്തിൽ വിളിച്ചുകൂട്ടിയ സൂനഹദോസ് ഏകമനഃവാദത്തേയും ബൈസാന്തിയൻ ഭരണകൂടത്തിന്റെ എക്തേസിസ്, ടൈപ്പസ് പ്രഖ്യാപങ്ങളേയും അപലപിച്ചു. ബൈസാന്തിയൻ സാമ്രാജ്യത്തിലെ ഏകമനഃവാദവിരോധികളായ വേദജ്ഞാനികളിൽ പലർക്കും റോം അഭയം കൊടുത്തു. നേരത്തേ ഹെരാക്ലിയസ് ചക്രവർത്തിയുടെ സെക്രട്ടറിയായായിരുന്ന വേദസാക്ഷി മാക്സിമസ് ആയിരുന്നു അവരിൽ പ്രമുഖൻ. റോമിനും ബൈസാന്തിയൻ ഭരണകൂടത്തിനുമിടയിൽ സംഘർഷം വർദ്ധിക്കാൻ ഇതും കാരണമായി. രോഷം മൂത്ത ബൈസാന്തിയൻ ഭരണകൂടം ഒടുവിൽ മാർട്ടിൻ ഒന്നാമൻ മാർപ്പാപ്പയേയും മാക്സിമസിനേയും പിടികൂടി. ക്രൈമിയയിലെ കെർസോണിലേക്കു നാടുകടത്തപ്പെട്ട മാർപ്പാപ്പ അവിടെ മരിച്ചു. പ്രവാസത്തിലും ഏകമനഃവാദത്തിനെതിരെ പ്രചാരണം തുടർന്ന മാക്സിമസിനെ, തിരികെ കൊണ്ടുവന്ന് നാവും വലംകൈയ്യും മുറിച്ചു കളഞ്ഞ ശേഷം, ആധുനിക ജോർജ്ജിയയുടെ ഭാഗമായ കോൾക്കിസ് പ്രദേശത്തെ ലസീക്കയിലേക്കു നാടുകടത്തി. അവിടെ അദ്ദേഹം മരിച്ചു.

തിരസ്കാരം

[തിരുത്തുക]

ഏകമനഃവാദത്തിനനുകൂലമായി ബൈസാന്തിയൻ ഭരണകൂടം കൈക്കൊണ്ട കർശനനടപടികൾ ആ ക്രിസ്തുശാസ്ത്രസമവാക്യത്തിന്റെ സ്വീകാര്യതയെ സഹായിച്ചില്ല. കാലക്രമേണ സ്വീകാര്യതയും പ്രസക്തിയും നഷ്ടപ്പെട്ട ഈ സിദ്ധാന്തം ഉപേക്ഷിക്കാൻ കോൺസ്റ്റൻസ് രണ്ടാമനെ തുടർന്ന് ബൈസാന്തിയൻ ചക്രവർത്തിയായ കോൺസ്റ്റന്റൈൻ നാലാമൻ തീരുമാനിച്ചു. 680-81-ൽ അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിൽ വിളിച്ചുകൂട്ടിയ സഭാസമ്മേളനം, ഏകമനഃവാദത്തെ തള്ളിക്കളഞ്ഞു. ഹൊണോറിയസ് മാർപ്പാപ്പ ഉൾപ്പെടെ[4][6] ആ സിദ്ധാന്തത്തെ അനുകൂലിച്ചവരെ സമ്മേളനം, "സാത്താന്റെ ഉപകരണങ്ങൾ" എന്നു വിശേഷിപ്പിച്ചു. ആറാം സാർവർത്രിക സൂനഹദോസ് (6th Ecumenical Council) എന്ന പേരിൽ ഈ സഭാസമ്മേളനം അറിയപ്പെടുന്നു.[5]

വിലയിരുത്തൽ

[തിരുത്തുക]

സൃഷ്ടികളോട് പ്രത്യേകിച്ച് മനുഷ്യരോട് ദൈവത്തിനുള്ള അഗാധമായ സ്നേഹം കണക്കിലെടുക്കുമ്പോൾ, മനുഷ്യരൂപമെടുത്ത ദൈവവചനം എല്ലാം തികഞ്ഞ സമ്പൂർണ്ണമനുഷ്യൻ ആകാതെ വയ്യെന്നായിരുന്നു ഈ സിദ്ധാന്തത്തിന്റെ മുഖ്യവിമർശകരിൽ ഒരാളായ വേദസാക്ഷി മാക്സിമസിന്റെ വാദം. പീഡാസഹനത്തിനു മുൻപ് ഗെദ്സമേൻ തോട്ടത്തിലെ തീവ്രവിഷാദത്തിനിടെ യേശു, ദൈവപിതാവിനോട് "ഞാൻ മൻസ്സാകുന്നതു പോലെയല്ല, അവിടുത്തെ മനസ്സ് നിറവേറട്ടെ"[7] എന്നു പറഞ്ഞത്, യേശുവിന്റെ വ്യതിരിക്തമായ മനുഷ്യമനസ്സിനു തെളിവായി മാക്സിമസ് എടുത്തുകാട്ടി.[8]

ഏകസ്വഭാവവാദികളുമായി ഒത്തുതീർപ്പുണ്ടാക്കി ബൈസാന്തിയൻ സാമ്രാജ്യത്തിൽ മതപരമായ ഐക്യം സ്ഥാപിക്കുകയെന്ന രാഷ്ട്രീയലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ഈ സിദ്ധാന്തം, ഏകസ്വഭാവവാദികൾ ഏറെയുണ്ടായിരുന്ന പ്രവിശ്യകൾ ഇസ്ലാമിക മുന്നേറ്റത്തിൽ നഷ്ടപ്പെട്ടതോടെ അപ്രസക്തമായി. ഈ പരാജയങ്ങൾക്കു ശേഷം, ഐക്യത്തെപ്പറ്റി സംസാരിക്കാൻ സാമ്രാജ്യത്തിൽ ഏകസ്വഭാവവാദികൾ തന്നെ ഇല്ലെന്നതായി അവസ്ഥ. യുദ്ധങ്ങളിൽ തുടർച്ചയായി നേരിട്ട തിരിച്ചടികൾ മൂലം, ഈ ക്രിസ്തുശാസ്ത്രനവീനത ദൈവപ്രീതികരമാണെന്നു വാദിക്കുക സാദ്ധ്യമല്ലെന്നായി. ഈ സാഹചര്യമാണ് ഏകമനഃവാദത്തിന്റെ തിരസ്കാരത്തിനും തിരോധാനത്തിനും അവസരമൊരുക്കിയത്.[9]

യേശുവിന്റെ വ്യക്തിത്വത്തിലെ ദൈവ-മനുഷ്യസ്വഭാവങ്ങളുടെ പാരസ്പര്യത്തെ കേന്ദ്രീകരിച്ച് നൂറ്റാണ്ടുകളോളം നടന്ന ക്രിസ്തുശാസ്ത്ര സംവാദപരമ്പരയുടെ മുഖ്യഘട്ടങ്ങളിൽ അവസാനത്തേതായിരുന്നു ഏകമനഃവാദത്തെ സംബന്ധിച്ച തർക്കം. കോൺസ്റ്റാന്റിനോപ്പിളിൽ സമ്മേളിച്ച ആറാം സാർവർത്രിക സൂനഹദോസിൽ ഏകമനഃവാദത്തിന്റെ തിരസ്കാരത്തോടെ ആ സംവാദപരമ്പര ഏറെക്കുറെ സമാപിച്ചു. യേശുവിന്റെ വ്യക്തിത്വം രണ്ടു മനസ്സുകൾ ചേർന്നതാണെന്ന ആ സൂനഹദോസിന്റെ തീരുമാനം കൽക്കദോനിയാൻ ക്രിസ്തീയതയുടെ, കത്തോലിക്കാ, ഒർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് ശാഖകൾ എല്ലാം തന്നെ ഇന്ന് അംഗീകരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Monotheletism, Zondervan Handbook to the History of Christianity (പുറങ്ങൾ 138-40)
  2. തിരുസഭാചരിത്രസംഗ്രഹം, Printed and Published by The St. Thomas Press, Palai (1966) (പുറം 19)
  3. Monothelitism and Monothelites, കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം
  4. 4.0 4.1 വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ (നാലാം ഭാഗം) (പുറങ്ങൾ 524-25)
  5. 5.0 5.1 കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, "എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറങ്ങൾ 284-85)
  6. ഡയർമെയ്ഡ് മക്കല്ലക്, "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ് (പുറങ്ങൾ 344-45)
  7. ലൂക്കാ എഴുതിയ സുവിശേഷം 22:42; മർക്കോസ്‌ എഴുതിയ സുവിശേഷം 14;36
  8. ഡയർമെയ്ഡ് മക്കല്ലക്ക് (പുറങ്ങൾ 441-42)
  9. Mark Whittow: The Making of Byzantium 600-1025 (പുറങ്ങൾ 134-38)
"https://ml.wikipedia.org/w/index.php?title=ഏകേച്ഛാവാദം&oldid=3993897" എന്ന താളിൽനിന്ന് ശേഖരിച്ചത്