എഡ്വേർഡ് ഹെർബെർട്ട് തോംസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്വേർഡ് ഹെർബെർട്ട് തോംസൺ
ജനനം 28 September 1857
Worcester, Massachusetts
മരണം 1935 മേയ് 11(1935-05-11) (പ്രായം 77)
Plainfield, New Jersey
ദേശീയത United States
മേഖലകൾ archaeology
അറിയപ്പെടുന്നത് Maya civilization
സ്വാധീനിക്കപ്പെട്ടിട്ടുള്ളത് John Lloyd Stephens

എഡ്വേർഡ് ഹെർബെർട്ട് തോംസൺ അമേരിക്കൻ പുരാവസ്തു ഗവേഷകനായിരുന്നു. മെക്സിക്കോയിലെ ചിച്ചൻ ഇറ്റ്സയിലെ മായൻ സംസ്കാരാവശിഷ്ടങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.

ജീവിതരേഖ[തിരുത്തുക]

ചിച്ചൻ ഇറ്റ്സ

മസാച്യുസെറ്റ്സിൽ 1856 സെപ്റ്റംബർ 28-ന് ജനിച്ചു. പുരാവസ്തു പഠനത്തിൽ ഔപചാരികമായ യാതൊരു ശിക്ഷണവും ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ല. എങ്കിലും മായൻ സംസ്കാരത്തിലുള്ള അതീവ താത്പര്യം ഇദ്ദേഹത്തെ ഈ രംഗത്തേക്ക് ആകർഷിച്ചു. യുക്കാറ്റനിൽ അമേരിക്കൻ കോൺസലായിരിക്കവേ ഒഴിവുസമയം പുരാവസ്തു ഗവേഷണത്തിനായിട്ടാണ് ഇദ്ദേഹം വിനിയോഗിച്ചത്.

ചിച്ചൻ ഇറ്റ്സയിലെ ഉത്ഖനനം[തിരുത്തുക]

ചിച്ചൻ ഇറ്റ്സയിലെ പുണ്യതീർഥം എന്നു വിശേഷിപ്പിക്കപ്പെട്ട ശിലാഗഹ്വരത്തിൽ ഇദ്ദേഹം നടത്തിയ ഉത്ഖനനത്തിലൂടെ അമൂല്യമായ നിധിശേഖരം കണ്ടെത്താനായി. മഴദേവന്റെ ആവാസകേന്ദ്രമായിട്ടാണ് മായൻ ഐതിഹ്യങ്ങളിൽ ഈ പുണ്യതീർഥം പരാമർശിക്കപ്പെടുന്നത്. മഴദേവനെ പ്രീതിപ്പെടുത്തുന്നതിനായി യുവസുന്ദരികളെയും അമൂല്യരത്നങ്ങളെയും പുണ്യതീർഥത്തിലേക്ക് എറിഞ്ഞുകൊടുക്കുന്ന പതിവ് മായന്മാർക്കുണ്ടായിരുന്നു. ഈ ഉത്ഖനനത്തിലൂടെ നിധിക്കു പുറമേ, ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെടുന്ന വസ്തുതകളെ സാധൂകരിക്കുന്ന വിധത്തിൽ അസ്ഥികൂടങ്ങളും ലഭിച്ചിരുന്നു. ദ് പീപ്പിൾ ഒഫ് ദ് സെർപന്റ് (1932) എന്ന ഗ്രന്ഥത്തിൽ തന്റെ ഗവേഷണ പ്രവർത്തനങ്ങൾ ഇദ്ദേഹം വിവരിച്ചിട്ടുണ്ട്.

ന്യൂ ജെഴ്സിയിൽ 1935 മേയ് 11-ന് ഇദ്ദേഹം മരണമടഞ്ഞു.

അവലംബം[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തോംസൺ, എഡ്വേർഡ് ഹെർബെർട്ട് (1856 - 1935) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.