എം.എൻ. സത്യാർത്ഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എൻ. സത്യാർത്ഥി
Mnsatyarthi.jpg
ജനനം 1913 ഏപ്രിൽ 13
ലാഹോർ
മരണം 1998 ജൂലൈ 4
ദേശീയത  India
തൊഴിൽ എഴുത്തുകാരൻ

മലയാളത്തിലെ പ്രമുഖ വിവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു എം.എൻ.സത്യാർത്ഥി (13 ഏപ്രിൽ 1913 - 4 ജൂലൈ 1998). സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

പഞ്ചാബിലെ പബ്ലിക്ക് റിലേഷൻസ് ഡയറക്ടറായ എം. കൃഷ്ണന്റെ മകനായി സത്യാർഥി ലാഹോറിൽ ജനിച്ചു. ഇന്റർമീഡിയറ്റിന് ശേഷം പതിനാലാം വയസ്സിൽ ലാഹോറിലെ നാഷണൽ കോളേജിൽ ചേർന്നു. മൗലാന സഫറലി ഖാന്റെ 'ജമീന്ദാർ' എന്ന മാസികയിലെ ബാലപംക്തിയിൽ സത്യാർഥി ഇടയ്ക്കിടയ്‌ക്കെഴുതും[1]. പഠനം പൂർത്തിയാക്കാതെ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു.1928 ൽ സൈമൺകമ്മീഷൻ ബഹിഷ്കരണവും ലാലാ ലജ്പത് റായിയുടെ രക്തസാക്ഷിത്വവും തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത സത്യാർത്ഥി ഭീകര മർദ്ദനത്തിന് വിധേയനായി. കോടതി സത്യാർത്ഥിയെ കുറ്റക്കാരനായി കണ്ടില്ല, പക്ഷേ അദ്ദേഹത്തെ പഞ്ചാബിൽ നിന്നും നാടു കടത്തി. പതിനാറാം വയസ്സിൽ ഏറെക്കുറെ അനാഥനായി കൽക്കത്തയിലെത്തി. അവിടെ വച്ച് ഭഗത്സിംഗുമായി പരിചയപ്പെട്ടു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അസ്സോസിയേഷനിൽ അംഗമായി. തുടർന്ന് ഒളിവിൽ പോയി, പഞ്ചാബിലെത്തി. രണ്ടുവർഷം അനുശീലൻ സമിതിയുടെ സംരക്ഷണത്തിൽ കഴിഞ്ഞു. ആയുധപരിശീലനം അവിടെ നിന്നാണ് നേടുന്നത്. പഞ്ചാബ് ഗവർണർ ജാഫ്രഡി മോണ്ട് മോഴ്‌സി വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.[2] ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജയിലിൽ വച്ച് ഉറുദു ഭാഷയും സാഹിത്യവും പഠിച്ച്, ഓണേഴ്സ് ബിരുദം നേടി. ആന്റമാൻസിലേക്കു കൊണ്ടുപോകും വഴി കൽക്കട്ടയിൽ വച്ച് രക്ഷപ്പെട്ടു. കമ്മ്യൂണിസ്റ്റ് സഹയാത്രികനായി. പിന്നീട് ഒളിവിൽ കഴിഞ്ഞു. 1935 -ൽ പാർട്ടി നിരോധനം നിലനിൽക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച സാമ്രാജ്യ വിരുദ്ധ സമ്മേളനത്തിൽ പ്രസംഗിച്ചു. 1936 ൽ പഞ്ചാബ് മന്ത്രി സഭ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 1941 ൽ സുഭാഷ് ചന്ദ്രബോസിനെ പെഷവാറിൽ നിന്നും കാബൂളിലെത്തിച്ചു. 1946 ൽപ്രോഗ്രസ്സീവ് പേപ്പേഴ്സ് ലിമിറ്റഡ് എന്ന പത്രത്തിൽ ചേർന്നു. 1947-48 കാലയളവിൽ പഞ്ചാബിലുണ്ടായ ഹിന്ദു - മുസ്ലീം കലാപത്തെത്തുടർന്ന് അഭയാർത്ഥി - പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. 1957 ൽ കേരളത്തിൽ കമ്മ്യൂണിസറ്റ് ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ കേരളത്തിലെത്തി. കോഴിക്കോട് സ്കൂളിൽ ഉറുദു അദ്ധ്യാപകനായി. ജനയുഗം,നവയുഗം,ദേശാഭിമാനി,ചിന്ത തുടങ്ങിയവയിൽ നിരവധി ലേഖനങ്ങളെഴുതി.. കുറച്ചു കാലം ഒരു മാസികയുടെ പത്രാധിപരായി. മലയാളത്തിനും ഇംഗ്ളീഷിനും പുറമേ പഞ്ചാബിയുംഉറുദുവും ബംഗാളിയിലും പേർഷ്യനിലും അവഗാഹമുണ്ടായിരുന്നു.[3]

പുരസ്ക്കാരങ്ങൾ[തിരുത്തുക]

1989 ൽ സ്വാതന്ത്ര്യസമരം എന്ന കൃതിക്ക് വൈജ്ഞാനികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും[4][5] 1996 ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു.

പ്രധാന കൃതികൾ[തിരുത്തുക]

ജീവചരിത്രം[തിരുത്തുക]

 • പണ്ഡിത് നെഹ്റു (സംക്ഷിപ്ത ജീവചരിത്രം)
 • പണ്ഡിത് മോത്തിലാൽ നെഹ്റു(ലഘു ജീവചരിത്രം)
 • ഭഗത് സിംഗ് ദത്ത്
 • സദ്ഗുരുചരണങ്ങളിൽ
 • ജയ് ഹിന്ദ് നേതാജിയുടെ കഥ

ചരിത്രം[തിരുത്തുക]

 • ഭഗത് സിംഗിന്റെ രാഷ്ട്രീയ ലക്ഷ്യം ചരിത്രം
 • രക്തസാക്ഷികൾ
 • സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്യാഗോജ്ജ്വല അദ്ധ്യായങ്ങൾ
 • സ്വാതന്ത്ര്യസമരം
 • നാവിക കലാപത്തിലെ ഇടിമുഴക്കം
 • ജഹനാര

വിവർത്തനങ്ങൾ[തിരുത്തുക]

 • ചൗരംഗി (ശങ്കർ)
 • അഗ്നീശ്വരൻ(വനഫൂൽ)
 • മുയലിന്റെ ലോകം (കിഷൻ ചന്ദർ)
 • മുഷിഞ്ഞ പുടവ (രാജീന്ദ്ര സിംഗ് ബേദി)
 • വിലയ്ക്കു വാങ്ങാം
 • ജഹനാര
 • ബീഗം മേരി ബ്സ്വാസ്
 • പത്മാ മേഘന
 • നെല്ലിന്റെ ഗീതം

മറ്റു കൃതികൾ[തിരുത്തുക]

 • ഉമർഖയ്യാം(നോവൽ)
 • നീറുന്ന സ്മരണകൾ(നോവൽ)
 • കുസൃതിശങ്കു (ചെറുകഥ)
 • ഓർ, ഇൻസാർ മർഗയാ (അഥവാ, മനുഷ്യൻ മരിക്കുന്നു) - ഉർദു നോവൽ[6]

അവലംബം[തിരുത്തുക]

 1. http://www.mathrubhumi.com/books/story.php?id=147&cat_id=503
 2. http://www.mathrubhumi.com/books/story.php?id=147&cat_id=503
 3. മലയാള സാഹിത്യ പാരമ്പര്യം, കേരള സാഹിത്യ അക്കാദമി
 4. http://www.mathrubhumi.com/books/awards.php?award=20
 5. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
 6. "മലയാളിയുടെ ബംഗാളിക്കാലം". www.mathrubhumi.com. ശേഖരിച്ചത് 2 ഏപ്രിൽ 2014.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)

പുറം കണ്ണികൾ[തിരുത്തുക]

 1. അറിയുമോ സത്യാർത്ഥിയെ...? [1]
 2. സത്യാർത്ഥിയെക്കുറിച്ചുള്ള വെബ്സൈറ്റ് [2]
"https://ml.wikipedia.org/w/index.php?title=എം.എൻ._സത്യാർത്ഥി&oldid=2620742" എന്ന താളിൽനിന്നു ശേഖരിച്ചത്