ഊരാളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ഷേത്ര ദേവസ്വം ഉടമസ്ഥനാണ് ഊരാളൻ എന്ന പേരിൽ അറിയപ്പെടുന്നത്. പൗരാണിക കാലത്ത് ക്ഷേത്രങ്ങൾ സ്ഥാപിച്ച് പാരമ്പര്യ തുടർച്ചാവകാശ പ്രകാരം, അവ പരിപാലിക്കുകയും അതാത് ഗ്രാമത്തിനും ദേശത്തിനും സ്വന്തം കുടുംബത്തിനും അഭിവൃദ്ധിയും യശസ്സും കീർത്തിയും ലഭിക്കുവാൻ ആചാരങ്ങളും അനുഷ്ഠാനങ്ങളും യഥാവിധി പാലിച്ച് പ്രവർത്തിക്കുന്നവരാണ് ഊരാളന്മാർ. പ്രവർത്തനങ്ങളിൽ സാമ്യത കുറവാണെങ്കിലും ഊരാളന്മാർ എന്ന വാക്കിനു പകരം ആംഗലേയ ഭാഷയിൽ Hereditary Trustee എന്ന് ഉപയോഗിക്കുന്നു.

അവലോകനം[തിരുത്തുക]

ക്ഷേത്ര ദേവസ്വം ഉടമസ്ഥനാണ് ഊരാളൻ എന്ന പേരിൽ അറിയപ്പെടുന്നത്.  കേരളീയ തന്ത്രശാസ്ത്രഗ്രന്ഥത്തിൽ ഊരാളനെ ദേവൻറെ യജമാനസ്ഥാനമാണ് കല്പിച്ചിട്ടുള്ളത് എന്ന് പ്രതിപാദിച്ചിട്ടുള്ള ഏതാനും വരികൾ താഴെ ഉദ്ധരിക്കുന്നു:

"വർണ്ണാശ്രമാധി കൃതകർമ്മരതസ്തദുക്ത -

ന്യായാത്തവിത്തനിചയഃ പരമസ്യ പുംസഃ

നിത്യാർച്ചനാദി വിധയേ പ്രതിമാപ്രതിഷ്‌ഠാ

കർമ്മോൻമനാ ഗുരുവരം പ്രഥമം വ്രണീത"                     (തന്ത്രസമുച്ചയം - 1:4)

വർണ്ണാശ്രമത്തിൽപ്പെട്ടതും കർമ്മാനുഷ്‌ഠാനങ്ങളിൽ താത്പര്യം ഉള്ളതും ആയ ആർക്കാണോ ഒരു ക്ഷേത്രം നിർമ്മിച്ച് ബിംബ പ്രതിഷ്‌ഠ ചെയ്ത് നിത്യപൂജ ചെയ്യുവാൻ ആഗ്രഹം ഉള്ളത് ആ വ്യക്തി ആദ്യമായി ഒരു ഗുരുവിനെ വരിയ്ക്കണം.  ഇവിടെ വരണക്രിയ ചെയ്യുന്നയാൾ ക്ഷേത്രഉടമസ്ഥനും - വരിയ്ക്കപ്പെടുന്നയാൾ തന്ത്രിയുമാകുന്നു.  ഊരാളസ്ഥാനം ഒരു കുടുംബത്തിനോ അല്ലെങ്കിൽ പല കുടുംബങ്ങൾ ചേർന്നോ ആവാം. താത്പര്യമുണ്ടെങ്കിൽ പിന്നീട് ചേർക്കുകയും ചെയ്യാം.

"സന്തുഷ്ടേന തതോ നിജായതനവൽ ഭദ്രാസനേ സ്ഥാപിതം

തഷ്ണാത്തൽ കരത:  പ്രഗൃഹ്യ യജമാനെനാഥ തത്പ്രാർപ്പിതം

താരേണ പ്രവിലോക്യ തച്ചരണയോസ്‌താരം പ്ലുതം പ്രാച്ചരൻ

ഗൃഹ്ണീയാമ്‌നനു ബിംബമുത്ഗത കുശാഗ്രാഭ്യാം കരാഭ്യാം ഗുരുഃ"        (തന്ത്രസമുച്ചയം - 3:31)

സന്തുഷ്ടനായ ശില്പി ബിംബം ഭദ്രാസനത്തിൽ സ്ഥാപിച്ച് യജമാനൻ വിധിപ്രകാരം സ്വീകരിച്ച് യജമാനൻറെ കയ്യിൽ നിന്നും ആചാര്യൻ സ്വീകരിക്കണം.

ചരിത്രം[തിരുത്തുക]

ഭാർഗ്ഗവക്ഷേത്രം എന്ന് അറിയപ്പെടുന്ന ഗോകർണ്ണം മുതൽ കന്യാകുമാരി വരെയുള്ള ഭൂഭാഗത്തിൽ പൗരാണികമായി സ്ഥാപിതമായ എല്ലാ ദേവസ്വങ്ങൾക്കും ഊരാളന്മാർ അഥവാ ഊരാളർ ഉണ്ടായിരിക്കും. ആഗമാദി തന്ത്ര ശാസ്ത്രങ്ങളുടെയും വാസ്‌തുശാസ്ത്രങ്ങളുടെയും ടിസ്ഥാനത്തിൽ പ്രതിഷ്ഠിതമായവയാണ് കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങൾ. ചെറുതും വലുതുമായ അനേകം ക്ഷേത്രങ്ങളും മഹാക്ഷേത്രങ്ങളും പൂർവ്വികന്മാർ തങ്ങളുടെ പരമ്പരയുടെയും ദേശത്തിൻറെയും ഭൗതീകവും അദ്ധ്യാത്മീകവുമായ അഭ്യുന്നതിക്കായി ഉണ്ടാക്കുകയും വ്യവസ്ഥപ്പെടുത്തി പൂജിച്ച് വരികയും ചെയ്യുന്നു. [1]

ഭൂദാനം[തിരുത്തുക]

ക്ഷേത്ര ഭൂദാനം മുതൽ പ്രതിഷ്‌ഠവരെയും അതിനു ശേഷം അത് നിലനിന്നു പോകുവാനുള്ള സ്വത്തും കൂടി ക്ഷേത്ര ദേവങ്കൽ ലയിപ്പിച്ച് അതിൻ്റെ നടത്തിപ്പുകാരനും നിത്യോപാസകനുമായി അധികാര പരമ്പരയായി, സ്വകാര്യ സ്വത്തായി കൈമാറി വരുന്നവരാണ് ഊരാളന്മാർ. ക്ഷേത്രങ്ങളെയും ക്ഷേത്ര സ്വത്തുക്കളെയും സംരക്ഷിക്കേണ്ടതായ ഉത്തരവാദിത്വം, ക്ഷേത്ര ആചാര അനുഷ്ടാന സംരക്ഷകനായ, ക്ഷേത്ര ഉടമയായ, ഊരാളനു തന്നെയാണ്.

പിന്തുടർച്ചയായി, പാരമ്പര്യ സ്വത്തായി, സ്വകാര്യ സ്വത്തായി, ക്ഷേത്രഭരണവും സംരക്ഷണവും നിലനിർത്തിപ്പോരുന്ന ക്ഷേത്ര ഊരാളന്മാർ ദേവസ്വത്തിൻറെയും ക്ഷേത്രത്തിൻറെയും താത്പര്യം മുൻനിർത്തി പ്രവർത്തിച്ചുവരുന്നു. ക്ഷേത്ര ആചാര്യന്മാരായ തന്ത്രി വര്യന്മാരെ നിശ്ചയിക്കുന്നതും ക്ഷേത്ര അടിയന്തിരാതി ജീവനക്കാരുടെ നടത്തിപ്പും ഊരാളൻറെ ഉത്തരവാദിത്വമാണ്; ചുമതലയുമാണ്. പൂർവ്വ സൂരികളാൽ നിശ്ചയിക്കപ്പെട്ട ഇത്തരം അദ്ധ്യാത്മീക സ്ഥാപനങ്ങളെ അതാത് ദേശത്തിൻറെയും കുലത്തിൻറെയും നന്മയ്ക്കായി നിലനിർത്തി പോരേണ്ടതും ധർമ്മകാംക്ഷികളായ ഊരാളന്മാരുടെ ബാദ്ധ്യതയാണ്.

പ്രതിഷ്‌ഠ[തിരുത്തുക]

അഷ്ടമശുദ്ധി[തിരുത്തുക]

പ്രതിഷ്‌ഠ മുഹുർത്ത വിഷയത്തിൽ അഷ്ടമശുദ്ധി നിഷ്കർഷിച്ചിരിക്കുന്നത് ഊരാളൻറെ സംരക്ഷണത്തിനായാണ്. [അവലംബം ആവശ്യമാണ്]

ഊരായ്‌മ അധികാരം[തിരുത്തുക]

ഊരാളൻറെ കാര്യാലയത്തെ ഊരായ്‌മ എന്നും, ഊരാളൻറെ അധികാരത്തെ "ഊരായ്‌മ അധികാരം" എന്നും പറയുന്നു.  കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങൾ എല്ലാം തന്നെ അതാതു ദേവൻറെ വാസസ്ഥലമാണ്.</ref>  ദേവതയെ നിയമവ്യവസ്ഥയിൽ "Perpetual Minor" ആയിട്ടാണ് കണക്കാക്കുന്നത്.  ദേവതയ്ക്കുവേണ്ടി രക്ഷിതാവ് എന്ന നിലയിൽ സംരക്ഷണവും ദേവസ്വത്തിൻറെ നടത്തിപ്പും ഊരാളന്മാരുടെ കടമയും ഉത്തരവാദിത്വവുമാണ്.  ഊരാളരുടെ സ്ഥാനം പിതൃതുല്യമാണ്.   

ഊരായ്‌മ അധികാരം ഭാരതത്തിലെ മറ്റിടങ്ങളിൽ "ഷെബൈത്ത് അധികാരം" [Shebait right] എന്നും അറിയപ്പെടുന്നു Sree Padmanabhaswami Temple case

ഊരായ്‌മ അധികാരം ഊരാള കുടുംബത്തിൻറെ പാരമ്പര്യ അവകാശമാണ്. ഊരാളകുടുംബത്തിലെ അഥവാ അധികാരപ്പെട്ട തവഴിയിലെ കാരണവരോ അല്ലെങ്കിൽ മുക്ത്യാർ നാമക്കാരനോ ആയിരിക്കും കുടുംബത്തിൻറെ പ്രതിനിധിയായി ദേവസ്വം നടത്തിപ്പ് ചുമതല നിർവ്വഹിക്കുന്നത്.  മേൽ ചുമതലയിൽ നിന്ന് വിട്ടൊഴിയുന്നതിനോ ചുമതല കുടുംബത്തിനു പുറത്തുള്ള ആർക്കും കൈമാറ്റം ചെയ്യുവാനോ ഊരാളന് അധികാരമില്ലാത്തതും അങ്ങിനെ ചെയ്താൽ അതിനു നിയമസാധുതയില്ലാത്തതുമാണ്.  പിതൃസ്ഥാനീയനായ ഊരാളൻ സ്വന്തം പുത്രനെ വേറൊരാൾക്ക് കൈമാറുന്നതിന് തുല്യമാണ്.  ആയതുകൊണ്ട് നിയമസാധുതയില്ലാത്തതുമാണ്.

ഊരായ്‌മ ക്ഷേത്ര ദേവസ്വങ്ങൾ[തിരുത്തുക]

കേരളത്തിലെ അനേകായിരം ക്ഷേത്ര ദേവസ്വങ്ങളുടെയും നടത്തിപ്പ് അതാത് ഊരാളന്മാരിൽ നിക്ഷിപ്തമാണ്.  

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഊരാളൻ&oldid=3670957" എന്ന താളിൽനിന്ന് ശേഖരിച്ചത്