ഈശ്വരപിള്ള വിചാരിപ്പുകാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഈശ്വരപിള്ള വിചാരിപ്പുകാർ
ഈശ്വരപിള്ള-വിചാരിപ്പുകാർ.jpg
ഈശ്വരപിള്ള വിചാരിപ്പുകാർ
ജനനം1815
നെയ്യാറ്റിൻകര, തിരുവനന്തപുരം, കേരളം, തിരുവിതാംകൂർ
മരണം1875 (വയസ്സ് 59–60)
തിരുവനന്തപുരം, കേരളം, തിരുവിതാംകൂർ
ദേശീയതതിരുവിതാംകൂർ
തൊഴിൽആദ്യ കാല മലയാള പുസ്തക പ്രസാധകനും കഥകളി നടനും
പ്രശസ്തിമലയാള പ്രസാധന വ്യവസായത്തിന്റെ പിതാവ്

ആദ്യ കാല മലയാള പുസ്തക പ്രസാധകനും കഥകളി നടനുമായിരുന്നു ഈശ്വരപിള്ള വിചാരിപ്പുകാർ(ജ. 1815 - മ.1875). മലയാള പ്രസാധന വ്യവസായത്തിന്റെ പിതാവ് എന്നാണ് ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും എന്ന ഗ്രന്ഥത്തിൽ കെ.എം. ഗോവി, ഇദ്ദേഹത്തെ പരാമർശിച്ചിട്ടുള്ളത്.

ജീവിതരേഖ[തിരുത്തുക]

ആധുനിക കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽപ്പെട്ട നെയ്യാറ്റിൻകര താലൂക്കിലുള്ള പെരുങ്കടവിളയിലെ ആനാവൂർ എന്ന ചെറുഗ്രാമത്തിലാണ് ഈശ്വരപിള്ള 1815-ൽ ജനിച്ചത്(അന്ന് രാജ്യം തിരുവിതാംകൂറായിരുന്നു). തികച്ചും ദരിദ്ര പശ്ചാത്തലത്തിലായിരുന്നു ബാല്യം. ഒരു ധനികന്റെ വീട്ടിലെ അടിച്ചു തളിക്കാരിയായിരുന്നു അമ്മ. ഈശ്വരപിള്ളയ്ക്ക് പന്ത്രണ്ടുവയസ്സായപ്പോൾ അവർ തിരുവനന്തപുരത്തെത്തുകയും അമ്മ കൂലിവേലകൾ ചെയ്തു നിത്യവൃത്തി കഴിച്ചു കൂട്ടുകയുമായിരുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

തിരുവിതാംകൂർ കൊട്ടാരത്തിൽ മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനായി ജോലി ചെയ്തു. അദ്ദേഹത്തിന്റെ പേരിനു പിന്നിലെ കഥ ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതുന്നു.

കഥകളിയോഗത്തിലുണ്ടായിരുന്ന എല്ലാവരെയും കുറിച്ചു തിരുമനസ്സിലേക്കു വളരെ വാത്സല്യവും കരുണയുമുണ്ടായിരുന്നു. വിശേ‌ഷിച്ച് അവരിൽ പുത്തൻ കൊച്ചുകൃഷ്ണപിള്ള, പഴയ കൊച്ചുകൃഷ്ണപിള്ള, പഴവങ്ങാടി നാണുപിള്ള, ഈശ്വരപിള്ള ഇവർ തിരുമനസ്സിലെ സേവകന്മാരുമായിരുന്നു. അവരിൽ പ്രധാനൻ ഈശ്വരപിള്ളയുമായിരുന്നു. തിരുമനസ്സിലേക്കു വാസ്തവത്തിൽ മറ്റു സേവകന്മാരെക്കുറിച്ചുണ്ടായിരുന്നതിൽ വളരെയധികം കൃപയും വാത്സല്യവും ഈശ്വരപിള്ളയെക്കുറിച്ചുണ്ടായിരുന്നു. അതിന്റെ കാരണങ്ങൾ അദ്ദേഹത്തിന്റെ വിനയാദി സത്ഗുണങ്ങളും ആട്ടത്തിനും വേ‌ഷത്തിനുമുണ്ടായിരുന്ന ഭംഗിയും അനന്യശരണത്വവുമായിരുന്നു. ഈ കാരണങ്ങളാൽ തിരുമനസ്സുകൊണ്ട് അദ്ദേഹത്തെ പള്ളിയറ വിചാരിപ്പുകാരായി നിയമിക്കുകകൂടി ചെയ്തു. അക്കാലം മുതൽ അദ്ദേഹത്തിന്റെ പേര് "ഈശ്വരപിള്ള വിചാരിപ്പുകാരെ"ന്ന് പ്രസിദ്ധമായിത്തീർന്നു.

കഥകളി നടൻ[തിരുത്തുക]

ദൃക്സാക്ഷി വിവരണം :
"1044-ൽ വിചാരിപ്പുകൾ ഒളപ്പമണ്ണ മനക്കാരുടെ ക്ഷണപ്രകാരം വെള്ളിനേഴി വന്നിരുന്നു. അന്നെനിക്ക് ഒമ്പതുവയസ്സാണ്. ഒളപ്പമണ്ണ മനയിൽ വെച്ചുണ്ടായ കളിയുടെ പിറ്റേ ദിവസം അടയ്ക്കാവുത്തൂർ കുന്നത്തുമനയ്ക്കൽ വെച്ച് അദ്ദേഹത്തിന്റെ വേഷമുണ്ടായി. അന്ന് എന്റെ കാരണവരുടെ ക്ഷണമനുസരിച്ച് പെരിമ്പുലാവിൽ വന്നു. എനിക്ക് അദ്ദേഹത്തെ കണ്ട ഓർമയുണ്ട്. അദ്ദേഹം ഒരു ഒത്തമനുഷ്യനും കാഴ്ചയ്ക്കുയോഗ്യനുമായിരുന്നു. തിരുവനന്തപുരത്തുകാരുടെ മാതിരി കട്ടിയും കവിണിയും ധരിച്ചിരുന്നു. മേൽവസ്ത്രം കോട്ടാറൻ കസവുവേഷ്ടിയും രണ്ടു കൈവിരലുകളിൽ വിലപിടിച്ച വൈരക്കല്ലുമോതിരങ്ങൾ. ഡോലിയിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. ഒന്നിച്ചു നാലു പരിചാരകന്മാരുണ്ടായിരുന്നു. ഇണങ്ങിയതും കഴുത്തിൽ മണികെട്ടിയതുമായ ഒരു മാൻകുട്ടിയെ ഒന്നിച്ചുകൊണ്ടുനടന്നിരുന്നു."
കുട്ടിക്കാലത്ത് ഈശ്വരപിള്ള വിചാരിപ്പുകാരെ കണ്ടിട്ടുള്ള പെരുമ്പിലാവിൽ തെയ്യുണ്ണിമേനോന്റെ വാക്കുകൾ 'കഥകളിരംഗ'ത്തിൽ കെ.പി.എസ്.മേനോൻ ഉദ്ധരിച്ചിട്ടുള്ളത്

ഉത്രം തിരുനാൾ രാജാവിന്റെ "വലിയകൊട്ടാരം വക കഥകളിയോഗത്തിലെ" വിളായിക്കോട്ടു നമ്പൂരി എന്ന കഥകളി കലാകാരൻ യാദൃച്ഛികമായി ഈശ്വരനെ കാണാനിടയായി. കഥകളിയോഗത്തിൽ ആളുകളെ ചേർക്കുന്നതിനും പുതിയതായി ചേർക്കുന്നവരെ അഭ്യസിപ്പിക്കുന്നതിനും രാജാവ് കല്പിച്ചു ചുമതലപ്പെടുത്തിയിരുന്നത് വിളായിക്കോട്ടു നമ്പൂരിയെയായിരുന്നു. നമ്പൂരി ഈശ്വരനെ യോഗത്തിൽ ചേർത്തു കച്ചകെട്ടിച്ച് അഭ്യസിപ്പിച്ചു. ചെറു പ്രായത്തിൽ തന്നെ വേണ്ടത്ര കലാഭിരുചി പ്രകടിപ്പിച്ച ഈശ്വരപിള്ള, കൊട്ടാരം കളിയോഗത്തിൽ അംഗമായി. അമ്മന്നൂർ പരമേശ്വരച്ചാക്യാർ, വലിയ കൊച്ചയ്യപ്പണിക്കർ, കൊച്ചുകുഞ്ഞപ്പിള്ള തുടങ്ങി അക്കാലത്തെ പ്രഗല്ഭ കഥകളിനടന്മാരുടെ ശിക്ഷണത്തിൽ ഈശ്വരപിള്ള കഥകളി നടൻ എന്ന നിലയിൽ വളരെ പ്രസിദ്ധനായി.

ഈശ്വരപിള്ളയുടെ കൈലാസോദ്ധാരണം, സ്വർഗ്ഗവർണ്ണന, വനവർണ്ണന, സമുദ്രവർണ്ണന മുതലായ ആട്ടങ്ങൾക്ക് അനന്യസാധാരണമായ ഒരു വിശേ‌ഷമുണ്ടെന്ന് എല്ലാവരും സമ്മതിക്കുകയും അതു പ്രസിദ്ധമായിത്തീരുകയും ചെയ്തിരുന്നു

കേരളവിലാസം അച്ചുകൂടം[തിരുത്തുക]

ഉത്രം തിരുനാളിന്റെ നിർദ്ദേശപ്രകാരം 1853-ൽ ഈശ്വരപിള്ള വിചാരിപ്പുകാരുടെ നിയന്ത്രണത്തിൽ കേരളവിലാസം അച്ചുകൂടം തിരുവനന്തപുരത്ത് സ്ഥാപിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയുടെ അടുത്ത് കോട്ടയ്ക്കകത്തു തന്നെ സ്വഭവനമായ പുന്നയ്ക്കൽ വീടിനു അടുത്തായാണ് കേരളവിലാസം സ്ഥാപിച്ചത്. തിരുവിതാംകൂറിലെ ഒരു സ്വകാര്യ വ്യക്തി സ്ഥാപിച്ച ആദ്യ അച്ചടിശാലയായിരുന്നു ഇത്. 1854-ൽ ഇരയിമ്മൻ തമ്പിയുടെ 'മണിപ്രവാളകീർത്തനങ്ങൾ' എന്ന 156 താളുകളുള്ള കൃതിയാണ് ആദ്യമായി കേരളവിലാസത്തിൽ അച്ചടിച്ചത്. കുഞ്ചൻ നമ്പ്യാരുടെ ഒരു കൃതി (കലക്കത്ത് കുഞ്ചൻനമ്പ്യാർ ഉണ്ടാക്കിയ നളചരിതം കിളിപ്പാട്ട്) ആദ്യമായി അച്ചടിച്ചതും ഈശ്വര പിള്ളയായിരുന്നു. എഴുത്തച്ഛൻ, നമ്പ്യാർ തുടങ്ങിയവരുടെ കൃതികളും, സ്വാതിതിരുനാളിന്റെയും ഇരയിമ്മൻ തമ്പിയുടേയും കീർത്തനങ്ങളും അക്കാലത്തു പ്രചാരത്തിലിരുന്ന 54 ദിവസത്തെ ആട്ടക്കഥകളും, രാമായണം, നളചരിതം എന്നീ ഗ്രന്ഥങ്ങളും കേരള വിലാസം പ്രസ്സിലാണ് അച്ചടിച്ചത്.[1]

ലാഭേച്ഛയോടെയുള്ള പുസ്തക പ്രസാധനം മലയാളത്തിൽ തുടങ്ങിയത് ഈശ്വരപിള്ളയായിരുന്നു. മലയാളത്തിൽ ആദ്യകാലത്ത് അച്ചടിച്ച പുസ്തകങ്ങളെല്ലാം മത സംബന്ധമായ വിഷയങ്ങളായിരുന്നു പ്രതിപാദിച്ചിരുന്നത്. മത നിരപേക്ഷമോ വിജ്ഞാനപ്രദമോ വിനോദപ്രദമോ ആയ പുസ്തകങ്ങൾ അച്ചടിച്ച് തുടങ്ങിയത് ഈശ്വരപിള്ളയായിരുന്നു.[2]

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

  • 'മണിപ്രവാളകീർത്തനങ്ങൾ'
  • നളചരിതം കിളിപ്പാട്ട്
  • 'അമ്പത്തിനാലുദിവസത്തെ ആട്ടക്കഥ'
  • മഹാഭാരതം കിളിപ്പാട്ട്
  • സ്വാതിതിരുനാളിന്റെയും ഇരയിമ്മൻ തമ്പിയുടെയും കൃതികൾ

അവലംബം[തിരുത്തുക]

  1. "കലാകാരൻമാരുടെ ചരിത്രം". www.corporationoftrivandrum.in. ശേഖരിച്ചത് 14 ഓഗസ്റ്റ് 2014.
  2. പി.കെ.രാജശേഖരൻ (ആഗസ്റ്റ് 14, 2014). "ഈശ്വരപിള്ളയെ ആരോർക്കുന്നു?" (ബുക്സ്റ്റാൾജിയ - ലേഖനം). മാതൃഭൂമി. മൂലതാളിൽ നിന്നും 2014-08-14 13:08:21-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് ആഗസ്റ്റ് 14, 2014. Check date values in: |accessdate=, |date=, |archivedate= (help)

പുറം കണ്ണികൾ[തിരുത്തുക]