ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും
കർത്താവ്കെ.എം. ഗോവി
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.എം. ഗോവി രചിച്ച ഗ്രന്ഥമാണ് ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും. 1999-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2] 1973-ൽ രചിക്കപ്പെട്ട മലയാളഗ്രന്ഥസൂചിയുടെ അവതാരികയിലാണ് സംക്ഷിപ്തമായെങ്കിലും കേരളീയമുദ്രണത്തിന്റെ ഉത്ഭവവികാസചരിത്രം ആദ്യമായി രേഖപ്പെടുത്തിക്കാണുന്നത്. എന്നാൽ ഈ ഗ്രന്ഥത്തിന്റെ നിർമ്മാണത്തിലേർപ്പെട്ടിരിക്കവേ ഇതേ വിഷയത്തിൽ വിശദമായി പുസ്തകരൂപത്തിൽതന്നെ ഒരു സൃഷ്ടിയുണ്ടാകേണ്ടതിന്റെ ആവശ്യം ഗോവിയ്ക്കു ബോദ്ധ്യമായി. 1987-ൽ കൽക്കത്താ ഗ്രന്ഥാലയത്തിലെ ജോലിയിൽനിന്നും വിരമിച്ചതിനു ശേഷം കേരള സാഹിത്യഅക്കാദമിയുടെ ഗ്രന്ഥശേഖരവും കൂട്ടത്തിൽ മറ്റു പല ഗ്രന്ഥാലയങ്ങളും നിർബാധം ഉപയോഗിക്കാനുള്ള അവസരം അദ്ദേഹത്തിനു വന്നുചേർന്നു. ഇതിന്റെ ഫലമായി ലഭിച്ച വിവരങ്ങളാണ് ആദിമുദ്രണം എന്ന ഗഹനവും വസ്തുനിഷ്ഠവുമായ ചരിത്രപുസ്തകം എഴുതാൻ അദ്ദേഹത്തെ സഹായിച്ചത്.

കഴിയാവുന്നത്ര വസ്തുനിഷ്ഠമായി എഴുതാൻ ശ്രമിച്ചുവെങ്കിലും ഗ്രന്ഥകാരനെസംബന്ധിച്ചിടത്തോളം പല പരിമിതികളും ഈ ഗ്രന്ഥത്തിന്റെ രചനയിൽ ഉണ്ടായിരുന്നു. ഗുണ്ടർട്ടിന്റെ 'കല്ലച്ചുകൾ' ഉപയോഗിച്ച് അച്ചടിച്ച പുസ്തകങ്ങളിൽ ഒന്നുപോലും തലശ്ശേരിയിലെ അച്ചുകൂടത്തിൽ പോലുമില്ലെന്നു് അദ്ദേഹം ആമുഖത്തിൽ വിവരിക്കുന്നു. ചരിത്രപ്രധാനവും അപൂർവ്വങ്ങളുമായ പല പുസ്തകങ്ങളും ഒന്നുകിൽ സ്വകാര്യ ഗ്രന്ഥശേഖരങ്ങളിലോ അല്ലെങ്കിൽ വിദേശത്തോ ആണ് അവശേഷിക്കുന്നതു് എന്നതും അദ്ദേഹത്തിന്റെ പരിമിതികളിൽ ഒന്നായിരുന്നു. ബോംബേയിലെ കൂരിയർ പ്രെസ്സ് 1799-ൽ നിർമ്മിച്ച മലയാളം ടൈപ്പുകളുടെ ബ്രോഡ് ഷീറ്റിൽ അച്ചടിച്ച ഒരുപതിപ്പ് സൂക്ഷിച്ചുവെച്ചിട്ടുള്ളത് നമ്മുടെ നാട്ടിലല്ലെന്നും പ്രത്യുത ലണ്ടനിലെ സെന്റ് ബ്രൈഡ് പ്രിന്റിങ്ങ് ലൈബ്രറിയിലാണെന്നും അദ്ദേഹം ഈ ഗ്രന്ഥത്തിന്റെ ആമുഖത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്

ഈ അമൂല്യഗ്രന്ഥത്തിന്റെ സൃഷ്ടിയിൽ അദ്ദേഹത്തിനു് സഹായവും അവലംബവുമായിത്തീർന്നു എന്ന നിലയിൽ കെ.എം ഗോവി കേരള സാഹിത്യ അക്കാദമി ലൈബ്രറി, തിരുവനന്തപുരം പബ്ലിൿ ലൈബ്രറി, കനിമാറ (ചെന്നൈ), കൽക്കത്താ നാഷനൽ ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങളെ പ്രസ്തുത പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-30.
  2. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.