ഇൻസൈഡ് ഔട്ട് (2015)
Inside Out | |
---|---|
സംവിധാനം | |
നിർമ്മാണം | Jonas Rivera |
കഥ |
|
തിരക്കഥ |
|
അഭിനേതാക്കൾ | |
സംഗീതം | Michael Giacchino[1] |
ഛായാഗ്രഹണം | Patrick Lin Kim White |
ചിത്രസംയോജനം | Kevin Nolting |
സ്റ്റുഡിയോ | |
വിതരണം | Walt Disney Studios Motion Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $175 million[2] |
സമയദൈർഘ്യം | 94 minutes[3] |
ആകെ | $856.8 million |
ഇൻസൈഡ് ഔട്ട് 2015 -ൽ പിക്‌സാർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി പിക്ചർസ് വിതരണം ചെയ്ത ഒരു അമേരിക്കൻ 3ഡി ആനിമേഷൻ ചിത്രമാണ്. ചിത്രം സംവിധാനം ചെയ്തതു പീറ്റ് ഡോക്ടറും റോണി ദെൽ കാർമെനും ചേർന്നാണ്. ഇരുവരുടെയും കഥയ്ക്ക് തിരക്കഥ രചിച്ചത് സ്വയം ഡോക്ടറും, മെഗ് ലെഫൗവെയും പിന്നെ ജോഷ് കൂളിയും ചേർന്നാണ്. റൈലി ആൻഡേഴ്സൺ എന്ന ഒരു കൊച്ചു പെൺകുട്ടിയുടെ മനസ്സിന്റെ പശ്ചാത്തലത്തിൽ എടുത്ത ചിത്രത്തിൽ, മനുഷ്യരൂപത്തിൽ അവതരിപ്പിച്ച അഞ്ച് വികാരങ്ങൾ - സന്തോഷം, ദുഃഖം, ഭയം, ദേഷ്യം പിന്നെ വെറുപ്പ് എന്നിവ - തന്റെ മാതാപിതാക്കൾക്കൊപ്പം മിന്നസോട്ടായിൽ നിന്ന് സാൻ ഫ്രാൻസിസ്കോ നഗരത്തിലേക്ക് താമസം മാറുന്ന അവസരത്തിൽ അവളെ മുന്നോട്ട് നയിക്കാൻ ശ്രമിക്കുന്നതാണ് ഇതിവൃത്തം.
2009 -ൽ ആണ് ഇൻസൈഡ് ഔട്ടിന്റെ കഥാതന്തു വികസിപ്പിക്കുവാൻ പീറ്റ് ഡോക്ടർ ആരംഭിച്ചത്. വളർന്നു വരുന്ന തന്റെ മകളുടെ വ്യക്തിത്വത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചതിനു ശേഷമാണ് അത്. കഥ വികസിപ്പിക്കുന്ന കാലത്ത് നിരവധി മനശ്ശാസ്ത്രഞ്ജരുടെ സഹായം ചിത്രത്തിന്റെ നിർമാതാക്കൾ തേടി. മനുഷ്യന്റെ വികാരങ്ങൾ എങ്ങനെ വ്യക്തികൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നു എന്നുള്ള അറിവുകൾ ഉൾപ്പെടുത്തി കഥ നവീകരിക്കാൻ അത് അവരെ സഹായിച്ചു.
മെയ് 2015 -ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ച, ഇൻസൈഡ് ഔട്ട് പിന്നീട് ജൂൺ 19ന് വടക്കേ അമേരിക്കയിൽ റിലീസ് ചെയ്തു. ജെയിംസ് ഫോർഡ് മർഫി സംവിധാനം ചെയ്ത ലാവ എന്ന ലഘു ചിത്രവും ഇതോടൊപ്പം പ്രദർശിക്കപ്പെട്ടു. ചിത്രത്തിന്റെ വിഷയം, തിരക്കഥ, പശ്ചാത്തല സംഗീതം, ഡബ്ബിങ് എന്നിവ നിരൂപക പ്രശംസ നേടി. പ്രദർശനം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ 90.4 ദശലക്ഷം ഡോളർ വരുമാനം നേടിയ ചിത്രം ലോകമെമ്പാടും നിന്നായി 856 ദശലക്ഷം ഡോളർ വാരിക്കൂട്ടി. അക്കാദമി അവാർഡ്, ബാഫ്റ്റാ അവാർഡ്, ഗോൾഡൻ ഗ്ലോബ്, ആനി അവാർഡ്എന്നിവയടക്കം അനേകം പുരസ്‌കാരങ്ങൾ ഇൻസൈഡ് ഔട്ടിന് ലഭിച്ചു.
കഥാസാരം
[തിരുത്തുക]റൈലി ആൻഡേഴ്സൺ അമേരിക്കയിലെ മിന്നസോട്ടായിൽ ജനിക്കുന്നു. മനുഷ്യരൂപത്തിലുള്ള അഞ്ച് വികാരങ്ങൾ - ജോയ് (സന്തോഷം), സാഡ്നെസ്സ് (ദുഃഖം), ഫിയർ (ഭയം), ആംഗർ (ദേഷ്യം) പിന്നെ ഡിസ്ഗസ്റ്റ് (വെറുപ്പ്) എന്നിവ - റൈലിയുടെ മനസ്സ് കേന്ദ്രീകരിച്ച് അവളുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നു. റൈലി വളരുന്നതോടെ, അവളുടെ അനുഭവങ്ങൾ ഓർമകളായി മാറുന്നു, അവ ദീർഘകാല ഓർമയിൽ (Long Term Memory) സൂക്ഷിക്കാനായി, നിറമുള്ള ഗോളങ്ങളിൽ നിറച്ചു അവിടേക്കു അയക്കുന്നു. ഒരു കേന്ദ്രത്തിൽ സൂക്ഷിച്ച, റൈലിയുടെ അഞ്ച് പ്രധാനപ്പെട്ട “കാതലായ ഓർമ്മകൾ”, അവളുടെ വ്യക്തിത്വത്തെ പ്രതിനിധീകരിക്കുന്ന ഓരോ ദ്വീപുകൾക്കു ശക്തിപകരുന്നു. കുടുംബം, സുഹൃത്ബന്ധം, നിഷ്കളങ്കത, ഹോക്കി പിന്നെ സത്യസന്ധത എന്നിവയാണ് ഈ ദ്വീപുകൾ. മനസ്സിന്റെ നിയന്ത്രണ കേന്ദ്രത്തിൽ, ജോയ് ഒരു അലിഖിത നേതാവായി പ്രവത്തിക്കുകയും, സാഡ്നെസ്സിനെ നിയന്ത്രണ സംവിധാനത്തിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു. ചെറുപ്പകാലം മുതൽക്കേ റൈലി സന്തോഷവാതിയായ ഒരു കുട്ടിയായതുകൊണ്ടു അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല.
റൈലിക്കു പതിനൊന്ന് വയസ്സാകുമ്പോൾ അവൾ മാതാപിതാക്കൾക്കൊപ്പം സാൻ ഫ്രാൻ്സിസ്കോയിലേക്ക് താമസം മാറ്റുന്നു. അത് അവളിൽ തുടക്കത്തിലേ മോശം അനുഭവങ്ങൾ ഉണ്ടാക്കുന്നു. പുതിയതായി താമസം തുടങ്ങിയ വീട് വളരെ മോശമായിരുന്നു, അവരുടെ സാധനങ്ങൾ കൊണ്ടുവന്ന വാൻ ഇടക്ക് വഴിതെറ്റിപോയി, അച്ഛൻ ബിസിനസ് കാര്യത്തിൽ വളരെ സമ്മർദ്ദത്തിലാണ്. റൈലിയുടെ സന്തോഷകരമായ ഓർമകളെ സാഡ്നെസ്സ് സ്പർശിക്കാൻ തുടങ്ങിയപ്പോൾ ജോയ് അതിനെ തടഞ്ഞു. സ്‌കൂളിലെ ആദ്യദിവസം ദുഃഖത്തിന്റെ പ്രവർത്തനത്താൽ റൈലി കരയാൻ ഇടയായി. അത് ദുഃഖം നിറഞ്ഞ ഒരു കാതലായ ഓർമ്മ രൂപീകരിച്ചു. പതറിപ്പോയ ജോയ് അതിനെ നശിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും, അബദ്ധവശാൽ മറ്റ് കാതലായ ഓർമകളും നഷ്ടപ്പെടാൻ അത് ഇടയാക്കി, അതുവഴി ദ്വീപുകളെ പ്രവർത്തനരഹിതമാക്കി. ജോയും സാഡ്നെസ്സും, മറ്റു കാതലായ ഓർമകളും, നിയന്ത്രണ കേന്ദ്രത്തിൽ നിന്ന് പുറത്താക്കുകയും, ദീർഘകാല ഓർമകൾ സൂക്ഷിച്ചിട്ടുള്ള ദുർഘടമായ വഴിയിൽ പെട്ടുപോകുകയും ചെയ്യുന്നു-
അതേസമയം, ആംഗർ, ഫിയർ, ഡിസ്ഗസ്റ്റ് തുടങ്ങിയവർ നിയന്ത്രണം ഏറ്റെടുക്കുകയും, വിനാശകരമായി ഭവിക്കുകയും ചെയ്തു. മാറിക്കൊണ്ടിരിക്കുന്ന മാനസികാവസ്ഥ റൈലിയെ മാതാപിതാക്കളിൽ നിന്ന് അകറ്റുന്നു. അവളുടെ വ്യക്തിത്വത്തെ പ്രതിനിധാനം ചെയ്യുന്ന ദ്വീപുകൾ ഓരോന്നായി, മറക്കുന്ന ഓർമ്മകൾ നിക്ഷേപിക്കുന്ന “മെമ്മറി ഡംപ്” എന്ന അഗാധമായ ഗർത്തത്തിലേക്ക് പതിക്കുന്നു. സാൻ ഫ്രാൻസിസ്കോയിൽ റൈലി സന്തോഷവതിയല്ല എന്ന് തിരിച്ചറിഞ്ഞ ആംഗർ, മിന്നസോട്ടായിൽ തിരികെ പോയാൽ അവൾ വീണ്ടും സന്തോഷവതി ആവും എന്ന് കരുതി, നാട് വിട്ട് പോകുക എന്ന ആശയം അവളിൽ തോന്നിപ്പിക്കുകയും റൈലി അങ്ങനെ പ്രവർത്തിക്കുകയും ചെയ്യുന്നു.
ജൊയും സാഡ്നെസ്സും ബിംഗ് ബോംഗ് എന്ന് പേരുള്ള റൈലിയുടെ കുട്ടിക്കാലത്തെ സാങ്കല്പികമായ സുഹൃത്തിനെ കണ്ടുമുട്ടുകയും, അവന്റെ അഭിപ്രായം അനുസരിച്ച് ചിന്തയുടെ തീവണ്ടി (ട്രെയിൻ ഓഫ് തോട്ട്) മാർഗ്ഗം നിയന്ത്രണ കേന്ദ്രത്തിൽ മടങ്ങിയെത്താൻ ശ്രമിക്കുന്നു. മൂന്നുപേരും തീവണ്ടിയിൽ കയറിയെങ്കിലും സത്യസന്ധത എന്ന ദ്വീപ് തകരുന്നതോടെ (റൈലി അമ്മയുടെ ക്രെഡിറ്റ് കാർഡ് മോഷ്ടിച്ച് നാട് വിടാൻ ശ്രമിക്കുന്നതോടെ) തീവണ്ടി പാളം തെറ്റുന്നു. പരവശയായ ജോയ് “തിരിച്ചു വിളിക്കുന്ന കുഴൽ” (recall tube) മാർഗ്ഗം യാത്ര തുടരാൻ ശ്രമിക്കുകയും, എന്നാൽ അവസാനത്തെ ദ്വീപും തകരുന്നതോടെ, കുഴൽ പൊട്ടി അവളും ബിംഗ് ബോംഗും മെമ്മറി ഡംപിലേക്കു പതിക്കുകയും ചെയ്യുന്നു. ഗർത്തിന്റെ അടിത്തട്ടിൽ വീണു എല്ലാ പ്രതീക്ഷയും നശിക്കാൻ തുടങ്ങിയപ്പോൾ ജോയ്, ഒരു കാര്യം തിരിച്ചറിഞ്ഞു. ജീവിതത്തിൽ ദുഃഖത്തിന് അതിന്റെതായ ധർമ്മം ഉണ്ടെന്നും, താൻ ഒരു മോശം മാനസിക അവസ്ഥയിൽ ആണെന്ന് മറ്റുള്ളവരെ അറിയിക്കുകയും, അത് വഴി സഹായം തേടുകയുമാണ് അത് എന്ന് ജോയ് തിരിച്ചറിയുന്നു. ഒരു മോശം ഹോക്കി മത്സരത്തിന് ശേഷം ദുഃഖിതയായ റൈലി പിന്നീട് മാതാപിതാക്കൾ ആശ്വസിപ്പിച്ചപ്പോൾ സന്തോഷം വീണ്ടെടുത്ത് ജോയ് ഓർമ്മിക്കുന്നു.
ജോയിയും ബിംഗ് ബോംഗും ഒരു പഴയ റോക്കറ്റ് ഉപയോഗിച്ച് ഗർത്തത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നു. പല ശ്രമങ്ങൾക്ക് ശേഷം ഇരുവരെയും താങ്ങാനുള്ള ശേഷി റോക്കറ്റിന് ഇല്ല എന്ന് മനസ്സിലായ ബിംഗ് ബോംഗ് അതിൽ നിന്ന് ചാടുകയും ജോയിക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കുന്നു. സാഡ്നെസ്സിനെ കണ്ടുമുട്ടിയ ജോയ് വീണ്ടും നിയന്ത്രണ കേന്ദ്രത്തിൽ തിരികെ എത്തുന്നു. ആംഗറിന്റെ വീട് വിട്ട് പോകുക എന്ന ആശയം അവിടുത്തെ നിയന്ത്രണം യന്ത്രത്തെ ഉപയോഗരഹിതമാക്കിയ വിവരം അറിഞ്ഞു ജോയ് തളരുന്നു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സാഡ്നെസ് ആ ആശയം നിർവീര്യമാക്കുകയും യന്ത്രം പൂർവസ്ഥയിൽ ആകുകയും ചെയ്യുന്നു, അതോടെ റൈലി വീട്ടിലേക്ക് മടങ്ങുന്നു.
റൈലി വീട്ടിൽ മടങ്ങിയെത്തുന്നതോടെ സാഡ്നെസ് കാതലായ ഓർമ്മകൾ വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയും, റൈലി തന്റെ പഴയ ജീവിതം നഷ്ടമായതോർത്തു കരയുകയും ചെയ്യുന്നു. മാതാപിതാക്കൾ അവളെ ആശ്വസിപ്പിക്കുന്നതിനിടെ ജോയും സാഡ്നെസ്സും യന്ത്രത്തിൽ ഒരുമിച്ചു പ്രവർത്തിച്ചു രണ്ടുപേരുടെയും പ്രത്യേകതകൾ അടങ്ങിയ ഒരു പുതിയ കാതലായ ഓർമ്മ രൂപീകരിക്കുന്നു.
ഒരു വർഷത്തിന് ശേഷം, റൈലി പുതിയ വീടുമായി പൊരുത്തപ്പെടുകയും, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുകയും, പഴയ ഹോബികളെ തിരികെ കൊണ്ടുവരുകയും ചെയ്യുന്നു. അത് കൂടാതെ പുതുതായി രൂപപ്പെട്ട കാതലായ ഓർമകളുടെ സഹായത്തോടെ പുതിയ ഹോബികൾ തുടങ്ങുകയും ചെയ്യുന്നു. നിയന്ത്രണ കേന്ദ്രത്തിൽ വിപുലമായ ഒരു യന്ത്രത്തിന്റെ സഹായത്തോടെ എല്ലാ വികാരങ്ങളും ഒരുമിച്ചു പ്രവർത്തിക്കുന്നു, അങ്ങനെ റൈലിയെ കുറച്ചുകൂടി വികാര സങ്കീർണമായ ജീവിതം നയിക്കാൻ പ്രാപ്തയാക്കുന്നു.
ശബ്ദ താരങ്ങൾ
[തിരുത്തുക]- ജോയ് ആയി ഏമി പോഹ്ളർ
- സാഡ്നെസ്സ് ആയി ഫൈലിസ്സ് സ്മിത്
- ബിംഗ് ബോംഗ് ആയി റിച്ചാർഡ് കൈൻഡ്
- ആംഗർ ആയി ലീവിസ് ബ്ലാക്ക്
- ഫിയർ ആയി ബിൽ ഹേഡർ
- ഡിസ്ഗസ്റ്റ് ആയി മിൻഡി കേലിംഗ്
- റൈലി ആൻഡേഴ്സൺ ആയി കെയ്റ്റലിൻ ഡിയാസ്
- റൈലിയുടെ അമ്മയുടെ വേഷത്തിൽ ഡിയാൻ ലേൻ
- റൈലിയുടെ അച്ഛന്റെ വേഷത്തിൽ കൈൽ മക്ളേഹാൻ
നിരൂപക പ്രതികരണം
[തിരുത്തുക]ഇൻസൈഡ് ഔട്ടിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു. സിനിമ നിരൂപണങ്ങൾ സംഭരിക്കുന്ന വെബ്സൈറ്റ് ആയ റോട്ടൻ ടോമറ്റോസ്, 305 നിരൂപണങ്ങളുടെ അടിസ്ഥാനത്തിൽ 98% റേറ്റിംഗ് നൽകി. മികച്ച രീതിയിൽ ആനിമേഷൻ ചെയ്ത, മനസ്സിൽ തട്ടുന്ന ചിത്രം, എന്നാണ് ഇൻസൈഡ് ഔട്ടിനെ വെബ്സൈറ്റ് വിശേഷിപ്പിച്ചത്. പിക്‌സാറിന്റെ ആനിമേഷൻ ക്ലാസിക്കുകൾക്കു ഒരു മുതൽക്കൂട്ട് എന്നും റോട്ടൻ ടോമറ്റോസ് കൂട്ടിച്ചേർത്തു. മറ്റൊരു സമാന വെബ്സൈറ്റ് ആയ മെറ്റാക്രിട്ടിക് ചിത്രത്തിന് നൂറിൽ തൊണ്ണൂറ്റിനാല് മാർക്ക് നൽകി.
അവലംബം
[തിരുത്തുക]- The 2015 Official Selection Archived 2016-04-28 at the Wayback Machine. Cannes Film Festival
- Inside Out Box Office Mojo
- A Conversation With the Psychologist Behind ‘Inside Out’ Pacific Standard
- The Science of ‘Inside Out’ The New York Times
- Box office report: Inside Out scores biggest original debut ever with $91 million EW.com
- Inside Out Review Rotten Tomattoes
- Inside Out Review Metacritic
- Pixar’s ‘Inside Out’ Wins Top Prize at Annie Awards Variety.com
- Academy Award Winners 2016 Oscar.go.com
- [http://www.bafta.org/film/awards/film-awards-winners-in-2016/ EE British Academy Film Awards Winners in 2016
- ↑ "Michael Giacchino to Score Pixar's 'Inside Out'". Film Music Reporter. May 25, 2014. Archived from the original on May 29, 2014. Retrieved June 2, 2014.
- ↑ Lang, Brent (June 17, 2015). "Box Office: 'Inside Out' Won't Stop 'Jurassic World' Rampage". Variety. Penske Media Corporation. Archived from the original on June 18, 2015. Retrieved June 18, 2015.
- ↑ "The 2015 Official Selection". Cannes Film Festival. April 15, 2015. Archived from the original on April 18, 2015. Retrieved April 16, 2015.
- ആനിമേഷൻ ചിത്രങ്ങൾ
- പിക്‌സാറിന്റെ ചിത്രങ്ങൾ
- കാൻ ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിച്ച ചിത്രങ്ങൾ
- 2015-ലെ ചലച്ചിത്രങ്ങൾ
- അമേരിക്കൻ ചലച്ചിത്രങ്ങൾ
- മികച്ച ആനിമേഷൻ ചിത്രത്തിനുള്ള അക്കാദമി പുരസ്കാര ജേതാക്കൾ
- അനിമേഷൻ
- പിക്‌സാർ ആനിമേറ്റെഡ് ചലച്ചിത്രങ്ങൾ
- അമേരിക്കൻ ആനിമേഷൻ ചലച്ചിത്രങ്ങൾ
- വാൾട്ട് ഡിസ്നി പിക്ചേഴ്സ് ചലച്ചിത്രങ്ങൾ
- വാൾട്ട് ഡിസ്നി ചലച്ചിത്രങ്ങൾ